ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പ്രവേശനോത്സവം - 2025
ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി, 2025-26 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം ജൂൺ 2 ന് തിങ്ങളാഴ്ച ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇത്തവണ പതിവിന് വിപരീതമായി, മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നതിനോടനുബന്ധിച്ച് നിലനിൽക്കുന്ന പെരുമാറ്റചട്ടം കാരണം ജനപ്രതിനിധികളുടെ അഭാവത്തിലാണ് പ്രവേശനോത്സവം നടന്നത്. നവാഗതരെ എസ്.പി.സി കേഡറ്റുകൾ സ്വാഗതം ചെയ്തു. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ പി.ടി.എ. പ്രസിഡണ്ട് ബഷീർ പി.ബി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്ട്രസ് ആമിനാ ബീഗം സ്വഗതഭാഷണം നടത്തി.
വിവിധ സ്കൂളുകളിൽ നിന്ന് ഈ വർഷം യു.എസ്.എസ്. നേടിയ 30 ഓളം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ അബൂബക്കർ കെ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് മുസ്തഫ എം സീനിയർ അസിസ്റ്റന്റ് മാത്യു പി.ഡി. വിജയഭേരി കോർഡിനേറ്റർ അബ്ദുൽ ജലീൽ എന്നിവർ സമ്മാനദാനം നടത്തി. സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾ നടത്തിയ ഗാനമേള നവാഗതർക്ക് ഉൻമേഷം പകരുന്നതായി. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള മുഹമ്മദ് സാലിം കെ പി, അബ്ദുൽ ലത്തീഫ് സി കെ, സബ്‍ന സി എം. എന്നീ അധ്യാപകർ യഥാർക്രമം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ ആർ സി എന്നിവയെ കുട്ടികൾക്കായി പരിചയപ്പെടുത്തി. അബ്ദുൽ റഷീദ്, അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു.
യു.എസ്.എസ്. വിജയികൾക്കുള്ള ആദരം
ഈ വർഷവും പതിവുപോലെ സ്കൂളിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർഥികളിൽ എഴാം ക്ലാസിൽ വെച്ച് നടത്തിയ യു.എസ്.എസ്. പരീക്ഷയിൽ വിജയികളായവരെ പ്രത്യേക സമ്മാനം നൽകി പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പിടിഎ ആദരിച്ചു. കുട്ടികളുടെ എണ്ണത്തോടൊപ്പം യു.എസ്.എസ്. നേടി ഈ സ്കൂളിൽ പ്രവേശനം നേടിയവരുടെ കാര്യത്തിലും പുതിയ റിക്കോർഡ് സൃഷ്ടിച്ചു. ഈ വർഷം യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ 35 വിദ്യാർഥികളാണ് ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തങ്ങളുടെ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത് എന്ന കാര്യം ഇവിടെ അനുസ്മരിക്കുന്നു.
എസ്.പി.ജി. ബോധവൽക്കരണം
വിദ്യാർഥികളെ ലഹരി ഉപയോഗത്തിൽ നിന്നും അധാർമിക വൃത്തിയിൽ നിന്നും കുറ്റകൃത്യത്തിൽ നിന്നും തടയുന്നതോടൊപ്പം അപകടത്തിൽ പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞ് ട്രാഫിക്ക് ബോധവൽക്കരണം പോലുള്ള പരിപാടികൾ നടപ്പിലാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപിന്റെ (S.P.G) ഭാഗമായി, മഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഉബൈദുള്ള അധ്യാപർക്കായി ക്ലാസ് നടത്തി. എച്ച്.എം. അധ്യക്ഷത വഹിച്ച യോഗത്തിന് സ്റ്റാഫ് സെക്രട്ടറി സ്വാഗതവും സീനിയർ അസിസ്റ്റന്റ് മാത്യു നന്ദിയും പറഞ്ഞു.
