അമ്മക്കിളി

രാവിലെ എഴുന്നേറ്റു പതിവുപോലെ അമ്മു ഫോണിൽ തോണ്ട് തുടങ്ങി. കൂട്ടുകാരുമായി ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഭയാനകമായ ശബ്ദം കേട്ടത്. അമ്മു ഫോൺ താഴെയിട്ടു പുറത്തേക്കു ഓടിവന്നു നോക്കുമ്പോൾ വീടിന്റെ പുറകിൽ തല പോയി നിന്ന അടയ്ക്കാമരം അച്ഛൻ വെട്ടി താഴെയിട്ടതാണ്. അതിൽ ഒരു ഓട്ട അവൾ കണ്ടു. അവൾ അതിലേക്കു ശ്രദ്ധിച്ചു നോക്കി. അതിന്റെ അകത്തു നീല നിറമുള്ള 5 കുഞ്ഞി മുട്ടകൾ. അടുത്ത മരത്തിൽ ഒരു മൈന ഇരുന്നു ഉച്ചത്തിൽ ചിലയ്ക്കുന്നു. അത് കണ്ടപ്പോൾ അവൾക്കു സങ്കടം തോന്നി. അവൾ അച്ഛനോട് ചോദിച്ചു " അച്ഛൻ മരം വെട്ടിയത് കൊണ്ടല്ലേ ആ കിളിയുടെ കൂട് പോയത് ". ഇപ്പോൾ വെട്ടിയില്ലെങ്കിൽ അത് നമ്മുടെ വീടിന്റെ മുകളിലേക്കു മറിഞ്ഞു വീണേനെ എന്ന് അച്ഛൻ പറഞ്ഞു. നമ്മുടെ വീട് പോലെ തന്നെയല്ലേ ആ കിളിക്കു അതിന്റെ വീടും അവൾ മനസ്സിലോർത്തു. ഇനി മുതൽ ഒരു മരവും മുറിക്കില്ല എന്ന് അവൾ അച്ഛനെ കൊണ്ട് സത്യം ചെയ്യിച്ചു. അന്ന് അവളുടെ സ്വപ്നത്തിൽ അമ്മക്കിളി ചിലച്ചു കൊണ്ടേയിരുന്നു. പിറ്റേ ദിവസം അമ്മക്കിളിയുടെ കരച്ചിൽ കേട്ടു കൊണ്ടാണ് അമ്മു ഉണർന്നത്. അവൾ എല്ലാ ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിച്ചു. എല്ലാം വളരട്ടെ, അമ്മകിളിക്ക് കൂട്‌ വയ്ക്കാമല്ലോ.........

അന്നുമുതൽ അവൾ കിളികളുടെ പാട്ട് ശ്രദ്ധിക്കാനും ചെടികൾ പരിപാലിക്കാനും തുടങ്ങി. നമ്മൾ ശ്രദ്ധിച്ചാലെ ചെടികൾ വളരൂ എന്നും ചെടികളും മരങ്ങളും ഉണ്ടെങ്കിലേ കിളികൾക്ക് ജീവിക്കാൻ ആകൂ എന്നും അവൾ മനസിലാക്കിയിരുന്നു. ഇപ്പോൾ അവൾക്ക് ഫോണിൽ കളിക്കാൻ സമയം കിട്ടാറേയില്ല.



അഞ്ജനാ അനിൽ
5 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