ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് പി സി കേഡറ്റുകൾ

വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി ). 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

മൈ ട്രീ

എന്റെ മരം

കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “MY TREE”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു.

ശുഭയാത്ര

ശുഭയാത്ര

എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു

മാലിന്യ നിർമ്മാർജ്ജനം

മാലിന്യനിർമ്മാർജ്ജനം

എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു.

കാരുണ്യം

കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു.

നിയമാവബോധം

നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി.

ടോട്ടൽ ഹെൽത്ത്

കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ‍, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു.

ദൃശ്യപാഠം

ദൃശ്യപാഠം ഉദ്ഘാടനം

ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു.

ബാന്റ് പരിശീലനം

ബാന്റ് സെറ്റ്

എസ്. പി. സി കുട്ടികൾക്കായി 2014-15 വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്.

ക്യാമ്പുകൾ

എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

1 ഓണം ക്യാമ്പ്

ഓണം ക്യാമ്പ്

2017 ലെ ഓണം ക്യാമ്പ് സെപ്തംമ്പർ 7,8,9 തിയ്യതികളിൽ നടന്നു. വാർഡമ മെമ്പർ എം. കെ. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ ഫോറസ്റ്റ് എക്സൈസ്, ട്രാഫിക്, ഫയർഫോഴ്സ് വകുപ്പുകളിൽ നിന്നുള്ള പ്രഗത്ഭരുടെ ക്ലാസുകളും പോലീസ് പരിശിലകരുടെ നേതൃത്വത്തിവുള്ള പരേഡ് പി. റ്റി. എന്നിവയും നടന്നു.

2 പ്രകൃതി പഠന ക്യാമ്പ്

പ്രകൃതി പഠന ക്യാമ്പ്

2017 നവംമ്പർ, 15,16,17 തിയ്യതികളിലായി കല്ലുമുക്ക് ഫോറസ്റ്റു ഡിവിഷനിൽവെച്ച് കേഡറ്രുകളഅ‍ക്കായി റസിഡൻഷ്യൽ പഠനക്യാമ്പ് നടത്തി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സബകരിച്ചാണ് ക്യാമ്പ് നടത്തിയത്.

3 ക്രിസ്തുമസ് ക്യാമ്പ്

ക്രിസ്തുമസ് ക്യാമ്പ്
2017 ഡിസംമ്ബർ 27,28,29 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായ്തതു പ്രസിഡന്റ്, വാർഡുമെമ്പർ , പുൽപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ, കേണിച്ചിറ എസ്.എച്ച്.ഒ തുടങ്ങിയവരുടെ സാന്നിദ്ധ്യം ക്യാമ്പിലുണ്ടായിരുന്നു. എസ് പി സിയുടെ ആക്റ്റിവിറ്റി ഷെഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും ക്യാമ്പിൽ നടപ്പിലാക്കി.

രക്ഷ, സുരക്ഷ

നീന്തൽ പരിശീലനം

നീന്തൽ പരിശീലനം

ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. ലക്ഷ്യങ്ങൾ

  1. ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയർന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക
  2. ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുക.
  3. വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
  4. നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.

റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ

പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് ഓരോ ചുവടും സുരക്ഷയോടെ.


ഓരോ ചുവടും സുരക്ഷയോടെ.
റോഡ് സുരക്ഷാവബോധം

റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ദിവസം ഏഴായിരത്തിലധികം നിയമ ലംഘന ങ്ങൾ മോട്ടോർ വാഹന വകുപ്പ് രേഖപ്പെടുത്തു ന്നുണ്ട്. മത്സരിക്കാനുള്ളതല്ല റോഡ് എന്നു തന്നെയാണ് ഈ നിർഭാഗ്യ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്. വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലൂടെ ഒരു സുരക്ഷിത റോഡു ജീവിതം ഉണ്ടാക്കിയെടുക്കാം. വഴി യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുമൊ ക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ കൈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സഹയാത്രികർക്ക് സ്നേഹ പൂർവം

