ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024 -25

പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത പി.വി ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവം 2024ന് തുടക്കമായി.പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു.വർണത്തൊപ്പികളും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു.കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരം ഒരുക്കി. പായസ വിതരണവും നടന്നു. പാപ്പിനിശ്ശേരിഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശോഭന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം സമ്മാനദാനം നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് സി.അബ്ദുല്ല, വൈസ് പ്രസിഡൻറ് എം.പി.സൈദ്, മദർ പി.ടി.എ പ്രസിഡണ്ട് ഷഫീറ.സി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് എം.മൃദുല ടീച്ചർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും പറഞ്ഞു.

സ്നേഹ സ്പർശം

ജി എം എൽ പി എസ് മാങ്കടവിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പഠന പിന്തുണയ്ക്കായി രക്ഷിതാക്കൾ മുന്നോട്ടു വെക്കുന്ന ചില സുപ്രധാന തീരുമാനങ്ങൾ അടങ്ങിയ ഓൺലൈൻ ഫ്ലിപ് ബുക്ക് തയ്യാറാക്കി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്തു.അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി ബന്ധം പുനർനിർവചിക്കാൻ ഇത് പര്യാപ്തമായി.

പരിസ്ഥിതി ദിനാചരണം

മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.മുഖ്യാതിഥി റിയാസ് മാങ്ങാട് (MARC പ്രതിനിധി) പരിസ്ഥിതി ദിന സന്ദേശവും കുട്ടികൾക്കായി 'മനുഷ്യനും വന്യജീവികളും' എന്ന വിഷയത്തിൽ മൾട്ടി വിഷ്വൽ പ്രസന്റേഷനും അവതരിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന് ഒരു ശലഭോദ്യാനം ഒരുക്കാമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ ബോധവത്കരണം നടത്തി.ബാലവേല വിരുദ്ധ പ്രതിജ്ഞയും നടന്നു.

മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ച്-മെഹന്ദി ഫെസ്റ്റ്

ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂളിൽ ജൂൺ 15 ന് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.കുഞ്ഞുമനസ്സുകളിൽ തെളിഞ്ഞ മൈലാഞ്ചി മൊഞ്ചിന്റെ പൂർണ്ണത മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ചിന്റെ നേർസാക്ഷ്യമായി. ഒന്നാംതരം കൂട്ടുകാരുടെ ഇളം കൈകളിൽ മൈലാഞ്ചി അണിയിച്ച് മാതൃസമിതി പ്രസിഡന്റ് സി.ഷഫീറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടീം അംഗത്തിന്റെ കുഞ്ഞു കൈകളിൽ രൂപപ്പെടുത്തിയ അതിമനോഹരമായ ഡിസൈനുകൾ നമ്മുടെ കുട്ടികളുടെ സൗന്ദര്യ ബോധവും കലാമികവും വിളിച്ചോതുന്ന കലാസൃഷ്ടികളായി മാറി.മൂന്നാം തരത്തിലെ ഫാത്തിമത്ത് സഹറ.വി,നാദിറ അബ്ദുൽ ഖാദർ,നാലാം തരത്തിലെ റിസ ഫാത്തിമ.എം, അഞ്ചാം തരത്തിലെ ഷിഫ ഫാത്തിമ കെ.സി തുടങ്ങിയ ടീമുകൾ വിജയികളായി.വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

വായന മാസാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.

കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ ദിനം

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.

