സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളിയോട് സ്കൂളിനെ പൊടിപ്പിൽ സ്കൂൾ എന്നും വിളിക്കാറുണ്ട്. പൊടിപ്പിൽ എന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണത്രെ പൊടിപ്പിൽ എന്ന് അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് വെള്ളിയോട് എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്.

തുടക്കം

1956ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള കോയിപ്പിള്ളി കണാരന്റെ നടുക്കണ്ടിപ്പറമ്പിൽ, കുന്നത്ത് പൊക്കിയുടെ ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ചാണ് ആദ്യ ക്ലാസ് തുടങ്ങിയത്. പിന്നീട് കോയിപ്പിള്ളി കണാരൻ പള്ളിക്കൂടത്തിനായി ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും പഠനം അങ്ങോട്ട് മാറ്റുകയും ചെയ്തു.

ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ കമലാക്ഷി എന്ന അധ്യാപികയാണ്. നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി. പാറു തൈക്കൂടത്തിൽ ആദ്യ വിദ്യാർത്ഥിനിയും.

ഈ സ്കൂൾ ഇവിടെ സ്ഥാപിക്കാനായി പ്രവർത്തിച്ച പ്രമുഖ വ്യക്തി 'കണാരൻ മാഷ്’ എന്നറിയപ്പെടുന്ന, ഈ പ്രദേശത്തെ പ്രധാന സാമൂഹ്യപ്രവർത്തകനായ ആനക്കുഴി കണാരനാണ്. ഇദ്ദേഹം മുള്ളമ്പത്ത് സ്വദേശിയാണ്. സ്വന്തമായി സ്ഥലമില്ലാതെ ആറുവർഷം പിന്നിട്ടപ്പോൾ സ്കൂൾ തള്ളിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ കെട്ടിമേയാത്ത അവസ്ഥയും ഉണ്ടായി.

പുതിയ തട്ടകത്തിലേക്ക്

കമലാക്ഷി, പങ്കുണ്ണി തുടങ്ങിയവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. ജാതിയിൽ മൊയ്തുമാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. ആന്റണിയായിരുന്നു അക്കാലത്തെ എ.ഇ.ഒ . ഷെഡ്ഡ് കെട്ടിമേയാത്തതുകൊണ്ട് സ്കൂളിന്റെ അംഗീകാരം റദ്ദാകുന്ന അവസരത്തിലാണ് വാണിമേൽ സ്വദേശിയായ ടി. കെ അമ്മദ് മാസ്റ്റർ വരുന്നത്. പരപ്പുപാറയിൽനിന്നും കൊമ്മിയോട് പ്രദേശത്തുള്ള നടുവൊടിഞ്ഞപറമ്പത്ത് കേളപ്പന്റെ പറമ്പിൽ സ്കൂൾ മാറ്റി സ്ഥാപിക്കുന്നു. ടി. കെ അമ്മദ് മാസ്റ്ററോടൊപ്പം ഇതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് ഒ. പി ഇബ്രായി, മുത്താച്ചുകുന്നുമ്മൽ കുഞ്ഞബ്ദുള്ള, വലിയപറമ്പത്ത് കണ്ണൻ എന്നിവരായിരുന്നു. അന്നതെ എ.ഇ.ഒ ആയ ആന്റണിയായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഇവിടെയും അധികാലം നിലനിന്നില്ല. സ്കൂൾ നഷ്ടപ്പെടുമെന്നുള്ള അവസ്ഥ വീണ്ടും സംജാതമായി.ഈ അവസരത്തിലാണ് ഉദാരമതിയായ വലിയപറമ്പത്ത് കണ്ണൻ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി സംഭാവനചെയ്യുകയും ഈ സ്ഥലത്ത് നാട്ടുകർ ചേർന്ന് അഞ്ചുക്ലാസ്മുറികൾക്കുള്ള ഷെഡ്ഡ് നിർമ്മിക്കുകയും ചെയ്തത്. അന്നത്തെ ആർ.ഡി.ഡി പ്രത്യേക താത്പര്യമെടുത്ത് ഒരു കെട്ടിടത്തിന്റെ പ്രപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കുകയും അത് അംഗീകരിച്ച് കിട്ടുകയും ചെയ്തു. എന്നാൽ 1970ൽ ടി. കെ അമ്മദ് മാസ്റ്റർ സ്ഥലം മാറിപ്പോയതോടെ സ്കൂൾ കെട്ടിടത്തിന്റെ പണി മന്ദഗതിയിലായി.

