ചെസ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ കളികളിൽ ഒന്നാണ് ചെസ്സ്. വിവിധ രാജ്യങ്ങളിലായി 605 ദശലക്ഷം പേർ ചെസ്സ് കളിക്കുന്നു എന്നാണ് ലോക ചെസ്സ് ഫെഡറേഷൻറെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചെസ്സിൻറെ ആരംഭം ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജന്മം കൊണ്ട ചതുരംഗത്തിൽ നിന്നാണ്. ചതുരംഗം എന്നത് സംസ്കൃതപദമാണ്. “നാല് അംഗങ്ങൾ” (കാലാൾപ്പട, കുതിരപ്പട തേർപ്പട , ആനപ്പട) ചേർന്നുള്ള രണ്ട് സേനാവ്യൂഹങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഹ്രസ്വരൂപമാണ് ചതുരംഗം.ഭാരതത്തിൽ നിന്നും കരയും കടലും താണ്ടി ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചതുരംഗം റഷ്യയിലും യൂറോപ്പിലും ചെന്നെത്തി. കരുക്കൾക്കും കരുനീക്കങ്ങൾക്കും ക്രമേണ മാറ്റങ്ങൾ വരുത്തപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടായതോടെ ചതുരംഗത്തിന്റെ സ്ഥാനത്ത് ആധുനിക ചെസ്സ് സ്ഥാപിതമായി.

യുദ്ധത്തിൻറെ ഹ്രസ്വരൂപമാണ് ചെസ്സ്. രണ്ട് സേനാവ്യൂഹങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ചെസ്സ്. യുദ്ധതന്ത്രത്തിലെ സാമർത്ഥ്യം ഉപയോഗിച്ച് എതിരാളിയുടെ കിങ്ങിനെ കീഴ്പെടുത്തുക എന്നതാണ് ചെസ്സിലെ യുദ്ധമുറയുടെ ആത്യന്തികലക്ഷ്യം.രണ്ട് പേർ തമ്മിൽ കളിക്കുന്ന കളിയാണ് ചെസ്സ്- വെളുപ്പ് കരുക്കളെടുത്ത ഒരു കളിക്കാരൻ/ കളിക്കാരി കറുപ്പ് കരുക്കളെടുത്ത് കളിക്കുന്ന കളിക്കാരൻ/ കളിക്കാരിക്കെതിരെ കളിക്കുന്നു. ആദ്യം വെളുപ്പിന്റെ നീക്കം , അടുത്തത് കറുപ്പിൻറെ , വീണ്ടും വെളുപ്പ്, വീണ്ടും കറുപ്പ് - അങ്ങനെ ഒന്നിടവിട്ട് നീക്കങ്ങൾ നടത്തിയാണ് കളി മുന്നോട്ട് നീങ്ങുക.

"https://schoolwiki.in/index.php?title=ചെസ്&oldid=2514510" എന്ന താളിൽനിന്ന് ശേഖരിച്ചത്