ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ ജയമുത്തിപ്പീടിക നിർവഹിച്ചു.പ്രിൻസിപ്പൽ ഷേർളി ടീച്ചർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ജീവൻ കുമാർ അധ്യക്ഷ പ്രസംഗം നടത്തി.നവാഗതരായ കുട്ടികളെ അക്ഷരദീപം നൽകി സ്കൂളിലേക്കാനയിച്ചു.റിട്ട.അധ്യാപിക കൊച്ചുത്രേസ്യ ടീച്ചറാണ് അക്ഷരദീപം പകർന്ന് നൽകിയത്.പൂർവ്വ അധ്യാപകൻ പോൾ മാസ്റ്റർ അക്ഷര കിരീടം അണിയിച്ചു.സൗജന്യ യൂണിഫോം വിതരണം വാർഡ് കൗൺസിലർ സുരേഷിണി സുരേഷ് നിർവ്വഹിച്ചു.2001 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി.99 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന് 50 കസേരകളും കുട്ടികൾക്ക് മധുര പലഹാരവും നൽകി.പാഠപുസ്തക വിതരണം മുൻ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്ക് സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ സംഭാവന നൽകി. എച്ച്. എം ഇൻ ചാർജ് ബിന്ദു ടീച്ചർ പുസ്തകം ഏറ്റ് വാങ്ങി. പ്രവേശന ഗാനം ആലപിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.മുഖ്യമന്ത്രിയുടെ കത്ത് എല്ലാ കുട്ടികൾക്കും നൽകി.സദ്യയോട് കൂടി എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി.എ ഇ ഒ ജയശ്രീ ടീച്ചർ ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

കവിതയുടെയും കഥയുടേയും മായാലോക കാഴ്ചകളിൽ വിസ്മയം പൂണ്ട്...

വായന പക്ഷത്തോടനുബന്ധിച്ച് കുട്ടികളുമായി സംവദിക്കാനെത്തിയത് പ്രശസ്ത ബാലസാഹിത്യകാരനും പുലരി ചിൽഡ്രൻസ് വേൾഡ് സെക്രട്ടറിയുമായ സി.ആർ ദാസാണ്. കുട്ടികളോടൊത്ത് ആടിയും പാടിയും കുട്ടികളുടെ മനം കവർന്ന് ,അവർക്കിടയിലെ മറ്റൊരു കുട്ടിയായി മാറി അദ്ദേഹം.കുട്ടികളുടെ ഭാവനാ ലോകം ഉണർത്തി അവരെ അന്യഗ്രഹ യാത്ര നടത്തി അദ്ദേഹം. വായനയുടെ വിവിധ രീതികൾ അദ്ദേഹം പരിചയപ്പെടുത്തി.ഇ വായനയുടെ സാധ്യതകൾ പരിചയപ്പെടുത്തി. കുട്ടികൾ അവർ പോലുമറിയാതെ വായനാ പ്രക്രിയയിൽ പങ്കു ചേർന്നു.ലോ കോളേജ് വിദ്യാർത്ഥിയായ അശ്വതിയും കുട്ടിക്കഥകൾ പറഞ്ഞ് കുട്ടികളുടെ മനസ്സിൽ ഇടം നേടി. കഥ പറച്ചിലിനിടയിൽ കുട്ടികളോട് ചോദ്യം ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് പുസ്തക പ്രദർശനം നടത്തി പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക മോളി സി.വി സ്വാഗതം പറഞ്ഞു. ചെറിയാൻ ഇ ജോർജ് ആശംസ പറഞ്ഞു. സീനിയർ ടീച്ചർ സംഗീത സി.ഡി നന്ദി പറഞ്ഞു.വിദ്യാരംഗം കൺവീനർ മരിയ ടി.എസ് മലയാളം അധ്യാപകരായ രേണുക കെ എം ,പ്രസീദ പി.മാരാർ എന്നിവർ നേതൃത്ത്വം കൊടുത്തു വായനപക്ഷത്തിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ പുസ്തക പരിചയം വായനക്വിസ് എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തുന്നു. പ്രാദേശിക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രേറിയനുമായി അഭിമുഖ സംഭാഷണം നടത്തി.അസംബ്ലിയിൽ എല്ലാ ദിവസവും ഒരധ്യാപികയും ഒരു കുട്ടിയും പുസ്തക പരിചയം നടത്തുന്നു.

ഇംഗ്ലീഷ് വർക്ക്ഷോപ്പ്

എൽ.പി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വർക്ക്ഷോപ്പ് നടത്തി.ഇംഗ്ളീഷിൽ കവിതകൾ ചൊല്ലിയും കഥകൾ കേട്ടും ഇംഗ്ലീഷ് ഭാഷയെ അനായാസേന സ്വായത്തമാക്കുകയാണ് അഞ്ചേരിയിലെ കൊച്ചു മിടുക്കർ .തൃശൂർ സന്റ് മേരീസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗമാണ് കുട്ടികൾക്കായി ഈ വർക് ഷോപ്പ് ഒരുക്കിയത്.കുട്ടികളുടെ സ്കില്ലുകൾ. വളർത്തുന്നതിന്ന് ഏറെ സഹായകമായിരുന്നു ഈ പ്രോഗ്രാം മെമ്മറി സ്കിൽ,ലിസണിംഗ് സ്കിൽ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്.പ്രധാന അധ്യാപിക സി.വി മോളി പരിപാടികൾക്ക് നേതൃത്ത്വം നൽകി.