യാത്രയപ്പ് നൽകി
2025 ജൂൺ 4 ന് ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴിയിൽ പ്രധാനാധ്യാപിക എന്ന നിലയിൽ സേവനം അനുഷ്ഠിച്ച ആമിനാ ബീഗത്തിനും ഗണിതം അധ്യാപകനായി സേവനം ചെയ്ത അബ്ദുൽ ബഷീറിനും സഹപ്രവർത്തകർ യാത്രയപ്പുനൽകി. ആമിനാ ബീഗം ജി.ബി.എച്ച്.എസ് മഞ്ചേരിയിലേക്കും മുഹമ്മദ് ബഷീർ യു. ജി.എച്ച്.എസ്.എസ്. കടുങ്ങപുരത്തേക്കുമാണ് സ്ഥലം മാറിപ്പോയത്. രണ്ടുപേരും ഒരു വർഷമാണ് ഈ സ്ഥാപനത്തിൽ സേവനം അനുഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് അധ്യാപിക പ്രിയ പിയും, ഫിസിക്കൽ സയൻസ് അധ്യാപിക ആമിന ഫഹ്‍മിക്കും യാത്രയപ്പ് നൽകിയിരുന്നു. ഇവർ യഥാക്രമം ജി.എച്ച്.എസ്.എസ്. കുഴിമണ്ണ, ജി.എച്ച്.എസ്.എസ്. കാവന്നൂർ എന്നീ സ്കൂളിലേക്കാണ് പോയത്.
ലോകപരിസ്ഥിതി ദിനം ആചരിച്ചു
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി 2025 ജൂൺ 5 ന് ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി കൂടി. പുതുതായി ചാർജെടുത്ത ഹെഡ്‍മാസ്റ്റർ ആസ്സിഫലി പട്ടർകടവൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും, ക്ലമ്പ് കൺവീനർ സ്നേഹജടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം 10 എഫിലെ റവാൻ സിഎം എന്ന വിദ്യാർഥിനി പരിസ്ഥിതിദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി.
പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ രചന മൽസരം നടത്തുകയും കുട്ടികൾ വരച്ച പോസ്സ്റ്റ റുകൾ ഓഡിറ്റോ റിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഹെഡ്‍മാസ്റ്റർ തൈ നട്ടുകൊണ്ട് തൈനടൽ പരിപാടിക്ക് ആരംഭം കുറിച്ചു. ശേഷം മറ്റ് കുട്ടികളും ടീച്ചേഴ്സും തൈകൾ നട്ടു. പൂന്തോട്ട ശുചീകരണം ക്ലബ്ബ് കൺവീനറുടെ നേതൃത്വത്തിൽ നടന്നു.
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. 10 ജി ക്ലാസ്സിലെ ഫിദ കെ. ടി. വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ലഘുപ്രഭാഷണം നടത്തി. റവാൻ 10 എഫ്, വായനാനുഭവം പങ്കുവെച്ചു. വായനാദിന പ്രതിജ്ഞ നടന്നു. ഈ അധ്യയനവർഷത്തിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ വായനമാസമായി ആചരിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചു. ലൈബ്രറിയുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തുന്ന കാര്യവും വിദ്യാരംഗം കൺവീനർ അറിയിച്ചു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി നടത്തപ്പെടുന്ന ആസ്വാദനക്കുറിപ്പ് മത്സരം, വായനമത്സരം , എഴുത്തുകാരോടൊപ്പം, പുസ്തക ചർച്ച, റേഡിയോ ജോക്കി ടീമിന്റെ രൂപീകരണം തുടങ്ങിയ പരിപാടികളും നടത്താൻ തീരുമാനിച്ചു. രക്ഷിതാക്കളുടെ വായനാക്കുറിപ്പ് മത്സരത്തിനായി രക്ഷിതാക്കൾക്ക് സ്കൂൾ ലൈബ്രറി ഉപയോഗപ്പെടുത്താനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്
റേഡിയോ ജോക്കി ടീം രൂപീകരിച്ചു
വായനമാസവുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 20 അംഗ റേഡിയോ ജോക്കി ടീം രൂപീകരിച്ചു. വായന പ്രോത്സാഹിപ്പിക്കുക, പഠനസമയം നഷ്ടപ്പെടുത്താതെ കഥകളും കവിതകളും കേൾക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക, പൊതുവായി അറിയിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക, പ്രത്യേക അംസംബ്ലി ചേരാൻ സാധ്യമാകാത്ത സന്ദർഭങ്ങളിൽവരുന്ന ദിനാചരണങ്ങളെക്കുറിച്ച അവബോധമുണ്ടാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നേരത്തെ തുടർന്ന് വന്നിരുന്ന സ്കൂൾ റേഡിയോ കുറേക്കൂടി ഫലപ്രദമായി കൊണ്ടുപോകാൻ ഈ ടീമിന് സാധിക്കും.
