ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26
ആനന്ദോത്സവമായി പ്രവേശനോത്സവം
ചേന്ദമംല്ലൂർ : ചേന്ദമംല്ലൂർ ഹയർസെക്കൻഡറി സ്കൂൾ 2025-26 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. എൻ സി സി യൂണിറ്റ് പരിസ്ഥിതി സൗഹൃദപരമായ പേപ്പർ പൂക്കൾ നൽകിയാണ് നവാഗതരെ സ്വീകരിച്ചത്. പേപ്പർ പൂക്കൾ നൽകുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പുനരുപയോഗത്തിൻ്റെയും പ്രാധാന്യം മനസ്സിക്കൊടുക്കാൻ കഴിഞ്ഞു. തുടർന്ന് നവാഗതരെ മുഴുവൻ ഉൾപ്പെടുത്തികൊണ്ട് സ്കൂൾ തല പ്രവേശനോത്സവ പരിപാടി പ്രവേശനോത്സ ഗാനത്തിലൂടെ ആരംഭിച്ചു. പരിപാടിയിൽ ഹെഡ് മാസ്റ്റർ യുപി മുഹമ്മദലി സർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ പരിപാടിയുടെ ഉത്‌ഘാടനം പി.ടി.എ പ്രസിഡൻ്റ് അഡ്വ. ഉമർ പുതിയോട്ടിൽ നിർവ്വഹിച്ചു. ജമാൽ മാസ്റ്റർ സ്വാഗതവും അലി അഷ്റഫ് സർ, ബന്ന സർ റഹ്മാബി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് സർ നന്ദി പറഞ്ഞു. പ്രവേശനോത്സവ പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ പ്രകടനങ്ങളായിരുന്നു. ഇതിൽ നൈഫ ഫാത്തിമയുടെ മാപ്പിളപ്പാട്ട് അമിക,മീര,ഷഹദ ഷെറിൻ എന്നിവരുടെ നാടൻ പാട്ട് ശ്രിയ ബിജുവിന്റേ സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ പ്രവേശനോത്സവത്തിൻ്റെ മാറ്റ് കൂട്ടി. തുടർന്ന് സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവിതരണവും നടത്തി.
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി യൂണിറ്റുകൾ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ ഒത്തുകൂടി. പരിസ്ഥിതി സംരക്ഷണത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ പ്രതീകമായി ഹെഡ്മാസ്റ്റർ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഗൈഡ് ക്യാപ്റ്റൻ ഡോ. ഐശ്വര്യ വി. ഗോപാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു, മുതിർന്ന അധ്യാപകരായ ബന്ന മാസ്റ്റർ, അബ്ദുൾ ഗഫൂർ മാസ്റ്റർ, അലി അഷ്റഫ് മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പച്ചപ്പും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്കിടയിൽ തൈകൾ വിതരണം ചെയ്തു. എൻസിസി കേഡറ്റുകൾ, സ്കൗട്ടുകൾ, ഗൈഡുകൾ എന്നിവർ പരിസരം വൃത്തിയാക്കുന്നതിലും സ്കൂൾ പൂന്തോട്ടത്തിൽ തൈകൾ നടുന്നതിലും സജീവമായി പങ്കാളികളായി. സ്കൗട്ട് മാസ്റ്റർ ഫഹീം പി.പി , ഗൈഡ് ക്യാപ്റ്റർ നജ്മ ടി പി, ജാഗ്രത സമിതി കൺവീനർ ശ്രീമതി. റഹ്മാബി പി.വി, എൻസിസി ഓഫീസർ സന സുലൈഖ എം, എന്നിവർ പങ്കെടുത്തു. ഈ സംരംഭത്തിലൂടെ വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരികുക മാത്രമല്ല, ഹരിത ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം വളരെ ആവേശത്തോടെ ആഘോഷിച്ചു. സ്കൂൾ പോർട്ടിക്കോയിൽ നടന്ന പരിപാടിയിൽ 42 കാഡറ്റുകൾ പങ്കെടുത്തു. ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥിയായിരുന്ന ഹൈജീൻ ഹെൽത്ത് കെയറിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റസ്ന പർവീൺ ഊന്നിപ്പറഞ്ഞു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് അലി യുപി അധ്യക്ഷത വഹിച്ചു, എൻസിസി ഓഫീസർ സന സുലൈഖ സ്വാഗതം പറഞ്ഞു. എഫ്/ഒ മുഹമ്മദ് അഷ്റഫ് പി.ടി ചടങ്ങിൽ സംസാരിച്ചു. യോഗ, ധ്യാനം, ശ്വസനരീതികൾ എന്നിവ ഉൾപ്പെട്ട സെഷൻ കേഡറ്റുകൾക്ക് വളരെ പ്രയോജനകരമായിരുന്നു. എൻസിസി കേഡറ്റുകൾക്ക് യോഗയുടെ സമഗ്രമായ നേട്ടങ്ങൾ അനുഭവിക്കാൻ ഈ പരിപാടി വിലപ്പെട്ട അവസരം നൽകി.
