ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/നാടോടി വിജ്ഞാനകോശം
പ്രാദേശികം
പെരിങ്ങോം എന്ന ഗ്രാമം ഒരു വലിയ കുന്നും അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒട്ടേറെ വൈവിധ്യമാർന്ന സ്ഥലങ്ങളും ചേർന്നതാണ് .പെരുങ്കുന്നിനോടു ചേർന്ന് കിടക്കുന്ന സ്ഥലം.പെരുങ്കുന്നോ൦ പെരിങ്ങോം ആയി രൂപാന്തരപ്പെട്ടു.
രോഹിണി നാളിൽ പെരിങ്ങോത്തെ മണിയാണി കുടുംബങ്ങളിലെ അച്ചിമാർ മീങ്കുളം ക്ഷേത്രത്തിൽ പോയി.നട അടച്ചിരുന്നതിനാൽ ഭക്തി പൂർവം നാമം ജപിച്ചു തിരിച്ചെത്തി.അന്ന് രാത്രി പെരുങ്കുന്നിൽ നിന്ന് ഓടക്കുഴൽ വിളി കേട്ടത്രേ.അങ്ങനെ പെരുങ്കുന്ന് കുഴൽപ്പാടി കുന്ന് ആയി
നാടൻ കളികൾ
ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയായിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പെരിങ്ങോം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പഴയ ചില നാടൻ കളികളെ പരിചയപ്പെടാം.
- ഗോട്ടികളി
ഗോലി,ഗോട്ടി എന്നൊക്കെ അറിയപ്പെടുന്ന സ്ഫടിക ഗോളം കൊണ്ടാണ് ഇതു കളിക്കുന്നത്. മൂന്ന് ചെറിയ കുഴികൾ നേർ നേർരേഖയിൽ കൃത്യമായ അളവിൽ അകലത്തിൽ ഉണ്ടാക്കിയാണ് കളിക്കുക.കുറഞ്ഞത് രണ്ടു പേർ കളിക്കു വേണം.ടീമായിട്ടും ഒറ്റതിരിഞ്ഞും രണ്ടിൽ കൂടുതൽ പേർക്കും കളിക്കാം.
- സാറ്റ് കളി
കുറേപേർ ഒന്നിച്ചു നിൽക്കുക. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുക. അയാൾ കണ്ണടച്ച് ഏതെങ്കിലും മരത്തിന്മേലോ കുറ്റിയിലോ പിടിച്ചുകൊണ്ടു നൂറു വരെ എണ്ണുന്ന സമയത്തിനുള്ളിൽ മറ്റുള്ളവർ എവിടെയെങ്കിലും ഒളിക്കുക. എണ്ണിയ ആൾ മറ്റുള്ളവരെ ക ണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീടു എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ച ആൾ, എണ്ണിയ ആൾ മരത്തിൽ തൊടുന്നതിനു മുൻപ് വന്നു മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. ഒരാൾ തൊട്ടാൽ ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.
- അം തിന്നൽ കളി
വിനോദവും വിജ്ഞാനവും ഇടകലർന്ന ധാരാളം കളികൾ നമ്മുടെ നാട്ടിൽ ഉണ്ട്.അതിലൊന്നാണു 'അം തിന്നൽ കളി'.ഈ കളി ഒരു ഭാഷാവിനോദം കൂടിയാണ്. ആദ്യം ഒരു കുട്ടിയെ നേതാവായി തിരഞ്ഞെടുക്കും.പിന്നീട് മറ്റ് കുട്ടികളെ വരിവരിയായി ഇരുത്തും.എന്നിട്ട് ഭക്ഷണസാധനങ്ങളുടെയും അല്ലാത്തവയുടെയും പേരുകൾ നേതാവ് ഇടകലർത്തി പറയും.ഭക്ഷണസാധനങ്ങളുടെ പേരു കേൾക്കുംബോൾ കുട്ടികൾ 'അം' എന്നു പറയണം.ഉദാഹരണത്തിന് 'പുട്ട്' എന്നു കേട്ടാൽ 'അം'എന്നു പറയണം.എന്നാൽ,'കല്ല്' എന്നു കേട്ടാൽ 'അം' പറയാൻ പാടില്ല.കഴിക്കാൻ കൊള്ളാത്തത്തിന്റെ പേരു കേൾക്കുംബോൾ 'അം' എന്നു പറഞ്ഞാലും കഴിക്കാവുന്നവയുടെ പേരു കേൾക്കുംബോൾ 'അം' എന്നു പറയാതിരുന്നാലും കളിയിൽ നിന്നും പറത്താകും.ഇതിനോട് സാമ്യമുള്ള മറ്റൊരു കളിയാണ് 'പക്ഷിപറക്കൽ കളി '.കുട്ടികളെ വരിവരിയായി ഇരുത്തിയത്തിന് ശേഷം ലീഡർ ഓരോ ജീവികളുടെ പേര് പറയുന്നു ,പേരിനൊപ്പം 'പറ പറ 'എന്നും പറയുന്നു .പറക്കുന്ന ജീവിയുടെ പേരാണ് പറയുന്നതെങ്കിൽ കുട്ടികൾ പക്ഷിപറക്കുനതുപോലെ രണ്ടു കൈകളുമുയർത്തി ചിറകുപോലെ വീശണം.എന്നാൽ പറക്കാത്തവയുടെ പേര് പറയുമ്പോൾ അനങ്ങുന്നവർ കളിയിൽ നിന്ന് പുറത്താകും .ലിഡർ പറയുന്നതിന്റെ വേഗം കൂട്ടുബോഴാണ് കളിയുടെ രസം കൂടുന്നത് .
