ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുറുപ്പാട്ടി (സ്കൂൾ വാർഷിക പതിപ്പ്)

കുട്ടികളുടെ ചുമർമാസികയായ കുറുപ്പാട്ടിയിൽ പ്രസിദ്ധീകരിച്ച രചനകളിൽനിന്നു തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറുപ്പാട്ടിയുടെ വാർഷിക പതിപ്പാണ് ഇവിടെ കാണുന്നത്


  • എഡിറ്റോറിയൽ

15047 k2.jpg


 കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങൾഎഴുതി,
ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ.
അനുഭവിച്ചതും കണ്ടതുംഎഴുതി.  ചിലത്  കവിതയായി, കഥയായി 
ചിലപ്പോൾ ചിത്രം വരച്ചും  ഞങ്ങളുടെ  ഭാവനകൾ പങ്കുവച്ചു. 
സ്വപനങ്ങൾ മാത്രമല്ല ,  സമകാലികപ്രശ്നങ്ങളും അവതരിപ്പിച്ചു.  
സ്കൂൾ ചരിത്രം അന്വേഷിക്കാൻ ഞങ്ങൾ തയ്യാറായി. 
അന്വേഷണത്തിന്റെ ഫലമായി അറിയപ്പെടാതെ പോയ 
അനേകങ്ങളുടെത്യാഗോജ്വലമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. 
ചുമർ മാസികയായി പ്രസിദ്ധീകരിച്ചതും 
അവയ്ക്കുപുറമെ
മറ്റുസൃഷ്ടികൾ കൂടി ഉൾപ്പെടുത്തിയാണ് കുറുപ്പാട്ടിയുടെ വാർഷിക പതിപ്പ് തയ്യാറാക്കിയത്. 
ഞങ്ങൾ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത്. 
ഞങ്ങളെ അടയാളപ്പെടുത്താൻ ഞങ്ങൾ കണ്ടെത്തിയ ഒരു വഴി.
വായനയ്ക്കും വിശകലനത്തിനും വിമർശനത്തിനും വിട്ടു തരുന്നു.
                                         സ്നഹത്തോടെ 
                                                നിത്യ എം എസ്. 
                                                സ്റ്റുഡന്റ് എഡിറ്റർ





നഷ്ടദിനങ്ങൾ(കവിത) 15047 k1.jpg അനുരഞ്ജിനി പി ആർ 10 ബി
ആഗ്രഹങ്ങൾക്കും വിചാരങ്ങൾക്കുമപ്പുറം ആവേശത്തിൻ
നോവുകൾമാത്രം മുട്ടിയവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ
കത്തിജ്ജ്വലിക്കാനായിരുന്നു
മനസ്സിന്റെ വെമ്പൽ.
കരിന്തിരി കത്തി അണഞ്ഞില്ല ഞാൻ
ഹതഭാഗ്യൻ.
പക്ഷേ ,
എന്റെ കാതിൽ പതിച്ചതെല്ലാം
കരുണാർദ്രമായ രോദനമായിരുന്നു.
എരിയുമെന്നാത്മാവിൽഉണർന്നതെല്ലാം
ചുടു നെടുവീർപ്പുകളായിരുന്നു.
എനിക്കെന്റെ നഷ്ടദിനങ്ങളോട്
വ്യാകുലപ്പടാതിരിക്കാനാവില്ല
നിഴലും നിലാവും
കൈകൊടുത്തു പിരിയുമ്പോൾ
അകലെ,
ഇരുട്ടുകടന്നെത്തുന്ന
ചുവന്ന പ്രഭാതരശ്മികൾക്കായി
കണ്ണിമ ചിമ്മാതെ കാത്തുനിൽക്കുമ്പോൾ
സംഗീതത്തിന്റെ മാധുര്യവും
മഴവില്ലിന്റെ ശോഭയുമുള്ള കാലം
വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ
കാത്തിരിക്കുന്നു
പുതിയ കാലത്തിനു വേണ്ടി

തീരാ നോവ് (കവിത) 15047 k5.jpg ആതിര കെ ബി 10 B

ആ കുഞ്ഞുടുപ്പുകൾ കാണവയ്യ............
ആ കൊച്ചുകരിവളകൾ കാണവയ്യ.........
പണ്ടൊരുനാളിലാ കുഞ്ഞുപാദങ്ങൾ
തഴുകിയ ചെമ്മണ്ണ് കാണവയ്യ........
നെഞ്ചോടു ചേർത്തിക്കിടത്തി ഞാൻ
പാടിയ താരാട്ടിന്നീണങ്ങളിന്നോർമ്മയില്ല.
കുഞ്ഞിത്തളകൾ കിലുക്കിക്കിലുക്കി
നടന്നവളെങ്ങോ മറഞ്ഞു പോയി
പോകരുതെന്നു ഞാൻ ചൊല്ലുമ്പോളൊ-
ക്കെയും കള്ളച്ചിരികൾ പൊഴിച്ചു നിന്നു.
തമ്പുരാൻ തന്നൊരു പൊൻതൂവലല്ലയോ
കാറ്റിൽ പറന്നകലേ പോയതിന്ന്...
തിരുവോണനാളിൽ നീ തീർത്ത പൂക്കളം
ഓർമ്മയിലിന്നും വിരിഞ്ഞിടുന്നു.
നീ കാട്ടും കള്ളവും കൊച്ചുകുറുമ്പും
ഓളമായ് മനസ്സിൽ തുളുമ്പിടുന്നു.
പിച്ച വച്ചു നടന്നു നീ മുറ്റത്തമ്പിളി-
മാമനു മണ്ണപ്പം ചുട്ടു വിളമ്പിയില്ലേ
തുമ്പിക്കും പൂമ്പാറ്റ കുഞ്ഞുതത്തയ്ക്കും
കണ്ണാരം പൊത്താനായ് കൂടിയില്ലേ …
നീ പാടും പാട്ടിന്നീണത്തിലന്നു
പൂക്കളും താളം ചവിട്ടിയില്ലേ.....
കുഞ്ഞിക്കാലാൽ നീ നൃത്തം ചവിട്ടുമ്പോൾ
ഭൂമിയോ പുളകിതയായിരുന്നു.......
കുഞ്ഞിത്തളകൾ കിലുക്കിക്കിലുക്കി
നടന്നവളെങ്ങോ മറഞ്ഞു പോയി
തമ്പുരാൻ തന്നൊരു പൊൻതൂവലല്ലയോ
കാറ്റിൽ പറന്നകലേ പോയതിന്ന്...

പ്രകൃതി സുന്ദരി 15047 k6.jpg കവിത

     മിഥുമോൾ ഇ ബി 10  ബി

എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി
മലരണിയും കാടുകളും കാട്ടു-
പൂഞ്ചോലയൊഴുകും മേടുകളും
എത്ര സുന്ദരമീ പ്രകൃതി
അരുവികളിലെ കള കള നാദം
കേൾക്കാനെന്തൊരു സുഖമാ ...
പുഴകളിലോടും മീനിൻചാട്ടം
കാണാനെന്തൊരു രസമാ..
എത്ര സുന്ദരമീ പ്രകൃതി
മരങ്ങളിൽ പൂവായ് സ്വർണ്ണം വിതറി
പിന്നെ കായായ് മാറും
മായാജാലം കാട്ടും
മന്ത്രവാദിനി പ്രകൃതി
സുന്ദരിയായൊരു പ്രകൃതിയിത്
നമ്മുടെ സുന്ദരമായ ഭൂമിയിത്
പ്രകൃതിയൊരു ദേവതയല്ലോ
ഭൂമിയിൽ കനിഞ്ഞുവന്നൊരു ദേവതയല്ലോ
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി


മരണം എന്ന സത്യം
15047 k2.jpg നിത്യ എം എസ്. 10 ബി

ദിക്കറിയാതെ വഴിയറിയാതെ ഇരുട്ടിലൂടെ ഒരജ്ഞാതൻ നടന്നകലുകയാണ്.
എങ്ങോട്ടാണ് പോകേണ്ടത്? ആരെയാണ് കാണേണ്ടത് ?
ഇനിയുള്ള നാളുകൾ എങ്ങനെയാണ്?
യാത്രാമദ്ധ്യത്തിൽ ആരെല്ലാം കാണും ?
ഇതിനൊന്നും
കൃത്യമായൊരുത്തരം അയാൾക്കില്ല.
എന്നാൽ
അയാൾക്കൊന്നറിയാം ,
തന്റെ യാത്രയുടെ അവസാനം
സ്വർഗ്ഗത്തിലോ
നരകത്തിലോ
ചെന്നവസാനിക്കുമെന്ന്
താൻ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന്.


