ഗവ. എച്ച് എസ് എസ് രാമപുരം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രളയദുരിതത്തിന് ഒരു കൈത്താങ്ങ്

                    ആഗസ്റ്റ്മാസം 16,17,18 ദിവസങ്ങൾ....പ്രകൃതിസംഹാരതാണ്ടവമാടിയ കറുത്ത ദിനങ്ങൾ....എങ്കിലും മഹാദുരന്തത്തെ അതിജീവിച്ച മാനവികതയുടെ കൂട്ടായ്മ,അമൃതകുംഭം പോലെ നമ്മുടെ നാടിനെ പുനരുജ്ജീവിച്ചു.അദ്ധ്യാപകർ,വിദ്യാർഥികൾ,SMCഅംഗങ്ങൾ എന്നിവരുടെ ഒരു യോഗംഅടിയന്തരമായിവിളിച്ചു കൂട്ടി.ക്യാമ്പുകളിൽ എത്തിക്കേണ്ട അത്യാവശ്യവസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി.ഏതെല്ലാം തരത്തിൽ അവ സംഭതിക്കാൻ കഴിയുമെന്ന് ചർച്ച നടത്തി.പാക്കറ്റിലും ടിന്നുകളിലുമുള്ള ഭക്ഷ്യസാധനങ്ങൾ,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ,ചെരുപ്പുകൾ,മിനറൽ വാട്ടർ,പുതപ്പുകൾ,ലോ‍ഷനുകൾ മുതലായവ ശേഖരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കി ക്യാമ്പുകളിൽ എത്തിച്ചു. അവിടെയുള്ളവരുമായി സംസാരിച്ച് ആവസ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങി നൽകി.
                                 പ്രളയാനന്തരം സ്കൂൾ തുറന്നപ്പോൾ അസംബ്ലിയിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാകുമാരി ടീച്ചർ ദുരന്തത്തിനിരയായ യഹപാഠികൾക്ക് സാന്ത്വനമേകണ്ടതും അതിജീവനം സാധ്യമാക്കുന്നതിൽ അവർക്ക് തുണയാകേണ്ടതും ഓരോരുത്തരുടേയും കടമയാണെന്ന് ഓർമ്മപ്പെടുത്തി.കുട്ടികൾ പല സംഘങ്ങലായി പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടമായ സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിച്ചു,നഷ്ടങ്ങളുടെ കണക്കെടുത്തു,വിവരങ്ങൾ അദ്ധ്യാപകർക്ക് കൈമാറി.പിറ്റേ ദിവസം മുതൽ സ്കൂളിൽ കാരുണ്യക്കടൽ ഇരമ്പിയാർ‌ക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത് നോട്ട്ബുക്കുകൾ,പേന,കുട,ഇൻസ്ട്രമെന്റ് ബോക്സുകൾ,സ്കൂൾ ബാഗുകൾ എന്നിവ സ്റ്റാഫ്റൂമിൽ കുന്നുകൂടി.പ്രളയബാധിതരായ കുട്ടികൾക്ക് കൗൺസിലിങ് നടത്തി.അദ്ധ്യാപകരുടെ ഇടപെടലുകൾനിരാശയുടേയും നഷ്ടങ്ങളുടേയുംആഴങ്ങളിൽ നിന്ന് അവരെ കൈപിടിച്ചുയർത്തി.എല്ലാവരുടേയും ആത്മാർത്ഥമായ പ്രവർത്തനം അവരിൽ ആത്മവിശ്വാസമുളവാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അവിശ്വസനീയമാം വിധം സംഭാവനകളാണ് കുട്ടികൾ നൽകിയത്.പലരും വർഷങ്ങളായി സൂക്ഷിച്ചിരുന്ന സമ്പാദ്യക്കുടുക്കകളുമായി എത്തിച്ചേർന്നു.നവകേരള സൃഷ്ടിയിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ അഭിമാനത്തിളക്കം അവരുടെ മുഖങ്ങളിൽ കാണാൻ കഴിയുമായിരുന്നു.രൂപയോളം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ വിദ്യാലയം അഭിമാനം കൊണ്ടു.
                                പത്തിയൂർ പഞ്ചായത്തിലെ 2,3 വാർ‍ഡുകളിലെ ഇരുനൂറോളം കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുചിയാക്കി.വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർത്തുകൊടുത്തു.പച്ചക്കറിയും പലചരക്കുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നൽകി.ദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുവാൻ കുട്ടികൾത്തന്നെ ചുുമതല വഹിച്ചു.'വാർഷിക സൂത്രണ പദ്ധതി'യിലെ 'സഹപാഠിക്കൊരു സാന്ത്വനം' എന്നത് അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കിയ നിസ്വാർത്ഥമായ സേവനങ്ങൾ തന്നെയാണ് ഈ അവസരത്തിൽ ദൃശ്യമായത്.

വൃദ്ധദി‌നം
അസ്തമ‌യ പർവ്വത്തിൽ അരുണോദയം

ജീവിതത്തിന്റെ സായന്തനങ്ങളിൽ ഏറെ സ്നേഹിച്ചവർ ഒറ്റപ്പെടുത്തിയ വാർദ്ധക്യത്തിൽ നൊമ്പരങ്ങളെ നേരിൽ കാണാൻ ഹരിപ്പാട്-ആയാപറമ്പ് ഗാന്ധിഭവനിലേക്ക് ഒക്ടോബർ 1-ാം തിയതി കുട്ടികൾ എത്തിച്ചേർന്നു.മൂല്യത്തകർച്ചയിൽ ആണ്ടുപോയ ഒരു തലമുറയുടെ ശിക്ഷയേറ്റു വാങ്ങേണ്ടിവന്ന അവരുടെ കയ്പേറിയ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ കുട്ടികൾ വിങ്ങുന്ന ഹൃദയത്തോടെ ചില മൂല്യങ്ങൾ ആർജിക്കുകയായിരുന്നു.പൂസ്തകത്താളുകൾക്കും ക്ലാസ്സ് മുറികൾക്കും അദ്ധ്യാപകർക്കും പകർന്നു നൽകാൻ കഴിയാത്ത,ജീവിതപാഠമാണ് അന്നവർ പഠിച്ചത്.ദുഃഖങ്ങൾ ഉളളിലൊതുക്കാൻ ശ്രമിക്കുന്ന വൃദ്ധരോടു സംസാരിച്ചപ്പോൾ സ്വയം നിയന്ത്രിക്കാൻ കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നതായിത്തോന്നി.കയ്യിലുണ്ടായിരുന്ന മധുര പലഹാരങ്ങളും,പഴങ്ങളും,പുതുവസ്‌ത്രങ്ങളും ഒക്കെനൽകിയപ്പോൾ അവരുടെ മുഖത്തുവിടർന്ന പുഞ്ചിരിയ്ക്ക് കുട്ടികളേക്കാൾ നിഷ്കളങ്കതയുണ്ടായിരുന്നു. വളരെപ്പെട്ടന്നു തന്നെ അവർ പരിചിതരായി എല്ലാം മറന്നു ചിരിച്ചു.സന്തോഷിച്ചു.കുട്ടികൾ അവരെക്കൊണ്ട് പാട്ടുകൾ പാടിച്ചു,കഥകൾ പറഞ്ഞുകൊടുക്കാൻ വേണ്ടി പേരകുട്ടികളെപ്പോലെ ശാഠ്യം പിടിച്ചു. കുട്ടികളുടെ സ്നേഹവും സാമീപ്യവും ആ പാവങ്ങൾക്ക് പുതിയ അനുഭവമായി,ഉണർവ്വായി അവരുടെ സ്നേഹനിറവിൽ ആ ദിവസം അർത്ഥപൂർണമായി.

                                            അവരുടെ താമസം,ഭക്ഷണം,രോഗവിവരങ്ങൾ,ചികിത്സ തുടങ്ങിയ കാര്യങ്ങളെ  ക്കുറിച്ചെല്ലാം അന്വേഷിച്ചു.എല്ലാസഹായവും വാഗ്‌ദാനം ചെയ്തു.'വിഷമിക്കരുതെന്നും ഞങ്ങൾ കൂടെയുണ്ടെന്നും'അവരെ ആശ്വസിപ്പിച്ചു.ഇനിയും വന്നുകാണുമെന്ന് ഉറപ്പ് നൽകി.ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.തിരികെ പോരുംമ്പോൾ കുട്ടികൾ നിശബ്ദരായിരുന്നു. ഒരു പക്ഷെ അവരറിയാതെ തന്നെ സ്വന്തം മാതാപിതാക്കളുടെ സ്നേഹം നിറഞ്ഞ മുഖങ്ങൾ മനസ്സിൽമിന്നിമറഞ്ഞിട്ടുണ്ടാവാം. അവരറിഞ്ഞുകൊണ്ടുതന്നെ ദൃ‍ഢമായ ചില പ്രതിജ്ഞകൾ എടുത്തിട്ടുണ്ടാവാം. വിദ്യാഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ ഒന്ന് മൂല്യബോധമുളള,മനുഷ്യത്വമുളള ഒരു ജനതയെ വാർത്തെടുക്കുക എന്നതാണല്ലോ.അതിനുവേണ്ടിയുളള പാഠങ്ങൾ ജീവിത പരിസരങ്ങളിലാണുളളതെന്ന യാഥാർത്ഥ്യം അവർ തീർച്ചയായും ഉൾക്കൊണ്ടിട്ടുണ്ടാകണം.


പഠനോത്സവവ‌ും മികവ‌ുത്സവവ‌ും 2019

രാമപ‌ുരം ഗവ.എച്ച്.എസ്.എസിലെ പഠനോത്സവവ‌ും മികവ‌ുത്സവവ‌ും 2019ഫെബ്ര‌ുവരി മാസം 16-ാം തീയതി സ്‌കൂൾ അങ്കണത്തിൽ വച്ച് നടക്ക‌ുകയ‌ുണ്ടായി. അദ്ധ്യപകര‌ുടെയ‌ും വിദ്യാർത്ഥികള‌ുടേയ‌ും സജീവ പങ്കാളിത്തം ക്ലാസ്സ് മ‌ുറികളിൽ സംജാതമായപ്പോൾ പഠനം ഒരേ സമയം രസകരവ‌ും സമ്പ‌ൂർണ ഫലപ്രാപ്‌തിയിലേക്ക‌ു നയിക്ക‌ുന്നത‌ുമായി തീർന്ന‌ു. ക‌ുട്ടികൾ നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ര‌ൂപീക‌ൃതമായ വിവിധ വ്യവഹാര ര‌ൂപങ്ങള‌ും വ്യത്യസ്‌തമായ പ്രവർത്തനമേഖലക‌ളും സമ‌ൂഹത്തിന്റെ മ‌ുമ്പാകെ പ്രകടിപ്പിക്കാന‌ുള്ള സവിശേഷമ‌ുഹ‌ൂർത്തമായിത്തീർന്ന‌ു അന്നേ ദിവസം. ബഹുമാനപ്പെട്ട എം.എൽ.എ.അഡ്വ.യ‌ു. പ്രതിഭ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച‌ു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.എച്ച് ബാബ‌ുജാൻ, എസ്.എം സി. ചെയർമാൻ ശ്രീ. ആർ. ഉല്ലാസ് ക‌ുമാർ എന്നിവര‌ും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മണിവിശ്വനാഥ്, മ‌ുത‌ുക‌ുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ. ആനന്ദൻ, പത്തിയ‌ൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദ‌ുസന്തോഷ്, ഗ്രാമാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാഗോക‌ുൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വീണ വി.എസ്, സൗമ്യശ്യാം, ടി. രമണി, ഉഷാക‌ുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ക‌ൂടാതെ രക്ഷാകർത്താക്കള‌ും നാട്ട‌ുകാര‌ും ക‌ുട്ടികള‌ും അടങ്ങ‌ുന്ന വലിയൊര‌ു സദസ്സ‌ും ചടങ്ങ‌ുകൾക്ക് സാക്ഷ്യം വഹിച്ച‌ു.