2025 ജൂൺ 17 ന് സ്കൂൾ ലൈബ്രറിയിൽ വെച്ച് മലയാള അധ്യാപിക ഷീജ ഇ.എൻ, സംഗീതാധ്യാപകൻ അരുൺ എന്നവരുടെ നേതൃത്വത്തിലാണ് റേഡിയോ അവതാരകരെ തെരഞ്ഞെടുക്കാനുള്ള ഓഡിഷൻ ടെസ്റ്റ് നടത്തിയത്. ശബ്ദം, അക്ഷര ശുദ്ധി, ശബ്ദക്രമീകരണം, ഒഴുക്കോടെ വായിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമാക്കിയിരുന്നത്. ടീമിനെ എ, ബി, സി, ഡി എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചു. പ്രർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനുമായി ഫിദ കെ ടി, റവാൻ സി എം എന്നിവരെയും തെരഞ്ഞെടുത്തു.
അന്തരാഷ്ട്ര യോഗ ദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. അതിനോടനുബന്ധിച്ച് യോഗയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. എസ്.പി.സി., ജെ.അർ.സി. വിദ്യാർഥികൾക്ക് യോഗ പരിശീലന ക്ലാസ് നടത്തി. കായികാധ്യാപകൻ അബ്ദുൽ മുനീർ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം, സ്നേഹലത, ജെ.ആർ.സി കോർഡിനേറ്റർ സബ്‍ന സിഎം, നിഷ കെപി എന്നിവർ നേതൃത്വം നൽകി.
ലോകലഹരിവിരുദ്ധദിനം ആചരിച്ചു
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, ആനക്കയം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ രചന, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന മൈമിംഗ്, ലിറ്റിൽകൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡിജിറ്റൽ പോസ്റ്റൽ രചനാ മത്സരം എന്നിവ ഈ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ ചിലതാണ്.
ഈ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്ററുകളിൽ തെരഞ്ഞെടുക്കപ്പെട്ടവ പ്രദർശിപ്പിച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ രൂപം കണ്ടു.
രാവിലെ 10:15 ന്, ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തിരുവന്തപുരം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വെച്ച് നടന്ന സ്കൂൾതല കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി നേരിട്ട് ക്ലാസിൽ വെച്ച് കാണാൻ വിദ്യാർഥികൾക്ക് സൗകര്യം നൽകി.
ജെ.ആർ.സി. സെലക്ഷൻ ടെസ്റ്റ് നടത്തി
2025-26 അധ്യയനവർഷത്തേക്കുള്ള ജെ.ആർ.സി. (Junior Red Cross) ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ 2025 ജൂൺ 20 ന് വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. എട്ടാം ക്ലാസിലേക്ക് പുതുതായി വന്നു ചേർന്ന കുട്ടികളിൽ നിന്നാണ് ഒരു ബാച്ചിലേക്ക് ആവശ്യമായ 30 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ വർഷം 73 കുട്ടികളാണ് സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തത്. ഈ പരീക്ഷയിൽ ആദ്യത്തെ 30 റാങ്കിൽ ഉൾപ്പെട്ടവരെ ജെ.ആർ.സിയിലേക്ക് തെരഞ്ഞെടുത്തു. ജെ.ആർ.സി. കൗൺസിലർമാരായ സബ്‍ന സി.എം. നിഷ കെ പി. എന്നീ അധ്യാപികമാർ പരീക്ഷക്ക് നേതൃത്വം നൽകി.
