നല്ല അയൽക്കാർ
ഒരു നാട്ടിൽ ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനും ഉണ്ടായിരുന്നു. ഇവർ അയൽവാസികളുമായിരുന്നു. കൃഷിക്കാരന്റെയും കശാപ്പുകാരന്റെയും ആൺമക്കൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദീപു, അപ്പു എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ദീപു അവന്റെ അച്ഛനെ കൃഷികളിൽ സഹായിക്കും. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്തു കളിക്കും. ദീപുവിന്റെ വീട്ടിൽ അവർതന്നെയുണ്ടാക്കുന്ന ഭക്ഷ്യവിളകളായിരുന്നു കഴിച്ചിരുന്നത്. എന്നാൽ കശാപ്പുകാരന്റെ വീട്ടിൽ കൃഷി ഒന്നും ചെയ്തിരുന്നില്ല. അവർ അന്യദേശങ്ങളിലെ പച്ചക്കറിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും അവരുടെ വീട്ടിൽ മാംസമായിരുന്നു ഭക്ഷണം.
ദീപുവുമായുള്ള കളിക്കിടെ അപ്പു ഒരു ദിവസം തല കറങ്ങി വീണു. പരിഭ്രാന്തരായ അവർ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയ്ക്കിടെ, ഡോക്ടർ അവന്റെ ഭക്ഷണ കാര്യങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അവരുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താറില്ലെന്ന് ഡോക്ടർക്കു ബോധ്യമായി. മരുന്നു നൽകി വീട്ടിലേക്കു പറഞ്ഞുവിടുമ്പോൾ, അപ്പുവിന് പോഷകാഹാരക്കുറവുണ്ടെന്നും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഈ സംഭവത്തിനുശേഷം, കൃഷിക്കാരന്റെ കൃഷിസ്ഥലത്തെ പച്ചക്കറികൾ കശാപ്പുകാരന്റെ വീട്ടിലേക്കും കശാപ്പുകാരന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൃഷിക്കാരന്റെ വീട്ടിലേക്കും കൈമാറാൻ തുടങ്ങി. പോഷകങ്ങളടങ്ങിയ ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവർ ആരോഗ്യമുള്ളവരായിത്തീരുകയും പരസ്പരസഹായികളായി വർത്തിക്കുകയാൽ മാതൃകാ അയൽക്കാരായി മാറുകയും ചെയ്തു.
ഗുണപാഠം: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. അതിനു നമ്മുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് രോഗപ്രതിരോധശേഷി. അതു വർദ്ധിപ്പിക്കാൻ മാംസാഹാരം മാത്രമല്ല, ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
|