ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ജീവിത ശൈലി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ജീവിത ശൈലി

എന്റെ കൊറോണ കാലത്തെക്കുറിച്ച് ഒരു ചെറു വിവരണം തയ്യാറാക്കാൻ ഞാൻ ആഗ്രഹിക്കുന്നു . പണ്ടുകാലത്ത് ജീവിതങ്ങളെക്കുറിച്ച് മുതിർന്നവർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് . ഞാൻ മനസ്സിലാക്കിയിടത്തോളം ഇപ്പോഴത്തെ കൊറോണ കാലവും ഏകദേശം അതിനടുത്തു തന്നെ നിൽക്കുന്നു. വീടുകളിൽ പുറത്തു പോയി വന്നാൽ കാലും കൈയും കഴുകുന്നതിനായി ഒരു കിണ്ടി വെള്ളം തിണ്ണയിൽ വയ്ക്കുമായിരുന്നു ഇപ്പോൾ ഈ പരിഷ്കൃത ജീവിതത്തിൽ നാം കൊറോണ എന്ന മഹാമാരിയെ തടുക്കാൻ മുറ്റത്ത് സോപ്പും ഒരു ബക്കറ്റ് വെള്ളവും വയ്ക്കുന്നു. പണ്ടുകാലത്ത് ജന്മികളുടെ വീട്ടിൽ കുടിയാന്മാർ ഒരുമൈൽ ദൂരത്ത് നിന്നാണ് ഭക്ഷണവും വെള്ളവും വാങ്ങിച്ചിരുന്നത് . ഇന്ന് നാം ബന്ധുക്കളെയും സുഹൃത്തുക്കളെയും എന്തിനധികം പറയുന്നു. തുടർപഠനത്തിന് അയൽ രാജ്യങ്ങളിൽ പോയി വന്ന സ്വന്തം മക്കളെപ്പോലും അകറ്റി നിർത്തേണ്ട അവസ്ഥ വന്നിരിക്കുന്നു. പണ്ടുകാലത്ത് അടുക്കളയിൽ ഉണ്ടായിരുന്ന ചക്കയും മാങ്ങയും ഇന്നത്തെഅടുക്കളയിൽ സ്ഥിരം വിഭവങ്ങൾ ആയി മാറിയിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ഉറ്റവരെയും മക്കളെയും നോക്കാൻ സമയം ഇല്ലാതിരുന്ന നമുക്ക് ഈ കാലത്ത് വേണ്ടുവോളം സമയമുണ്ട്. തിരക്കുകൾക്കിടയിൽ തട്ടിത്തെറിപ്പിച്ച പാഴ്‌വസ്തുക്കകൾ മികവാർന്ന കൗതുകവസ്തുക്കളാക്കി മാറ്റാൻ പലർക്കും കഴിയുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തന്റെ ഉള്ളിലുള്ള കലാവാസനകളെ പുറത്തു കൊണ്ടുവരാൻ ഒരു കൊറോണക്കാലം വേണ്ടിവന്നു. മനുഷ്യൻ പണ്ടുകാലത്തെ പോലെ അത്യാവശ്യത്തിനു മാത്രം വാഹനഗതാഗതം ഉപയോഗിക്കുന്നു. കൊള്ളയും കൊലയും കുറഞ്ഞു. കുറെ വർഷങ്ങൾക്കു മുൻപത്തെ ഡോക്ടർമാർ വൈദ്യൻമാരണല്ലോ. വസൂരി പോലുള്ള പകർച്ചവ്യാധികൾക്ക് അന്ന് മരുന്നൊന്നുമുണ്ടായിരുന്നില്ല. അസുഖം എന്തെന്നു മനസ്സിലാക്കി വരുമ്പോഴേക്കും രോഗി മരിച്ചിരിക്കും. പ്രതിരോധശേഷിയുള്ളവർ അതിജീവിക്കും. ഇന്നത്തെ അവസ്ഥയും ഏറെക്കുറെ അതുപോലെ തന്നെയാണ്. പലപ്പോഴായി പുച്ഛിച്ചു തള്ളിയ പല സാധനങ്ങളും ഉപയോഗിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇതിനു മുമ്പ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് 2018 - 2019 ലെ പ്രളയ ദുരന്തത്തിൽ ആണ്.പണം ഉണ്ടെങ്കിലും ആഡംബര ജീവിതം നയിക്കാൻ അന്ന് നമുക്ക് സാധിച്ചിരുന്നില്ല. ഇന്ന് പണക്കാരനും പണമില്ലാത്തവനും അടിസ്ഥാന ജീവിതം നയിച്ചുവരുന്നു. ഒരു ദിവസം പണി ഇല്ലാതെ ആകുമ്പോഴേക്കുംദാരിദ്ര്യം പറഞ്ഞുനടക്കുന്ന മനുഷ്യൻ ഇന്ന് ദിവസങ്ങളോളം പണിയില്ലാതെ ആയിട്ടും ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് നാം ലോകം മുഴുവൻ അടച്ചുപൂട്ടിയ കൊറോണ കാലവും അതിജീവിക്കും എന്ന പ്രതീക്ഷയോടെ.................

ശ്രീനന്ദന.എസ്
മൂന്ന്.എ ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം