ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്ഷരവൃക്ഷം/കുഞ്ഞി കല്ലിന് പറയാനുള്ളത്...

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി കല്ലിന് പറയാനുള്ളത്...

മോനെ.. അടുക്കളയിൽ നിന്ന് അമ്മയാണ്. കൂട്ടുകാരൻ ദാമുവിനോട് സംസാരിക്കുന്നതിനിടെ കുട്ടൻ വിളി കേട്ടു. പട്ടണത്തിൽ ഫ്ലാറ്റിൽ താമസിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടൻ. അവൻ അടുക്കളയിലേക്കു നടന്നു. "എന്താ അമ്മേ? എന്തിനാ വിളിച്ചേ,,?. എന്തോ കെട്ടി വെച്ച കവർ അമ്മ അവന്റെ കയ്യിലോട്ട് കൊടുത്തിട്ട് പറഞ്ഞു. 'നീ ഈ മാലിന്യ പ്പൊതി "വെയിസ്റ്റ് കോർണറിൽ" കൊണ്ടുപോയി ഇട്ടിട്ട് വാ.. റോഡിനരികിലുള്ള ഒരു മാലിന്യക്കൂമ്പാരമാണ് ഈ വെയിസ്റ്റ് കോർണർ. ദുർഗന്ധം കാരണം കുട്ടൻ മൂക്ക്‌ പൊത്തി. എന്നിട്ട് പറഞ്ഞു."ഈ മാലിന്യങ്ങൾ അവിടെ കൊണ്ട് പോയി നിക്ഷേപിച്ചാൽ അത് പല രോഗങ്ങൾക്കും കാരണമാകും. മാത്രവുമല്ല. ഇതിൽ പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ട്. അവ മണ്ണിൽ ലയിക്കില്ലെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്". ‌"ഓ.. ഇതു പിന്നെ എവിടെ ഇടാനാ?,ഇതിപ്പോ മണ്ണിൽ ലയിച്ചില്ലെങ്കിൽ നിനക്കെന്താ പ്രശ്നം?".ദേഷ്യത്തോടെ അമ്മ പറഞ്ഞു. കുട്ടൻ കവറുമായി നടന്നു. കവർ എറിയാനായി കൈ ഉയർത്തിയപ്പോൾ പെട്ടന്ന് ഒരു ശബ്ദം കേട്ടു. അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവിടെ ഉള്ള ഒരു കല്ല് അനങ്ങുന്നതായി അവന് തോന്നി.അവൻ അതിനരികിൽ ഇരുന്നു."നീ ആരാ, എന്തിനാ കരയുന്നെ..."എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവൻ ചോദിക്കാൻ തുടങ്ങി.കല്ല് കരഞ്ഞുകൊണ്ട് പറയാൻ ആരംഭിച്ചു. "അഭയഗിരി എന്ന മലയിലെ ഒരു കൂറ്റൻ പാറയുടെ ഭാഗമായിരുന്നു ഞാൻ". കുട്ടൻ ആകാംക്ഷയോടെ ചെവിയോർത്തു കേൾക്കാൻ തുടങ്ങി.

കൂടപ്പിറപ്പുകളുടെ കൂടെ സന്തോഷമായി കഴിയുന്നതിനിടെ ഒരു ക്രൂരൻ യന്ത്രം കൊണ്ട് ഞങ്ങളെ മുറിച്ചു മാറ്റി. അതിനിടയിൽ ഞാൻ തെറിച്ചു വീണു. എന്നെ ഒഴികെ എല്ലാവരെയും അയാൾ ഒരു വാഹനത്തിൽ കയറ്റി കൊണ്ട് പോയി. അവരെയൊക്കെ കാണാൻ വല്ലാതെ കൊതിച്ചു. അങ്ങനെയിരിക്കെ തുടർച്ചയായി മഴ പെയ്തു. മലയിൽ നിന്നും ഉരുൾ പൊട്ടി. ആ മലവെള്ളപാച്ചിലിൽ ഞാൻ ഉരുണ്ടുരുണ്ട് ഒരു തോട്ടിൽ എത്തി. തോട്ടിൽ ശക്തിയായ ഒഴുക്കിൽ പെട്ടു ഞാൻ പുഴയിൽ എത്തി. അതിനിടെ പ്രളയത്തിൽ ഞാൻ കിടന്ന പുഴ നിറഞ്ഞു കവിഞ്ഞു. ഞാൻ ഒഴുക്കിനിടയിൽ കരയിലടിഞ്ഞു.ഇനി അവരെ കാണില്ലെന്ന് കരുതി ഞാൻ അവിടെ കിടന്നു. മഴ വീണ്ടും പെയ്തപ്പോൾ വെള്ളം പൊങ്ങി. എന്നെ താങ്ങി കൊണ്ട് വന്നു ഇവിടെ ഇട്ടു. വെള്ളം വറ്റിയപ്പോൾ ഞാൻ ഇവിടെ ആയി. എന്നെ ഇവിടെ എത്തിച്ച പ്രളയത്തിനു കാരണം നിങ്ങളാണ്. എത്ര പേരുടെ ജീവൻ പൊലിഞ്ഞു!എത്ര വീടുകൾ നശിച്ചു !". കുട്ടൻ ചോദിച്ചു. "ഞങ്ങളോ !? അതെങ്ങനെ !? പറയാം.. നിങ്ങൾ മനുഷ്യർ വയലുകൾ നികത്തി കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചു. കുന്നുകൾ ഇടിച്ചു നിരപ്പാക്കി. മരങ്ങൾ വെട്ടി മുറിച്ചു. എന്തിനേറെ പറയുന്നു. നിങ്ങൾ നിങ്ങളുടെ വീടിന്റെ മുറ്റം പോലും വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് തടഞ്ഞു കൊണ്ട് കോൺക്രീറ്റ് നിലങ്ങളാക്കി മാറ്റി.

"മതി..മതി "കുട്ടൻ ഇടയ്ക്കു കയറി."ഞാൻ ഇവിടെ ഈ കവർ ഇട്ടാൽ എന്താ കുഴപ്പം?. പറയാം. വഴിയാത്രക്കാർക്ക് ഈ മാലിന്യങ്ങളുടെ ദുർഗന്ധം ശല്യമായിത്തീരും. മാത്രമല്ല പല പകർച്ചവ്യാധികളും ഉണ്ടാകും. കോളറ, ഡെങ്കിപ്പനി, മലേറിയ എന്നിങ്ങനെ പലതും. വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും അനിവാര്യമാണ്. കുഞ്ഞിക്കല്ല് പറഞ്ഞവസാനിപ്പിച്ചു. കുട്ടൻ ആരോടെന്നില്ലാതെ മാപ്പ് പറഞ്ഞു വീട്ടിലേക്കു തിരിച്ചു. പോകുമ്പോൾ കൊണ്ട് പോയ അതേ കവറുമായി തിരിച്ചു വന്ന കുട്ടനെ കണ്ട് അമ്മ ദേഷ്യം കൊണ്ട് ജ്വലിച്ചു. നടന്ന സംഭവങ്ങളൊക്കെ കുട്ടൻ അമ്മയോട് പറഞ്ഞു. അമ്മക്ക് കാര്യങ്ങളൊക്കെ മനസ്സിലായി. പിന്നീട് അമ്മ അവിടെ മാലിന്യങ്ങൾ കളയാറുള്ള എല്ലാവരോടും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. നാം വൃത്തിയായാൽ പോരാ.. നമ്മുടെ നാടും വീടും വൃത്തിയാവണം.


ഷിറിൻ ജവാദ
7 A ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