എൻ്റെ മലയാളം

കോലഞ്ചേരി,വടകര അധ്യാപക കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വടകരയിൽ സംഘടിപ്പിച്ച "എന്റെ മലയാളം എല്ലാവർക്കും" പരിപാടിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ എന്റെ മലയാളം പരിപാടി ആരംഭിക്കുന്നത്. വായന എഴുത്ത് എന്നീ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയത്തിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി തുടർച്ചയായി 32 ദിവസങ്ങളിലായിരുന്നു പ്രസ്തുത പരിപാടി. അതിനായുള്ള മോഡ്യൂളും എല്ലാ കുട്ടികളുടെയും നോട്ട്ബുക്കിൽ പതിക്കുന്നതിനായി 32 ആശയങ്ങളുമായുള്ള സ്റ്റിക്കറുകളുമാണ് ഉപയോഗിച്ചത്. പ്രത്യേകം ടൈംടേബിൾ തയ്യാറാക്കി വൈകുന്നേരങ്ങളിൽ വ്യത്യസ്ത ക്ലാസുകളിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പങ്ക് അവരിൽ എത്തിക്കാനായി പ്രത്യേകം മീറ്റിംഗ് വിളിച്ചുചേർത്താണ് ക്ലാസ്സ് ആരംഭിച്ചത്. ഓരോ കുട്ടിക്കും അവരുടെ പേരിലുള്ള സ്റ്റിക്കർ പതിച്ച നോട്ടുബുക്കുകൾ നൽകി ഓരോ ദിവസവും അവർ പഠിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകൾ അന്നേദിവസം ക്ലാസ്സ് കഴിയുന്നതോടെ കുട്ടികളുടെ നോട്ടിൽ പതിക്കുകയും അവർ വീട്ടിലെത്തി അവ വായിക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ നടത്തുകയും ചെയ്യും വിധമാണ് പദ്ധതി. കുട്ടികളിൽ മികച്ച പുരോഗതി പ്രകടമാകാൻ ഈ പദ്ധതി സഹായിച്ചു. ഓരോ ദിവസങ്ങളിലും ക്ലാസിൽ കൈകാര്യം ചെയ്യുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും അതാത് ദിവസങ്ങളിലെ പത്രങ്ങളിൽ പരമാവധി കണ്ടെത്താനുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകി. ഇതിനായി സ്കൂളിൽ വരുന്ന പത്രങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി.വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ്

പദ്ധതി നടപ്പിലാക്കിയത്.

റെഡ് ഡേ

പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ജൂലൈ 18ന് 'റെഡ് ഡേ' സംഘടിപ്പിച്ചു. ചുവന്ന റോസാപ്പൂ പ്രധാനാദ്ധ്യപകന് സമ്മാനിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കമായി. അധ്യാപകരും കുട്ടികളും ചേർന്ന് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും പാട്ടുകൾ പാടിയും നൃത്തം ചെയ്തും പ്രദർശനം ഒരുക്കിയും റെഡ് വളരെ ഭംഗിയായി ആഘോഷിച്ചു.

ചാന്ദ്ര വിജയ ദിനം (ജൂലൈ 21)

2024 ജൂലൈ 22 തിങ്കളാഴ്ച ജി എം എൽ പി എസ് മാങ്കടവിൽ ചാന്ദ്ര വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഹെഡ്മാസ്റ്റർ എൻ കെ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ, ക്ലബ്ബ് കോഡിനേറ്റർ രമ്യ.കെ എന്നിവർ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും വീഡിയോ കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളി പാട്ട്,അമ്പിളി ചിത്രങ്ങൾ വരക്കൽ എന്നീ പരിപാടികൾ നടത്തി. മൂന്ന്,നാല് ക്ലാസിലെ കുട്ടികൾക്കായി 'മാനത്തെ ചന്ദിരനൊത്ത്' എന്ന പരിപാടിയാണ് നടത്തിയത്. ചന്ദ്രനിൽ എത്തിയാൽ അവർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്ന സങ്കൽപ്പിച്ച് എഴുതാൻ മത്സരമാണ്  'മാനത്തെ ചന്ദിരനൊത്ത്'. അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി ഹൗസ് അടിസ്ഥാനത്തിൽ ചുമർപത്രിക നിർമ്മാണം നടന്നു. ഇതിനുപുറമേ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ചാന്ദ്രയാൻ മോഡൽ പ്രദർശനവും നടക്കുകയുണ്ടായി.

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

2024 ജൂലൈ 22ന് വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വിജ്ഞാപനം  പുറപ്പെടുവിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും ജൂലൈ 23ന് ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 24 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.ജൂലൈ 25ന് സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി. ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇലക്ഷൻ ആരംഭിച്ചു. ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തി. 12.30 ന് തെരഞ്ഞെടുപ്പ് അവസാനിച്ചു. സ്കൂൾ ലീഡറായി അഞ്ചാം തരത്തിലെ മുഹമ്മദ് റാസി കെ യും ഡെപ്യൂട്ടി ലീഡറായി ഫാത്തിമ റന റാഷിദും തെരഞ്ഞെടുക്കപ്പെട്ടു.വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി തികച്ചും മാതൃകാപരമായ രീതിയിൽ  തന്നെയാണ് ഇത്തവണത്തെ ഇലക്ഷനും വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയുടെ ബാലപാഠങ്ങൾ സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിച്ചു. ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് ഐ ടി കോഡിനേറ്റർ സി പി സുബൈബത്ത്,സോഷ്യൽ ക്ലബ്ബ് കൺവീനർ ടി വി ഷിൽന , പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

