ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്..

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്..

ആധുനിക ലോകം ഇന്ന് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന് ജീവിത ശൈലി രോഗങ്ങളാണ്. മനുഷ്യൻ്റെ ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ആണ് ജീവനു തന്നെ ഭീഷണിയായി മാറിയ ഇത്തരം രോഗങ്ങൾക്കു കാരണം. അനാരോഗ്യകരമായ ജീവിത ചുറ്റുപാട് ക്ഷണിച്ചു വരുത്തിയ രോഗങ്ങളാണിവ. ഭക്ഷണ ശീലത്തിലുള്ള മാറ്റങ്ങൾ, വ്യായാമമില്ലായ്മ, മാനസിക സംഘർഷം, മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. മനുഷ്യൻ്റെ ആഡംബരങ്ങളോടൊപ്പം അവൻ്റെ ആർത്തിയും മനുഷ്യനും വരും തലമുറക്കും വെല്ലുവിളിയായി മാറും. തിരക്കുപിടിച്ച ജീവിതം നയിക്കുമ്പോൾ തങ്ങളുടെ ആയുസ് കുറയുകയാണെന്ന തിരിച്ചറിവ് ആരിലും ഉണ്ടാകാതെ പോകുന്നത് സങ്കടകരമാണ്. ഈ അവസ്ഥയെ നിയന്ത്രിക്കാനും മനുഷ്യൻ്റെ ജീവിതരീതി മാറ്റാനും ശ്രമിക്കേണ്ടതാണ്.     ആധുനിക കാലഘട്ടത്തിൽ അടിക്കടി വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ ആണ് പ്രമേഹം, ആസ്തമ, കൊളസ്ട്രോൾ, ക്യാൻസർ, അൾസർ, മാസസിക പിരിമുറുക്കം തുടങ്ങിയവ. മരണത്തിനു വരെ  കാരണമാകുന്ന ഇത്തരം രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കയാണ്. ഇന്ന് രോഗങ്ങളില്ലാത്ത ഒരാളെപ്പോലും കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ് ആധുനിക ലോകത്ത് സാങ്കേതിക വിദ്യയുടെ വളർച്ചവർദ്ധിക്കുകയാണെങ്കിലും രോഗങ്ങളുടെ വർച്ചക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. അതിൻ്റെ തെളിവാണ് ക്രമരഹിതമായ ജീവിത ശൈലി പിന്തുടരുന്ന ഒരാൾ വളരെ ചെറുപ്പത്തിലെ രോഗിയാകുന്നതും മരണത്തിലേക്ക് പോകേണ്ടി വരുന്നതും. ജീവിതത്തിലെ മാനസിക സംഘർഷങ്ങളും സമയക്കുറവും, ഫാസ്റ്റ്ഫുഡും എല്ലാം ഇതിനു കാരണമാകുന്നു. സമയക്കുറവ് ഫാസ്റ്റ്ഫുഡ് സമയക്കുറവിലേക്ക് നയിക്കുന്നു. ആ രുചിക്കൂട്ട് വേറെ ചില ശീലങ്ങളിലേക്ക് കൊണ്ടു പോകും. ആ ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ കവർന്നെടുക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകിയിരിക്കും. ഈ രാസവസ്തുക്കൾ ക്യാൻസർ പോലുള്ള മാരക രോഗം സൃഷ്ടിക്കാൻ ഇടയാക്കും. മനുഷ്യൻ്റെ സന്തോഷകരമായ ജീവിതം നശിക്കാൻ ഇത്തരം രോഗങ്ങൾ കാരണമാകും. രോഗം പിടിപെട്ടതിനു ശേഷമായിരിക്കും നാം അതിനെ കുറിച്ച് ചിന്തിക്കുക .കുടുംബാംഗങ്ങളിൽ ഒരാൾക്കുണ്ടാകുന്ന രോഗം കുടുബത്തെ മാനസികമായി തളർത്തും.   , ആധുനിക കാലത്താണ് ക്യാൻസർ വ്യാപകമായി കാണാൻ തുടങ്ങിയത്.അതിനു കാരണം മാറി മറിഞ്ഞ ജീവിത ശൈലികളാണ്. പുരാതന കാലത്ത് ജീവിത ശൈലി രോഗങ്ങൾ അപൂർവ്വമായിരുന്നു.പ്രകൃതിദത്തമായ ഭക്ഷണവും പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതവുമായിരുന്നു ആ കാലഘട്ടത്തിലെ ജനങ്ങൾ നയിച്ചിരുന്നത്. എല്ലാവരും അധ്വാനിക്കുകയും ഗാർഹിക കാർഷിക ജീവിതം നയിക്കുകയും ചെയ്തിരുന്നു. പ്രകൃതിയിൽ നിന്ന് എന്ന് നാം അകലാൻ തുടങ്ങിയോ രോഗങ്ങൾ നമ്മളെ പിടികൂടാനും തുടങ്ങി. മിക്സി, വാഷിംഗ് മെഷീൻ, മോഡുലർ കിച്ചൺ ഇവ വന്നതോടു കുടി ജോലി എളുപ്പമായി തീർന്നു എങ്കിലും വ്യായാമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിൽ മനുഷ്യൻ പരാജയപ്പെട്ടു. പാടത്തും പറമ്പിലും അധ്യാനിച്ചിരുന്ന മനുഷ്യൻ മണ്ണിൻ്റെ മക്കളായിരുന്നു. ആധുനിക കൃഷിരീതി അവനെ മണ്ണിൽ നിന്നും അകറ്റി. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യൻ എയർ കണ്ടീഷണറിന് ഉള്ളിലേക്ക് വലിഞ്ഞപ്പോൾ പ്രകൃതിദത്തമായ അവൻ്റെ പ്രതിരോധ ശക്തി നഷ്ടപ്പെട്ടു. ഇന്ന് ആശുപത്രികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരികയാണ് ഒപ്പം രോഗികളും.      ആരോഗ്യകരമായ ഒരു ജനതയെ സൃഷ്ടിക്കണമെങ്കിൽ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് സമൂഹം മുക്തി നേടിയേ പറ്റൂ. ചിട്ടയായ വ്യായാമം കൃത്യമായ ദിനചര്യാ പാലനം, ശരിയായ ഭക്ഷണ രീതി, യോഗ തുടങ്ങിയവ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റണം. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ലഹരിപാനീയങ്ങളും മരുന്നും ഉപേക്ഷിക്കണം.ക്രമരഹിതമായ ജീവിത ശൈലികൾ ഉപേക്ഷിക്കുക വഴി നമ്മുടെ ജീവിതം ആരോഗ്യകരമായി തീർക്കുവാൻ കഴിയും.ആരോഗ്യമുള്ള  ഒരു ജനതയെ വാർത്തെടുത്തെങ്കിൽ മാത്രമേ ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ നമുക്കു കഴിയൂ...

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം