ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ

കുട്ടനാട്ടിലെ സഹോദരങ്ങളുടെ ദുരിതമകറ്റാൻ കാരക്കുന്ന് ഹൈസ്കൂളിന്റെ കൈത്താങ്ങ്

"ഇന്നൊരു അവിസ്മരണീയ ദിനമായിരുന്നു..." പ്രളയത്താൽ നാടും വീടും അകന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവ.ഹൈസ്കൂൾ കാരക്കുന്നിലെ JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട വിഭവങ്ങൾ സമാഹരിച്ച് നൽകിയ ദിനം. 'മലപ്പൊറത്തിന്റെ ഖൽബില് എല്ലാരും ഒന്നാണെന്ന്' തെളിയിക്കുന്ന ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധി പേരെത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവനവന് കഴിയുന്ന ഭക്ഷണ സാധനങ്ങളും, ചെറിയ വലിയ സംഖ്യകളും നൽകി. അരി, വസ്ത്രം,ബിസ്കറ്റ്, ബ്രഡ്, ഡെറ്റോൾ, സോപ്പ്, സാനിറ്ററി നാപ്കിൻ, തുടങ്ങി വാഴക്കുല വരെ ഏകദേശം ഇരുപത്തി അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ ഈ കുഞ്ഞുകൈകളാൽ സമാഹരിച്ചു. ദുരിതം പേറുന്നവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് ചെയ്യുന്ന നമ്മുടെ മക്കൾ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. റീത്ത ടീച്ചർ, പ്രവിത ടീച്ചർ എന്നിവരുടെ പിന്തുണയിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫുകളും, പിടിഎ ഭാരവാഹികളും അവരവർക്ക് കഴിയുന്ന തുകകൾ സംഭാവനകൾ നൽകി. കൂടാതെ കാരക്കുന്ന്, തച്ചുണ്ണി നിവാസികളും, വ്യാപാരികളും തങ്ങളാൽ കഴിയുന്ന സംഭാവനകൾ ഈ മഹനീയ ഉദ്യമത്തിന് നൽകുകയുണ്ടായി... സമാഹരിച്ച വിഭവങ്ങൾ മാതൃഭൂമി അധികൃതർക്ക് സ്കൂൾ ഡെ.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ടീച്ചർ കൈമാറി. "ദുരിതങ്ങളാൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ"

ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു

 

ലോക ഭക്ഷ്യ ദിനത്തിൻ്റെ ഭാഗമായി കാരക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ ചെരണി ശാലോം മാതാ മന്ദിരത്തിലെ അന്തേവാസികൾക്ക് ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്തു.

നിർധനരായ വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം

 

കാരക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനരായ ആറ് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം സ്കൂളിൽ വച്ച് നടത്തി. ഇതിൽ അഞ്ച് ടിവികൾ സംഭാവന ചെയ്തത് ചെറു പള്ളിക്കൽ മുഹമ്മദ് മുസ്തഫയാണ്. അദ്ദേഹത്തിൻറെ മകൻറെ വിവാഹ ആവശ്യാർത്ഥം നീക്കിവെച്ച പണമാണ് വിവാഹ കർമ്മം ലളിതമായി നടത്തി കാരക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് TV വാങ്ങാൻ ഉപയോഗിച്ചത്. ഒരു ടി.വി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സംഭാവനയായും ലഭിച്ചു. സംഭാവനയായി ലഭിച്ച ടിവികൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിന് വേണ്ടി പ്രിൻസിപ്പൽ സക്കീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷീല ടീച്ചർ, PTA പ്രസിഡൻറ് എൻ.പി. മുഹമ്മദ്, PTA വൈസ് പ്രസിഡൻറ് മജീദ് പാലക്കൽ തുടങ്ങിയവർ ഏറ്റുവാങ്ങി. ലഭിച്ച TVകൾ അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തിച്ചു. ഇനിയും കൂടുതൽ Tvകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി കൂടുതൽ വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ സൗകര്യമൊരുക്കാമെന്നാണ് പി.ടി.എ യുടെ പ്രതീക്ഷ.