ജി.എഫ്.യു.പി.എസ് കടപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായുണ്ടായ അങ്ങാടി എന്നർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്ക്കൂളോ ഒന്നും ഉണ്ടായിരുന്നില്ല. പുന്നക്കച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമായിരുന്നത്. അവിടുത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ സംബന്ധിച്ച് ഒരു കേസ് നടന്നിരുന്നു. കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും ആ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും അത് പുതിയൊരങ്ങാടിയായി മാറുകയും ചെയ്തു. ആസ്ഥലമാണ് പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലിക്കനാലും തെക്ക് ചേറ്റുവ പുഴയും അഴിയും വടക്ക് ചാവക്കാട് മൻസിപ്പാലിറ്റിയുമാണ് കടപ്പുറം പഞ്ചായത്തിന്റെ അതിരുകൾ. മൂന്ന് ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ് കടപ്പുറം പഞ്ചായത്ത്. 9.63 ച. കി. മീറ്റർ വൃസ്തൃതിയുള്ള ഈ പ്രദേശം കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന മണൽ കുന്നുകളും താഴ്ന്ന സമതലങ്ങളും പുഴയോട് ചേർന്നു കിടക്കുന്ന കളിമൺ പ്രദേശങ്ങളും ചേർന്നതാണ് ഈ പ്രദേശം. കടപ്പുറം പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് പുതിയങ്ങാടി. മുസ്ലിം വിഭാഗത്തിലെ ഉയർന്ന വിഭാഗമായ തങ്ങൾ കുടുംബക്കാർ താമസിക്കുന്നത് പുതിയങ്ങാടിയിലാണ്.

ഗതാഗതം

ഗതാഗതസൗകര്യങ്ങൾ ഒട്ടും തന്നെ പുരോഗമിച്ചിരുന്നുല്ല. ദൂരെ യാത്രകൾക്ക് മുഖ്യമായും ജലഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നത്. കനോലിക്കനാലിനെ ആശ്രയിച്ചാണ് അന്നത്തെ ദൂരയാത്രകൾ നടത്തിയിരുന്നത്. പിന്നീട് കാളവണ്ടിക്ക് ചരക്കുകൾ കൊണ്ടുവരാൻ തുടങ്ങി. ചാവക്കാട് പഞ്ചായത്തിലെയും കടപ്പുറം പഞ്ചായത്തിൽപെട്ട ഇരട്ടപ്പുഴവരെയുള്ള സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി റോഡ് എന്ന പേരിൽ നിലവിൽ വന്ന 110 മീറ്റർ ദൈർഘ്യം വരുന്ന ഒരു ഇന്നർ റോഡാണ് ഈ പഞ്ചായത്തിലെ ആദ്യ റോഡ്. 40 വർഷം മുൻപ് മാത്രമാണ് ഈ ഗ്രാമത്തിൽ ബസ്സ് സർവ്വീസ് തുടങ്ങിയത്.