ഉത്സവ പ്രതീതി ജനിപ്പിച്ച‌ുകൊണ്ട്, പത്താം ക്ലാസ്സിലെ ക‌ുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തോട‌ുക‌ൂടി പഠനോത്സവത്തിന് പ്രാരംഭം ക‌ുറിക്ക‌ുകയ‌ുണ്ടായി. ഏകദേശം പത്ത‌ു മിനിട്ടോളം നീണ്ട‌ു നിന്ന വാദ്യപ്പെര‌ുമഴയിൽ സദസ്യരെ ഒന്നടക്കം വിസ്‌മയത്തിലാഴ്‌ത്തി താളമേളങ്ങള‌ുടെ നാദപ്രപഞ്ചം സ‌ൃഷ്‌ടിക്കാൻ ഈ കലാകാരന്മാർക്ക് കഴിഞ്ഞ‌ു. കേരളത്തിന്റെ തനത‌ുകലയായ കഥകളിയിലെ ഹസ്‌തമ‌ുദ്രകള‌ും നവരസങ്ങള‌ും കാണികളെ പരിചയപ്പെട‌ുത്താൻ വേണ്ടി ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ത‌ുടർന്ന് അരങ്ങിലെത്തിയത്. രസാവിഷ്‌ക്കാരം സദസ്സിനെ അത്യധികം രസിപ്പിച്ച‌ു. ഒൻപതാം ക്ലാസ്സിലെ അടിസ്ഥാനപാഠാവലിയിൽ ഉൾപ്പെട്ട ഒര‌ു കഥയ‌ുടെ നാടകാവിഷ്‌ക്കാരമാണ് അട‌ുത്തതായി ക‌ുട്ടികൾ അവതരിപ്പിച്ചത്. കഥയ‌ുടെ പ്രമേയം പ്രേക്ഷകർക്ക് പകര‌ുന്നതോടൊപ്പം തന്നെ കഥാപാത്രങ്ങള‌ുമായി താദാത്മ്യം പ്രാപിക്കാൻ ക‌ുട്ടികൾക്ക‌ു സാധിച്ച‌ു എന്നത് അവരുടെ അഭിനയ പാടവത്തിന് ദൃഷ്‌ടാന്തമാണ്. ദൃശ്യ സന്ദർഭങ്ങൾ സ്വാഭാവികമാക്കാനും യോജിച്ച പഞ്ചാത്തലം സൃഷ്ടിക്കുന്നതിന് ശബ്‌ദ – ദൃശ്യ സാധ്യതകൾ ( ഐ. ടി. ഉപയോഗിച്ച് ). ഫലപ്രദമായി ഉപയോഗിക്കാനും കുട്ടികൽക്ക് സാധിച്ചു.

തുടർന്ന് നടന്നത് ഇംഗ്ലീഷിലെ വൺ ആക്ട് പ്ലേ ആണ്. പാഠ്യവിഷയവുമായി ബന്ധപ്പെട്ട ഈ നാടകാവിഷ്ക്കാരം സ്വാതന്ത്ര്യമില്ലാത്ത കലാകാരാന്റെ അന്തഃക്ഷോഭകളെ വെളിപ്പടുത്തുന്ന ഒന്നാണ്. കലയും കലാകാരനും സാമൂഹികശക്തികളാൽ നിയന്ത്രിക്കപ്പെടുമ്പോൾ നിഷ്‌ക്രിയമായി, നിശ്ശബ്ദതയിലേക്ക് നിലം പതിക്കുന്ന കലാകാരന്റെ മാനസികവ്യഥ പ്രേക്ഷകർക്കു അനുഭവവേദ്യമാക്കിക്കൊടുക്കാൻ പ്രസ്തുത നാടകത്തിന് കഴിഞ്ഞു. കൂടാതെ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയും സദസ്സിനെ ആകർഷിച്ചു.