പേവിഷബാധ ബോധവൽക്കരണം
വർദ്ധിച്ചുവരുന്ന പേവിഷബാധയെ സംബന്ധിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക അസംബ്ലി ചേർന്നു. ആനക്കയം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നദീർ അഹമ്മദ് കുട്ടികൾക്ക് പേവിഷബാധയെക്കുറിച്ചും നായകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. എച്ച്.എം. ആസഫലി ആമുഖ ഭാഷണവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
പ്രതിഭകളെ ആദരിച്ചു
2024-25 എസ്.എസ്.എൽ സി, പ്ലസ്ടു, എൻ. എം. എം. എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ സ്‌കൂൾ പി.ടി.എ അനുമോദിച്ചു.
പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപിക ഇ.എൻ.ഷീജ, സ്‌കൂൾ വിജയഭേരി കോർഡിനേറ്റർ ടി.അബ്ദുൽ റഷീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച ചുറ്റുമതിൽ, പെയ്ന്റിഗ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് തുടങ്ങിയ വിവിധ പദ്ധതികൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ അബൂബക്കർ എ. ചടങ്ങിന് സ്വഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ ആസഫലി പട്ടർകടവൻ ആമുഖഭാഷണം നടത്തി.അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
ആനക്കയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു. മുസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ പി. ബി.ബഷീർ, പഞ്ചായത്ത് അംഗങ്ങളായ ജസീല ഫിറോസ് ഖാൻ, കെ.പി. അബ്ദുൽ മജീദ്, പ്രിൻസിപ്പാൾ എ. അബൂബക്കർ, എസ്.എം.സി ചെയർമാൻ എം. മുഹമ്മദ് മുസ്തഫ,പി.ടി.എ വൈസ് പ്രസിഡണ്ട് ടി.എസ് സുഷാന്ത്, പി.ടി.എ എക്‌സ്‌ക്യുട്ടീവ് അംഗങ്ങളായ കെ.എം.മുഹമ്മദ് അസ്ലം, പി.കെ.ഫിറോസ്, സി.പി. അബ്ദു സമദ്, അധ്യാപകൻ കെ.എം മനോഹരൻ, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്‌കൂളിൽ പ്രവർത്തിച്ച് വരുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗായകനും മിമിക്രി കലാകാരനുമായ ഫിറോസ് പെരിമ്പലം നിർവഹിച്ചു. സ്കൂളിലെ പഠാനുബന്ധപ്രവർത്തനങ്ങളും തനതുപ്രവർത്തനങ്ങളും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് നടന്നുവരുന്നത്. എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽകൈറ്റ്സ് എന്നിവയെക്കൂടാതെ സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, അറബി ക്ലബ്ബ്, ഹിന്ദിക്ലബ്ബ്, മ്യൂസിക് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, എസ്.എസ്. ക്ലബ്ബ് തുടങ്ങിയ പന്ത്രണ്ടോളം ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്ബ്, ഫിലിം ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയും ഉണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ കൺവീനറായി അധ്യയന വർഷാരംഭത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ കീഴിൽ ക്ലബ്ബ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
NMMS പരിശീലനം ആരംഭിച്ചു
2025-26 അധ്യയന വർഷത്തേക്കുള്ള NMMS കോച്ചിങ് പരിശീലനത്തിലേക്കുള്ള എട്ടാം ക്ലാസിലെ കുട്ടികളെ തെരഞ്ഞടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ 2025 ജൂൺ 18 ന് ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. 200 കുട്ടികൾ എഴുത്തു പരീക്ഷയിൽ പങ്കെടുത്തു. ഇവരിൽ നിന്നും ഏറ്റവും മികച്ച മാർക്ക് നേടിയ 60 കുട്ടികളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു.
തെരഞ്ഞെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ജൂലൈ 5 ന് വെള്ളിയാഴ്ച നടന്നു. തുടർന്ന് ആദ്യ പരിശീലന ക്ലാസ് ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ നടന്നു. തുടർന്നുള്ള എല്ലാ ശനിയാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലും 9:30 മുതൽ 4:30 വരെ നടക്കും. സുജിത ടീച്ചർ നേതൃത്വം നൽകിവരുന്നു.
