ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

    മഹാമാരിയ്ക്കിടയിലും നാളെയുടെ പ്രതീക്ഷകൾ നിറച്ച് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സർഗ്ഗ സൃഷ്ടികൾ    ഏവർക്കുമായി സമർപ്പിക്കുന്നു അക്ഷരപ്പൂക്കളായി.  കുരുന്നു മനസ്സുകളിലെ ആശങ്കകൾ അകറ്റി അവരെ അക്ഷരങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് നയിക്കാനും അവരിലെ ഭാവനകളെ വരകളായും കഥകളായും കവിതകളായും രൂപപ്പെടുത്താനും ഈ അക്ഷരപ്പൂക്കൾക്ക് കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്.....



      അമ്മ

അമ്മയാണ് സ്നേഹം

അമ്മയാണ് ഭാഷ

അമ്മയാണ് ഭൂമി

അമ്മയാണ് അറിവ്

അമ്മയാണെല്ലാം

അമ്മയാണീ പ്രപഞ്ചം.

ആനന്ദ്.ബി.ആർ Std VI


കോവിഡ്-19

   കൊറോണ എന്ന മഹാമാരി ലോകം മുഴുവനും പട‍ർന്നുപിടിക്കുന്ന ഈ അവസരത്തിൽ ശുചിത്വത്തിന്  വളരെയധികം പ്രാധാന്യം വന്നിരിക്കുകയാണ്.  മരുന്നുകളോന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ ചെറുക്കുന്നതിന് ലോകാരോഗ്യ സംഘടന പോലും നിർദ്ദേശിച്ചിരിക്കുന്നത് വ്യക്തിശുചിത്വം പാലിക്കുവാനാണ്.  കൈകൾ രണ്ടും ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചു കഴുകുവാൻ ഇന്ന് എല്ലാവരും ശീലിച്ചുകഴിഞ്ഞു. ഈ ശീലം ഇങ്ങനെ തന്നെ തുടർന്നുപോയാൽ ആരോഗ്യമുളള ഒരു തലമുറ തീർച്ചയായും ഉണ്ടാകും.  

   ആരോഗ്യമുളള ഒരു തലമുറ ഉണ്ടാകുന്നതിന് നാം നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്.  പക്ഷേ ഇന്നത്തെ അവസ്ഥ  വ്യത്യസ്തമാണ്.  നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെളളത്തിലും  മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു.  നാം അറിഞ്ഞോ അറിയാതെയോ, അവ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു.  അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീ‍ർക്കുന്ന അവസ്ഥയാണ് ആധുനിക ജനതയ്ക്കുളളത്. ഇതിൽനിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കണം.  ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം.  "ചെറുപ്പകാലങ്ങളിലുളള ശീലം മറക്കുമോ മാനുഷനുളള കാലം"   എന്ന പഴഞ്ചൊല്ല് ഓരോരുത്തരും ഓ‍ർക്കേണ്ടതാണ്.  വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട്  താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.  

   1.   ദിവസവും കുളിക്കുക.

   2.  അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക.  

   3.  ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.

   4. നഖങ്ങൾ വെട്ടി വൃത്തിയാക്കുക.

ഒരാളുടെ വ്യക്തിത്വം നിർണയിക്കുന്നത് അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്.

    വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ പരിസര ശുചിത്വവും പാലിക്കേണ്ടതാണ്.  അതിനായി താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.

   1.  പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.

   2.  മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക.

   3. മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും പുഴയിലേക്ക് ഒഴുക്കിവിടരുത്.

      

   കോവിഡ്-19 എന്ന മഹാമാരിയിലൂടെ വ്യക്തിശുചിത്വം പാലിക്കാൻ നാം പഠിച്ചുകഴിഞ്ഞു.    പരിസര ശുചിത്വം പാലിക്കുന്നതിന് ഇങ്ങനെയൊരു മഹാമാരിയെ നാം കാത്തിരിക്കേണ്ടതുണ്ടോ?  അടുത്ത ഒരു മഹാമാരി വരുന്നതിനു മുമ്പ് നമുക്ക് പരിസര ശുചിത്വം ശീലമാക്കാം.

