ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

കണ്ണുനീരിന്റെ മോട്ടിവേഷൻ

1985 ൽ മൺസൂൺ ശൈത്യത്തിന് വഴി മാറിയ ഡിസംബറിൽ അരക്കൊല്ല പരീക്ഷയ്ക്ക് ഏതാനും നാളുകൾ മാത്രം ബാക്കി  നിൽക്കെ GOHS ന്റെ ഏക കോൺക്രീറ്റ് ബിൽഡിങ്ങിൽ സ്റ്റേജിലെ ഞങ്ങളുടെ 10സി ക്ലാസിന്റെ പടിവാതിൽക്കൽ  ഞങ്ങളെ സ്വീകരിക്കാനായി ന്യൂസ് പേപ്പർ കൊണ്ട് ഭംഗിയായി പൊതിഞ്ഞ  ഹാജർ പട്ടിക  നെഞ്ചോട് ചേർത്ത് വെച്ച്  ടീച്ചറേക്കാൾനീളമുള്ള വടിയുമായി ഗൗരവത്തോടെ നിലയുറച്ചിരുന്നു പ്രാർത്ഥനയ്ക്ക് മുന്നേ ഞങ്ങളുടെ പ്രിയപ്പെട്ട ഓമന ടീച്ചർ.

പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റാൽ   പശുവിന്റെ തൊഴുത്തിലെ ചാണകം നീക്കലും പശുപാൽ ചുരത്തിയാൽ കിടാവിനെ പിടിച്ചുനിർത്തി പശുവിന്റെ കീഴ് താടിയിൽ തടവി കൊടുത്ത് കറവ സുഗമമാക്കലും എൻറെ ഡ്യൂട്ടി ആയിരുന്നു. പാൽ അങ്ങാടിയിൽ കൊണ്ടുപോയി കൊടുത്തതിന് ശേഷം വെള്ളിയാറിന്റെ തെളിനീരിൽ മുങ്ങി കുളിച്ച് 8.20 ആകുമ്പോഴേക്കും ഓടി കിതച്ച് സ്കൂളിൽ എത്തുമ്പോൾ സമയം പലപ്പോഴും അതിക്രമിച്ചിട്ടുണ്ടാകും. എന്നാലും കണക്ക് കൃത്യമായി ചെയ്യുന്നതുകൊണ്ട് ടീച്ചർ എന്നെ വഴക്കു പറയാറില്ല. ടീച്ചറുടെ കയ്യിൽ നിന്നും എനിക്ക് അടിയും കിട്ടിയിട്ടില്ല. വ്യത്യസ്ത ഘന രൂപങ്ങളുടെ വ്യാപ്തം വിസ്‌തീർണ്ണം എന്നിവ കണ്ടെത്തുന്നതിനുള്ള സൂത്രവാക്യങ്ങൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. 1/2bb, πr²h, 4/3πr³എന്നിവ അതിൽ ചിലതുമാത്രം ഈ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് കണക്ക് ചെയ്ത് ഉത്തരം കിട്ടിയില്ലെങ്കിൽ ഉറക്കം വരാത്ത കാലം. വാച്ച്, ക്ലോക്ക്,റേഡിയോ എന്നിവയൊന്നും വീട്ടിൽ ഇല്ലാത്തതിനാൽ രാത്രി എത്ര സമയം വേണമെങ്കിലും ഇരുന്ന് പഠിക്കാമായിരുന്നു. ആകെയുള്ള പരിമിതി മണ്ണെണ്ണ വിളക്കിലെ എണ്ണ തീർന്നു പോകുന്നത് മാത്രമാണ്. റേഷൻ കടയിൽ നിന്നും എണ്ണ എത്ര വേണമെങ്കിലും കിട്ടുന്ന കാലമായിരുന്നെങ്കിലും പൈസക്കുറവ് വല്ലാത്ത വില്ലനായിരുന്നു അക്കാലത്ത് .ഒരു ദിവസംകണക്ക് ചെയ്തു തീരുന്നതിനു മുമ്പ് വിളക്കിലെ എണ്ണ തീർന്നുപോയി ബുക്ക് മടക്കിവെച്ച അസ്വസ്ഥനായി ഞാൻ ഉറങ്ങിപ്പോയി.