ചരിത്രാതീതകാലത്തെ മനുഷ്യത്വരഹിതമായ ദൂരാചാരങ്ങളുടെ സ്‌മരണകളുയർത്തുന്ന നാടകമായിരുന്നു സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ അടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. "ശൈശവ വിവാഹം" മുഖ്യപ്രമേയമായി അരങ്ങേറിയ ഈ നാടകം ഭാരതത്തിന്റെ സാമൂഹിക ചരിത്രത്തിലെ ഇരുളടഞ്ഞ ഒരദ്ധ്യായത്തിലേക്കാണ് വിരൽ ചൂണ്ടിയത്. പിന്നീട് ഇളം തലമുറയെ ഉന്മൂലനം ചെയ്യുന്ന ലഹരിയെന്ന മഹാവിപത്തും നാടകരൂപത്തിൽ അരങ്ങിലെത്തി. വ്യക്തിയെ ഹനിക്കുന്ന, കുടുംബന്ധങ്ങളെ ശിഥിലമാക്കുന്ന, അസ്തിത്വത്തെപ്പോലും ഇല്ലാതാക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിനടിമയാകുന്ന വിദ്യാർത്ഥിയും അവന്റെ കുടുംബവും ദുരന്തത്തിലേക്കടിവച്ചുനീങ്ങുന്നത് സദസ്യർ കണ്ടിരുന്നത് അടക്കിപ്പിടിച്ച ശ്വാസഗതികളോടെയായിരുന്നു.

ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരിച്ച സ്റ്റാളുകൾ മികവുത്സവത്തിന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നായിരുന്നു. ക്ലാസ്സ് മുറികളിൽ നിന്നും കുട്ടികൾ ആർജിച്ച അറിവുകൾ പ്രായോഗിക ജീവിതവുമായി യോജിച്ചപ്പോൾ കണ്ടുപിടിത്തങ്ങളുടെ വിസ്മയലോകമായി സ്റ്റാളുകൾ മാറി. ആഹ്ലാദം നിറഞ്ഞ മുഖങ്ങളുമായാണ് രക്ഷിതാക്കൾ കുട്ടികളൊരുക്കിയ പരീക്ഷണങ്ങളും മറ്റും കണ്ടിറങ്ങിയത്. കുട്ടികളുടെ കര-കൗശല നിർമാണവൈദഗ്ധ്യം ജസപ്രതിനിധികളടക്കമുള്ളവരുടെ പ്രംശസയ്ക്കു വഴിതെളിച്ചു.

ഹൈസ്കൂൾ തലത്തിൽ വേദഗണിതത്തെ കുട്ടികൾക്ക് പരിചയപ്പടുത്തുന്ന ചില പ്രവർത്തനങ്ങളാണ് തയ്യാറാക്കിയത്. കമ്പ്യൂട്ടറുകളേയും കാൽക്കുലേറ്ററിനേയും വെല്ലുവിളിച്ചുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ കണക്കിലെ വിവിധക്രിയകൾ ചെയ്യുന്നതിനും പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനും വേദഗണിതം എങ്ങനെ സഹായിക്കുന്നുവെന്നത് കുട്ടികൾക്ക് ഏറെ അത്ഭുതമായി. ശാസ്ത്രലോകത്തെ ഓരോ കണ്ടുപിടിത്തങ്ങളും നമ്മുടെ പൗരണികരുടെ ബുദ്ധിമണ്ഡലത്തിൽ എന്നേ മുളപ്പൊട്ടിയിരുന്നുവെന്ന് തെളിയിക്കുന്ന ഓരോ പ്രവർത്തനവും കുട്ടികൾ കരഘോഷത്തോടെ ഹ‌ൃദയത്തിലേറ്റി.