സമഗ്ര പോർട്ടൽ അധ്യാപക പരിശീലനം
2025 ജൂലൈ 11 വെള്ളിയാഴ്ച 3:30 മുതൽ 5 മണിവരെ സമഗ്രപോർട്ടലിന്റെ അധ്യാപക പരിശീലനം നടന്നു. കേരളത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമായ ഒരു ഓൺലൈൻ പോർട്ടലാണ് സമഗ്ര. ഇതിൽ പാഠപുസ്തകങ്ങൾ, പഠനസഹായികൾ, വീഡിയോകൾ, ചിത്രങ്ങൾ, ഇന്റർആക്ടീവ് പഠന-മൂല്യനിർണയ സഹായികൾ എന്നിവ അടങ്ങിയിരിക്കുന്നു. പഠനാസൂത്രണ രേഖ (ടീച്ചിംഗ് മാന്വൽ) സമഗ്രവഴി തയ്യാറാക്കുക. സബ്‍ജക്ടറ്റ് കൗൺസിൽ യോഗങ്ങളുടെ വിവരവിനിമയം എന്നിവയും ഇനി മുതൽ സമഗ്ര പോർട്ടൽ വഴിയാണ് നടക്കുക. അധ്യാപകർ തയ്യാറാക്കുന്ന പഠനാസൂത്രണം പ്രധാനാധ്യാപകൻ മുതൽ മുകളിലേക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ഒരോ ക്ലാസിലേക്കും ആവശ്യമായ പഠനവിഭവങ്ങൾ പഠനാസൂത്രണത്തോടൊപ്പം കുട്ടികൾക്ക് പ്രദർശിപ്പിക്കാവുന്ന വിധം ഡൗൺലോഡ് ചെയ്തെടുക്കാനും ഈ പോർട്ടലിൽ സൗകര്യമുണ്ട്. ലാപ്പ് ഉപയോഗിച്ചും ഫോൺ ഉപയോഗിച്ചും ടീച്ചിംഗ് മാന്വൽ തയ്യാറാക്കാനും പ്രധാനാധ്യാപകന് സമർപ്പിക്കാനുമുള്ള പാഠങ്ങൾ ഈ വിഷയത്തിൽ ഡി.ആർ.ജി പരിശീലനം ലഭിച്ച, സ്കൂളിലെ എസ്.ആർ.ജി. കൺവീനർ മധുസൂദനനും, എസ്.ഐ.ടി.സി. അബ്ദുൽ ലത്തീഫും മുഴുവൻ അധ്യാപകർക്കും പകർന്നു നൽകി. സ്കൂൾ പ്രാധാനാധ്യാപകൻ ആസഫലി ഉദ്ഘാടനം നിർവഹിക്കുകയും ആവശ്യമായ സന്ദർഭത്തിൽ ഇടപെട്ട് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ലോക പൈ അപ്രോക്സിമേഷൻ ഡേ ആചരിച്ചു
2025 ജൂലൈ 22, ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ pi approximation day വിവിധ പരിപാടികളോടെ ആചരിച്ചു. ഈ ദിവസവുമായി ബന്ധപ്പെട്ട് ചാർട്ട് നിർമ്മാണ മത്സരം 23/7/2025 ന് നടത്തി. മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 10 ജി ക്ലാസ്സിലെ അതുല്യ ഒന്നാം സ്ഥാനവും, 8 ജി ക്ലാസിലെ അനുശ്രീ രണ്ടാം സ്ഥാനവും, 9E ക്ലാസ്സിലെ മുഹമ്മദ് സാബിത് മൂന്നാം സ്ഥാനവും നേടി.
പൈയെക്കുറിച്ചുള്ള അവബോധം നൽകുക, ഗണിത ശാസ്ത്രത്തോടുള്ള താല്പര്യം കുട്ടികളിലും പൊതുജനങ്ങളിലും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഗണിതശാസ്ത്രത്തിലെ ഈ സ്ഥിരസംഖ്യയുടെ പ്രാധാന്യം, അതിന്റെ ചരിത്രം, വിവിധ മേഖലകളിലെ ഉപയോഗങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
സ്കൂൾതല ശാസ്ത്രമേള
ഗവ. ഹയർസെക്കണ്ടറി സ്കൂൾ 2025-26 അധ്യയന വർഷത്തിലെ സ്കൂൾതല ശാസ്ത്രമേള 2025 ജൂലൈ 28 തിങ്കളാഴ്ച സ്കൂളിൽവെച്ച് നടന്നു. സയൻസ് ഫയർ, സാമൂഹ്യ ശാസ്ത്ര മേള, ഗണിത മേള , പ്രവൃത്തി പരിചയമേള തുടങ്ങിയവയിലെ ഇനങ്ങളാണ് സ്കൂളിൽവെച്ച് നടന്നത്. സ്കൂളിനെ പ്രതിനിധീകരിച്ച് മലപ്പുറം സബ്‍ജില്ലാ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തുന്നത് ഈ മേളകളിലൂടെയാണ്. ഇതിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം വിവിധ ക്ലബ്ബുകളുടെ കീഴിൽ നടക്കുന്നു.
മത്സരത്തിൽ പങ്കെടുത്തിവരിൽ നിന്ന് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവരെ കണ്ടത്തി. ഇവർക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകും. എസ്.എസ്. ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ് മത്സരത്തിന് നേതൃത്വം നൽകി. ശാസ്ത്രമേളയുടെ ഭാഗമായ ഐ.ടി മേള മറ്റൊരു ദിവസം നടക്കുന്നതായിരിക്കുമെന്ന് കൺവീനർ അറിയിച്ചു.
SPC പതിനഞ്ചാം വാർഷികം ആഘോഷിച്ചു
2025 ആഗസ്ത് 2 ന് SPC പദ്ധതി രൂപീകരണത്തിന്റെ 15ാം വാർഷികം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പി സി ഗീതത്തിന്റെ അകമ്പടിയോടുകൂടി കാഡറ്റുകളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തിയോടുകൂടിയാണ് ഔദ്യോഗികമായി പരിപാടിക്ക് തുടക്കം കുറിച്ചത്.
പതാക ഉയർത്തിയതിനു ശേഷം കാഡറ്റുകൾ പതാകക്ക് സല്യൂട്ട് ചെയ്യുകയും പതാകയെ സാക്ഷിനിർത്തി എസ് പി സി പ്രതിജ്ഞ നിർവഹിക്കുകയും ചെയ്തു. തുടർന്ന് നടന്ന എസ് പി സി പരേഡ് പ്രാക്ടീസിന് മഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടറുമായ ഷബീർ നേതൃത്വം നൽകി. 10 മണിക്ക് ശേഷം നടന്ന ഇൻഡോർ സെഷനിൽ 'SPC AGAIST ADDICTION' എന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി. ബോധവൽക്കരണ ക്ലാസിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം സ്നേഹലത എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് തുടർന്ന് വീഡിയോ പ്രദർശനവുംനടന്നു. ഉച്ചക്ക് 1 മണിയോടെ ദേശീയ ഗാനത്തോട് കൂടി വാർഷികാഘോഷത്തിന് സമാപനമായി.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
2025 ഓഗസ്ത് 15, ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൾ എ അബൂബക്കർ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ലീഡർ റവാന സി.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശഭക്തിഗാനവും പതാകവന്ദനവും നടന്നു. പ്രിൻസിപ്പൾ അബൂബക്കർ, ഹെഡ്മാസ്റ്റർ ആസിഫലി, പി.ടി.എ പ്രസിഡണ്ട് പി ബി ബഷീർ എന്നിവർ സ്വാന്ത്ര്യദിന സന്ദേശം നൽകി സ്വതന്ത്ര്യദിനാശംസകൾ നേർന്നു. ഒട്ടനേകം പേർ ജീവത്യാഗം ചെയ്തു നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേതുമാണെന്നും. വിദ്യാർഥികളെന്ന നിലക്ക് നമ്മുടെ രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ നിലനിൽപ്പിലും പുനർനിർമാണത്തിലെ പങ്കാളികളാകണമെന്ന് വിദ്യാർഥികളെ ഉണർത്തി. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ സ്വാന്ത്ര്യദിന പ്രസംഗം നിർവഹിച്ചു. ശേഷം വിവിധ കാലപ്രകടനങ്ങൾ അരങ്ങേറി. സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യു നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.