- തലയിൽ തൊടീൽ
വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണിത്. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്.തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം.
- കുഴിപ്പന്തുകളി
തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. കളിക്കുന്നവർ എല്ലാവര്ക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുക. കുഴികളുടെ രണ്ടു അറ്റത്തായി രണ്ടുപേർ നിൽക്കുക. ബാക്കിയുള്ളവർ കുഴിക്കു ചുറ്റുമായി നിൽക്കുക. രണ്ടു അറ്റത്തു നിൽക്കുന്നവർ കുഴിക്കുമീതെ പന്ത് ഉരുട്ടുക. ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത്, അയാൾ പന്തെടുത്തു മറ്റുള്ളവരെ എറിയുക. ഏറു കൊണ്ടയാൾ അതെടുത്തു വേറൊരാളെ എറിയുക. ഏറു കൊണ്ടില്ലെങ്കിൽ അയാളുടെ കുഴിയിൽ ഒരു ചെറിയ കല്ല് ഇടുക. വീണ്ടും കുഴിക്കുമീതെ പന്ത് ഉരുട്ടി കളി തുടരുക. ആരുടെ കുഴിയിൽ അഞ്ചു കല്ല് ആകുന്നുവോ അയാൾ കളിയിൽ നിന്നും പുറത്താവും. ഇങ്ങനെ കളി തുടരാവുന്നതാണ്. കുഴിക്കുമീതെ പന്ത് ഉരുട്ടുമ്പോൾ മറ്റുള്ളവരുടെ കുഴിയിൽ പന്ത് വീഴിക്കാൻ തക്കവണ്ണം ഉരുട്ടി കളി രസകരമാക്കാവുന്നതാണ്.
- ഡപ്പോ കളി
ഒരുതരം പന്തെറിഞ്ഞു കളിയാണ് ഡപ്പോകളി. തെക്കൻ കേരളത്തിൽ ചില ഭാഗത്ത് കട്ടപ്പന്തുകളിയെന്നും ഈ പന്തുകളി അറിയപ്പെടുന്നു.കുട്ടികൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത് .കളിക്കളത്തിൽ എട്ടോ പത്തോ ഇഷ്ടികക്കഷണങ്ങൾ മേല്ക്കുമേൽ വയ്ക്കും .'ഡപ്പോ'എന്നാണിത്തിനു പറയുക .ഒരു ടീമിലെ കുട്ടി കുറച്ചകലെ നിന്ന് ഡപ്പോയ്ക്ക് നേരെ പന്തെറിയും .ആ എരിൽ ഡപ്പൊ വീണില്ലെങ്കിൽ അതെ ടീമിലെ മറ്റൊരു കുട്ടിയെറിയണം .ഡപ്പോ വീഴ്ത്തിയ ടീമിലെ കുട്ടികളെ മറുപക്ഷത്തുള്ളവർ പന്തുകൊണ്ട് ഏറിയും .മുട്ടിനുതഴേയൊ കഴുത്തിനു മുകളിലോ എരിയരുത് എന്നാണ് നിയമം .പുറംഭാഗത്താണ് എറിയേണ്ടത്ത് .ഡപ്പോ വീഴ്ത്തിയവർ ഏറു കൊള്ളാതെ ഡപ്പോ നേരെ വയ്ക്കാൻ നോക്കണം .മറുപക്ഷക്കാർ എറിയുന്ന പന്ത് അവർ ചിലപ്പോൾ തട്ടി അകലേക്ക് കൊണ്ടുപോകും അപ്പോൾ ആ ടീമിലെ ഒരു കുട്ടിക്ക് ചെന്ന് ഡപ്പോ നേരെ വയ്ക്കാവുന്നതാണ് .ഇങ്ങനെ ഏറു കൊള്ളാതെ ഡപ്പോ വച്ചുകഴിഞ്ഞാൽ അവർ 'ഡപ്പോ' എന്ന് വിളിച്ച് പറയും .അപ്പോൾ ആ വിഭാഗക്കാർക്ക് ഒരു 'ഡപ്പോ' ആയി .അടുത്ത തവണ, മറ്റേ ടീമംഗങ്ങൾ ഡപ്പോ വീഴ്ത്തും .കളി തീരുമ്പോൾ കൂടുതൽ ഡപ്പോ വച്ചവർക്കാണ് വിജയം .
വാമൊഴിയുടെ സൗന്ദര്യം
ആട-അവിടെ
ഈട-ഇവിടെ
എറയം-വരാന്ത
ഏട്ടി-ഏടത്തി
ഓട്ത്തു-എവിടെ
ഓൻ-അവൻ
ഓൾ-അവൾ,ഭാര്യ
ഓറ്-അദ്ദേഹം
കലമ്പൽ-വഴക്ക് കൂടൽ
കാളൽ-കരച്ചിൽ
ജോറ്-ഉഷാറ്
ഞായം-ന്യായം
തൊള്ള-തൊണ്ട
പിഞ്ഞാണം-പാത്രം
മീട്-മുഖം
മുപ്പട്ടേ-മുമ്പേ
മോങ്ങൽ-വെറുതെ കരയൽ
മോന്ത-മുഖം
മോന്തി-സന്ധ്യ
പാങ്ങ്-വൃത്തി
ബെഡ്ക്കൂസ്-മണ്ടൻ
വീക്കുക-അടിക്കുക