ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/സന്ദർശക

Schoolwiki സംരംഭത്തിൽ നിന്ന്
സന്ദർശക

നാളെയാണ് ആ ദിവസം.
അത്യധികം സന്തോഷവതിയായി അവൾ നാളത്തേക്കുള്ളവ തയ്യാറാക്കിത്തുടങ്ങി. ഒരു കേക്ക്, നാൽപത് ഉണ്ണിയപ്പം, അത്രതന്നെ കുക്കീസ്.... ആനി വന്നിട്ടില്ല, അല്ലേലും ആവശ്യമുള്ള നേരത്ത് ആനി വീട്ടിൽ വരില്ല. അല്ലാത്തപ്പോൾ അയൽപക്കക്കാരുടെ വിശേഷങ്ങളും വിദ്വേഷങ്ങളും പരദൂഷണങ്ങളുമായി പണികൾ വഴിപാടായി തീർത്ത് ആനി വീട്ടിലുണ്ടാവും. അല്ല... അവളും കുറ്റക്കാരിയാ. വഴിപാടെന്നും പറഞ്ഞ് ചെയ്ത പണിക്കുള്ള കാശ് കുറച്ചേ കൊടുക്കൂ... അതു കൊണ്ട് ആനി അത് ചോദിക്കാറില്ല.
എല്ലാം തയ്യാറാക്കിയ ശേഷം മാത്രമാണ് ക്ലോക്കിലേക്ക് ദേവി കണ്ണെറിഞ്ഞത്.
സമയം നാല് മണി. ഉച്ചത്തേക്കു വെച്ചത് വെറുതേ.....
അപ്പോഴാണ് ആനി കേറി വന്നത്.
അരിശം വന്ന് ദേവി ദേഹത്തു കെട്ടിയ ഏപ്രൺ വലിച്ചെറിഞ്ഞു. ഭാഗ്യവശാൽ വാ തുറന്നില്ല. അഥവാ വാ തുറന്നിരുന്നെങ്കിൽ...... ചിന്തിക്കാൻ മേല!
പിന്നീട് ഇത്തിരി വെള്ളം കുടിച്ചപ്പോൾ ആളിക്കത്തിയ തീയിലേക്ക് വെള്ളമൊഴിച്ച പോലെ ദേഷ്യം ഒന്ന് പുകഞ്ഞ് കെട്ടു.
ആനിയമ്മ വൈകിയ കാര്യം പറയാനായി വന്നു.
ദേവി അക്ഷമയോടെ അത് കേൾക്കാൻ നിന്നു. ഒന്നു ചുമച്ച ശേഷം ആനി പറഞ്ഞു: "കുട്ടിയ്ക്ക് നല്ല പനി, ആകെ ചുവന്ന് ചുമയും ജലദോഷവും ഒക്കെയായി കിടക്കുകയായിരുന്നു. ഇന്ന് എല്ലാം മൂർച്ഛിച്ചു! കുട്ടീടെ കെടപ്പ് കണ്ട് സഹിക്കാൻ പറ്റീല....”
ആനി പൊട്ടിക്കരഞ്ഞു. പിന്നെ തുടർന്നു:
"ശ്വസിക്കാനും തടസ്സം, വീട്ടിലുള്ള രണ്ട് പാരസിറ്റമോളിന്റെ ഗുളികയെടുത്ത് കൊടുത്തു. മാറിയിട്ടില്ലേലും എന്റെ ഒരു ആശ്വാസത്തിന്. പുതപ്പിച്ച് കെടത്തിയിരിക്ക്യാണ് എണീക്കാൻ മേല"
"ആശുപത്രീല് കൊണ്ടുപോയില്ലേ?” ദേവി വല്ലാത്തൊരു മനസ്ഥിതിയോടെ ചോദിച്ചു.
ഇല്ലെന്ന് മറുപടി.
ആനിയുടെ വീട്ടുപരിസരത്തേക്കൊന്നും ദേവി പോയിട്ടില്ല. കോളനിയാണെന്നാ കേട്ടത്.
എന്തായാലും അവിടമൊന്ന് സന്ദർശിക്കാമെന്ന് അവൾ തീരുമാനിച്ചു.
കൈയ്യിലൊരു മാസ്കും കരുതി, ആനിയാന്റിയേയും കൂട്ടി അവിടേക്കു പുറപ്പെട്ടു. ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള മാലിന്യം ദയയേതുമില്ലാതെ ഇവിടെയാണ് തള്ളുന്നത് എന്നു തോന്നിപ്പോകും. വിദ്യാസമ്പന്നരായി കുറച്ചുപേർ മാത്രം. പക്ഷെ, അവരും സ്വന്തം കാര്യം എന്ന ചിന്തയിലേക്കു ഒതുങ്ങിക്കൂടിയിരുന്നു.