"അതിരുകളില്ലാ മോഹങ്ങൾ", (കവിത)
15047 k7.jpgരാജശ്രീ ഏ ആർ 10B
വിരിയാൻ മറന്ന പൂമൊട്ടായ്
മിന്നിത്തെളിയാൻ മറന്ന താരമായ്
വിണ്ണിൽ പറന്നുയരാൻ മറന്ന പ്രാവായ്
അലയുകയാണെൻ മാനസം .
മാനത്തുവിരിയും മാരിവില്ലായ്
മാറാൻ മോഹിച്ച പെൺകൊടി
ഇരുളിൽ രൂപമില്ല, നിഴലായ്
വെളിച്ചം തേടി വിണ്ണിൻ കീഴിൽ
അലയുന്നു വേഴാമ്പൽ ഞാൻ
അതിരുകളില്ലാ മോഹങ്ങൾ
ചിതറിത്തെറിച്ചൊരീ സഫടിക രൂപം
മയിലായ് ആടാൻ കുയിലായ് പാടാൻ
മോഹിച്ചു അറിയാതെയെൻ മാനസം
തോരാതൊഴുകും മിഴിനീരും
വിങ്ങും മനസ്സും മാത്രമെൻ സ്വന്തം
മാനത്തുവിരിയും മാരിവില്ലിൻ
വർണ്ണമായ് മാറാൻ കൊതിച്ചു ഞാൻ
എന്തിനെന്നറിയില്ല , പക്ഷേ
മോഹിപ്പിച്ചതെന്തിനോ, മറക്കുവാനായ്
പറയൂ നീ മാരിവില്ലേ
സ്വപ്നങ്ങളായിരം നെയ്തെങ്കിലും


ഇഴപൊട്ടി ചിതറിയ മോഹങ്ങൾ
ഇരുളിൻ കൂട്ടിലടച്ചു ഞാൻ.
അഴകുവിതറും മാരിവില്ലും
വിണ്ണിൽ പറക്കുന്ന പ്രാവും
ആടുന്ന മയിലും
സ്വപ്നങ്ങൾ മാത്രമെന്നറിയുന്നു ഞാൻ.
_________________________________________

"ശത്രു"
15047 k8.jpg ആര്യമോൾ കെ വി 10 ബി കൈകൾ ബന്ധിക്കുന്ന കാലുകൾ വെട്ടുന്ന
കണ്ണുകൾ കെട്ടുന്ന കാലനെത്തി
ഇരുളിന്റെ കയ്പു വേരാഴ്ന്നിറങ്ങുന്നൊരു
ദുഷ്ടനാണിവനെന്നോർക്ക വേണം
ഉച്ചവെയിലിൽ പൊരിയുന്ന മക്കൾക്കും
ഇണയും തുണയും അകലുന്ന കിളികൾക്കും
ഇരതേടി പായുന്ന ദുഷ്ട മൃഗങ്ങൾക്കും
ഇവനാണ് ശത്രുതൻ മൂർത്തിഭാവം
തെരുവിന്റ സന്തതിയാം കൊച്ചു കൂട്ടുകാർ
വിധിയായ് വാങ്ങിയ ശത്രുവാണിവൻ
ആരുമില്ലാത്തൊരനാഥ കുഞ്ഞുങ്ങൾക്കും
എന്നെന്നും ഇവനാണു ശത്രുഭാവം
മാറിനു നേരെ വരുന്ന കഠാരയ്ക്കു പോലും
ഇല്ലിത്ര മൂർച്ച ഉദരത്തിൻ പശിപോൽ
ഉദരമൊരു യുദ്ധം ചെയ്തിടുമ്പോൾ
ഉണരുന്നു നമ്മൾ നവോന്മേഷരായി
വിശപ്പെന്ന തീഗോളം വിഴുങ്ങും മനസ്സുകൾ
ശത്രുവായ് മുദ്രകുത്തിയീവിപത്തിനെ


അവൾ മാറും കഥ
15047 k3.jpg അജിഷ്മ ഏ എസ് 10 ബി
ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താൽ അവൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവൾ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂർത്തീഭാവമായി അവൾ മാറി. ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിർക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആർക്കോവേണ്ടി പഠിക്കുന്നു. ആർക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനിൽക്കുന്നു. ആനിമിഷങ്ങൾ വളരെ വിലയേറിയതായിരുന്നു. ….. പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുൻപിൽ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവൾ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാൻ എത്തിയത് സ്വന്തം കൂട്ടുകാർ അത് ഒരാശ്വാസ കണികയായി അവളിൽ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവൾ‌ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവൾ. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കിൽ പെട്ട അവൾ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരൻ പറയുന്നു "അവൾ മാറും". . "കാലത്തിന്റെ കൈകൾ"

         (കവിത)     
15047 k3.jpg അജിഷ്മ ഏ എസ് 10 ബി

അകായിൽ അന്നും ഇരുൾ മാത്രം
ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാർ
ആരാമവും കല്പടവിടിഞ്ഞ കുളവും
അന്യമായ് തോന്നുന്നെനിക്കോരോ ദിനവും
കടവിലെ പൂ മരം ശാഖകളറുക്കപ്പെട്ട്
വ്രണിതയായ് നില്പൂ മൂക സാക്ഷിയായ്
വചസാ മുറിവേറ്റ മനസ്സുകൾ
സന്തതം നിഴലിനെ പഴിക്കുന്നു.
അവിടെ രഹിതഭാവത്തിൻ ഝരിക മാത്രം
ദുർഭഗത്വത്തിന്റ സന്തതികളവരും
പരഗതി പ്രാപിക്കാൻ ആഗ്രഹിപ്പൂ
ശുഷ്ക ശരീര ഞാൻ പ്രവാസി
മധുരമായ് ഓർക്കുന്നു മലനാടിൻ മേടുകൾ
സൗഭഗം നഷ്ടമായ് യന്ത്രക്കരങ്ങൾക്കു
കീഴിലമർന്നു വടുവായി വിരൂപയായി
സുവിശേഷകർതൻ കരങ്ങളെല്ലാം
നിഷ്ഠൂരമായ് മറഞ്ഞിരിപ്പൂ
മറവിതൻ ഭാണ്ഡം മുറുക്കുന്നതിനുമുൻപേ
മൊഴിഞ്ഞിടട്ടെ ഞാനൊരു സത്യം
കാലത്തിൻ ക്രൂര കരങ്ങളേറ്റു
തളിരിലകൾ മുൻപേ കൊഴിഞ്ഞു വീഴുന്നു.


വിദ്യാർത്ഥിജീവിതം വിലയിരുത്തുമ്പോൾ

റുബൈബ് കെ ഏ 10 ബി
15047 k9.jpg പ്രിയപ്പെട്ട കൂട്ടുകാരെ,...........
കൗമാരപ്രായത്തിൽ ജീവിക്കുന്ന നാം നമ്മുടെ ജീവിത സാഹചര്യവും നമ്മുടെ ജീവിത രീതിയും ഒന്ന് വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. വളരെ അധികം മലീമസമായ സാഹചര്യമാണ് നമുക്കു ചുറ്റുമുള്ളത്.
ഈ സാഹചര്യത്തിൽ നമ്മുടെ ജീവിതരീതി ഞാൻ പറയേണ്ടതില്ലല്ലോ?
നമ്മുടേത് പോലെത്തന്നെ ഒരു വിദ്യാർത്ഥി സമൂഹം നമുക്കു ചുറ്റുമുണ്ട്. അധാർമ്മികതയുടെ കൂത്തരങ്ങിൽ പെട്ട് ജീവിതം തുലയ്ക്കുന്ന ഒരു സമൂഹം, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തുലയുകയാണ്. അത്തരമൊരു സമൂഹത്തിൽ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ് നമ്മിൽ പലരും. അത് വളരെ ഏറെ അപകടകരമാണ്.
കൂട്ടരെ ഓർക്കുക,
സുന്ദരമായ നമ്മുടെ ജീവിതത്തെ അത് നശിപ്പിച്ചുകളയും
നാമോരോരുത്തരും സൂക്ഷിക്കുക
ലഹരികൾക്കെതിരെ ജാഗ്രത പാലിക്കുക

ജീവന്റെ അടയാളം
15047 k2.jpg നിത്യ എം എസ് 10 ബി
ആകാശ നെറുകയിൽ നിന്നുദിച്ചീടും
വിശ്വകണങ്ങളാം തുള്ളികളെ
നിങ്ങൾ വന്നെന്റെ മേനിയിൽ തട്ടുമ്പോൾ
കുളിരുന്നു എൻ മനം ചഞ്ചലമായ്.
കാർമേഘമുണ്ടായി വെള്ളിനൂൽ പോലെ
ഒഴുകുന്നു നീ ഭൂവിന്റെ മാറിലേക്കായ്
നീയില്ലെന്നാൽ പ്രാണനില്ല ജീവജാലങ്ങൾക്ക്.
ഓരോ ജീവനും നിന്റെ വരവും കാത്ത്
നിശബ്ദം പ്രാർത്ഥനാനിരതരായ് .
ഭൂമിയിൽ നീ എത്തിക്കഴിഞ്ഞെന്നാൽ
ഏവരിലും സന്തോഷം വിരിഞ്ഞിടുന്നു
ഈ സന്തോഷം നിലനിർത്താൻ
ഈ പ്രാണൻ തുടർന്നു പോകാൻ
മുറ തെറ്റാതെ വന്നു നീ
അലിഞ്ഞു ചേരണം ഞങ്ങളിൽ.

അറിയാത്ത സ്നേഹം കഥ 15047 k10.jpg ജസീന സി ഏ10 ബി

          തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പിൽ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവൾ സുഹൃത്തുക്കൾ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവൾ അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവൾ ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാൾ അവൾ ഇങ്ങനെ പോകും … അതവൾക്കറിയില്ല. ആകാശത്തുനിന്ന്  ഗന്ധർവന്മാർ ഇറങ്ങി വന്നാലും അവൾ അവനെ മറക്കില്ല. ..

അവൾ മാറുമോ?
അതും അറിയില്ല. ഒരുപക്ഷേ ആ സ്നേഹം വിജയകരമായേക്കാം. അവൾ അങ്ങനെയായിരിക്കും ആശ്വസിക്കുന്നത്. നമുക്കും അങ്ങനെതന്നെ വിശ്വസിക്കാം.
ആദ്യമായി കണ്ടുമുട്ടിയ നാൾ തൊട്ടുള്ള സ്നേഹം ഇന്ന് ഒരു വർഷം തികയുന്നു. മേഘങ്ങളിൽനിന്ന് ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോൾ വേർപെട്ടുപോകുന്ന ജലകണങ്ങളെയോർത്ത് വേദനിക്കുന്നുണ്ടാകും. ആ വേദന മേഘങ്ങൾക്ക് ആരോടെങ്കിലും പറയാൻ സാധിക്കുമോ? അവളും ഇന്ന് ആ മേഘത്തേപ്പോലെയാണ്. അവളുടെ വേദന ആരോടു പറയും? സുഹൃത്തുക്കളോട് എത്ര നാളാ പറയാ? അവൾ അത് ആ കുഞ്ഞു ഹൃദയത്തിൽ ഒതുക്കി. അവളുടെ സന്തോഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം
. അവൾക്ക് ആ സ്നേഹം തിരിച്ചുകിട്ടുമോ? ഒരു ചോദ്യചിഹ്നമായി ഇന്നത് അവശേഷിക്കുന്നു.
കടുവാ സങ്കേതവും - ഭയാശങ്കകളും
റിതുശോഭ് റ്റി പി, 10 ബി ഇന്ന് നമ്മുടെ വയനാട്ടിൽ ഏറെ ചർച്ചചെയ്യപ്പചടുന്ന ഒരു വിഷയമാണ് വയനാട് വൈൽഡ്ലൈഫ് സാങ്ചറി കടുവാസങ്കേതമായി പ്രഖ്യാപിക്കാൻ പോകുന്നു എന്നത്. കടുവാ സങ്കേതം വരുന്നതുകൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് എന്താണ് നേട്ടം?
നേട്ടം ഒന്നുമില്ല. കോട്ടം ആയിരിക്കും കൂടുതൽ എന്ന് എനിക്കുതോന്നുന്നു. കാരണം പ്രഖ്യാപനം വന്നുകഴിഞ്ഞാൽ, ഇപ്പോൾ തന്നെ പിടിച്ചുനില്ക്കാൻകഴിയാതെ കടക്കെണിയിലിൽ അകപ്പെട്ട കർഷക സമൂഹത്തിന് വൻ പ്രഹരമാകുമെന്നതിൽ സംശയമില്ല.കാരണം ഇവിടെ കർഷകരുടെ കൃഷിയിടങ്ങളിൽ കിള,ചോലവെട്ട് തുടങ്ങിയ കാർഷികവൃത്തികളും രാസവളം,കീടനാശിനി ഇവയുടെ ഉപയോഗവും നിർത്തേണ്ടി വരാം. ഇന്നാട്ടിലെ വികസനപ്രവർത്തനങ്ങൾ, കെട്ടിടനിർമ്മാണം എന്തിനേറെ കമ്പിവേലി കെട്ടാൻവരെ നിയന്ത്രണങ്ങൾ ഉണ്ടാകും. നാം ചിന്തിക്കാത്ത , കാണാത്ത മറ്റു നിയന്ത്രണങ്ങൾ വേറെയുമുണ്ടാകും.
നമ്മുടെ ഭരണക്കാർ ആവർത്തിച്ചു പറയുന്നു ഇവിടെ കടുവാസങ്കേതം വരില്ലെന്നു പറയുന്നു. കാരണം കടുവാസങ്കേതം വരണമെങ്കിൽ ഗ്രാമസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധികളുടേയും സമ്മതം ആവശ്യമാണത്രേ; പക്ഷേ പശ്ചിമഘട്ട മലനിരകൾ കടന്നുപോകുന്ന വടനാട് അതീവ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ കടുവാസങ്കേതമോ അതുപോലുള്ള മറ്റുകാര്യങ്ങളോ പ്രഖ്യാപിക്കുന്നതിനു് ആരുടേയും സമ്മതം ആവശ്യമില്ല. കേന്ത്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തു കഴിഞ്ഞു. ഇനി പ്രഖ്യാപനം ഏതു നിമിഷവും വരാം. പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ ചോദ്യം ചെയ്യാനും ആവില്ല. നമ്മുടെ നാട്ടിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേയിൽ രാത്രിയാത്രാ നിരോധനം വരാൻ പോകുന്നു എന്നുള്ള വാർത്ത വന്നപ്പോൾ വയനാട് എം പി പറഞ്ഞത് നടക്കില്ല എന്നാണ്. നിരോധനം വന്നുകഴിഞ്ഞപ്പോഴാകട്ടെ അതു നീക്കാൻ വേണ്ട ഒരു പ്രവർത്തനവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതുപോലെ ആകാതിരിക്കണമെങ്കിൽ കടുവാസങ്കേതം പ്രഖ്യാപിക്കുന്നതിനുമുമ്പേ കോടതിയിൽ ഹരജി ഫയൽ ചെയ്യണം. കടുവാസങ്കേതം വന്നതിനു ശേഷം അന്യോന്യം പഴിചാരിയിട്ടു കാര്യമില്ല.