നന്മതൻപുതുലഹരിയിലേക്ക്
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി "എന്ന സന്ദേശം സ്കൂളിലും പരിസരത്തുംമുഴക്കി.
സർവ്വവും സജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാമിലൂടെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യത ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി.നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ് ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി.
കലയുടെയും സാഹിത്യത്തിന്റെയും വേരുകൾ തേടി സാംസ്കാരിക യാത്ര

ചേന്ദമംഗലൂർ ഹയർ സെക്കൻഡഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സാംസ്കാരിക യാത്ര കുട്ടികളിൽ പുതിയ അനുഭവമായി.ബഷീർ ദിനത്തിൽ കോഴിക്കോട് - മലപ്പുറം ജില്ലകളിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ കലാസാഹിത്യ വേദി അംഗങ്ങൾ സന്ദർശിച്ചു. മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മാരകമായ തുഞ്ചൻപറമ്പ്, മാപ്പിളകലാ അക്കാദമി കേന്ദ്രമായ മോയിൻകുട്ടി വൈദ്യർ സ്മാരകം,കോഴിക്കോട് മിഷ്കാൽ പള്ളി,കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള തളി ശിവക്ഷേത്രം ,എന്നീ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിച്ച ടീമംഗങ്ങൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വീട് സന്ദർശിച്ചതും ചേന്ദമംഗലൂർ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ബഷീറിൻറെ മകളുമായ ഷാഹിന ബഷീറിനെ നേരിൽ കാണാൻ കണ്ടതും നല്ല അനുഭവമായി.സാംസ്കാരിക യാത്രക്ക് സ്കൂൾ മലയാളം അധ്യാപകരായ ബന്ന ചേന്ദമംഗലൂർ, ഡോ: ഐശ്വര്യ വി ഗോപാൽ, ജമാൽ കെ.ഇ, നിഷാന എ.പി എന്നിവർ നേതൃത്വം നൽകി.
ചെണ്ടുമല്ലി കൃഷി

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ക്ലബ്ബ് ' ചിറക്' ന്റെ ആഭിമുഖ്യത്തിൽ ചിറകിലെ വിദ്യാർത്ഥികളും അവരുടെ കൂട്ടുകാരും ചേർന്ന് ചെണ്ടുമല്ലി കൃഷി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ചെണ്ടുമല്ലി കൃഷി ചെടി നട്ടുകൊണ്ട് ഉത്ഘാടനം ചെയ്തു. സ്കൂളിലെ സ്പെഷൽ അധ്യാപിക അമ്പിളി ടീച്ചറുടെ നേതൃത്വത്തിലാണ് ഓണത്തിന് വിളവെടുക്കത്തക്ക വിധത്തിൽ ചെണ്ടുമല്ലി കൃഷി തുടങ്ങുന്നത്. മുക്കം കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷി
എൻ്റെ വായന കയ്യെഴുത്ത് പതിപ്പ്

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി 'എൻ്റെ വായന' കയ്യെഴുത്ത് പതിപ്പ് മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ വായനക്കുറിപ്പുകളാണ് ഓരോ ക്ലാസും പതിപ്പാക്കി മാറ്റിയത്. വ്യത്യസ്തങ്ങളായ 24 പതിപ്പുകൾ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റിലൂടെ സ്കൂൾ മികവ് പൊതുജനങ്ങളിലേക്ക