സംയുക്ത യോഗം

അഞ്ചേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വ അധ്യാപകർ അഭ്യൂദയ കാം ക്ഷികൾ നാട്ടുകാർ വികസന സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം നടന്നു .അഞ്ചേരി വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള ചർച്ചകൾ സജീവമായി നടന്നു.OTA,OSA എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബഷീർ ദിനം

ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ബഷീറും കഥാപാത്രങ്ങളും രംഗത്തുവന്നു. ബഷീർ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു രേണുക ടീച്ചർ ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ കൃതികളിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കുട്ടികൾ വരച്ചു. പുസ്തക പ്രദർശനം നടത്തി. കുഞ്ഞുപാത്തുമ്മയുടെ ജീവിത സന്ദർഭം ആസ്പദമാക്കിയുള്ള ഗാനത്തിന് കുട്ടികൾ നൃത്തം ചെയ്തു .സ്ലൈഡ് പ്രസന്റേഷൻ നടത്തി.

ചാന്ദ്രദിനം

ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. ചാന്ദ്ര ദൗത്യം കഴിഞ്ഞ് വിജയശ്രീ ലാളിതരായി തിരിച്ചെത്തിയ നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും പൗർണ്ണമി അമാവാസി എന്നിവയും എൽ.പി കുട്ടികൾ അവതരിപ്പിച്ചു.യു പി കുട്ടികൾ സൗരയൂഥം അവതരിപ്പിച്ചു. ഓരോ ഗ്രഹങ്ങളും സ്വയം പരിചയപ്പെടുത്തി. ചാന്ദ്രയാൻ വീഡിയോ പ്രദർശനം നടത്തി.ചാർട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.കുമാരി ദേവിക കുമാരനാശാന്റെ അമ്പിളിമാമനെ കുറിച്ചുള്ള കവിത ചൊല്ലി.വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പിടിക എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി മോളി. സി.വി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷത വഹിച്ചു .പരിപാടികൾക്ക് സോഷ്യൽ സ്റ്റഡീസ് അധ്യാപിക ശ്രീമതി.രമാദേവി നേതൃത്ത്വം നൽകി

മഹാത്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്

മഹാത്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഈ വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഈനാശു താഴ്ത്ത കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി.കുട്ടികളെ പ്രദേശമനുസരിച്ച് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

നഴ്സറി കുട്ടികൾക്ക് സമ്മാനം

അഞ്ചേരി സ്കൂളിലെ നഴ്സറി കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങളും നിറപ്പകിട്ടാർന്ന മേശകളുമായിട്ടാണ് റോട്ടറി ക്ലബ്ബ് അംഗങ്ങളെത്തിച്ചേർന്നത് . വർണ്ണചിത്രങ്ങളാൽ അലംകൃതമായ ക്ലാസ്സിന് പല നിറങ്ങളിലുള്ള കുഞ്ഞുമേശകൾ ചാരുതയേകുന്നു. കുഞ്ഞുമനസ്സുകളുടെ ഭാവനയുണർത്താൻ ചായ പുസ്തകങ്ങളും അവർ നൽകി.പ്രസിഡണ്ട് ജയന്തി നായർ, സെക്രട്ടറി രാജശേഖരൻ നായർ റോട്ടറി ക്ലബ്ബ് അംഗങ്ങളായ സി ജോ പൊന്നൂർ രാമചന്ദ്രൻ എന്നിവരാണ് സ്ക്കൂളിൽ വന്ന് സമ്മാനങ്ങൾ കൈമാറിയത്.പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.പ്രധാന അധ്യാപിക മോളി.സി.വി, പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ ,എസ് എം സി ചെയർമാൻ വി.എം ചന്ദ്രശേഖരൻ എന്നിവർ സമ്മാനം ഏറ്റ് വാങ്ങി.

മധുരം മലയാളം

ഫയർ ആൻഡ് റെസ്ക്യൂ

ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനവും അപകട സാഹചര്യങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തന രീതി കണ്ട് മനസ്സിലാക്കാനും,പ്രയോഗിച്ച് നോക്കുവാനും സാധിച്ചു.

കൗമാരദിനം

ആഗസ്ത് ഒന്ന് കൗമാരദിനമായി ആചരിച്ചു.കൗൺസലിങ്ങ് ടീച്ചർ അനു ടീച്ചർ നേതൃത്വം നൽകി.