L E P പ്രോഗ്രാം

അഞ്ചാം തരത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള LEP(Learning Enhancement Programme) വിജയകരമായി പൂർത്തിയാക്കി. ഒരു പ്രത്യേക മോഡ്യൂളിൽ തയ്യാറാക്കിയ Speak and Shine എന്ന് പേരിട്ടിരിക്കുന്ന ഈ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം ആഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. ക്ലാസ് മുറിയിൽ നടത്തുന്ന ക്ലാസുകൾക്ക് പുറമെ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ മോണിംഗ് ക്ലാസുകൾ കൂടി നടക്കുന്നു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ഹിരോഷിമ - നാഗസാക്കി ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ ഹിരോഷിമ നാഗസാക്കി അണുബോംബ് സ്ഫോടനത്തെക്കുറിച്ചും സഡാക്കോ സസുക്കിയെക്കുറിച്ചും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ക്ലാസ് തലത്തിൽ സഡാക്കോ കൊക്കിനെ കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന് പ്രദർശിപ്പിച്ചു.  ആഗസ്ത് 9 ന് നടന്ന അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷിൽന ടീച്ചർ സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്ക്, യുദ്ധവിരുദ്ധ പോസ്റ്റർ ഇവ പ്രദർശിപ്പിച്ചു. അഞ്ചാം തരത്തിലെ കുട്ടികൾ ഹൗസ് തലത്തിൽ  ചുമർപത്രിക തയ്യാറാക്കി. എല്ലാ ക്ലാസുകളിലും ഹിരോഷിമ നാഗസാക്കി ഡോക്യുമെൻററി വീഡിയോ പ്രദർശനവും നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടന്നു. അഗസ്ത് 15 വ്യാഴാഴ്ച രാവിലെ 9:20ന് സ്കൂൾ അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി വാർഡ് മെമ്പർ വി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. എൽ കെ ജി മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികളുടെ വിവിധ ഭാഷയിലുള്ള ദേശഭക്തിഗാനാലാപനം, പ്രസംഗം, കുട്ടികൾക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി മുഴുവൻ അധ്യാപകരും ചേർന്ന് അവതരിപ്പിച്ച മൾട്ടി വിഷ്വൽ പ്രസന്റേഷൻ('സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ')തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് മധുരം വിതരണവും നടന്നു.

കുട്ടി ബാങ്ക് പ്രവർത്തനോദ്ഘാടനം

കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ 'കുട്ടി ബാങ്ക്'(സ്റ്റുഡൻസ് സേവിംഗ് സ്കീമി)ന് തുടക്കം കുറിച്ചു. ആഗസ്റ്റ് 30 വെള്ളിയാഴ്ച പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 27 കുട്ടികൾ അക്കൗണ്ട് ഓപ്പൺ ചെയ്തു. നിലവിൽ ആകെ 60 കുട്ടികളാണ് അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുള്ളത്.അധ്യാപിക സി പി സുബൈബത്തിനാണ് കുട്ടി ബാങ്കിൻ്റെ ചുമതല.

അധ്യാപക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക ദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തെഴുതിയും ആശംസകൾ നേർന്നും സ്നേഹസമ്മാനം നൽകിയും അധ്യാപകരെ ആദരിച്ചു.

മാങ്കടവോണം 2K24

വിദ്യാലയത്തിൽ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും പുത്തനദ്ധ്യായം കുറിച്ച് വീണ്ടുമൊരു മാങ്കടവോണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മെഗാ ഓണപ്പൂക്കളവും ഓണസ്സദ്യയും ഒരുക്കി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ക്ലിഞ്ഞോ.. പ്ലിഞ്ഞോ, അയ്യോ.. പൊത്തോ, മഞ്ചാടി പെറുക്കൽ, ബലൂൺ ഫൈറ്റിംഗ്, മ്യൂസിക്കൽ ഹാറ്റ്, തവളച്ചാട്ടം, മ്യൂസിക്കൽ ഹാറ്റ് തുടങ്ങി രസകരവും കൗതുകം ഉണർത്തുന്നതുമായ പുതുമയേറിയ പരിപാടികൾ ഇത്തവണത്തെ  ഓണാഘോഷത്തെ വർണ്ണാഭമാക്കി. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടന്നു.കഴിഞ്ഞ അധ്യയന വർഷം വിദ്യാലയത്തിൽ നടന്ന വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തും മുദ്രാ ഗീതങ്ങൾ മുഴക്കിയും കുട്ടികൾ റാലിയിൽ പങ്കെടുത്തു. പി ടി എ യുടെ നിറസാന്നിധ്യവും റാലിയെ വിജയകരമാക്കി.

വിജയോത്സവം

സ്കൂളിന് ലഭിച്ച ഷീൽഡും ട്രോഫിയും ഉയർത്തിപ്പിടിച്ച് വിജയാരവും മുഴക്കിക് എൽ പി ശാസ്ത്ര മേളയിൽ ശേഖരണത്തിൽ രണ്ടാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ്, എൽപി ഗണിതശാസ്ത്രമേളയിൽ ഗണിത മാസികയ്ക്ക് മൂന്നാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ. എൽ പി ,യു പി വിഭാഗങ്ങളിലായി സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയവയിലും മികച്ച ഗ്രേഡുകൾ നേടാൻ സാധിച്ചു.കൊണ്ട് ചരിത്രവിജയം ഗംഭീരമായി ആഘോഷിച്ചു.

കേരളപ്പിറവി ദിനം /ഹരിത വിദ്യാലയം പ്രഖ്യാപനം

മാങ്കടവ് ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ ഹരിത വിദ്യാലയ പ്രഖ്യാപനം പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ഈ ചടങ്ങിൽ  പാപ്പിനിശ്ശേരി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ,ക്ലബ്‌ എഫ്. എം. ആർ. ജെ. നമീന എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

അവധിക്കാല വായനാനുഭവം പ്രകാശനം

കഴിഞ്ഞ അധ്യയന വർഷം അവധിക്കാലത്ത് കുട്ടിപുസ്തകപ്പുരയില പുസ്തകങ്ങളോട് കൂട്ടുകൂടി വിദ്യാലയത്തിലെ കൂട്ടുകാർ തയ്യാറാക്കിയ വായനാനുഭവങ്ങളുടെ സമാഹാരമായ 'പുസ്തകപ്പുരയിലെ കൂട്ടുകാർ'പുസ്തക പതിപ്പിന്റെയും ഡിജിറ്റൽ പതിപ്പിന്റെയും പ്രകാശനം നവംബർ ഒന്നിന് റേഡിയോ മാങ്കടവിന്റെ ഉദ്ഘാടന വേദിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു.

മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ ലൈബ്രറിയായ

കുട്ടിപ്പുസ്തകപ്പുരയിലെ കൂട്ടുകാർ എന്ന അവധിക്കാല വായന പദ്ധതിയിലൂടെ മാങ്കടവിൽ രൂപപ്പെട്ട വായന വസന്തത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഡിജിറ്റൽ മാഗസിൻ. AI യുടെ കൂടി സഹായത്തോടെ രൂപം നൽകിയ ഈ ഡിജിറ്റൽ വായനക്കുറിപ്പ് കുട്ടികളിൽ ഏറെ കൗതുകം ജനിപ്പിക്കുവാനുതകുന്നതാണ്. കുട്ടിക്കൂട്ടത്തിന്റെ ഈ വായനാനുഭവങ്ങൾക്ക്  ചിത്രങ്ങളുടേയും ലേ ഔട്ടിന്റെയും അകമ്പടി നൽകി മനോഹരമാക്കിത്തീർത്തത് കുട്ടിപ്പുസ്തകപ്പുരയുടെ ചാർജ് കൂടി വഹിക്കുന്ന അധ്യാപിക സി പി സുബൈബത്ത് ആണ്.

റേഡിയോ മാങ്കടവ്

സ്കൂൾ റേഡിയോ ലോഗോ പ്രകാശനം

മാങ്കടവ് ജി എം എൽ പി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കൂൾ റേഡിയോ 'റേഡിയോ മാങ്കടവിൻ്റെ' ലോഗോ പ്രകാശനം ആഗസ്റ്റ് 28 വ്യാഴാഴ്ച നടന്നു.വിദ്യാലയത്തിന്റെ 2000 ബാച്ച് പ്രതിനിധി ജംഷീറ യു പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാറിന് ലോഗോ നൽകി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, വൈസ് പ്രസിഡൻ്റ് എം പി സൈദ് തുടങ്ങിയവർ സംബന്ധിച്ചു.