ആ വഴി തികച്ചും വൃത്തിഹീനമായിരുന്നു. ദേവിക്ക് അതു അനുഭവപ്പെട്ടു. ഇന്നാട്ടിലെ രോഗികളിൽ പകുതിയിലേറെയും ഇവിടത്തുകാരായിരിക്കും.
ദേവി, ആനിയുടെ വീട്ടിൽ കയറി. എല്ലാം ക്ലീനാണ്. രോഗം മൂർച്ഛിച്ച് കിടക്കുന്ന കുട്ടിയെ ഒട്ടും അമാന്തിക്കാതെ ആശുപത്രിയിലെത്തിച്ചു.
തുടർന്നുള്ള രണ്ടു മൂന്നു ദിവസം മരണത്തോടു മല്ലിട്ട് ഒടുക്കമവൾ....
അതിനുശേഷം ആനി ആകെ തളർന്നതുപോലെയായി. ദേവിതന്നെ മുൻകൈയെടുത്ത് ആ പരിസരത്ത് ഒരു വില്ല ഏർപ്പാടാക്കി. ഇതൊന്നും ചെയ്തില്ലെങ്കിൽ പിന്നെ ഈ ജീവിതംകൊണ്ടെന്തർത്ഥം? സ്വയം ചോദിച്ചു. നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു.. ആത്മഗതം പോലെ പറഞ്ഞു.
ആനിയുടെ പേരക്കുട്ടിയുടെ ഓർമയ്ക്കായി അവിടെ ഒരു വിദ്യാലയം തുടങ്ങി. വില്ലയോടു ചേർന്നുള്ള സ്ഥലത്ത് മരങ്ങളും പച്ചക്കറികളും നട്ടു. ശുദ്ധമായ വായു... ശുദ്ധജലം. അവിടെയുള്ളവർക്കു പുതുമയുള്ളതായിരുന്നു അതെല്ലാം.
ആദ്യമൊക്കെ പുച്ഛിച്ചു തള്ളിയെങ്കിലും അവിടെയുള്ളവർ പതുക്കെപ്പതുക്കെ നല്ല ശീലങ്ങൾ ശീലിച്ചുതുടങ്ങി. പരിസരമലിനീകരണം ഇപ്പോൾ അവിടെ ഇല്ല. ശുചിത്വം അവരുടെ ജീവിതമന്ത്രമായി ഏറ്റെടുത്തു കഴിഞ്ഞു. ശുദ്ധമായ വായു... ശുദ്ധജലം..
അപ്പോഴേക്കും എല്ലാവരുടെയും ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റം സ്വയം തിരിച്ചറിഞ്ഞിരുന്നു.
ആനിക്ക് മോളും പേരക്കുട്ടിയുമൊക്കെയാണ് ദേവി ഇപ്പോൾ.
ആനിയോടൊപ്പം അന്നു വന്ന സന്ദർശക ഇന്ന് ആ കരക്കാരുടെ ആരാധനാപാത്രമാണ്. ദേവിയോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അവിടത്തുകാർ പറഞ്ഞത് വെറുതെയാവാൻ തരമില്ല.
സംഭവങ്ങളോരോന്നും ഓർത്തെടുത്ത് അവരുടെ വാർഷികയോഗത്തിൽ ആനി പറഞ്ഞത് നിറകൈയടിയോടെ ജനം സ്വീകരിച്ചു.
"ന്റെ കുട്ടിയല്ലേ ഇതിനൊക്കെ കാരണക്കാരി... ഞാനുണ്ടാകുമിനിയെന്നും കൂടെ"
എന്നു പറഞ്ഞു ദേവിയുടെ അടുക്കലേക്കു വന്നപ്പോൾ കരഘോഷം ഉച്ചസ്ഥായിയിലെത്തിയിരുന്നു.

ശ്രേയ
9 A ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