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാസാന്ത്യ ഡിജിറ്റൽ പത്രം "സി എം ആർ ടൈംസ്" ചേന്ദമംഗല്ലൂർ ജി.എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ വാസു മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളുടെയും സ്കൂൾ ഹെഡ്മാസ്റ്ററുടെയും സാന്നിദ്ധ്യത്തിൽ സി.എം. ആർ ടൈംസ് ചീഫ് എഡിറ്റർ ഹാദി ഫാത്തിമയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂൾ കൈറ്റ് മെൻ്റർ റാജി റംസാൻ, ബന്ന ചേന്ദമംഗല്ലൂർ, സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് ഒ , ചീഫ് എഡിറ്റർ ഹാദിയ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ് മെൻ്റർ ഹാജറ ടീച്ചർ നന്ദി അറിയിച്ചു. സ്കൂളിലെ മുഴുവൻ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റെഷൻ തയ്യാറാക്കി ഫ്രീ സോഫ്റ്റ് വെയറായ സ്ക്രൈബസിൽ ചീഫ് എഡിറ്റർ ഹാദി ഫാത്തിമ എഡിറ്റർ ബോർഡ് അംഗങ്ങളായ ഹാദിയ, ഫാസ് അമീൻ,വേദ ലക്ഷ്മി, ആദിദേവ് എന്നിവർ ചേർന്നാണ് പത്രം രൂപകൽപ്പന ചെയ്തത്. സ്കൂളിലെ മികവ് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സ്കൂൾ പത്രത്തിലൂടെ സാധ്യമാകുന്നു
സ്വാതന്ത്ര്യദിനാജാരം
ആഗസ്റ്റ് 15 ന് ചേന്ദമംഗല്ലൂർ എച്ച്എസ്എസ് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടി ആരംഭിച്ചത്. ദേശീയ പതാക ഉയർത്തി, എല്ലാവരും അഭിമാനത്തോടെ ദേശീയഗാനം ആലപിച്ചു. എൻസിസിയുടെ കീഴിൽ വിവിധ മത്സരങ്ങൾ നടന്നു, അതിൽ സ്വാതന്ത്ര്യ ക്വിസ്, പതാക നിർമ്മാണ മത്സരം എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണ മത്സരം, പതാക നിർമ്മാണം, ക്വിസ് എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഗൈഡുകളുടെയും എൻസിസി കേഡറ്റുകളുടെയും ദേശസ്നേഹ ഗാനങ്ങൾ, എൻസിസി കേഡറ്റുകളുടെ ദേശസ്നേഹ നൃത്തം എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക പ്രകടനങ്ങളിലൂടെ വിദ്യാർത്ഥികൾ അവരുടെ ദേശസ്നേഹത്തിന്റെ ആത്മാവ് പ്രകടിപ്പിച്ചു. ജെആർസി ബെസ്റ്റ് കേഡറ്റ് അവാർഡ് നൽകി. ബന്ന മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി, 30 കെ ബറ്റാലിയനിൽ നിന്നുള്ള മുഖ്യാതിഥി ഹവ്. രുദ്ര പുൻ മഗർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ ശ്രീ. രാജി റംസാൻ, എൻസിസി ഓഫീസർ സന സുലൈഖ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു, പ്രചോദനാത്മകമായ വാക്കുകളാൽ അവരെ ആകർഷിച്ചു. പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തതോടെ പരിപാടി അവസാനിച്ചു. ആഘോഷം വൻ വിജയമായിരുന്നു, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഹൃദയങ്ങളിൽ ദേശീയ അഭിമാനം ജ്വലിപ്പിച്ചു. ക്യാമ്പസ് സമൂഹത്തിനിടയിലെ ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആത്മാവിനെ ഈ പരിപാടി പ്രതിഫലിപ്പിച്ചു.
ചേന്ദമംഗല്ലൂരിലിത് പൂക്കാലം

ചേന്ദമംഗലൂരിൽ ഇത് വസന്തകാലം. വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ തോട്ടം മനോഹരമായ കാഴ്ചയാണ്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ ക്ലബ്ബായ "ചിറക് '' (ചേന്ദമംഗല്ലൂർ ഹൈസ്കൂൾ ഇൻസ്പിറേഷൻ റെമെഡീയൽ ആക്ടിവിറ്റി ക്ലബ്ബ് ) നേതൃത്വത്തിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടമാണ് വിവിധ വർണങ്ങളിൽ വിരിഞ്ഞ് നിൽക്കുന്നത്.
ഭിന്നശേഷി കുട്ടികൾ പൂച്ചട്ടിയിലും ഗ്രോ ബാഗിലുമായി മണ്ണ് നിറച്ച് മുക്കം കൃഷിഭവനിൽ നിന്ന് ലഭിച്ച ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്തപ്പോൾ വളരെ വലിപ്പത്തിലും ഭംഗിയിലുമവ വിരിഞ്ഞുനിൽക്കുന്നു.