ഉദ്ഘാടനം

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തനോദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി പതിനഞ്ചോളം പരിപാടികൾ. തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം  ഉണ്ടാവുക.ഇന്നോർമ്മ,അമ്മ മലയാളം,English Vibe,മധുരപ്പിറന്നാൾ,പുസ്തകച്ചങ്ങാത്തം,

എന്റെഴുത്തുകൾ,സർഗലയം,വാർത്തകൾ,

ശാസ്ത്രത്തിളക്കം,വൃത്തിയുള്ള മാങ്കടവ്,കൃഷിജാലകം,നാക്കുടക്കി,നന്മവെട്ടം, അതിഥിക്കൊപ്പം,പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ.

വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ 2000 ബാച്ചിലെ കൂട്ടായ്മയാണ് റേഡിയോ മാങ്കടവ് പദ്ധതി വിദ്യാലയത്തിനായി സമർപ്പിച്ചത്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ പരിപാടികളിലൂടെ റേഡിയോ മാങ്കടവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം പ്രഖ്യാപനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പ്രദീപ്കുമാർ നിർവഹിച്ചു. അവധിക്കാല വായനാനുഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ വാർഡ് മെമ്പർ വി അബ്ദുൽ കരീം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി. അബ്ദുല്ല അധ്യക്ഷനായി. സി ആർ സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് എം.പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷെഫീറ, 2000 ബാച്ച് പ്രതിനിധി എ.ഉമ്മു സുലൈം, സീനിയർ അസിസ്റ്റൻ്റ് ടി.വി രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മൃദുല നന്ദിയും പറഞ്ഞു.

റേഡിയോ മാങ്കടവ് സംഘാടനം

പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിൽ 2024 നവംബർ 1 നാണ് സ്കൂൾ റേഡിയോ ആയ റേഡിയോ മാങ്കടവ് ആരംഭിക്കുന്നത്. അക്കാദമികവും അക്കാദമികേതരവുമായി കുട്ടികൾ ആർജിക്കുന്ന ശേഷികൾ മറ്റൊരു മാധ്യമത്തിലൂടെ പുറം ലോകത്തേക്കെത്തിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായാണ് റേഡിയോയെ വിദ്യാലയ സമൂഹം കാണുന്നത്. റേഡിയോ പ്രക്ഷേപണത്തിന്റെ സർഗാത്മകവും സാമൂഹികവും സാങ്കേതികവുമായ തലങ്ങളെ പരിചയപ്പെടുകയാണ് ഓരോ വിദ്യാർത്ഥിയും. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ നിന്നായി 26 പേരെയാണ് അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.അവർക്ക് അവതരണത്തിൽ മികവ് പ്രകടിപ്പിക്കാനായി പരിശീലനവും നൽകിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും വിജ്ഞാന വിനിമയത്തിന്റെയും വിവിധ മേഖലകൾ പരിചയപ്പെടുകയാണ് ഓരോ വിദ്യാർത്ഥിയും. പാട്ടുകളും കവിതകളും പ്രസംഗങ്ങളും ഉൾപ്പെടെ എല്ലാ സർഗാത്മക കഴിവുകളിലും താൽപര്യം വളർത്തുക കൂടി റേഡിയോ മാങ്കടവ് ലക്ഷ്യമിടുന്നുണ്ട്. റേഡിയോ എന്ന സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ഉത്പന്നത്തിന്റെ വർത്തമാന കാല പ്രസക്തി തിരിച്ചറിയുക കൂടിയാണ് ഇവിടുത്തെ കുട്ടിക്കൂട്ടം.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം നടക്കുന്നത്. എൽ കെ ജി മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസുകളിലും ഓരോ രക്ഷിതാക്കളെ കോ ഓർഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾ തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ്‌ ചെയ്യുകയുമാണ് എല്ലാ കുട്ടികളുടെയും പരിപാടികൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി ചെയ്തുവരുന്നത്. കൂടാതെ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾക്കായി അധ്യാപകർ രണ്ടുപേരടങ്ങുന്ന ഓരോ ടീമായി പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപികമാരായ സി പി സുബൈബത്ത്, ടി വി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ.

