ഗവ യു പി എസ് മാതശ്ശേരിക്കോണം/കേരളമേട് ശിരുവാണി

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. മണ്ണാര്‍ക്കാട്ടു നിന്ന് പത്തു കിലോമീറ്റര്‍ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടിയില്‍ നിന്നും പാലക്കയം വഴി 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാമിലെത്താം.ഡാമിലേക്കുള്ള സവാരിയും കൊടുംവനത്തിനുള്ളിലെ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ വിനോദം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്കു കടന്നുപോകാം. സര്‍ക്കാര്‍ വാഹനത്തില്‍ ഒരാള്‍ക്ക് 230 രൂപയും സ്വകാര്യ വാഹനത്തില്‍ 500 രൂപയുമാണ് ചാര്‍ജ്. ഗൈഡ് ഫീസ് വേറെയും. മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്‌നാട് അതിര്‍ത്തിയില്‍ യാത്ര അവസാനിക്കും. പിന്നെ മലമുകളിലേക്കുള്ള കയറ്റമാണ്. മഴയുണ്ടെങ്കില്‍ കൂടെ ഉപ്പ് കൊണ്ടുപോകാന്‍ മറക്കരുത്.

ബംഗ്ലാവിലെ താമസം

എം.എല്‍.എ, മന്ത്രി, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ ഇവരുടെ സമ്മതത്തോടെ മാത്രമേ പട്യാര്‍ ബംഗ്ലാവിലെ താമസം അനുവദിക്കൂ. ഒരാള്‍ക്ക് 600 രൂപയാണ്. വൈകിട്ട് നാലിനു മുന്‍പായെത്തണം. ഇരുട്ടായാല്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങാന്‍ സാധ്യതയുണ്ട്.രണ്ടു റൂമുകളുള്ള ബംഗ്ലാവില്‍ ഒരു റൂമില്‍ അഞ്ചു പേര്‍ക്കു താമസിക്കാം. കിച്ചണും കുക്കും ഇവിടെയുണ്ട്. പുലര്‍ച്ചെ അഞ്ചിനു എണീക്കണം… എന്നാലെ കാടിന്റെ മനോഹരദൃശ്യം കാണാന്‍ കഴിയൂ. കാടിന്റെ ഏകദേശ ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്നു കാണാം. കേരളത്തിലെ മറ്റു വന്യജീവി വനത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്. ഭീതിയുടെ മുഖംമൂടി ഉണ്ടെങ്കിലും ശിരുവാണി യാത്ര ആനന്ദകരമാണ്.

ഡാമിന്റെ നിര്‍മാണം

ശിരുവാണി ഡാമിന്റെ നിര്‍മാണം തുടങ്ങിയത് 1927ല്‍ ആണ്. പക്ഷേ, ഭൂമിയുടെ കിടപ്പും വന്യമൃഗങ്ങളുടെ ശല്യവും നിര്‍മാണത്തിനു കനത്ത വെല്ലുവിളി ആയിരുന്നു. തൊഴിലാളികളെ ഇരുട്ടുപാളത്തു താമസിപ്പിച്ചാണ് നിര്‍മാണം നടത്തിയത്. ഡാമിന്റെ പണിക്ക് അവര്‍ കുതിരപ്പുറത്തു പോകുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റിക്കാരും ഒപ്പമുണ്ടായിരുന്നു. വെറും 23 അടി മാത്രം ഉയരമുള്ള ഡാം അന്ന് ഉണ്ടാക്കിയത് 2,17,725 രൂപയ്ക്കാണ്. പിന്നീട് 1973ല്‍ കേരള-തമിഴ്‌നാട് ഗവണ്മന്റുകള്‍ തമ്മിലുള്ള ധാരണ പ്രകാരം ആണ് ഡാം ഇപ്രകാരം പണി കഴിപ്പിച്ചത്. ഇന്നിതിന്റെ ഉയരം 57 മീറ്റര്‍ ആണ്. നീളം 224 മീറ്ററും. ചെറുതും വലുതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 1984 വരെയും തുടര്‍ന്നു. കേരളത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാടാണ്.

മുത്തികുളം വെള്ളച്ചാട്ടം

പാട്യാര്‍ പിന്നിട്ട് ഏകദേശം18 കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍, മുത്തികുളം വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം കാണാം. മുത്തിക്കുളമാണ് പ്രദേശത്തെ വലിയ വെള്ളച്ചാട്ടം. അടുത്തടുത്തായി ധാരാളം കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും കാണാം.വിദൂരത്തായി കരിമലയുടെ ദൃശ്യം. നിഗൂഢമായ ഒട്ടനവധി രഹസ്യങ്ങള്‍ പേറുന്നു ഈ വനഭൂമി. കാഴ്ചയില്‍ തന്നെ ഒരു രൗദ്രഭാവമാണ് കരിമലയ്ക്ക്. രണ്ടാം ലോക മഹായുദ്ധ കാലത്തു ജര്‍മനിയുടെ ഒരു ആയുധ വിമാനം ഈ വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു എന്നു പറയപ്പെടുന്നു. അവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ആദിവാസികള്‍ക്കു മാത്രമാണ് വനത്തിന്റെ ഉള്‍ഭാഗത്തേക്കു കടക്കാന്‍ അനുവാദമുള്ളത്..


തമിഴ്‌നാട്ടിലേക്ക്

ബംഗ്ലാവില്‍ നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ കൂടി ചെന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കേരളമേടിലെത്തും. അതിര്‍ത്തിക്കിരുവശവും ഓരോ ചെക്‌പോസ്റ്റുണ്ട്. കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികള്‍ രാത്രികാലങ്ങളില്‍ ചെക്‌പോസ്റ്റിനടുത്തു വരുന്നത് പതിവാണ്. തമിഴ്‌നാട് ചെക്‌പോസ്റ്റിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം കാണാം.പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും പട്യാര്‍ ബംഗ്ലാവില്‍ ഒരു ദിവസമെങ്കിലും താമസിക്കണം, അത്രയ്ക്കു മനോഹരമാണ്. വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല. പ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകള്‍ കാണാം. ശിരുവാണി ട്രക്കിങ്ങിന്റെ സുഖം അനുഭവിച്ചറിയണം… യാത്രയുടെ ഓരോ നിമിഷവും ഓര്‍മയിലേക്കു വരുമ്പോള്‍ ഒന്നുകൂടി പോകാന്‍ തോന്നും.