ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ക്ലിന്റ് ഫോട്ടോ ആർട്ട് ഗാലറി

Schoolwiki സംരംഭത്തിൽ നിന്ന്

'മികവ്' പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ തയ്യാറാക്കിയ അനന്യപദ്ധതിയാണ് ക്ലിന്റ് ഫോട്ടോ ആർട്ട് ഗാലറി. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിജയപർവത്തിന്റെ നിറവിൽ മറ്റൊരു വർണക്കാഴ്ചയൊരുക്കിക്കൊണ്ട്, പഠിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറിയിരിക്കുന്നു. വിജ്ഞാനത്തിന്റെയും സർഗപ്രതിഭയുടെയും കൌതുകത്തിന്റെയും വിളനിലമായി സ്കൂൾ ലൈബ്രറി ഹാളിലാണ് ഗാലറി ഒരുക്കിയിട്ടുള്ളത്. ആറു വയസ്സിനിടയിൽ അറുപതു വർഷത്തെ സർഗാർജ്ജവം തെളിയിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ, ചിത്രകലാലോകത്തെ അത്ഭുതപ്രതിഭ എഡ്വിൻ തോമസ് ക്ലിന്റിന്റെ നാമധേയത്തിലാണ് ഫോട്ടോ-ആർട്ട് ഗാലറി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്ക് എന്നെന്നും ഉപകാരപ്പെടുന്ന ഒരു പ്രവർത്തനമായിരിക്കണം 'മികവ്' എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്, സ്കൂൾ ലൈബ്രറിയിൽ ഒരു ഫോട്ടോ-ആർട്ട് ഗാലറി എന്ന പുതുമയുള്ള ആശയം പ്രാവർത്തികമാക്കിയത്.
മനുഷ്യസംസ്കൃതിയുടെ നാളിതുവരെയുള്ള പുരോഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നിരവധി പ്രതിഭകളുണ്ട്. സാമൂഹ്യ-കലാ-സാംസ്കാരിക-സാഹിത്യ-ശാസ്ത്രരംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് 'ഫോട്ടോ-ആർട്ട് ഗാലറി'യിലൂടെ സഫലമാവുന്നത്.

ലക്ഷ്യങ്ങൾ

  • അന്വേഷണാത്മക പഠനപ്രവർത്തനത്തെ ത്വരിതപ്പെടുത്തൽ
  • ലോകത്തിലെ സർവകാലത്തെയും മികച്ച കലാസൃഷ്ടികൾ കണ്ടെത്തി, അവയുടെ പകർപ്പുകൾ ശേഖരിക്കലും അവ കുട്ടികൾക്കായി പ്രയോജനപ്പെടുത്തലും
  • പ്രശസ്ത വ്യക്തികളെ ചിത്രവായനയിലൂടെ തിരിച്ചറിയൽ
  • പ്രവർത്തനാധിഷ്ഠിത പഠനപ്രക്രിയ ആസ്വാദ്യകരമാക്കൽ
  • ക്ലാസിക്കൽ കലാസൃഷ്ടികളെ വായിച്ചറിയുവാനുള്ള അനുശീലനം എളുപ്പമാക്കൽ
  • ഗാലറിയുടെ ദൃശ്യാനുഭവം ഉൾക്കൊണ്ട്, വിദ്യാർത്ഥികൾക്ക് സ്വന്തം രചനകൾ നടത്തുവാനുള്ള പ്രചോദനം നൽകൽ
  • കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും നിരൂപണബോധമുണർത്തലും
  • ലൈബ്രറിയെ കൂടുതൽ ആകർഷകമാക്കി കുട്ടികളിൽ പുതുവായനാശീലം രൂപപ്പെടുത്തൽ




ഗാലറിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്, പ്രശസ്ത ചിത്രകാരനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കെ.എം.ശിവകൃഷ്ണൻ മാസ്റ്ററാണ്. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ വൈവിധ്യവും ചിത്രങ്ങൾ തെരഞ്ഞെടുത്തതിലെ വ്യതിരിക്തതയുമാണ് ഗാലറിയെ ഏറെ ആകർഷകമാക്കുന്നത്. സാഹിത്യം, സംസ്കാരം, സംഗീത-നൃത്ത-നാട്യ-ശിൽപ്പ-ചിത്രകലകൾ, രാഷ്ട്രതന്ത്രം, ശാസ്ത്രം, ചരിത്രം തുടങ്ങി, മനുഷ്യജീവിതത്തിന്റെ ബഹുമുഖമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും സ്മരിക്കപ്പെടേണ്ടവരുടെയും വലിയ ഛായാചിത്രങ്ങൾ, കലാസൃഷ്ടികൾ, വിദ്യാലയത്തിലെ സർഗപ്രതിഭകളുടെ മനോഹരരചനകൾ, വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ സൃഷ്ടികൾ, കുട്ടികളുടെ കരവിരുതിൽ രൂപപ്പെടുത്തിയ വൈവിധ്യമാർന്ന ആശംസാകാർഡുകളുടെ സമാഹാരം... തുടങ്ങി സന്ദർശകരെ അമ്പരപ്പിക്കുന്ന ഒരു വൻ ചിത്രശേഖരമാണ് ഗാലറിയെ സമ്പന്നമാക്കിയിരിക്കുന്നത്.



ഗാലറിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് നിരവധി പഠനപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ഇതിനകം നടത്തിക്കഴിഞ്ഞു. അവർക്കായി പുതുമയാർന്ന പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ സജീവമായിരിക്കുകയാണ് അദ്ധ്യാപകർ. പിക്കാസോയുടെ 'ഗ്വെർനിക്ക'യും, ദാലിയുടെ 'വിട്ടുമാറാത്ത സ്മരണ'യും, ഡാവിൻചിയുടെ 'മൊണാലിസ'യും, മൈക്കേൽ ആഞ്ജലോയുടെ 'അന്ത്യന്യായവിധി'യും, രവിവർമ്മയുടെ 'ഹംസദമയന്തി'യുമെല്ലാം മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ; റിയലിസവും സർറിയലിസവും ക്യൂബിസവും ഇംപ്രഷനിസവുമെല്ലാം ചിത്രവായനയിലൂടെ തിരിച്ചറിയുന്ന സംതൃപ്തി വിദ്യാർത്ഥികളുടെ മുഖങ്ങളിൽ വിരിയുന്നു. ഐൻസ്റ്റൈന്റെ ചിന്തോദ്ദീപകമായ ദൃഷ്ടികളിൽ 'ആപേക്ഷികത'യുടെ ദ്രവ്യസ്ഥലകാലസാതത്യം കണ്ടെത്തുമ്പോൾ, സ്റ്റീഫൻ ഹോക്കിങ് എന്ന പ്രതിഭയുടെ നിഷ്കളങ്കമായ കണ്ണുകളിൽ അതിനു പുതിയ വ്യാഖ്യാനങ്ങൾ അവർ തേടുന്നു.