അപകടത്തിന്റെ 10കാരണങ്ങൾ

  • അലക്ഷ്യമായ ഡ്രൈവിങ് .
  • അമിത വേഗം, മത്സരയോട്ടം.
  • മദ്യപിച്ചു വാഹനമോടിക്കൽ.
  • സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ.
  • ട്രാഫിക്ക് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ അവഗണിക്കൽ.
  • തെറ്റായ വശത്തുകൂടി ഓവർടേക്ക് ചെയ്യൽ.
  • രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്യാതിരിക്കൽ.
  • മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കൽ.
  • വാഹന പെരുപ്പം.
  • റോഡുകളുടെ ശോച്യാവസ്ഥ, റോഡിൽ വേണ്ടത്ര വെളിച്ചമല്ലാത്തത്
കുട്ടികൾക്കു ചെയ്യാവുന്നത്
  1. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും അനുസരിക്കാനും കുട്ടുകാരെ പ്രേരിപ്പിക്കുക.
  2. അത്യാഹിതങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കുക.
  3. യാത്രയിൽ ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുക.
  4. സ്കൂൾ ബസ്സ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നുണ്ടെ ങ്കിൽ സ്കൂൾ അധികൃതരെ അറിയിക്കുക.
  5. പോലീസ് , ഫയർ ഫോഴ്സ് തുടങ്ങിയ അത്യാവശ്യ നമ്പറുകൾ മനഃപാഠമാക്കുക.
പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ
  • ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്.
  • ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്.
  • ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക.
  • നീങ്ങിതുടങ്ങിയ വാഹനങ്ങളിൽ ഓടിക്കയറരുത്.
  • സീറ്റുണ്ടെങ്കിൽ ഇരിക്കാതിരിക്കരുത്.
  • നിൽക്കുകയാണെങ്കിൽ കമ്പിയിൽ മുറുക്കെ പിടിക്കുക .
  • ആളുകൾ ഇറങ്ങിയ ശേഷം മാത്രം കയറുക.
  • പടിയിൽ തട്ടി വീഴാതെ ശ്രദ്ധാപ്പൂർവം ഇറങ്ങുക.
  • ഓരോ വാഹനത്തിലെയും നിയമങ്ങൾ പാലിക്കുക.
  • ശരീരഭാഗങ്ങൾ വാഹനത്തിനു പുറത്തിടാതിരിക്കുക.
  • ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക.
  • പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക .
  • വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക
നടക്കാം വലതുവശം ചേർന്ന്.

റോഡിന്റെ വലതുവശം ചേർന്നു നടക്കാം......

  • പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ ഇടതു വശത്തു കൂടിയും, മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ നമ്മുടെ വലത് വശത്തു കൂടിയും പൊയ്ക്കോളും .ശ്രദ്ധിച്ചാൽ കാൽനടക്കാർ ഒരു പരിധിവരെ സുരക്ഷിതമായിരിക്കും.
  • വരിയായി വേണം നടക്കാൻ. നിരയായി നടക്കരുത്. രണ്ടു പേരിൽ കൂടുതൽ ഒരു നിരയിൽ നടക്കരുത്.
  • രാത്രിയിൽ നടക്കുമ്പോൾ ടോർച്ച് പ്രകാശിപ്പിച്ചു നടക്കുക. ഇത് നിങ്ങൾക്ക് റോഡ് കാണാൻ മാത്രമല്ല. വാഹനങ്ങൾക്കും നിങ്ങളെ കാണാൻ കൂടിയാണ്. ടോർച്ച് ഇല്ലെങ്കിൽ വെള്ള തുവാല നിവർത്തി കയ്യിൽ പിടിക്കുക. ഇതും വാഹനങ്ങൾക്കു നിങ്ങളെ കാണാൻ സഹായിക്കും.