1971ജൂലായ് മസത്തിൽ ഇരിങ്ങണ്ണൂർ സ്വദേശിയായ എം. കെ ഗോപാലൻ നമ്പ്യാർ പ്രഥമാധ്യാപകനായി ചുമതലയേറ്റു. നൂറിൽ താഴെ കുട്ടികളും സുരക്ഷിതമല്ലാത്ത ഒരു ഷെഡ്ഡും മാനസികരോഗിയായ ഒരധ്യാപകനും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. കല്ലാച്ചിയിൽനിന്നും എട്ടുകിലോമീറ്റർ നടന്നുവേണം കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാൻ. എം. കെ ഗോപാലൻ നമ്പ്യാർ രക്ഷിതാക്കളും നാട്ടുകാരുമായി ബന്ധപ്പെട്ട് സ്കൂൾ നന്നാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചഘട്ടത്തിലാണ് ആയഞ്ചേരി സ്വദേശിയായ സി.എച്ച് കുഞ്ഞിരാമൻ മാസ്റ്ററും ചേരാപുരം സ്വദേശിയായ കെ ചന്തുമാസ്റ്ററും മലപ്പുറം ജില്ലയിൽനിന്നും സ്ഥലംമാറ്റം ലഭിച്ച് ഈ സ്കൂളിൽ എത്തുന്നത്. ഇവരുടെ വരവോടെ ഗോപാലൻ നമ്പ്യാർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ജനങ്ങളെ മുഴുവൻ കോർത്തിണക്കി സ്കൂളിന്റെ പുരോഗതിക്കായി യത്നിക്കുകയും ചെയ്തു.

1972 മെയ് 27-ാം തിയ്യതി വെള്ളിയോട് ഗവ. എൽ. പി സ്കൂളിനുവേണ്ടി സർക്കാർ നിർമ്മിച്ച അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടവും മൂത്രപ്പുരയും കക്കൂസും കിണറും ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുമുള്ള നിരന്തരമായ പരിശ്രമഫലമായി വർഷം തോറും ഡിവിഷനുകൾ വർദ്ധിക്കുകയും 1974ൽ യു.പി സ്കൂളായി അപ്ഗ്രഡ് ചെയ്യപ്പെടുകയും ചെയ്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പി തറുവൈഹാജി പ്രസിഡണ്ടായി സ്പോൺസറിംഗ് കമ്മറ്റി രൂപീകരിക്കുകയും സർക്കാർ നിബന്ധനകൾ പാലിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. നാട്ടുകാരിൽ നിന്നും പണം സ്വരൂപിച്ച് മൂന്ന് ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി സർക്കാരിലേക്ക് നൽകുകയും ആവശ്യമായ ഫർണിച്ചറുകൾ സംഘടിപ്പിക്കുകയും താത്ക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്ക് സ്ഥലം നൽകി ഈ സ്ഥാപനത്തെ സഹായിച്ചത് വാഴക്കുകിളച്ച പറമ്പത്ത് അന്ത്രു എന്ന വ്യക്തിയായിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും സർക്കാരിൽനിന്നുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അന്നത്തെ നാദാപുരം എം.എൽ.എ ആയിരുന്ന എം കുമാരൻ മാസ്റ്റർ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. യു. പി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ഇദ്ദേഹമായിരുന്നു.

ഹൈസ്കൂൾ

1976ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടുവെങ്കിലും ചില പ്രത്യേകകാരണങ്ങളാൽ അത് സ്വകാര്യ മേഖലയിലേക്ക് മാറിപ്പോവകയാണുണ്ടായത്. എങ്കിലും നിരാശബാധിക്കാതെ കെ.പി.സി കണാരൻ പ്രസിഡണ്ടായ പി.ടി.എ കമ്മറ്റിയും രക്ഷിതാക്കളും നടത്തിയ പരിശ്രമത്തിന്റെ ഫലമായി, പഞ്ചായത്തിൽ രണ്ട് ഹൈസ്കൂളുകൾ ഉണ്ടായിട്ടും പാവപ്പെട്ടവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, വിദ്യാഭ്യാസമന്ത്രി കെ ചന്ദ്രശേഖരൻ, നാദാപുരം എം.എൽ.എ സത്യൻ മൊകേരി, എ. കണാരൻ എം.എൽ.എ എന്നിവരുടെ സജീവതാത്പര്യപ്രകാരം 1990 ജൂൺ 8-ാം തിയ്യതി മൂന്നാമതൊരു ഹൈസ്കൂളിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത്. വാണിമേലിന്റെ വിദ്യാഭ്യാസപുരോഗതിയിലെ ഒരു നിർണ്ണായക തീരുമാനമായിരുന്നു ഇത്. മൂന്നേക്കർ മുപ്പത്തിനാല് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും സ്കൂളിന് കെട്ടിടം നിർമ്മിച്ചുനൽകാൻ നാട്ടുകാർക്ക് സമ്പത്തികശേഷിയില്ലായിരുന്നു. ഈ പ്ര‌ശ്നത്തിനുപരിഹാരം കാണാൻ മുന്നോട്ടുവന്നത് എം.കെ ബാലൻ പ്രസിഡണ്ടായുള്ള അന്നത്തെ പഞ്ചായത്ത് ഭരണസമിതിയായിരുന്നു. നാല് ക്ലാസ് മുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടവും ഒരു സ്ഥിരം സ്റ്റേജും ഒരു സെയ്ഫും സ്കൂളിന് നിർമ്മിച്ചുനൽകിയത് വാണിമേൽ പഞ്ചായത്ത് ഭരണസമിതിയാണ്.

