ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയവും ഒളിമങ്ങാത്ത ഓർമ്മകളും
ഓ‌മ്മക്കുറിപ്പ് തയ്യാറാക്കിയത്:രസ്ന ഷൈബു

എന്റെ വിദ്യാലയത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് കൂട്ടുകാരോടൊപ്പം കഥകളും തമാശകളും പറഞ്ഞു ചൂടോടെ രുചിച്ചു കഴിച്ചിരുന്ന ഉച്ചക്കത്തെ കഞ്ഞിയും ചെറു പയറും ആണ്. ഇടയ്ക്കൊക്കെ ആ രുചി എന്റെ നാവിൽ വരാറുണ്ട്. പ്യൂൺ വാസുവേട്ടനെയും കോരേട്ടനെയും ഞാനിന്നും ഓർക്കുന്നു. കഞ്ഞി വിളമ്പുന്നതിന് അവർ സഹായിക്കാറുണ്ട്. സ്കൂൾ വരാന്തയിൽ നിരനിരയായാണ് ഞങ്ങൾ ഇരുന്നിരുന്നത്. ഒന്നാംതരത്തിൽ എന്നെ പഠിപ്പിച്ച ദാമോദരൻ മാഷേ ഞാൻ എന്നും ഓർക്കാറുണ്ട്. അന്ന് മാഷ് ഉടുപ്പിന്റെ വള്ളിയൊക്കെ കെട്ടിത്തരും. കുഞ്ഞ് കമ്പു കൊണ്ട് പത്തിന്റെയും നൂറിന്റെയും കെട്ടുകൾ ഉണ്ടാക്കി അത് എണ്ണിത്തിട്ടപ്പെടുത്തിയതും, ആംഗ്യപ്പാട്ടുകൾ പാടി ഞങ്ങളെ രസിപ്പിച്ചതും ഞാനിന്നും ഓർക്കുന്നു. മൂന്നിലും നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോൾ എനിക്ക് ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു അന്നൊക്കെ നോട്ടിൽ ചിത്രങ്ങൾ വരച്ച് കഥ പറയുമായിരുന്നു. പിന്നെ ബോക്സ് ഉപയോഗിച്ചും കഥ പറയുമായിരുന്നു. ഇടവേളകളിൽ അയൽ വീട്ടിലെ പുളിമരത്തിന്റെ ചുവട്ടിൽ പോയി പുളി പെറുക്കിയിരുന്നു അന്ന് ഇന്നത്തെപ്പോലെ ടെലിഫോൺ ഒന്നും കുട്ടികൾ ഉപയോഗിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാൻ ആർക്കും മടിയൊന്നും ഇല്ലായിരുന്നു. അന്നൊക്കെ ഞങ്ങൾക്ക് ചിത്രരചന ക്ലാസ് ഒരു പിരീഡ് ആയിരുന്നു. ചൊട്ട കുറി മാഷ് എന്നു വിളിക്കുന്ന കണ്ണൻ മാഷ് ആയിരുന്നു ഞങ്ങളുടെ ചിത്രം വര മാഷ്. പ്രീതി ടീച്ചർ, ആനീസ് ടീച്ചർ ഇവരൊക്കെ എന്റെ ക്ലാസ് ടീച്ചർമാർ ആയിരുന്നു. ഏഴിലും എട്ടിലും പഠിക്കുമ്പോൾ പത്മകുമാരി ടീച്ചർ ആയിരുന്നു എന്റെ സാമൂഹ്യം ടീച്ചർ.ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ മാഷുടെ ഭാര്യ. ചില അധ്യാപകരെ മനസ്സിലാകുവാൻ ചെറിയ നാരായണൻ മാഷ്,വലിയ നാരായണൻ മാഷ് എന്നിങ്ങനെ വിളിച്ചിരുന്നു. എല്ലാം ഒരു ഓർമ്മ..ഗണിതം എടുത്ത സേതുമാഷിനെയും ഓർക്കുന്നു. സൗമിനി ടീച്ചർ ജാനകി ടീച്ചർ ഇവരായിരുന്നു ഹിന്ദി എടുത്തിരുന്നത്.അന്നൊക്കെ നല്ല രസമായിരുന്നു.

ഞങ്ങൾക്ക് ആംഗലേയം പഠിപ്പിച്ചിരുന്നത് ദിനപ്രഭ ടീച്ചർ ആയിരുന്നു ടീച്ചർ എനിക്ക് വലിയ പ്രചോദനമായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ആംഗലേയഭാഷ വലിയ ഇഷ്ടമായിരുന്നു.ഇപ്പോൾ ആംഗലേയ ഭാഷയിൽ ബിരുദാനന്തര ബിരുദം എടുത്ത് ടീച്ചറാകുവാൻ എനിക്ക് സാധിച്ചു.അന്നൊക്കെ സ്പോർട്സിൽ വിളിച്ചു പറയുന്നത് ദിനപ്രഭ ടീച്ചർ ആയിരുന്നു. നല്ല ഗാംഭീര്യമുള്ള ശബ്ദമായിരുന്നു ടീച്ചറുടെത്. ഇടക്കൊക്കെ സമരം വരുമ്പോൾ വലിയ ഉത്സാഹമാണ് ഹൈസ്കൂൾ ആയപ്പോഴേക്കും എല്ലാവരും പഠനത്തിൽ നന്നായി ശ്രദ്ധിക്കാൻ തുടങ്ങി.

അന്ന് സ്റ്റഡി സെന്റർ എന്ന ട്യൂഷൻ സെന്ററിലായിരുന്നു ട്യൂഷന് പോയിരുന്നത്. പറയാതെ വയ്യ അന്നത്തെ അടിയുടെ ചൂടും അങ്ങനെ കിട്ടിയ നല്ല മാർക്കും ഇന്നും മനസ്സിൽ മായാതെ ഉണ്ട് വീണ്ടും ആ കാലം മോഹിച്ചു പോകുന്നു മനസ്സ് പലപ്പോഴും ആ പഴയ കാലത്തേക്ക് ചേക്കേറാറുണ്ട്. അങ്ങനെ ഇപ്പോൾ കുടുംബവും കുട്ടികളും ഒക്കെയായി. പഠിച്ച സ്കൂളിൽ തന്നെ മകനെ പഠിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു ഇപ്പോൾ സ്കൂളും മതിലും ഗേറ്റും എല്ലാം മാറിപ്പോയി. പേരിൽ പോലും ആ മാറ്റം കാണാം...

ഗുരു ചന്തു പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഏറെ കുട്ടികൾ ഉയർന്ന മാർക്കോടെ ജയിച്ചുവന്ന ഒരു പാരമ്പര്യം നമ്മുടെ സ്കൂളിന് എന്നും ഒരു മുതൽക്കൂട്ടാണ്. അതുകൊണ്ടാണല്ലോ സ്കൂളിലെ മരങ്ങളുടെ ഇളം കാറ്റേൽക്കുവാനും ആ നല്ല കാലം വീണ്ടും ഓർമ്മിച്ചെടുക്കുവാനും എന്റെ മകനോടൊപ്പം എനിക്ക് വീണ്ടും വരാൻ കഴിഞ്ഞത്.എന്റെ വിദ്യാലയം എന്നും ഒളിമങ്ങാത്ത കുറെ ഓർമ്മകൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.