പോക്സോ ബോധവൽക്കരണ ക്ലാസ്
മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ഹബ് ഫോർ എംപവർമെന്റ്റ് ഓഫ് വുമൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 12/09/2025 ന് വെള്ളിയാഴ്ച 2.30 ന് ഇരുമ്പുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ POCSO ബോധവത്കരണ ക്ലാസ്സ് നടത്തി. ഹെഡ്മാസ്റ്റർ ആസിഫലി അധ്യക്ഷത വഹിച്ചു. DCPU സ്റ്റാഫ് മുഹമ്മദ് സാലിഹ് സ്വാഗതമാശംസിക്കുകയും പ്രോഗ്രാം ഓഫിസർ ധന്യ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ, CDPO ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ് RP മാരായ ശംസുദ്ധീൻ, സജ്‍ല എന്നിവർ പോക്സോ നിയമത്തെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് നൽകി. ക്ലാസ്സിനെ കുറിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും സംശയ നിവാരണങ്ങൾ നടത്തുകയും ചെയ്തു. സൈക്കോ സോഷ്യൽ കൗൺസിലർ സൗദാബി നന്ദി പറഞ്ഞു.
സ്കൂൾതല കലോത്സവം
ഗവൺമെന്റ് ഹയർ സെക്കണ്ടറി ഇരുമ്പുഴി 2025-26 അധ്യയന വർഷത്തിലെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ തല കലോത്സവത്തിന് തുടക്കമായി, പ്രശസ്ത സ്റ്റേജ് പെർഫോർമറായ സുബിൻ ലാലിന്റെ സംഗീത വിരുന്നോടെ കലോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കലോത്സവത്തിന് വിദ്യാർഥികൾ നിർദ്ദേശിച്ച പേര് സ്കൂൾ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും കൂടി പ്രകാശനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ സെപ്തം ബർ 23, 24 തിയ്യതികളിലായി നടക്കുന്ന കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷന് പ്രിൻസിപ്പൾ അബൂബക്കർ സ്വാഗതം പറഞ്ഞു, ഹെഡ്മാസ്റ്റർ ആസിഫലി, എസ്.എം.സി. ചെയർമാൻ മുഹമ്മദ് മുസ്തഫ എന്നിവർ ആശംസകളറിയിച്ചു. സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യു നന്ദി പറഞ്ഞു.
ആദ്യ ദിവസമായ സെപ്തംബർ 23 ചൊവ്വാഴ്ച ലളിതഗാനം, മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, ഉറുദു സംഘഗാനം അറബി ഗാനം, തിരുവാതിരക്കളി, മോണോ ആക്ട്, ദേശഭക്തിഗാനം, നാടൻ പാട്ട് എന്നീ പരിപാടികൾ നടന്നു.
ജെ.ആർ.സി കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
മാനസികാരോഗ്യ പദ്ധതി (Mental health Programme)യുടെ ഭാഗമായി 2025 ഒക്ടോബർ 25 ന് ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ, ജില്ലാ ഹോമിയോ ആശുപത്രി (മുണ്ടുപറമ്പ്) യുടെ സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. ഡോ. ശ്രീചിത്ര കെ .ജി ( മെഡിക്കൽ ഓഫീസർ, എൻ എ എം , ആയുഷ്മാൻ ഭവ ), ഡോ. ആര്യ ബാബു .ബി .എസ് (നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ), ജിജിന പി.ടി (യോഗ ഇൻസ്ട്രക്ടർ ആയുഷ്മാൻ ഭവ ) എന്നിവർ അതിഥികളായെത്തി കുട്ടികളുമായി സംവദിച്ചു.
ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 രൂപ ചെലവഴിച്ച് നിർമിച്ചു നൽകുന്ന കെട്ടിടത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മറ്റി പുറത്തിറക്കുന്ന ഉദ്ഘാടന സപ്ലിമെന്റ് സ്കൂൾ ലീഡർ സി.എം. റവാനക്ക് നൽകി എച്ച് എം ആസഫലി പ്രകാശനം നിർവഹിച്ചു. 2025 ഒക്ടോബർ 29 ന് ബുധനാഴ്ച 9 മണിക്ക് സ്കൂളിനായി തുറന്നുകൊടുക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിലേക്കും 2025 നവംബർ 4 ന് ചൊവ്വ വൈകുന്നേരം 6:30 ന് നടക്കുന്ന കെട്ടിടോദ്ഘാന ചടങ്ങിലേക്കുമുള്ള ക്ഷണകത്തിനോടൊപ്പം സ്കൂളിനെ മികവുകളെയും സൗകര്യങ്ങളെയും പൊതുവായി പരിചയപ്പെടുത്തുന്ന സപ്ലിമെന്റ് പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലുമെത്തും.
മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2025 ഒക്ടോബർ 29 ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉബൈദുല്ല എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ എ അബൂബക്കർ ആമുഖ ഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, കെ.എം. മുഹമ്മദാലി, ആനക്കയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ യു. മൂസ, കെ.എം. അബ്ദുൽ റഷീദ്, ഫെബിന ഹാഷിദ്, ശ്രീ മുരുകൻ, കെ.പി. അബ്ദുൽ മജീദ്, ജസീല ഫിറോസ് ഖാൻ, ജസ്ന കുഞ്ഞുമോൻ, രജനി മോഹനദാസ്, അഡ്വ. ടി.പി. സാന്ദ്ര. ബുഷ്റ, ഉബൈദ് ചുങ്കത്ത്, എസ്.എം.സി. ചെയർമാൻ മുഹമ്മദ് മുസ്തഫ, ഷെറീന, കെ.എം. അസ്‍ലം, കെ. സുന്ദര രാജൻ, കെ.എം. മുജീബ്, എം.പി ഉമർ, ഹെഡ്മാസ്റ്റർ ആസഫലി പട്ടർ കടവൻ പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ എന്നവർ സംസാരിച്ചു.
കിഫ്ബിയുടെ പുതിയ കെട്ടിടം വരുന്നതോടുകൂടി ഇല്ലാതായ പഴയ കളിസ്ഥലത്തിന് പകരമായി പുതിയ മിനി സ്റ്റേഡിയം കായിക മേഖലയിൽ മികവ് പുലർത്തിവരുന്ന സ്കൂളിന് കൂടുതൽ മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുമെന്ന് തീർച്ച.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
വകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച മുന്ന് നില കെട്ടിടം സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ് തീർത്ഥാടന, റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ 2025 നവംബർ 4 ന് വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം എം.എൽ.എ പി.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു.
വിദ്യാകരണം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കാരാട്ട് അബ്ദുറഹ്മാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദാലി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.മൂസ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി ബഷീർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി അബ്ദുൽ മജീദ്, രജനി മോഹൻദാസ്, അഡ്വ.ടി.പി. സാന്ദ്ര, മലപ്പുറം ബി.പി.സി .പി. മുഹമ്മദാലി, ആനക്കയം പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ നവ്യ.എ.പി, എസ്.എം.സി ചെയർമാൻ എം.മുഹമ്മദ് മുസ്തഫ, എം.ടി.എ പ്രസിഡണ്ട് ഷെറീന, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എം അസ്‌ലം, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. സുന്ദരരാജൻ ,കെ.എം മുജീബ്, എ.പി .ഉമ്മർ സംസാരിച്ചു. പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ആസഫലി പട്ടർക്കടവൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപ്രടനങ്ങളും അരങ്ങേറി, ഗാനമേള, നാടൻപാട്ട്, മൈമിംഗ്, ഒപ്പന എന്നിവ വാർഷികാഘോഷത്തിന്റെ പ്രതിതി ജനിപ്പിച്ചു. ഉദ്ഘാടന വേളയിയിലെ തിങ്ങിനിറഞ്ഞ സദസ്സ് വിദ്യാഭ്യാസത്തിന് നാം നൽകുന്ന പ്രധാന്യത്തിന്റെ മികച്ച സൂചനയാണെന്ന് മന്ത്രി അനുസമരിച്ചു.