ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/നാടോടി വിജ്ഞാനകോശം

കല,സംസ്കാരം

പൊയ്ക്കാൽ കുതിരകൾ

മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലേക്കുള്ള പൊയ്ക്കുതിരകളുടെ ഊരുചുറ്റൽ ഈ പ്രദേശത്തിന്റെ തനതുകലാരൂപമായിരുന്നു. മുളയും തുണിയും കുരുത്തോലയും കൊണ്ടാണ് പൊയ്ക്കുതിരകളെ നിർമ്മിച്ചിരുന്നത്. നാമമാത്രമായിട്ടാണെങ്കിലും അത് ഇന്നും നിലനിൽക്കുന്നു.

നാഗപ്പാട്ട്

ചില കുടുംബങ്ങളിൽ നാഗപ്പാട്ട് നടത്തി വരാറുണ്ടായിരുന്നു. സർപ്പകോപം ഉണ്ടാകാതിരിക്കാനും പെൺകുട്ടികളുടെ അഭീഷ്ടസിദ്ധിക്കും വേണ്ടി നടത്തിവന്നിരുന്ന ഒരാചാരമാണ് നാഗപ്പാട്ട്.നാഗപ്പാട്ട് നടത്തുവാനായി പ്രത്യേക കരവിരുതോടെയുള്ള കളമൊരുക്കുന്നു. അതിൽ രണ്ടു പെൺകുട്ടികളെ ഇരുത്തി പുള്ളുവൻമാർ വീണമീട്ടി പാടുന്നു. പാട്ട് തുടങ്ങി കുറച്ചു കഴിഞ്ഞാൽ പെൺകുട്ടികൾ ഇരുന്ന ഇരുപ്പിൽ തുള്ളിതുള്ളി കളം മായ്ക്കുന്നു. ഇന്നും ചില വീടുകളിൽ ഈ ആചാരം നിലനിൽക്കുന്നുണ്ട്.

പാലും വെള്ളരി

ചില കുടുംബങ്ങളിൽ 'പാലും വെള്ളരി' എന്നൊരാചാരം നിലനിന്നിരുന്നു. ഇപ്പോഴത് കേട്ടുകേൾവി പോലുമില്ല. എന്നാൽ ഇന്ന് മിക്ക ക്ഷേത്രങ്ങളിലും തിറ,വെള്ളാട്ട്,കളരിപ്പയറ്റ്, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുണ്ട്.ചീനിക്കനാരി കാവ് ആയിരുന്നു ഈ പ്രദേശത്ത് ആദ്യകാലങ്ങളിൽ ഉത്സവം നടത്തിയിരുന്ന ഏക കാവ്. എന്നാൽ ഇന്ന് മിക്ക കുടുംബങ്ങളിലും ഉത്സവങ്ങൾ നടത്തുന്നുണ്ട്. പറമ്പത്ത്,ആശാരി കാവ്, കളത്തിങ്ങൽ,വടക്കേ തൊടി തുടങ്ങിയവ.

ഇന്ന് മുസ്ലിം പള്ളികളിലും ആഘോഷവേളകളിൽ ദഫ്മുട്ട്,അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്. പല മതവിഭാഗങ്ങളും വർണ്ണപ്പകിട്ടുള്ള ഘോഷയാത്രകളും നടത്തിവരാറുണ്ട്. ശോഭയാത്ര, നബിദിനഘോഷയാത്ര തുടങ്ങിയവ. പലതരത്തിലുള്ള കലാരൂപങ്ങൾ ഈ വേളകളിൽ അവതരിപ്പിക്കാറുണ്ട്. ചെണ്ടമേളം,നിശ്ചലദൃശ്യം, ദഫ്മുട്ട്,കോൽക്കളി തുടങ്ങിയവ.