പത്തും പതിനഞ്ചും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്കുവേണ്ടി

ഈ പ്രായത്തിലുള്ള കുട്ടികൾക്കു റോഡ് സുരക്ഷിതമായി ഉപയോഗിക്കാൻ സ്വയം സാധിയ്ക്കും. എങ്കിലും ചില നിർദേശങ്ങൾ അവർക്കുപ്രയോജന പ്രധാനമാണ്

  • റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക എന്ന നിയമം പാലിക്കാൻ ഉപദേശിയ്ക്കുക .
  • ലളിതമായ ഭാഷയിൽ ട്രാഫിക്ക് നിയമങ്ങൾ വിവരിച്ച് കൊടുക്കുക.
  • കുട്ടികൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേ ക്കും സ്കൂളുകളിലേക്കും സുരക്ഷിതമായ വഴി കണ്ടുപിടി ക്കുക .
  • എവിടെയാണു സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയതെന്നു പറഞ്ഞുകൊടുക്കുക.
  • രാത്രിയിൽ വേഗത്തിൽ തിരിച്ചറിയാൻ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങൾ കുട്ടികൾ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • ഓരോ കാർ യാത്രയിലും ശരിയായി ക്രമീകരിച്ച സീറ്റ് ബെൽറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുക .
  • അപകടത്തിന്റെ പരിണതഫലങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിക്കുക.
  • പൊതു ഗതാഗതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
  • രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.
  • മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിർത്തുക.
  • എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്
ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുമ്പോൾ
  • നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക.
  • സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത്
  • പ്രധാന റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേകം ലെയിൻ അടയാളപ്പെടുത്തി യിടുണ്ടെങ്കിൽ അതിലെ മാത്രമേ ഓടിക്കാവു
  • ബ്രേക്ക്,ലൈറ്റ്,റിഫ്ലക്റ്ററുകൾ,ബെല്ല്,ഹോൺ, ഹെഡ് ലൈറ്റ്, ടയറിലെ കാറ്റ് എന്നിവ കാര്യക്ഷമമാണൊ എന്ന് ഓരോ സവാരിക്കു മുമ്പും പരിശോധിക്കണം.
  • റോഡിന്റെ ഇടതു വശത്തു കൂടിയെ ഓടിക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു വരിയായി മാത്രം സൈക്കിൾ ഓടിക്കണം.
അഞ്ചും പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്കു വേണ്ടി
  • റോഡിൽ നിങ്ങളുടെ കുട്ടികളെ എപ്പോഴും നിയന്ത്രി ക്കുക.
  • റോഡിലെചിഹ്നങ്ങൾ, വരകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവയെ കുറിച്ചു വിശദീകരിച്ചു കൊടുക്കുക.
  • റോഡ് മുറിച്ചുകടക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി മനസ്സിലാക്കി കൊടുക്കുക.
  • നിൽക്കുക, നോക്കുക, നടക്കുക എന്ന പ്രക്രിയ അനുസരിച്ചു കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ പഠിപ്പിക്കുക – റോഡ് വക്കിൽ നിൽക്കുക, റോഡിനിരുവശവും നോക്കുക ,വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം റോഡുമുറിച്ച് കടക്കുക.
  • സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുക.
  • പാർക്കുകൾ, കളിസ്ഥലങ്ങൾ, നടപ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുക.
  • നടന്നുവരുന്നവഴി പെട്ടന്നു പാത മുറിച്ചുകടക്കരുത്. മുറിച്ചു കടക്കേണ്ട ഭാഗത്തു റോഡിൽ നിന്ന് ഒരടി പിന്നിലായി നിൽക്കുക. എന്നിട്ട് ഇരുവശങ്ങളിലും മാറി മാറി നോക്കി വാഹനങ്ങൾ ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടക്കുക. റോഡ് മുറിച്ചുകിടക്കുമ്പോഴും ഇരു വശങ്ങ ളിലേക്കും നോക്കിക്കൊണ്ടിരിക്കണം. ഓടി കടക്കരുത്. അതുപോലെ തീരെ സാവധാനവും നടക്കരുത്.
  • നാലു വരി പാതകളിൽ ഘട്ടം ഘട്ടമായി കടക്കുക. ആദ്യം രണ്ടുവരി കടന്നു മധ്യത്തിലെത്തുക. ഇവിടെ നിന്നും വീണ്ടുംനോക്കി വാഹനം ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം അടുത്തവരി കടക്കുക