രാമപുരം ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മികവുത്സവത്തിന് കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി. ഇലക്ട്രോ ബ്രിക്സ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെയും , ഒ.എസ് ഇൻസ്റ്റലേഷൻ എന്നിവയുടെയും പ്രദർശന ഉണ്ടായിരുന്നു. കൈറ്റിനെ വിവിധ പ്രവർത്തനങ്ങളെ ആസ്പദമാക്കി നിർമ്മിച്ച പ്രസന്റേഷൻ അവതരണം, ഹാർഡ് വെയർ പ്രദർശനം, മാഗസീൻ പ്രജർശനം എന്നിവ നടക്കുകയുണ്ടായി. മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരിക്കുന്നതിന് കൈറ്റ് അംഗങ്ങൾ ഒരു മൂകാഭിനയം കാഴ്ച്ചവച്ചു.

മൊബൈൽ ഫോണിന്റെ വശ്യമായ ലോകം വ്യക്തികൾക്കു നഷ്ടപ്പെടുന്നത് മാനുഷിക മൂല്യങ്ങളെയാണ് എന്ന യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്ന ഒരു മൂകാഭിനയമാണ് ലിറ്റിൽ കൈറ്റിലെ കുട്ടികൾ ഒരുക്കിയത്. ചടുലമായ ചലനങ്ങളോടെ ക‌ൃത്യമായ വേഗത്തിൽ ആശയങ്ങൾ പ്രേക്ഷകർക്ക് ഗ്രഹിക്കത്തക്കവിധത്തിലാണ് അവർ ഇത് അവതരിപ്പിച്ചത്. കാണികളുടെ സുദീർഘമായ കൈയടി വാങ്ങാൽ ഈ പരിപാടിക്കു സാധിച്ചു.

യു.പി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർ കുമാരനാശന്റെ 'പൂക്കാലം' എന്ന കവിത കോൽക്കളി രൂപത്തിൽ അവതരിപ്പിച്ചു. പാട്ടും വേഷവിധാനങ്ങളും ചുവടുവയ്പും വളരെ ആകർഷകമായിരുന്നു. കൂടാതെ പ്രശസ്ത കവികളുടെ കവിതകൾ ആലപിച്ചു. കുട്ടികളുടെ നാടൻപാട്ടും കേൾവിക്കാരിൽ ആവേശമുണർത്തി.

ആറ്, ഏഴ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷിൽ ഒരു സ്‌കിറ്റുമായാണ് വേദിയിൽ എത്തിച്ചേർന്നത്. ഗുണപാഠകഥയെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച സ്‌കിറ്റ് മികച്ച നിലവാരം പുലർത്തി. ഇംഗ്ലീഷ് ഭാഷയുടെ വികാസത്തിനും കുട്ടികളുടെ പ്രതിഫലതാത്മതലങ്ങള ശക്തിപ്പെടുത്തുന്നതിനും പ്രയോജനപ്പെടും വിധമാണ് സ്‌കിറ്റ് നിർമ്മിച്ചത്. അഞ്ചാം ക്ലാസ്സിലെ കുട്ടികൾ ഒരു അകമ്പടിപ്പാട്ടാണ് അവതരിപ്പിച്ചത്. ഏറെ ഹ‌ൃദ്യമായിരുന്നു കൊച്ചുകൂട്ടുകാരുടെ ഗാനം.