അടുത്ത ദിവസത്തെ ദിനചര്യകൾ പതിവുപോലെ നടന്നു 8.20ന് ക്ലാസ്സ് ആരംഭിക്കുന്നതിനാൽ പകൽ വെളിച്ചത്ത് രാവിലെ പുസ്തകം മറിച്ച് നോക്കാൻ സമയം കിട്ടിയില്ല .നേരെ ക്ലാസിലേക്ക്. ഹോംവർക്ക് ചെയ്യാതെ വന്നവരെ ടീച്ചർ എഴുന്നേൽപ്പിച്ച് നിർത്തി.  കൂട്ടത്തിൽ എന്നെ കണ്ടപ്പോൾ ടീച്ചർക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല.നീ എന്താണ് ചെയ്യാതിരുന്നത് എന്ന് എന്നോട് ചോദിച്ചപ്പോൾ കണക്ക് മനസ്സിലായില്ല ടീച്ചറെ എന്ന് ഞാൻ കള്ളം പറഞ്ഞു.  വളരെ സങ്കടത്തോടെ ടീച്ചർ എല്ലാവരോടും ഇരിക്കാൻ ആവശ്യപ്പെട്ടു. അന്ന് ടീച്ചർ ക്ലാസ് എടുത്തില്ല. ഒരു കുട്ടി പോലും നേരെ ശ്വാസം വിട്ടില്ല .ക്ലാസ് കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ ക്ലാസ് ലീഡർ കൂടി ആയിരുന്ന എന്നെ ടീച്ചർ അടുത്തേക്ക് വിളിച്ചു. ക്ലാസിന്റെ സ്റ്റെപ്പ് ഇറങ്ങി പുറത്തുവന്ന് എന്നോട് ഏത് ഭാഗമാണ് മനസ്സിലാവാതെ പോയത് എന്ന് നിറകണ്ണുകളുടെ ചോദിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞു. വിളക്കിലെ എണ്ണ തീർന്നു പോയതുകൊണ്ട് ചെയ്യാൻ കഴിയാതെ പോയതാണ് എന്ന് കേട്ടപ്പോൾ എന്നെ ചേർത്ത് പിടിച്ച് എൻറെ തലയിൽ ഉമ്മ വെച്ചു. ഞാനും കരഞ്ഞുപോയി. ഏറെ സമയത്തെ നിശബ്ദത വാക്കുകളോ വർണ്ണനകളോ ഇല്ലാതെ ഒരുപാട് കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തു.ടീച്ചർ സ്റ്റാഫ് റൂമിലേക്കും ഞാൻ ക്ലാസ്സിലേക്കും തിരിച്ചു നടന്നു.ക്ലാസിൽ ഇരിക്കുമ്പോൾ തലയിൽ പേനരിക്കും പോലെ ഒരു ഫീൽ . ഞാൻ പതുക്കെ തൊട്ടു നോക്കി ടീച്ചറുടെ കണ്ണീർ കണങ്ങൾ !!

ഇന്ന് ഞാൻ തിരിച്ചറിയുന്നു "സ്നേഹപൂർവ്വം "പദ്ധതി ജി. ഒ. എച്ച്. എസിൽ 1985ൽ ആരംഭിച്ചതാണെന്ന്.10 വർഷങ്ങൾക്കു ശേഷം 1995 ൽ ഞാനും ടീച്ചറും കുമരനെല്ലൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ഒരുമിച്ചൊരു സ്റ്റാഫ് റൂമിൽ അധ്യാപകരായി ഇരുന്നു പഠിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. അന്നത്തെ കെട്ടിടവും ക്ലാസ് റൂമും ഇന്ന്  സ്കൂളിൽ ശേഷിക്കുന്നില്ലെങ്കിലും ഞാൻ ഇവിടത്തെ എച്ച്എം ആയി വന്നതിൽ ആ കണ്ണീർ കണങ്ങൾക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കുന്നു. ഞാൻ ഈ സ്കൂളിൽ തന്നെ ഹെഡ് മാസ്റ്റർ ആയിഎന്ന് അറിയിച്ചപ്പോൾ ടീച്ചർക്ക് ഏറെ സന്തോഷമായി.എല്ലാ സെപ്റ്റംബർ അഞ്ചിനും ഞാൻ ടീച്ചറെ വിളിക്കാറുണ്ട്.

നന്ദി

റഹ്മത്ത്‌.പി,ഹെഡ് മാസ്റ്റർ

റഹ്മത്ത്‌. പി

ഹെഡ് മാസ്റ്റർ

ജി ഒ എച്ച് എസ്. എടത്തനാട്ടുകര.