നിലവിൽ 15 പരിപാടികളാണ് പ്രക്ഷേപണം ചെയ്തുവരുന്നത്. വാർത്ത, റേഡിയോ പ്രക്ഷേപണം നടക്കുന്ന ദിവസങ്ങളിലെ പ്രത്യേകതകൾ അനാവരണം ചെയ്യുന്ന ഇന്നോർമ്മ, പാട്ടുപെട്ടി എന്നിവ എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളാണ്. കൂടാതെ അതാത് ദിവസങ്ങളിലെ കുട്ടികളുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള മധുരപ്പിറന്നാൾ, വായനാനുനുഭവം പങ്കുവെക്കുന്ന പുസ്തകച്ചങ്ങാത്തം,സ്വന്തം രചനകൾ അവതരിപ്പിക്കാൻ എന്റെഴുത്തുകൾ, കുട്ടികളുടെ ശുചിത്വ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ റിപ്പോർട്ട്‌ ചെയ്യുന്ന വൃത്തിയുള്ള മാങ്കടവ്, ലളിതവും നിത്യജീവിതവുമായി ബന്ധപ്പെട്ടതോ പാഠ ഭാഗത്തിന്റെ തുടർച്ചയായതോ ആയ ശാസ്ത്രസംബന്ധിയായ കുട്ടികളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ശാസ്ത്രത്തിളക്കം, മലയാളഭാഷ പോഷണവുമായി ബന്ധപ്പെട്ട് അമ്മ മലയാളം, ഇംഗ്ലീഷ് ഭാഷ പോഷണ പരിപാടിയായി ഇംഗ്ലീഷ് വൈബ്, കുട്ടികളിൽ പ്രകടമാകുന്ന നന്മകളെ കുറിച്ച് രക്ഷിതാക്കളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്ന

നന്മ വെട്ടം, ഭാഷയിലെ കൗതുകങ്ങളുമായെത്തുന്ന നാക്കുടക്കി, രക്ഷിതാക്കളുടെയും കുട്ടികളുടെയും കൃഷി അനുഭവങ്ങളും അറിവുകളും പങ്കുവെക്കുന്ന കൃഷി ജാലകം, വിദ്യാലയത്തിലെ അതിഥികളുമായി നടത്തുന്ന അഭിമുഖം അതിഥിക്കൊപ്പം എന്നിവയാണ് നിലവിലുള്ള പരിപാടികൾ.

  ഓരോ ദിവസവും അവതാരകരായി എത്തുന്ന കുട്ടികളെ നേരത്തെ നിശ്ചയിക്കുന്നതിനാൽ അവർക്ക് ആവശ്യമായ വിവരശേഖരണം നടത്താൻ കൂടുതൽ സമയം ലഭിക്കുന്നു. ക്ലാസിലും വെളിയിലും നടക്കുന്ന അക്കാദമികവും, അക്കാദമികേതരവുമായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് റേഡിയോ കുട്ടികൾക്ക് അനുഭവപ്പെടുന്നത്.

  സ്കൂളിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോയുടെ എപ്പിസോഡുകൾ ഓൺലൈനായി കേൾക്കാൻ സെനോ റേഡിയോയിൽ അപ്‌ലോഡ് ചെയ്തുവരുന്നു. കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നുണ്ട്.

ശിശുദിനം

നവംബർ 14 ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ ശിശുദിനം വിപുലമായി പ്ലക്കാർഡുകളുമായി കുട്ടികൾ ശിശുദിന റാലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ എത്തിയും ആശംസകൾ അറിയിച്ചും ചാച്ചാജിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

യാത്രയയപ്പ്

രണ്ടു ദശാബ്ദ കാലത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്നും വിരമിക്കുന്ന പി ടി സി എം സ്റ്റാഫ് കെ വി പുഷ്പയ്ക്കുള്ള യാത്രയയപ്പ് ചടങ്ങ് നവംബർ 29 ന് നടന്നു.വാർഡ് മെമ്പർ വി അബ്ദുൽ കരീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് എം പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷഫീറ, സീനിയർ അസിസ്റ്റൻറ് ടി വി രഞ്ജിത, എസ് ആർ ജി കൺവീനർ ടി വി ഷിൽന, സ്കൂൾ ലീഡർ മുഹമ്മദ് റാസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം മൃദുല നന്ദിയും രേഖപ്പെടുത്തി.