ഈ വിദ്യാലയത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച അധ്യാപകകരിൽ പേരെടുത്തുപറയേണ്ടവർ: ടി.കെ അമ്മദ് മാസ്റ്റർ, എം.കെ ഗോപാലൻ നമ്പ്യാർ, കെ ചന്തുമാസ്റ്റർ, സി.എച്ച് കുഞ്ഞിരാമൻ മാസ്റ്റർ, എം.കെ ഗോപിമാസ്റ്റർ, ടി കുങ്കക്കുറുപ്പുമാസ്റ്റർ, കെ.പി കുഞ്ഞമ്മദ് മാസ്റ്റർ.

പ്രത്യേകപരാമർശമർഹിക്കുന്ന പി.ടി.എ പ്രസിഡണ്ടുമാർ: വി.പി ചാത്തുമാസ്റ്റർ, കെ.പി.സി കണാരൻ, പി ചോയിക്കുട്ടിമാസ്റ്റർ.

മറ്റുപ്രമുഖർ: വലിയപറമ്പത്ത് കണ്ണൻ, കരുവാങ്കണ്ടി കുഞ്ഞിക്കണ്ണൻ, കിണറുള്ള പറമ്പത്ത് കണ്ണൻ, എകരം പറമ്പത്ത് ശങ്കരൻ, പടിഞ്ഞാറയിൽ ശങ്കരൻ, ഒ.പി ഇബ്രായി, മുത്താച്ചിക്കുന്നുമ്മൽ കുഞ്ഞബ്ദുള്ള, പി.എം ഹൈദ്രോസ്, പോതുകണ്ടി മമ്മു, ചിറയിൽ കോരൻ, ആലകെട്ടിയ പറമ്പത്ത് ചെക്കായി, തെറ്റത്ത് കുഞ്ഞിരാമൻ, കെ.കെ നായർ, പൊടിപ്പിൽ ചോയി.

സ്കൂൾവക സ്ഥലം:

  • വലിയപറമ്പത്ത് കണ്ണൻവക സംഭാവന: 101/8 സെന്റ്
  • അക്വയർ ചെയ്തത്  : 237/8 സെന്റ്
  • സ്പോൺസറിംഗ് കമ്മറ്റി സംഭാവന : 3 ഏക്കർ
    • ആകെ : 3 ഏക്കർ 34 സെന്റ്

ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളുള്ള ഈ വിദ്യാലയം ആദ്യകാലത്ത് ഭൗതികസൗകര്യത്തിന്റെയും പഠനനിലവാരത്തിന്റെയും കാര്യത്തിൽ വളരെ പിന്നാക്കമായിരുന്നു. ജനകീയാസൂത്രണപദ്ധതി നിലവിൽ വന്നതോടെ കോഴിക്കോട് ജില്ലാപഞ്ചായത്തും തൂണേരി ബ്ലോക്ക് പഞ്ചായത്തും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ നിർലോപമായ സഹായം നൽകിയതിന്റെ ഫലമായി സൗകര്യങ്ങൾ മെച്ചപ്പെട്ടു. അതോടൊപ്പം പഠനനിലവാരവം മെച്ചപ്പെട്ടു.

2000 ആഗസ്തിൽ ഹയർസെക്കന്ററി ആരംഭിച്ചു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് (1993 മാർച്ച്) 38% വിജയം കൈവരിച്ചു. ഹയർസെക്കന്ററി ആദ്യബാച്ച് (2002- മാർച്ച്) 67ശതമാനവും രണ്ടാമത്തെ ബാച്ച് (2003 – മാർച്ച്) 87 ശതമാനവും വിജയം കൈവരിച്ചു.

SSLC വിജയശതമാനം
വർഷം പരീക്ഷയെഴുതിയവർ വിജയിച്ചവർ വിജയശതമാനം
1993 38
1994
1995
1996 107 5 4.67
1997 133 21 16
1998 101 27 26.5
1999 92 8 9
2000 90 32 35.6
2001 103 42 40
2002 106 34 32
2003 96 53 60.5