  • കുട്ടികൾ മുതിർന്നവരുടെ കൈ പിടിച്ച് വേണം കടക്കാൻ. കൂട്ടമായി റോഡ് മുറിച്ച്കടക്കുന്നതാണു സുരക്ഷിതം.
  • റോഡ് കുറുകെ കടക്കാനായി വളവുകൾ തിര ഞ്ഞെടുക്കരുത്. കയറ്റം തീരുന്ന ഭാഗത്തും മുറിച്ചു കിടക്കരുത്. ഡ്രൈവർമാർക്ക് അകലെ നിന്ന് നിങ്ങളെ കാണാനാകുന്ന സ്ഥലത്തേ മുറിച്ചുകടക്കാവൂ.
  • മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിർത്തുക.
  • എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്
  • മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് നിർത്തിയാൽ അതിന്റെ പിന്നിൽ ഇടിക്കുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ അകലം പാലിക്കണം.
  • മത്സരയോട്ടം അരുത്.
  • തിരക്കുള്ള കവലകളിലും റോഡുകളിലും സൈക്കിൾ സവാരി ഒഴിവാക്കുക.
  • പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ തൊട്ടു പിന്നി ലൂടെ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കരുത്.
  • ഇറക്കത്തിന്റെ തുടക്കത്തിലേ ബ്രേക്ക്പിടിച്ച് വേഗത കുറച്ച് ഇറങ്ങുക. കുറേ സ്പീഡ് കൂട്ടിയ ശേഷം ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് ദുർബലമാകാം .
  • ഒരു കയ്യിൽ കുട പിടിച്ച് ഒടിക്കരുത്. നിയന്ത്രണം കുറയും. കാറ്റിന്റെ ഗതി മാറുമ്പോൾ വാഹനം മറിയാൻ സാധ്യതയുണ്ട്.
  • മഴക്കാലത്ത് മഴക്കോട്ട് ഇട്ടു പതുക്കെ ഓടിക്കുക.
  • അടച്ചിട്ട റെയിൽവേ ക്രോസിന്റെ അടിയിലൂടെയോ വശത്ത് കൂടിയോ മുറിച്ച് കടന്നു പോകരുത്. റെയി ൽവേ ക്രോസിലെ ഗേറ്റ് തുറന്നശേഷം മാത്രം പാളം മുറിച്ചു കടക്കുക.
  • കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകളിൽ നിർബദ്ധമായും വാഹനം നിർത്തുക. ഇരുവശത്തു നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടന്നു പോകുക.
  • പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പിന്നിലൂടെയോ മുന്നിലൂടെയോ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന വഴിയിലൂടെ വാഹനം വരു ന്നില്ലെന്ന് ഉറപ്പാക്കുക.
  • ഏത് യാത്രയിലും മൊബൈൽ ഫോൺ സംഭാഷണ വും ഇയർഫോൺ ഉപയോഗവും പൂർണമായും ഒഴിവാ ക്കുക.
  • വശങ്ങളിലേക്ക് തിരിയുമ്പോൾ ഇന്റികേറ്ററുകളോ ആവശ്യമായ സിഗ്നലുകളോ നൽകുക.
റോഡ് മുറിച്ച്കടക്കുമ്പോൾ
  • കാൽനടക്കാർക്ക് എറ്റവുംകൂടുതൽ അപകടമു ണ്ടാകുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്. അതുകൊണ്ട് എറ്റവും ശ്രദ്ധിക്കേണ്ടതും റോഡ് കുറുകെ കടക്കുമ്പോഴാണ്.
  • സീബ്രാ വരിയിലൂടെ മാത്രം റോഡുമുറിച്ച് കടക്കുക. സീബ്രാവരിയിൽ കാൽനടക്കാർക്ക് ആണ് മുൻഗണന. ഇവർ കടന്ന് പോകുന്നതു വരെ വാഹനം കാത്ത് നിൽക്കണമെന്നാണ് നിയമം.
  • ചില ജംങ്ഷനുകളിൽ കാൽനടക്കാർക്കായി സിഗ്ന ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പച്ച തെളിയുമ്പോൾ മാത്രമേ റോഡ് കുറുകെ നടക്കാവൂ. മറ്റു ചിലയിടങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടാകും. ഇവിടങ്ങളിൽ പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം.
  • രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.

റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ

  • കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ .
  • ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ.
  • കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് .
  • പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം .
  • ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ.
  • സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം.
  • ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്
  • റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത്
  • പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ.