ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/അക്ഷരവൃക്ഷം/നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നാളെ

കലികാലം തിമിർത്ത്‌ പെയ്തിറങ്ങുകയാണ്‌.
കാപട്യത്തിന്റെ കൈവഴികളിലൂടെ,
ഇല്ലായ്മയുടെ പാനപാത്രത്തിലൂടെ,
ദൃഷ്ടി പതിച്ചു ഒഴുകുകയാണ്‌.
ആത്മാവിന്റെ കീറിയ കണ്ഠങ്ങളിലെവിടയോ
ഭയത്തിന്റെ വിത്തുകൾ മുള പൊട്ടുന്ന പോലെ !
ആശ്വസിക്കാൻ വേണ്ടി മാത്രം
ഞാൻ നിന്നിലമരുന്നു.
നീ ഒടുവിൽ പെയ്തൊഴിയുമ്പോൾ,
നാം വീണ്ടും രോഗിയാവില്ലേ?
ആരിലും പഴിചാരാനാകാതെ
കാലന്റെ കണക്കുപുസ്തകം
നമ്മെയും ചരിത്രമാക്കില്ലേ?

ഒരുപക്ഷെ ഇത്‌ നിന്റെ കണ്ണുനീരാണോ,
അതോ.. പാപഭാരം ചുമക്കും മർത്യനോടുള്ള -
അമർഷത്തിന്റെ ആളിക്കത്തലോ.
ഒന്നിനാലും വിമർശിക്കപെടാതെ
നീ ഒഴിഞ്ഞു മാറുന്നു.
മണൽക്കാടുകൾ പലതും ചൂടുപിടിക്കുന്നു.
ധനികനെന്നോ ദരിദ്രരെന്നോ ചേരി തിരിക്കാതെ
വ്യാധികൾ കത്തിക്കയറുന്നു.
തോറ്റവന്റെ ആഢ്യത്വത്തിലേ -
ക്കാണിനിയെന്റെ യാത്ര.

ആ മുഖം ഒന്നിനെയും ഭയക്കുന്നില്ല.
കാരണം,
അവനു ചുമക്കാൻ അറിവിന്റെ
കൂറ്റൻ ഭാരങ്ങളില്ല.
നവീനതയുടെ ചിലന്തിവലകളില്ല.
നെയ്തു കൂട്ടാൻ നാളെയെന്ന മുൻവിധികളില്ല.
ഓട്ടപാത്രത്തിലെ കഞ്ഞി മോന്തിക്കുടിക്കുമ്പോൾ
അവന്റെ ചുണ്ടുകൾ വല്ലാതെ ചലിക്കുന്നുണ്ടായിരുന്നു.
എന്തോ തേടി മടുത്ത ഒരു നിശ്വാസത്തിനൊടുവിൽ
പരിഭവത്തിന്റെ പാഴ്‍കെട്ടു വരിഞ്ഞു മുറുക്കി ;
ദൈവത്തെ സ്തുതിച്ച്‌
തെരുവിലെ കൂടാരത്തിൽ
ചുരുണ്ടുകൂടി.
മടങ്ങാനാഞ്ഞ എന്നെ എന്തോ
കൊളുത്തിവലിക്കുന്ന പോലെ.
ഒന്ന്‌ തിരിഞ്ഞ്‌ നോക്കി,
അതെ, അത്‌ വിജയിച്ചവന്റെ
ചൂണ്ടയായിരുന്നു.
വിചാരങ്ങൾക്കും ചിന്തകൾക്കും
വിരാമമിട്ട്‌ ഞാൻ പോകുന്നു.
കണ്ണുകൾ തികയുന്നില്ല,
കാഴ്ചകൾ കണ്ടുതീർക്കാൻ.
ഉള്ളിലടക്കം പറഞ്ഞവർക്ക്‌ കാത്‌ നൽകി
ഞാൻ ഒരടി പിന്നോട്ട്‌ -
അവിടെ പരിഭവം മറന്ന സമയമില്ല.
നാളെയെന്ന ഭാവിയെയോർത്ത്‌
ഭൂതകാലം ചുട്ടെരിക്കുന്നവർ.
നീരസപ്പെടുത്തും ചുറ്റുപാടിൽ
നിന്നുമെനിക്ക്‌ മുക്തി നേടണം.
ലക്ഷ്യമില്ലാത്ത ശൂന്യതയിലേക്ക്‌
ഞാൻ നടന്നകന്നു.

ചുണ്ടുകൾ വിറങ്ങലിച്ചു.
തൊണ്ട വരണ്ട്‌ പൊട്ടി.
കാർമേഘം മൂകമായി.
ചുറ്റും - പൊരുതലുകൾ
അതിജിവനത്തിന്റെ.
ദഹനം കഴിയും വരെ
അവർ തകർത്ത്‌ പെയ്തു,
സ്വയം തളർന്നു കൊണ്ട്‌.
ചിതയിൽ ചിതലരിച്ച പാടുകൾ.
അവസാന കൊള്ളിപോലും
എനിക്കായ്‌ എരിഞ്ഞുതീർന്നു.
ശ്വാസം നിലച്ചപ്പോൾ
തോറ്റവരുടെ കൂടാരം എന്നെ
ഒന്നോർമിപ്പിച്ചു.
- നാളെയെന്ന വ്യാമോഹത്തെ കുറിച്ച്‌ -
 

ശ്രീരശ്മി എൻ
XII S ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത