ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ രക്തരക്ഷസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
രക്തരക്ഷസ്സ്

പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കാൻ ആഗ്രഹിച്ച മാളവികഥയ്ക്ക് കഥകളും കവിതകളും കിട്ടിയാൽ ഊണും ഉറക്കവുമില്ല. കിട്ടിയ പുസ്തകം വായിച്ചു തീർത്താൽ പാൽ മാത്രമേ സമാധാനം ഉണ്ടാകാറുള്ളു. ഇപ്പോൾ പുതിയ പുസ്തകം കിട്ടിയ തിരക്കിലാണ് മാളവിക. രാത്രിയായപ്പോൾ അമ്മ ചോറുണ്ണാൻ വിളിച്ചതൊന്നും പുസ്തകപ്പുഴുവായിച്ചു മാളവിക കേട്ടതേയില്ല. ഒടുവിൽ അമ്മയുടെ വഴക്ക് മൂത്തപ്പോൾ പുസ്തകം എടുത്തു വച്ച് ചോറുണ്ണാൻ ആയി നടന്നു. ഭക്ഷണം കഴിക്കുന്നത് ഒരു മത്സരത്തിൽ ഏർപ്പെട്ട പോലെ മാളു ചെയ്തുതീർത്തു. പാത്രം കഴുകി വെച്ച് അവൾ റൂമിലേക്ക് ഓടി. വായിച്ചു പൂർത്തിയാക്കാത്ത കഥകളിലേക്ക് അവൾ വീണ്ടും കടന്നു. സമയം ഏറെ വൈകിയിരുന്നു. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. മാളവിക തൻറെ കൈയ്യിലെ പുസ്തകം മാറ്റിവെച്ച് ഉറങ്ങാൻ കിടന്നു. രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് എന്തോ ഒരു ശബ്ദം. പതിയെ അവൾ എഴുന്നേറ്റു. എന്താണെന്ന് നോക്കാൻ ജനൽപ്പാളികൾ തുറന്ന അവൾക്കു മുന്നിൽ വ്യക്തമല്ലാത്ത ഒരു ആൾരൂപം. അവൾ മുറി വിട്ട് പുറത്തിറങ്ങി. ആരാണെന്ന് നോക്കാൻ അവൾ മുന്നോട്ടു നടക്കും തോറും ആ രൂപവും മുന്നോട്ടുനീങ്ങി. ആരാണെന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ മാളവിക ഏറെ നടന്നു. വലിയ മരച്ചുവട്ടിൽ എത്തി. പരിചിതമില്ലാത്ത സ്ഥലം. ചുറ്റിലും വൻമരങ്ങൾ. അതിനിടയിലൂടെ ഊർന്നിറങ്ങുന്ന നിലാവെളിച്ചം. താൻ വീട്ടിൽ നിന്ന് ഏറെ അകന്നിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി. ചുറ്റും നിശബ്ദത മാത്രം. നിലാവെളിച്ചത്തിൽ കാണുന്ന മരങ്ങൾക്കും ചെടികൾക്കും പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉള്ളതായി അവൾക്ക് തോന്നി. ചുറ്റിലും ആരുമില്ല. അച്ഛാ അമ്മേ എന്ന് വിളിക്കാൻ വാ തുറന്ന് മാളവികയ്ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. പക്ഷേ അവൾക്ക് ചുറ്റും പാല പൂവിൻറെ ഗന്ധം പരന്നിരുന്നു. മുത്തശ്ശി കഥ കേട്ടു വളർന്ന മാളവികയ്ക്ക് പാല പൂവും യക്ഷികളും ഏറെ പരിചിതമാണ്. അവൾക്ക് മനസ്സിലായി. താൻ ഏതോ ദുരാത്മാ വിൻറെ പിടിയിലാണെന്ന്. അവൾ പാല മരത്തിൻറെ മുകളിലേക്ക് നോക്കി. താൻ നേരത്തെ കണ്ട അവ്യക്ത രൂപം പാലമരത്തിൽ. രക്തം കുടിച്ച കൂളി പല്ലുകളും ചുവന്ന കണ്ണുകളും പനങ്കുല പോലത്തെ മുടിയും. ആ രൂപത്തെ മാളവിക മരവിപ്പോടെ നോക്കി നിൽക്കുന്നതിനിടയിൽ ആ രക്ത രക്ഷ സിൻറെ നീണ്ട നഖമുള്ള കൈകൾ അവൾക്ക് നേരെ നീണ്ടു. മാളവിക പിന്നെ ഒന്നും നോക്കിയില്ല. മുന്നിൽകണ്ട വഴികളിലൂടെ അവൾ എങ്ങോട്ടെന്നില്ലാതെ ഓടി. അവൾ തിരിഞ്ഞു നോക്കുമ്പോൾ ഒക്കെ അവളുടെ ചോരകുടിക്കാൻ ആയി അവളെ പിന്തുടർന്നത് കണ്ടു. ഓടിയോടി അവൾ തളർന്നു നിന്നത് ഒരു മുതല കുളത്തിന് മുന്നിൽ. മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൾ മരവിച്ചു നിന്നു. ഇനിയെന്ത്? ഇപ്പോൾ മരണം എങ്ങനെ വേണമെന്ന് മാളവിക തീരുമാനിക്കാം. രക്തരക്ഷസ്സിൻറ കയ്യിൽ കിടന്നു മരിക്കണോ? അതുമല്ലെങ്കിൽ മുതലകൾക്ക് ഭക്ഷണം ആകണോ? പിന്നെ ഒന്നും നോക്കിയില്ല അമ്മേ എന്ന് വിളിച്ചു മാളവിക കുളത്തിലേയ്ക്ക് എടുത്തുചാടി. ആഴം അറിയാത്ത കുളത്തിൻറെ അടിത്തട്ടിലേക്ക് അവൾ ആഴ്ന്നിറങ്ങി. മുതലകൾ അവളെ പൊതിഞ്ഞു. ഒന്ന് ഒച്ച വെക്കാൻ പോലുമാകാതെ മാളു പിടിച്ചു. നിലവിളി ശബ്ദം കേട്ട് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോൾ മാളുവിനെ കട്ടിലിൽ കണ്ടില്ല. അതാ താഴെ കിടന്ന് പിടക്കുന്നു. എല്ലാവരും തട്ടി വിളിച്ചിട്ടും ഉണരാത്ത മാളുവിൻറെ മുഖത്തേക്ക് അമ്മ വെള്ളം തെളിച്ചപ്പോൾ കണ്ണുതുറന്നു. ചുറ്റും നോക്കി. അവൾക്ക് മനസ്സിലായി താൻ ഇതുവരെയും സ്വപ്നം ലോകത്തായിരുന്നു എന്ന്. അച്ഛനും അമ്മയും ചേച്ചിയും തുറിച്ചു നോക്കുന്നു. ചെറിയൊരു ചമ്മലോടെ മാളവിക എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു വിജനമായ വഴിയിലേക്ക് കണ്ണും നട്ടിരുന്നു.

RAMSEENA. N.A
7 D ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