കടവും കടക്കെണിയും കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം കഷ്ടപ്പെടുന്ന വയനാടൻ ജനതയ്ക്ക് കടുവാസങ്കേതം ഇരുട്ടടിയാകും
. ജീവികളിൽ പ്രഥമസ്ഥാനം മനുഷ്യന്.
വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതു പക്ഷേ മനുഷ്യജീവിതം അപകടത്തിൽ പെടുത്തിയിട്ടാകരുതെന്നു മാത്രം.


മഴ
15047k11.jpg

സന്ധ്യ സി 10 ബി
മഴ മഴയെന്നു പറഞ്ഞാൽപ്പോര
മഴയുടെ പേരുകളറിയാമോ
ചന്നം ചിന്നം ചാറും മഴയാ
ചാറ്റൽ മഴയെന്നോർത്തോളൂ
വേനൽ കത്തിയെരിഞ്ഞീടുമ്പോൾ
പെയ്യും മഴയാ വേനൽ മഴ
ഒന്നു ചിരിക്കും മുഖം വീർപ്പിക്കും
കുടു കുടുയെന്നു പറഞ്ഞീടും
നില്ക്കും ലിലയിൽ കോരിച്ചൊരിയും
പെട്ടന്നായതു നിർത്തീടും
ഇങ്ങനെ പെയ്യും മഴയുടെ പേരോ
ഇടവപ്പാതിയറിഞ്ഞോണം
ഇടിയും കാറ്റുമകമ്പടിയാക്കി
അലറിത്തുള്ളി വരുമൊരുവൻ
കർക്കിട മാസ സന്തതിയിവനാ
കർക്കിടത്തിൻ പേമാരി
ഇങ്ങനെ മഴകൾ പലവിധമുണ്ട്
കേൾക്കാനെന്തൊരു രസമാണ്...

ഗാനം 15047 k5.jpg ആതിര കെ ബി 10 ബി
നേർത്ത വസന്തത്തിൻ കാലങ്ങളിൽ
പൂവായ് വിടരുവാൻ മോഹം തോന്നി
നനുത്ത കാറ്റിന്റെ ശീൽക്കര മേറ്റുറുങ്ങുന്ന
പുഴക്കരയിലെ ചെറു മൺ തരി പോലെ

       മുല്ലപ്പൂവിന്റെ തൂവെണ്മ കണ്ടപ്പോൾ

മുല്ലപ്പൂവാകുവാൻ മോഹം തോന്നി
പനിനീർ പൂവിന്റെ ഗന്ധമേൽക്കുമ്പോൾ
പനിനീർ പൂവാകുവാൻ മോഹം തോന്നി
പ്രകൃതിയിൽ കാണുന്ന വർണ്ണാഭകാഴ്ചകൾ
കാണാതുറങ്ങുവാൻ എനിക്കാവതില്ല (നേർത്ത.....)
പുഴകളും കായലും പുഷ്പജാലങ്ങളും
ജീവന്റെ അടയാളമായി നിൽക്കേ
ഇടവഴിയിൽ ചിതറിയ ചെമ്മണ്ണുപോലും
കളഭമായ് ചാർത്തുവാൻ ഭംഗി തോന്നി (നേർത്ത....)
കുളിർകാറ്റു പാട്ടുകൾ മൂളിടുമ്പോൾ
ചിരിക്കുന്ന പൂക്കൾ ചുവടു വയ്ക്കും
കിളിപ്പാട്ടിനീണം പോലെത്ര രമ്യം
നൃത്തത്തിൻ താളം പോൽ പ്രകൃതി ഭംഗി.
നേർത്ത വസന്തത്തിൻ കാലങ്ങളിൽ
പൂവായ് വിടരുവാൻ മോഹം തോന്നി


ഭാഷ കവിത 15047 k1.jpg അനുരഞ്ജിനി പി ആർ 10 ബി

എന്നെ ചിന്തിക്കാൻ

പ്രേരിപ്പിച്ചതും

എന്നെ എന്നിലേക്കു നയിച്ചതും 
എന്നെ ഞാനാക്കിയതും
നീയാം എൻ ഭാഷ.
മനസിൽ മഴവില്ലു തീർത്തതും
മനതാരിൽ സ്നഹം നിറച്ചതും
പൂവായ് വിരിഞ്ഞതും
കിളിയായ് പറന്നതും
സപ്തസ്വരങ്ങൾ ശ്രവിച്ചതും
ഉറക്കുപാട്ടിന്നീരടികൾ 
മനസ്സിൽ പാടാൻ
ധൈര്യം തന്നതും ഭാഷ.
വായനയിലൂടെ,
എഴുത്തിലൂടെ നീ
എന്നിലേക്കടുക്കുമ്പോൾ
അറിയുന്നു ഞാൻ
ഭാഷയാം നീയെന്നുമെൻ-
നല്ല കൂട്ടുകാരി.


കുഞ്ഞനുജൻ
15047 k5.jpg ആതിര കെ ബി 10 ബി
വീടിൻ വിളക്കായി പൂവിൻ ഇതളായ്
പിറന്നു എനിക്കൊരു കുഞ്ഞനുജൻ
ആദ്യ പിറന്നാളിൻ സമ്മാനമായോരു
കുഞ്ഞു കളിപ്പാവ ഞാൻ അവനു നൽകി
കുഞ്ഞു കവിളത്തു പൊന്നുമ്മ നല്കിയപ്പോൾ
കുഞ്ഞിക്കരങ്ങളാൽ തഴുകിയെന്നെ
മുട്ടിലിഴയാറായ് ഓടി മറയാറായ്
കുട്ടിക്കുറുമ്പുകൾ കാട്ടി നടക്കാറായ്
കുഞ്ഞനുജന്റെ കാലൊന്നിടറാതെ
കൈപിടിച്ചന്നു ഞാൻ നടന്നില്ലേ
അന്നൊരു നാളിൽ അമ്മ ശകാരിച്ച-
ന്നേരമെന്നരുകിലെത്തി ചിണുങ്ങി നിന്നു.
അമ്മ വഴക്കുപറഞ്ഞന്നെ എന്തിനോ
എൻ മനം വല്ലാതെ നൊന്തു വഴക്കിനാൽ
അവൻ ചൊല്ലും പരിഭവം കേട്ടു ഞാൻ
കുഞ്ഞു കവിളത്തു തഴുകി ഞാൻ ചൊല്ലി
അമ്മ വെറുതെ ശകാരിക്കയില്ലല്ലോ
കുറുമ്പെന്തെങ്കിലും കാട്ടിയോ നീ
ഞാനുമീവണ്ണം കുറ്റം പറഞ്ഞപ്പോൾ
ഉണ്ണിക്കണ്ണനു വീണ്ടം മുഖം കറുത്തു
കുഞ്ഞു മിഴികളിൽ സങ്കടം തിങ്ങി
അശ്രുകണങ്ങളായ് കവിളിലൊഴുകി
ഏങ്ങിക്കരഞ്ഞു എൻ കുഞ്ഞനുജൻ
ഒരുവേളയെൻഹൃദയം വിറച്ചുപോയി
വേണ്ടന്നു ചൊല്ലി ഓടിമറഞ്ഞവൻ
വന്നില്ല ഇന്നോളം എന്നുണ്ണിക്കണ്ണൻ
എങ്ങുപോയെ,ങ്ങുപോയ് മാമുണ്ണാൻ വായോ
പൊട്ടിക്കരഞ്ഞമ്മ വിളിക്കുമെന്നും
എന്നുണ്ണിപോവില്ല എന്നെപിരിയില്ല
എന്നുമെൻ അരികിലായ് ചേർന്നിരിക്കും
ഉണ്ണിയെകാത്തമ്മ മുറ്റത്തുനിൽക്കുമ്പോൾ
എന്തു ഞാൻ ചൊല്ലേണം, അറിയില്ലല്ലോ !