തുടർന്ന് ഹിന്ദിപ്പാട്ടും ഹിന്ദിസ്‌കിറ്റും അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ചു. സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട് ഏഴാം ക്ലാസ്സില കുട്ടികൾ നടത്തിയത് ഒരു ദ‌ൃശ്യാവിഷ്‌ക്കാരമാണ്. ജാതിഭേദമന്യേ മനുഷ്യർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് നമ്മൾ നേടിയ സ്വാതന്ത്ര്യം. മതവിദ്വേഷം വളർത്തുന്ന പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന ഇക്കാലഘട്ടത്തിൽ ഗാന്ധിയൻ തത്വങ്ങൾക്ക് പ്രസക്തി വളരെയേറെയാണ്. നേടിയ സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ നമ്മുടെ മനസ്സുകൾ ഒന്നാവണം. ഈ സന്ദേശം അതിമനോഹരമായ ദൃഷ്യാവിഷ്കാരത്തിലൂടെ സൂചിപ്പിക്കാൻ കുട്ടികൾ പ്രയത്നിച്ചു. വൻകരകളെ പരിചയപ്പെടുത്തുവാൻ പ്ലക്കാർഡുകളുമായി എത്തിയത് അഞ്ചാം ക്ലാസ്സിലെ കുട്ടികളാണ്. അതേ വൻകരയെ പരിചയപ്പെടുത്തിയ അവതരണ രീതിയും പഞ്ചാത്തലമായി പാടിയ ഗാനവും കാണികളിൽ കൗതുകം ജനിപ്പിച്ചു.

സയൻസുമായി ബന്ധപ്പെട്ട് ഒരു നൃത്താവിഷ്കാരമാണ് കുട്ടികൾ നടത്തിയത്. പാരമ്പര്യ ഊർജസ്രോതസുകളേയും പാരമ്പര്യേതര ഊർജസ്രോതസുകളേയും തിരിച്ചറിയാനും ഊർജം സംരക്ഷിക്കാനുള്ള അവബോധം കുട്ടികളിൽ ഉളവാക്കാൻ പ്രസ്തുത പരിപാടിയ്ക്ക് സാധിച്ചു. ചേതോഹരമായ പരിപാടി കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ക്ലാസ്സ് റൂം പഠനത്തേക്കാൾ കുട്ടികളെ ലക്ഷ്യത്തിലേയ്ക്ക് നയിക്കാൻ പര്യാപ്തമായ ഒന്നായിരുന്ന നൃത്താവിഷ്കാരം. ഇതിനു വേണ്ടി അണിയറയിൽ ഉദ്യമില്ല എല്ലാവരും അഭിനന്ദനമർപ്പിക്കുമെന്നകാര്യത്തിൽ തർക്കമില്ല.

ഒടുവിലായി നടന്നത് ഗണിതോത്സവം തന്നെയായിരുന്നുവെന്ന് ഒരേ സ്വരത്തിൽ ഏവരും സമ്മതിക്കും. കണക്കിന്റെ ഇന്ദ്രജാലങ്ങളുമായി വേദിയിലേക്ക് വന്നത് അഞ്ചിലം ആറിലും ഏഴിലും പഠിക്കുന്ന നിരവധി കുട്ടികളായിരുന്നു. കണക്ക് കുട്ടികൾക്ക് ബാലികേറാമലയായിമാറിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ കുട്ടികളുടെ സിരകളിലൂടെ ഒഴുകി നടന്ന് ഗണിതം അനുഭൂതിയുമായി മാറണമെന്ന ലക്ഷ്യത്തോടെ കൃത്യമായിത്തൊടുത്ത അമ്പുകളാണ് അന്ന് പഠനോത്സവ വേദിയിൽ അവതരിക്കപ്പെട്ട പരിപാടികൾ. അവ ഒാരോന്നും പ്രേക്ഷക ഹൃദയങ്ങളിൽ ചെന്നു പതിച്ച് ആദ്യം ചിരിയിലേയ്ക്കു തുടർന്ന് ചിന്തയിലേയ്ക്കും നയിച്ചു.

"കോൺ" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി "ദേ കോൺ" എന്ന ഗണിത നാടകം അവതരിപ്പിച്ചത് ആറിലും ഏഴിലും പഠിക്കുന്ന കൂട്ടുകാരാണ്. ഗണിതക്ലാസ്സിൽ വിരസമായിരിക്കുന്ന കുട്ടികൾ പോലും ഉത്സാഹത്തോടെ ആദ്യന്തം വീക്ഷിക്കുകയായിരുന്നു ഈ നാടകം. അടുത്തതായി എണ്ണൽ സംഖ്യകൾ, സമയം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാൻ "ഗണിതപാട്ട് " അവതരിപ്പിച്ചു. സങ്കലനവും വ്യവകലനവും മനക്കണക്കായി ചെയ്യാനുള്ള ശേഷി അളന്നത് ഒരു നൃത്താവിഷ്കാരത്തിലൂടെയാണ്. രൂപങ്ങൾ പരിചയപ്പെടുത്തിയത് ഒാട്ടൻതുള്ളൽ എന്ന മഹത്തായ കലയിലൂടെ സാധ്യമാക്കിയത് ആറാം ക്ലാസ്സിലെ മിടുക്കിയായ വിദ്യാർത്ഥിനിയാണ്. ഡിസ്കൗണ്ട് ഉപയോഗിച്ച് സ്വയം വിലകണ്ടെത്തി കുട്ടികൾ വിറ്റഴിച്ച തുണിത്തരങ്ങളുടെ സ്റ്റാളിൽ വൻപിച്ചതിരക്കായിരുന്നു അനുഭവപ്പെട്ടത്. സങ്കീർണമായജീവിതത്തെ ഒരു ദിവസത്തേയ്ക്ക് സഗൗരവം കടംവാങ്ങി മുതിർന്ന വ്യക്തികളെപ്പോലെ തന്നെ കുട്ടികൾ സാധനങ്ങൾ വിറ്റഴിച്ചു. ഗണിത പഠനവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളുടെ പ്രദർശനം നടന്നു. അളവും തൂക്കവുമായി ബന്ധപ്പെടുത്തി കുട്ടികൾ രക്ഷിതാക്കളുടേതടക്കം നീളവും ഭാരവും കണ്ടെത്തി രക്ഷിതാക്കൾക്കുവേണ്ടിയുള്ള ഗണിതക്വിസ്, അവരെ ഉൾപ്പെടുത്തിയുള്ള "ഡയസ്കളി" എന്നിവ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ധാരാളം രക്ഷാകർത്താകൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികള‍ തയ്യാറാക്കിയ "ഗണിതമാഗസിൻ" ബഹുമാന്യയായ എച്ച്. എം. ശ്രീമതി ഗിരിജാകുമാരി ടീച്ചർ പ്രകാശനം ചെയ്തു. ചീനി, മുളകുചമ്മന്തി, ചുക്കുകാപ്പി എന്നിവയുടെ വിൽപ്പന നടത്തി സങ്കലന വ്യവകലന ക്രിയകൾ മനസ്സിൽ ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിച്ചു.

യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും എല്ലാ വിഷയങ്ങളേയും ആസ്പദമാക്കി, വൈവിധ്യമാർന്ന ചേതോഹരമായ പരിപാടികളാണ് പഠനോത്സവവേദിയിൽ കുട്ടികൾ സദസ്സിനു മുമ്പാകെ സമർപ്പിച്ചത്. കയ്യടിച്ചും ആഹ്ലാദാരവത്തോടെയും രക്ഷിതാക്കളും നാട്ടുകാരും കുട്ടികളുടെ മികവുകളെ നെഞ്ചിലേറ്റി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടന്ന ക‌ൃത്യമായ പരിശീലനത്തോടൊപ്പം അർപ്പണബോധവും ആത്മാർത്ഥമായ പ്രവർത്തനവും ഇടകലർന്നപ്പോൾ മികവുത്സവം സ്കൂളിന്റേയും നാടിന്റേയും ഉത്സവമായി അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു.

         ഇതോടൊപ്പം പുരാവസ്തുക്കളുടെ പ്രദർശനം ,സ്റ്റാമ്പ് ,നാണയം എന്നിവയുടെ പ്രദർശനവും കാണികൾക്ക് വിജ്ഞാനപ്രദമായിരുന്നു.