ചിറക് ക്ലബ്ബ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ കഴിഞ്ഞ വർഷം സ്കൂളിൽ ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ സ്പെഷ്യൽ ടീച്ചറായ കെ .അമ്പിളിയുടെ നേതൃത്വത്തിൽ ചിറക് ക്ലബ്ബിലെ അംഗങ്ങളും സുഹൃത്തുക്കളുമാണ് പൂന്തോട്ടം ഒരുക്കാൻ മുന്നോട്ടുവന്നത്. നിറയെ പൂമ്പാറ്റകളും വർണ്ണങ്ങളും നിറഞ്ഞാടുന്ന ആരാമം കാണേണ്ട കാഴ്ച തന്നെയാണ്.
റബീഹ് മധ്യപ്രദേശിൽ പോയി എറിയട്ടെ

ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ്വിദ്യാർത്ഥിയായ മുഹമ്മദ് റബീഹ് മധ്യപ്രദേശിലെ ഗോളിയോറിലേക്ക് പുറപ്പെടുന്നു.
നാഷണൽ പാര അത്‌ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോ , ജാവലിംഗ് ത്രോ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് റബീഹ് മധ്യപ്രദേശിലേക്ക് പോകുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന സ്റ്റേറ്റ് സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച മുഹമ്മദ് റബീഹ് മണാശ്ശേരി മുത്താലം സ്വദേശിയാണ്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി റബീഹിന് യാത്ര മംഗളങ്ങൾ നേർന്നു.
ലഹരി വിമുക്ത നവകേരളം
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചെന്നമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റിന് കീഴിൽ" ലഹരി വിമുക്ത നവകേരളം " എന്ന ക്യാമ്പയിനിന്റെ യൂണിറ്റ് തല ഉൽഘാടനംവും, ബോധവൽകരണ ക്ലാസും 5/7/2025ന് ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.അധ്യാപകനും മുക്കം നഗരസഭാ കൗൺസിലറുമായ ഗഫൂർ മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഹു. ഹെഡ്മാസ്റ്റർ യു. പി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷത നിർവഹിച്ചു.കേരള എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. സന്തോഷ് ചെറുവോട്ട് ബോധവൽകരണ ക്ലാസെടുത്തു. യൂണിറ്റ് ലീഡർമാരായ ശറഫുദ്ധീൻ. പി, ഫഹീം അഹമ്മദ്. പി പി, നജ്മ. ടി എന്നിവർ നേതൃത്വം നൽകി. 315 വിദ്യാർത്ഥികൾ പങ്കെടുത്തു.
അക്കാര 25
ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്പോട്സ് മീറ്റ് അരക്കാര 25 സെപ്റ്റംബർ 18, 19 തീയ്യതികളിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു സ്പോട് മീറ്റ് ഉത്ഘാടനം മുക്കം പോലീസ് സ്റ്റേഷൻ സി ഐ ആനന്ദ് കെ പി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഷീദ് സർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഉമർ പുതിയോട്ട് ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സർ ചടങ്ങിൽ പങ്കെടുത്തു. ശക്തമായ മത്സരമായിരുന്നു ഗ്രൗണ്ടിൽ നടന്നത്. ഏറ്റവും വേഗതയേറിയ താരങ്ങൾക്കും ഉയരങ്ങൾ ചാടുന്ന ചാട്ടക്കാർക്കും ദൂരങ്ങൾ എറിയുന്നവർക്ക് ഓൺ ദസ്പോട്ട് പ്രോൽസാഹനy സമ്മാനവുമായി പതിവുപോലെ ബന്ന സാർ ഗ്രൗണ്ടിൽ സജീവമായി. ഓരോ ഇവൻ്റും കൃത്യമായും സമയബന്ധിതമായും നടത്താൻ ഓരോ അധ്യാപകരും പരിശ്രമിച്ചു. പരുക്കു പറ്റിയവരെ ചികിത്സിക്കാനും പവലിയനിൽ സമ്മാന വിതരണത്തിനും ജെ ആ സി വിദ്യാർത്ഥികളും നീളം അളക്കാൻ എൻസിസി സ്കൗട്ട് ഗൈഡ് കാഡറ്റുകളും സ്കോർബോർഡിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സജീവമായി ഉണ്ടായിരുന്നു. ഓരോ ഇവൻ്റ് കഴിയുന്തോറും സർട്ടിഫിക്കറ്റ് വിതരണം സ്പോട്സിൻ്റെ മാറ്റ് കൂട്ടി.