കർഷകരും വെല്ലുവിളികളും 15047 k7.jpg ലേഖനം
രാജശ്രീ ഏ ആർ 10ബി
കർഷകകേരളം സുന്ദരകേരളം എന്നു കേൾക്കാൻ എന്തു രസം. അങ്ങനെയെങ്കിൽ ആ അനുഭവം എങ്ങനെയായിരിക്കും? കൃഷി വെറുമൊരു കച്ചവടം മാത്രമായി മാറുമ്പോൾ അങ്ങനെ സ്വപ്നം കാണാൻ പോലുമുള്ള യോഗ്യത നമുക്കില്ല, കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുമേഖലകളിൽ ജോലി തേടിപോകുന്നതുമൂലം കൃഷിക്കാരൻ എന്ന വിഭാഗംതന്നെ സമൂഹത്തിൽ നിന്ന്യമായിക്കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് ഒരുനേരത്തെ ഭക്ഷണത്തിന് അയൽ സംസ്ഥാനങ്ങൾക്കു മുന്പിൽ കൈനീട്ടേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. ഒരുതരത്തിൽ ഈയവസ്ഥയ്ക്കു കാരണം കർഷകരുടെ നിസ്സഹായതകൊണ്ടുകൂടിയാണ്. വിത്തു വാങ്ങി കൃഷിയിറക്കാനാവാതെ, വീടും പറമ്പും പണയം വച്ച കൃഷിക്കാരൻ ആത്മഹത്യ ചെയ്ത വാർത്തകൾ പത്ര, ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ദയനീയമായ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാർ? ഭരണകൂടമോ? അതോ സമൂഹമോ? ഫാസ്റ്റുഫുഡിനു പിന്നാലെ പോകുന്ന പുതുതലമുറയുടെ കണ്ണിൽ മണ്ണിന്റെ കളിക്കൂട്ടുകാരനായ കൃഷിക്കാർ ആകാം തെറ്റുകാർ.
ഇന്നത്തെ സമൂഹത്തിൽ അവശേഷിക്കുന്നത് ഏതാനും കൃഷിക്കാർ മാത്രം. നാണ്യവിളകൾ മാത്രം കൃഷിയിറക്കി, കച്ചവടച്ചരക്കായിമാത്രം കാർഷികോൽപ്പന്നത്തെ കാണുന്നവരാണ് അവശേഷിക്കുന്നവരിലധികവും. അമിതമായി കീടനാശിനികൾ പ്രയോഗിച്ച് മണ്ണിനും വായുവിനും ജലത്തിനും സർവ്വജീവജാലങ്ങൾക്കും നാശംവിതയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.
കൃഷികൊണ്ട് ജീവിതം നയിക്കാനാവില്ല എന്ന കാഴ്ചപ്പാടാണ് ഇന്ന് പൊതുവെയുള്ളത്. കൃഷി നഷ്ടമാണെന്ന വിലയിരുത്തലിൽനിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുള്ളത്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും ഈ കാഴ്ചപ്പാടിന് ആക്കം കൂട്ടുന്നു. മാൻ ,മ്ലാവ്, കാട്ടുപന്നി, കാട്ടാട്, കാട്ടുപോത്ത്, ആന എന്നിവ വലിയതോതിൽ കാടുകളിൽ പെരുകിയിട്ടുണ്ട്. .മാത്രമല്ല, കാട്ടിൽനിന്നു മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഇപ്പോൾ സാധാരണമാണ്. ഇതുമൂലം വനത്തോടുചേർന്ന അതിർത്തി ഗ്രാമങ്ങളിൽ കൃഷി അസാധ്യമായിരിക്കുന്നു. കാടുകളിൽ മാത്രമല്ല കൃഷിയിടങ്ങളിലും കാട്ടുമൃഗങ്ങൾ വിഹരിക്കുന്നു. കാട്ടാനക്കൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നത് വയനാടിനെ സംബന്ധിച്ചിടത്തോളം പതിവായിരിക്കുന്നു ഇതിനു പുറമെ വാണജ്യാവശ്യങ്ങൾക്കായി കൃഷിയിടം ഉപയോഗിക്കുന്നതാണ്. കൃഷിയിടങ്ങൾ തുണ്ടുഭൂമികളാക്കി വില്ക്കുകയാണ് ഇന്ന്. അധ്വാനിക്കാനുള്ള മടി ഭൂമി പാട്ടത്തിനു നല്കാനും, കൃഷിസ്ഥലം മണ്ണിട്ടുനികത്താനും പ്രേരണയാകുന്നു. ചുരുക്കത്തിൽ, എണ്ണമറ്റ പ്രശ്നങ്ങൾ കാർഷികമണ്ഡലത്തിൽ നിറഞ്ഞുനില്ക്കുന്നു. എന്നിരുന്നാലും കാർഷികമേഖല രക്ഷിക്കപ്പെടേണ്ടതല്ലേ?
ഒരിക്കൽ മനുഷ്യൻ തിരിച്ചറിയും പണം തിന്നു ജീവിക്കാനാവില്ല എന്ന്. ഒരു പഴമൊഴിയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. അനുഭവം ഗുരു എന്നാണല്ലോ പറയാറ്. എന്നാൽ ഈ തിരിച്ചറിവുണ്ടാകുമ്പോഴേക്കും നാം വൈകിയിരിക്കും. അന്ന് ഒരുപക്ഷേ, പ്രായശ്ചിത്തം ചെയ്യാൻ സാധിച്ചെന്നു വരില്ല. അതിനായി നമുക്കു മുൻകൈയ്യെടുക്കാം. കാർഷികരംഗം രക്ഷപ്പെടണമെങ്കിൽ കർഷകരെ സംരക്ഷിക്കണം. അതിനു നാം അടങ്ങുന്ന സമൂഹവും ഭരണകൂടവും തയ്യാറാകേണ്ടതുണ്ട്. കാറ്റിലും മഴയിലും വന്യജീവികളുടെ ശല്യത്തിലും കൃഷിനശിക്കുന്നവർക്ക് നഷ്ടപരിഹാരം കൃത്യമായി നല്കുകയാണെങ്കിൽ കർഷകരുടെ ജീവിതം ഒരളവോളം സുരക്ഷിതമാകും. വളർന്നുവരുന്ന നാമോരോരുത്തരുമാണ് ഭാവിയിലെ കർഷകൻ എന്ന ചിന്തയുണ്ടായാൽ, കൃഷിപ്പണി കുറച്ചിലല്ല അഭിമാനത്തോടെ ചെയ്യേണ്ട കടമയാണ് എന്ന ബോധം വളർന്നാൽ നമുക്കാവശ്യമായ ആഹാരം നമുക്കുതന്നെ ഉൽപാദിപ്പിക്കാൻ കഴിയും. ഇതിലൂടെ പണം നല്കി രോഗം വാങ്ങുന്ന ശീലം ഉപേക്ഷിക്കാം.
കർഷകർ സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ്. അവർക്ക് അർഹിക്കുന്ന പരിഗണനയും സംരക്ഷണവും നല്കണം. ഭക്ഷ്യവിളകൃഷി പ്രോത്സാഹിപ്പിക്കണം, വിളപര്യയം, ടിഷ്യുകൾച്ചർ, ഇടവിള തുടങ്ങിയ സാങ്കേതിക രീതികളുപയോഗിച്ച് കൃഷി ലാഭകരമാക്കാം. കർഷകൻ ഓർമ്മ മാത്രമാകാതിരിക്കാൻ, നാടിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ , ഭക്ഷ്യസുരക്ഷയ്ക്കായി നമുക്കിന്നേ പ്രവർത്തിക്കാം.

സ്മരണ കവിത ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ പുറത്തെ കാഴ്ചകളിൽ
ശ്രുതി നഷ്ടപ്പെട്ടഓർമ്മകൾക്ക്
ഗീതം പകരുന്നവർ
മുഖമില്ലാത്ത രൂപങ്ങൾ രചിച്ച
തത്വചിന്തകൾ
ചിറകുകൾ അരിഞ്ഞെറിയപ്പെട്ട

കിളികളുടെ
നിശബ്ദമായ കുറുകലുകൾ

ചിലപ്പോഴൊക്കെ അമാവാസി
ചിലപ്പോഴൊക്കെ പൗർണ്ണമി
ദിനരാത്രങ്ങളിങ്ങനെ.....

വിരസതയുടെ നിശ്വാസങ്ങളിൽ
വിഷാദത്തിന്
കൊടുങ്കാറ്റിനേക്കാൾ വേഗത
അത്,
പ്രാണനെ ഉഴുതുമറിച്ച്
നെറ്റിയിൽ ജ്വരച്ചൂട് തീർത്ത്....
മൗനത്തിന്റെ ഭ്രമണ പഥത്തിന്
വാക്കുകളേക്കാൾ ചടുലത
.

നിഘണ്ടുവിന്റെ ആദ്യതാളുകളിൽ
ചില നരച്ച ഓർമ്മകൾ.
അഗ്നി പടർത്തിയ ച‌ർച്ചാമുറികൾ
പൊട്ടിച്ചിരികൾ, പിണക്കങ്ങൾ,
സൗഹൃത്തിന്റെ വസന്തം,
കുസൃതികളു‌ടെ പൂക്കാലം.
ജനലിനപ്പുറത്തുനിന്നും കണ്ടടുത്ത
പ്രതീക്ഷകൾ.....

പിന്നെ,
എഴുതിയെഴുതി
വിസ്മരിച്ചുപോയത്
ജീവിതത്തിന്റ ഈരടികൾ.


രാപ്പാടി kbfl ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ

മറവിയുടെ നദീതീരത്തിൽ
നൂറ്റാണ്ടുകളോളം
കിടന്നുറങ്ങിയിരിക്കണം
കാരണം, ഞാനറിഞ്ഞില്ല
ഭൂമിയുടെ കണ്ണുനീരിലെ നിറഭേതം
ശൂന്യവർഷം കിതച്ചാർന്ന്
പ്രളയമായതെങ്ങനെ?
മേഘങ്ങളെപ്പോഴാണ്
പ്രകാശത്തിന്റെ
അവസാന കണികയും
വിഴുങ്ങിത്തീർത്തത്?
എന്റെ മൗനത്തിന്റെ ഉമിത്തീയിൽ
നിന്റെ വാക്കുകളെന്തേ ഈയാംപാറ്റകളായി വെന്തലിഞ്ഞു?
കാത്തിരിപ്പുകൾക്കിടയിൽ
ഭൂതകാലത്തിന്റെ തലോടൽ
മാതൃത്വത്തിന്റെ വാത്സല്യം.
മഴയുടെ പൊട്ടിച്ചിരികൾക്കും 
ആകാശത്തിന്റെ അനന്തതയ്ക്കുമപ്പുറം
സൗഹൃദം പങ്കി‌ട്ടെടുത്ത മുറികൾ
ജനാലയ്ക്കപ്പുറം,
അന്തമില്ലാത്ത പാത.
മുറിവേൽക്കപ്പട്ടവന്റെ നിലവിളി
നൈരാശ്യത്തിന്റെ നിശബ്ദത.
പ്രതിബിംബങ്ങളിൽ തെളിഞ്ഞത്
കാപട്യത്തെ വെറുത്ത കണ്ണുകൾ
ഒഴിവു ദിനത്തിന്റെ ഏകാന്തതയിൽ
കൂട്ടിന്,
വിഷാദം പൊതിഞ്ഞ വരികൾ.
രാത്രികളിൽ
സംഗീതം മുടന്തിത്തുടങ്ങിയെന്നോ?
നിശയുടെ ശവമഞ്ചത്തിൽ
ഒരു രാപ്പാടിയുടെ കണ്ണുനീർ
നിശബ്ദം പെയ്തിറങ്ങി.
വീണ്ടും ഒരോർമ്മ കവിത
15047 k2.jpg
നിത്യ എം എസ്.
കൈരളീ,

നിന്നിലെ താരുണ്യത്തുടിപ്പുകൾ
ഞൊടിയിടയിൽ ചീന്തിയെറിയപ്പെട്ടത്
എങ്ങനെയാണ്?
എരുതും ഏലയും
കളകളാരവം തീർക്കും കുഞ്ഞരുവികളും
കാഴ്ചകളെ മറയ്ക്കുന്ന
ഭീമമാം മലകളും
അവയ്ക്കു മീതെ പറക്കുന്ന
ദേശാടന കിളികളും
എങ്ങുപോയ്?
ഇളം കാറ്റിന്റെ ഈണത്തിൽ
ചുവടുവയ്ക്കുന്ന
തെങ്ങോലയും
കാറ്റിനു ഹരം പകർന്ന്
മധുര സംഗീതം പൊഴിക്കും
മുളങ്കാടുകളും എവിടെ?
മുക്കുറ്റിപ്പൂവും അപ്പൂപ്പൻതാടിയും
പത്തുമണിക്കുണരുന്ന പൂവും
മകരമഞ്ഞും
കർക്കിടക മഴയും
കവിക്കാഴ്ചകളിലെ
വർണ്ണിച്ചുതീരാത്ത വിസ്മയം
ഇന്നവ
താളം തെറ്റിയകണ്ണികൾ മാത്രം
വാക്കുമുട്ടി ഒഴുക്കുനിലച്ച
നിളയുടെ നിശ്വാസം കേൾക്കുമ്പോൾ
എനിക്ക്,
കരയാൻ തോന്നുന്നു
പക്ഷേ,

നീരില്ല കണ്ണിൽ പോലും
ഇന്നലയുടെ ഓർമ്മകൾ
ഹൃദയത്തിൽ അലയടിക്കുമ്പോൾ
ഇന്നിന്റെ
കറുത്തുകലുഷമായ ദു:ഖഭാരം പേറി
സർവ്വനാഡിയും തളർന്ന്
കൈരളി
നാളേയ്ക്ക്,
ഓർമ്മകളും കാഴ്ചകളും
മറയുന്നതിനുമുമ്പ്
എന്റെ പുസ്തകത്താളിൽ
കദനവും കവിതയും
കുറിച്ചിടുന്നു..






പേടി         കവിത 

സൈനുൽ ആബിദ് 10 സി
ആധുനികതയുടെ തിരക്കിലും
തത്രപ്പാടിലും
നീയവനെ കണ്ടോയെന്നറിയില്ല
എന്നാലവൻ


നിന്റെ കൂടെത്തന്നെയുണ്ടായിരുന്ന
നിന്റെ ശ്വാസമായി,
നിന്റ രക്തമായി,
നിന്റെ ജീവനായി.
അഹമെന്ന ഭാവത്തോടെ
പാപങ്ങൾ നോക്കിടാതെ
ദുർസാമ്രാജ്യം കെട്ടിപ്പടുക്കവെ
നീയവനെ ഭയന്നില്ല.
ദുരമൂത്ത്
അന്യനെ കൊന്നും
കൊലവിളിച്ചും
സ്വതാൽപര്യപൂർത്തീകരണത്തിനായി
സദാ സടകുടഞ്ഞ്
നീ പായവേ
അവനെ കണ്ടില്ല
ഭയന്നുമില്ല.
കാൽ വെള്ളിക്കാശിനു വേണ്ടി
ആരേയും പേടിക്കാതെ
പേടിയെന്തെന്നറിയാതെ,
ആർക്കും വിലകൽപ്പിക്കാതെ
നീ വിലസി.
ഒരു ദുഷ്ചക്രവർത്തിയെപ്പോൽ
പാപങ്ങൾ ചെയ്തു,
കണ്ടു രസിച്ചു.

എന്നാൽ
നിൻ നിഴൽ പോലെ
കൂടെയിരുന്നിട്ടും
നീയവനെയോർത്തില്ല,
തെല്ലും ഭയന്നുമില്ല.
ഇനി,
നിന്റെ പാപഭാരം കഴുകാൻ
പമ്പക്കോ ഗംഗക്കോ
ഒരു പാപനാശിനിക്കും കഴിയില്ല.
ഒടുവിൽ,
അവൻ നിന്റെ മുന്നിൽ വരും
നിന്നെ അവന്റെ കരവലയത്തിലാക്കും
അവന്റെ ശ്വാസമായി
അവന്റെ രക്തമായി
അവന്റെ ജീവനായി
അപ്പോൾ,
ദിവസങ്ങൾ മദോന്മത്തനായി
പാഴാക്കിയ നീ
ഒരു നിമിഷത്തിനായി യാചിക്കും
വൈനും വിസ്കിയും കുടിച്ചു
മദിച്ച തിരുവായ്

ഒരുതുള്ളി മഴനീരിനായി
ഉഴറും
നീയറിയും
“മോഹങ്ങളെല്ലാം
ക്ഷണപ്രഭാ ചഞ്ചലമെന്ന്”
അതെ,
ആ വികാരങ്ങളുടെ
കുത്തൊഴുക്കായിരുന്നു പേടി
അജയ്യനെന്നഹങ്കരിച്ച
നീയറിഞ്ഞ ആദ്യപേടി
ഈ സുന്ദരമാം
ധരിത്രീ മാതാവിനെ
വിട്ടകലുന്ന ഓരോ മർത്ത്യനും
അനുഭവിച്ചീടുന്ന
അഭയം.....
അതാണു പേടി
യഥാർത്ഥ പേടി....


ഗാനം 15047 k12.jpg മധുപോലെ സ്നഹം
രാഗിൻ കെ പി
വിലപിക്കുവാനാകാതെ തേങ്ങുവാനാകാതെ
നീറുന്നൊരെൻ മനസ്സേ എൻ മനസ്സേ

നീറുന്നതെന്തിനോ തേങ്ങുന്നതെന്തിനോ
വിലപിക്കുന്നതെന്തിനോ
നിൻചുണ്ടിൽ നിന്നും പൊഴിയുന്ന വാക്ക്
തേനൂറും മധുകണം പോലെയല്ലോ

നിൻചുണ്ടിൽ നിന്നും പൊഴിയുന്ന വാക്ക്
ജീവന്റെ ചെറുകണികയല്ലോ
പൂവിന്റെയുള്ളിലെ തേൻ നുകരുവാൻ
എത്തുന്ന ശലഭമായ് മാറുവാൻ
ഒരുകൊച്ചു ശലഭമായ് മാറുവാൻ
ആശയുണ്ടേ എനിക്കാശയുണ്ടേ....


പേടിപ്പെടുത്തുന്ന ഓർമ്മകൾ

  ഷാനി എം ഡി, വി എച്ച് എസ്  ഇ   

മനസ്സരു മലർവാടിയായ്
ഒരുക്കുന്ന പൂന്തോപ്പിൽ
ആയിരം നക്ഷത്രം മിന്നിത്തിളങ്ങുന്ന
പൂന്തെന്നലാമെൻ ഹൃദയം
നിറവിന്റെ നിറവാർന്നൊരെൻ സ്വപ്നങ്ങൾ
അകതാരിൽ നിറയുമെന്നാത്മ ഗദ്ഗദം
പേടിയായ് എൻ മനസ്സിൽ നിറഞ്ഞീടവേ
പേടി മറഞ്ഞൊരെൻ കണ്ണിൽ നിന്നും
അഴലിന്റെ മഴയിതൾ പൊഴിയുകയായി
ഭയത്തിൻ വലയിൽ കുടുങ്ങി ഞാൻ
ബാക്കിയായെൻ മോഹമെല്ലാം
നീറുമെൻ ബാല്യത്തിൻ ഓർമ്മകളിൽ
പേടിതൻ മായം കലർന്നീടവേ
ഓർമ്മതൻ പേടകം ബാക്കിയായി
നീറുമെൻ യവ്വനം മാറിമറയുമ്പോൾ
ഓർത്തുപോയെൻ നിറ ബാല്യത്തെ
അകതാരിലെരിയും സ്മരണതൻ നിഴൽ
പേടിയായെന്നും ഓർത്തിടുന്നു ഞാൻ
ഓർമ്മയായ് മനസ്സിൽ വിങ്ങലുകൾ
പേടിയായ് എന്നും നിറഞ്ഞീടവേ
ഓർത്തു പോയ് ഞാനെന്റ ബാല്യത്തെ
നിറഞ്ഞുപോയ് കണ്ണുകളറിയാതെ
ഭയമെന്തെന്നറിയാതെ കാലമേറെ
ഒട്ടിക്കിടന്നമ്മതൻ മാറിലായ്
നീർമിഴികൾ പൂട്ടി ഞാൻ മയങ്ങവേ
അമ്മതൻ വാത്സല്യമറിഞ്ഞിരുന്നു
പേടിയറിയാതെ ഓർക്കുന്നു ഞാൻ
അമ്മയാണെന്നുമെൻ നൻമയെന്ന്
അമ്മയെ ചേർത്തു പിടിക്കവേ ഞാൻ
നടക്കുന്നതു നൻമക്കൊപ്പമല്ലോ.
അമ്മയെ പിരിയാതെ നിൽക്കുമ്പോൾ
ഞാൻ പിരിയാത്തതുനൻമയെയല്ലോ.


എന്നെ കല്ലെറിയരുത്
ശ്രീകാവ്യ കെ രാജ് 10 ബി
15047 k13.jpg (ഒൻപതാം തരത്തിലെ ശ്രീ സി വി ശ്രീരാമന്റെ കല്ലെറിയുന്നവർ എന്ന കഥയ്ക്ക് ശ്രീകാവ്യ എഴുതിയ പൂരണം)
അയാളുടെ മനസ്സിൽ ഭീതിയും കണ്ണിൽ നിസ്സഹായതയും ഏറുകയാണ്. അന്വേഷണ ഉദ്യോഗസ്ഥൻ പടികയറി മുസാവരി ബംഗ്ലാവിന്റെ ഓഫീസ് മുറിയിൽ എത്തിച്ചേർന്നു. എൻക്വയറി ആരംഭിച്ചു. ഓരോരുത്തരായി മൊഴികൾ നല്കി പുറത്തിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഭയം ഏറിവന്നു. അടുത്തത് തന്റെ ഊഴമാണ്. മേലുദ്യോഗസ്ഥൻ തന്നെ തിരിച്ചറിയുമോ?ആശങ്കയോടെ വിറയലോടെ അയാൾ മുറിയിലേക്കു കയറിച്ചെന്നു.
മുഖത്തുനോക്കാതെ മേലുദ്യോഗസ്ഥൻ ഇരിക്കാൻ പറഞ്ഞു. അയാളിരുന്നു. അപ്പോഴും അയാളാകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മേലുദ്യോഗസ്ഥന്റെ മൊബൈൽ ശബ്ദിച്ചു. ഉടൻ ഫോണുമായി പുറത്തേയ്ക്ക്. അല്പനേരത്തിനു ശേഷം വാച്ചുമാനോടെന്തോ പറഞ്ഞ് കാറിൽ കേറി പോയി. അപ്പോൾ വാച്ചുമാന്റെ അറിയിപ്പു വന്നു. “ഇന്നിനി എൻക്വയറി ഉണ്ടാവില്ല". അറിയിപ്പു കേട്ടയുടനെ ആളുകൾ പിരിഞ്ഞുപോയി. പക്ഷെ ,അയാൾ മാത്രം പോയില്ല. എന്താണ് എൻക്വയറി മാറ്റിവച്ചത്? വാച്ച്മാൻ കേട്ടഭാവം നടിച്ചില്ല. പതിവുപോലെ ചോദ്യം പിന്നെയും ആവർത്തിച്ചു. മറുപടി കിട്ടില്ലാ എന്നറിഞ്ഞപ്പോൾ പിന്നീടൊന്നുംതന്നെ ചോദിക്കാതെ അയാൾ മുസ്സാവരി ബംഗ്ലാവിന്റെ ഗെയ്റ്റിനു പുറത്തേയ്ക്കിറങ്ങി.
വീട്ടിലെത്തിയ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്കിരുന്നു. ആശങ്കയും വിഷമവും കൂടിയ അവസ്ഥയായിരുന്നു അയാൾക്ക്. “ഇന്നത്തെ എൻക്വയറി എങ്ങനെ ഉണ്ടായിരുന്നു? " വാതിൽക്കൽ നിന്നുകൊണ്ട് ഭാര്യ ചോദിച്ചു. ഒരുവാക്കുപോലും ഉച്ചരിക്കാനാവാത്ത വിധം അവശനായിരുന്ന അയാൾ പിന്നെയും ചിന്തയിൽ മുഴുകി. പെട്ടന്നയാളുടെ മാർമയിലേക്ക് കടന്നു വന്നത് താൻ ജോലി ചെയ്തിരുന്ന ദിനങ്ങളായിരുന്നു. എത്ര പാവപ്പെട്ട ആളുകളിൽ നിന്നാണ് താൻ ഭീഷണിപ്പെടുത്തിയും തട്ടിപ്പറിച്ചും പണം വാങ്ങിയിട്ടുള്ളത്. അതിനെല്ലാം ഉള്ള ഫലമായിരിക്കും ഞാനിപ്പോൾ അനുഭവിക്കുന്നത്? ഒരു വേദനയോടെ അയാൾ മയക്കത്തിലേക്കു വീണു. പിന്നീടൊരിക്കലും ആ മയക്കത്തിൽ നിന്നയാൾ ഉണർന്നില്ല....

വയനാടിന്റെ വികസനവും പാരിസ്ഥിക പ്രശ്നങ്ങളും                  ലേഖനം  .

വിപിന കെ വിജയൻ വി എച്ച് എസ് ഇ

                       വയനാടിപ്പോളുള്ളത് ഒരു വികസനത്തിന്റെ പാതയിലാണ്  .ഹൈവെ പാതകളുടെ വലുപ്പം കൂട്ടുക, മിനിസിവിൽസ്റ്റേഷൻ തുടങ്ങിയവ വയനാട്ടിൽ എത്തി ഒപ്പം പാരിസ്ഥിക പ്രശ്നങ്ങളും .
നമ്മുടെ സംസ്ഥാനമായ കേരളം ഒരുവിധം നല്ല കൃഷിടുള്ളത് വയനാട്ടിൽ ആണ് .ഇപ്പോൾ വയനാട്ടിലെ മിക്ക നഗരങ്ങളും സ്ഥിതി ചെയ്യുന്നത് നികത്തിയ വയലുകളിലാണ്.ബത്തേരി ഒരു ഉദാഹരണം . ഒരുവിധം നഗരങ്ങളുള്ള അമ്മായിപ്പാലം എന്നസ്ഥലത്ത് നെൽവയലുകൾ നികത്തി ഓട്ടോമൊബൈൽ ഷോപ്പുകൾ ഉണ്ടാക്കുകയാണ് .
സുൽത്താൻബത്തേരി,കൽപ്പറ്റ നാഷണൽ ഹൈവെ വീതികൂട്ടുകയാണ് .ഇതിനായി ഏക്കറുകളോളം ക്രഷിഭൂമി നശിച്ചിരിക്കുന്നു .ഒപ്പം വാഹനപെരുപ്പം മൂലം അന്തരീക്ഷ മലിനീകരണവും .അന്തരീക്ഷവായുവിൽ 90 ശതമാനവും കാർബൺഡൈ ഓക് സൈഡ് നിറഞ്ഞു കഴിഞ്ഞു . കുറേസ്ഥലങ്ങളിൽ വർക്കുഷോപ്പുകൾ തു ടങ്ങിയത് മൂലം അവയിൽനിന്ന് വരുന്ന കരിയോയിൽ മുതലായ ദ്രാവകങ്ങൾ മണ്ണിന്റെ

മേൽത്തട്ടിൽ നിന്ന് മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപെടുത്തി കൊണ്ടിരിക്കുന്നു. ഈ മലിന വസ്തുക്കൾ മഴ പെയ്ത് ആ വെള്ളത്തിലൂടെ പ്രധാനജലസ്രോതസ്സുകളിലേക്കും എത്തുന്നത് മൂലം കൃഷിയും , ജലവും നശിക്കുന്നു .

                        വയനാടിന്റെ വികസനത്തിന്റെ ഭാഗമായിപലയിടങ്ങളിലും റോഡുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.  പൂതാടി പഞ്ചായത്തിനെയും  മീനങ്ങാടി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നസ്ഥലമാണ് ഞാറ്റാടി. അവിടെ പുതിയൊരു പാലമുണ്ടാക്കി അതിന്റെ അപ്രോച്ച് റോഡിന്റെ പണിക്കായി അമ്പതോളം കവുങ്ങുകളും വയലുകളും നികത്തി മണ്ണിട്ടു. വികസനം വരുന്നതിനോടൊപ്പംപാരിസ്ഥിക പ്രശ്നവും ഉണ്ടായിരിക്കും.  അത് കുറയ്ക്കണമെങ്കിൽ ഒരു മാർഗവും ഇല്ല.
വികസനവും പാരിസ്ഥിക പ്രശ്നങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഓരോ നഗരങ്ങളിലും വികസനം വരുന്നത് ഫാക്ടറികളുടെ രൂപത്തിലാണ്.അതിനുമുണ്ട് മാരകമായ പാരിസ്ഥിക പ്രശ്നം ഉണ്ടാക്കാനുള്ള കഴിവ് . ഫാക്ടറികളിൽനിന്നുള്ള കാർബൺ മോണോക്സൈഡും കാർബൺഡൈ ഓക്സൈഡും അടങ്ങിയ വാതകം അന്തരീക്ഷത്തിന് മുകളിൽ ഒരു പാളിയെപ്പോലെ രൂപം കൊള്ളുന്നു.ഇത് ഭൂമിയിലേക്ക് പതിക്കുന്ന സൂര്യ പ്രകാശത്തിന്റെ തിരികെയുള്ള യാത്രക്ക് തടസമായി നിലകൊള്ളുന്നു. തുടർന്ന് അന്തരീക്ഷ താപനില ഉയരുകയും ആഗോള താപനം എന്നപ്രതിഭാസവും ഉണ്ടാവുന്നു. വയനാട്ടിൽ ഇത് പോലെ പുതുതായി രണ്ട് ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊളകപ്പാറയിലെ ഉജാല കമ്പനിയും മണിച്ചിറയിലെ സോപ്പ് കമ്പനിയും . വൈകാതെ ഇവയുംപാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം . ഇനി മുതൽ വികസനം എന്ന് ഉദ്യേശിക്കുന്നത് കൂടുതൽ കൃഷിയുള്ള പ്രദേശത്തെയാണ് എന്ന് ഓർക്കണം. അത്തരത്തിലായാൽ പാരിസ്ഥിക പ്രശ്നങ്ങൾ ഇല്ലാതെ വികസനത്തെ കൊണ്ട് വരാം. ഒരു പ്രദേശത്തിന്റെ ഭാഗം അവിടുത്തെ കൃഷിയുമായിരി ക്കണം. അങ്ങനെയാണങ്കിൽ പാരിസ്ഥിക പ്രശ്നങ്ങൾ ക്രമാതീതമായി കുറക്കാൻ സാധിക്കും.


നന്ദി ഞങ്ങൾ യാത്ര പറയുകയാണ്

മുന്നിലുള്ള വഴികളിൽ
കാലിടറാതെ നടന്നുപോകാൻ
ഉറപ്പും ഉപദേശവും തന്ന
അധ്യാപകർക്ക്,
അറിവും സ്നേഹവും
പങ്കുവച്ച സഹപാഠികൾക്ക്
ഞങ്ങളുടെ പിൻതലമുറകൾക്ക്
ഞങ്ങളെ സ്നേഹിച്ച, സഹായിച്ച ഏവർക്കും
ലേഔട്ട് ചയ്തുതന്ന
ശ്രീജിത്ത് സാറിന്
ക്ലാസ് അധ്യാപകൻ ബിജുസാറിന്
ചന്ദ്രമതി ടീച്ചർക്ക് മുഴുവൻ അധ്യാപകർക്കും
ഒരിക്കൽ കൂടി നന്ദി ..
യാത്രാമൊഴികളോടെ …......

   									നിത്യ എം എസ് സ്റ്റുഡന്റ് എഡിറ്റർ