നിഖിത.എ.എസ് Std-V


വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്

   കോവിഡ് കാലം എനിക്ക്  വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കുുളള ഒരു മടക്കയാത്രയായിരുന്നു.   ആ കാലം എനിക്ക് പലവിധ അനുഭവങ്ങളും നൽകി.  സ്കൂൾ ഇല്ലാത്തതിനാൽ രാവിലെ താമസിച്ചാണ് ഉറക്കമെണീക്കുന്നത്.  എണീറ്റുകഴിഞ്ഞാൽ ഞാൻ ആദ്യം പോകുന്നത് ഞാൻ വളർത്താൻ തുടങ്ങിയ കിളികളുടെ അടുത്തേക്കാണ്.  ആദ്യം അവർക്ക് ആഹാരം കൊടുക്കും.  അതിനുശേഷം കോഴികളുടെയും താറാവുകളുടെയും അടുത്തേക്ക് പോകും.   പിന്നെ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും ചുറ്റിക്കറങ്ങും.  

   രാവിലെയും വൈകിട്ടും എല്ലാ ചെടികൾക്കും വെളളം നനയ്ക്കും.  കോവിഡ്കാലത്ത് കുറേ പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചതുകൊണ്ട് വിഷം ചേർക്കാത്ത പ്രകൃതിദത്തമായ നല്ല പച്ചക്കറികൾ ഞങ്ങൾക്ക് ലഭിക്കാൻ തുടങ്ങി.   പൂന്തോട്ടത്തിൽ പല നിറത്തിലുളള നല്ല ഭംഗിയുളള പൂക്കൾ ഉണ്ടായിരുന്നു. പിന്നെ എനിയ്ക്ക് കൂട്ടിന് ചെറിയ ഒരു കാളക്കുട്ടി ഉണ്ട്. മണിക്കുട്ടൻ എന്നാണ് അവന്റെ പേര്. അവന്റെ കൂടെ സമയം ചെലവഴിക്കുന്നതും എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു.

കൃഷ്ണകുമാർ എസ് Std V


ആരോഗ്യ ശീലം

                                       

   അന്ന് വീട്ടിൽ നിന്നും സ്കൂളിലേക്ക് നടക്കുമ്പോൾ അനൂപ് പതിവിലധികം സന്തോഷത്തിലായിരുന്നു.  അവൻ സ്കൂളിൽ എത്തി. ടീച്ച‍ർ അന്ന് ആരോഗ്യ ശൈലിയെ കുറിച്ചാണ് പറഞ്ഞത്.  ടീച്ചർ കുട്ടികളോടു ചോദിച്ചു, "രാവിലെ എഴുന്നേറ്റുവന്നാൽ എന്തുചെയ്യും നിങ്ങൾ?” ദീപു പറഞ്ഞു, "പല്ലു തേച്ചു മുഖം കഴുകി വൃത്തിയാക്കും.”  ടീച്ചർ അവനെ അഭിനന്ദിച്ചു. എന്നിട്ട് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ പക‍‍‍ർത്തേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു.  സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ അനൂപ് തന്റെ ടീച്ചർ പറഞ്ഞതെല്ലാം കൂട്ടുകാരോട് പറഞ്ഞു.  രോഗങ്ങളെ അതിജീവിക്കാൻ വ്യക്തി ശുചിത്വവും ദിനചര്യകളും പാലിക്കണമെന്ന് അവർക്ക് മനസിലായി.

                           അഥീന ജെ സി

ഒരു കോവിഡ്കാല അനുഭവം

   എല്ലാ വർഷത്തെക്കാളും വ്യത്യാസമുളള ഒരു അവധിക്കാലമായിരുന്നു 2020-ലെ വേനൽക്കാലം.  വാർഷിക പരീക്ഷയ്ക്ക് മുമ്പുതന്നെ സ്കൂളുകൾ അടച്ചു.  കൊറോണ വൈറസ് ലോകമാകെ പടർന്നുപിടിച്ചതിന്റെ ആഘാതം ഞങ്ങൾ കുട്ടികളെയാണ് കൂടുതൽ അനുഭവിച്ചത്.  സ്കൂളിൽ പോകാൻ കഴിയാത്തതിന്റെയും കുട്ടികളോടൊപ്പം കളിക്കാൻ കഴിയാത്തതിന്റെയും വിഷയം ശരിക്കും അറിഞ്ഞു.  ഏതാണ്ട് ഒരു വർഷത്തിലധികം വീട്ടിനുളളിൽ തന്നെ കഴിച്ചുകൂട്ടേണ്ടിവന്നു.  പക്ഷേ കൂടുതൽ കാര്യങ്ങൾ പഠിക്കാനും വായനയും കലകളും പരിശീലിക്കാനും കഴിഞ്ഞു.  ഇതിനിടയിൽ മാസ്ക് നമ്മുടെ സന്തത സഹചാരിയായി മാറി.  സാനിട്ടൈസറിന്റെ ഉപയോഗവും ഒരു ശീലമായി.

2021-ലെ ഓണക്കാലത്ത് വീടിനടുത്തുളള ഒരു മുത്തശ്ശിക്ക് സുഖമില്ലാതായപ്പോൾ അച്ഛനാണ് ആശുപത്രിയിൽ കൊണ്ടുപോയത്.  പിന്നീടാണ് അറിഞ്ഞത് ആ മുത്തശ്ശിക്ക് കോവിഡ് ആയിരുന്നെന്ന്. അങ്ങനെ ജീവിതത്തിൽ ആദ്യമായി അച്ഛനെകൂടാതെ ഒരു ഓണം മാമന്റെ വീട്ടിൽ ചിലവഴിക്കേണ്ടിവന്നു. എല്ലാം ഒരിക്കലും മറക്കാത്ത അനുഭവങ്ങളായി മനസ്സിൽ മായാതെ നിൽക്കുന്നു.

ഭദ്ര എ എസ് Std III


മനുഷ്യസ്നേഹം

   ജാതിവ്യവസ്ഥകൾ  വലിയ രീതിയിൽ നില നിന്നിരുന്ന ഒരു കാലം.  സവർണരുടെ ദൃഷ്ടിയിൽ അവർണർ പെട്ടാൽ പോലും പാപം ആണെന്ന് കരുതിയിരുന്ന കാലം. അക്കാലത്ത് ഒരു കർഷകൻ ഒരു ജന്മിയുടെ പറമ്പിൽ കുടിൽ കെട്ടി താമസിച്ചിരുന്നു.  അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു.   ദാരിദ്ര്യം ഉണ്ടെങ്കിലും അയാൾ കുടുംബത്തിനു വേണ്ടി പാടത്ത് കൃഷിയിറക്കി. കുറച്ചു നാളുകൾക്കുശേഷം വിളവെടുപ്പിന് സമയമായി.  കുട്ടികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.  ഒത്തിരി സ്വപ്നങ്ങളുമായാണ് അവർ അന്ന് ഉറങ്ങിയത്.  കടങ്ങൾ വീട്ടണം, പുത്തനുടുപ്പുകൾ വാങ്ങണം, നല്ല ആഹാരം കഴിക്കണം.

   എന്നാൽ ആ രാത്രി എല്ലാം മാറ്റിമറിച്ചു.  ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു.  കനത്തമഴയിൽ പാടം വെളളത്തിൽ മുങ്ങി. വിളവ് നശിച്ചു.  കുടുംബം തീരാദുഖത്തിലാഴ്ന്നു.  വീണ്ടും കൃഷി നടത്താൻ പണമില്ല. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെയായി.   ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയൊന്നുമില്ല- കർഷകൻ ചിന്തിച്ചു.  

   അങ്ങനെയിരിക്കെ ഒരിക്കൽ ജന്മി അതുവഴി വരാൻ ഇടയായി.  അവിടെ കണ്ട കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ച കുറെ പട്ടിണിക്കോലങ്ങൾ. ജന്മി അവർക്ക് ആഹാരത്തിന്  ഏർപ്പാട് ചെയ്തു. കൃഷി ചെയ്യാൻ പണം നൽകി. പച്ചയണിഞ്ഞ് നിൽക്കുന്ന നെൽച്ചെടികൾ ഇളംകാറ്റിൽ ആടിയുലഞ്ഞു.  കുടുംബത്തിൽ വീണ്ടും പ്രതീക്ഷകൾ നാമ്പിട്ടു.  ഇത്തവണ നല്ല വിളവ് കിട്ടി. അവരുടെ കഷ്ടപ്പാടുകൾ മാറി. കൃഷിക്കാരനും കുടുംബവും ആ ജന്മിയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു.

ആൻസി എസ് Std VII


മഹാമാരിയും മനുഷ്യന്റെ അതീജീവനവും

   ലോകമാകമാനമോ വളരെ വലിയ മേഖലയിലോ ബാധിക്കുന്നതും അന്താരാഷ്ട്ര അതിർത്തികൾക്കപ്പുറം നാശം വിതയ്ക്കുന്നതുമായ പകർച്ചവ്യാധികളെയാണ് നാം മഹാമാരി എന്നു വിളിക്കുന്നത്.

   പ്ലേഗ്, കോളറ, വസൂരി, ഇൻഫ്ലുവൻസ, ടൈഫസ്, ക്ഷയം, കുഷ്ഠം, മലേറിയ, മീസിൽസ്, വില്ലൻചുമ തുടങ്ങിയവ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുളള മഹാമാരികളാണ്.  ഇവ മൂലം കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ലോകംകണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്-19.  ശാസ്ത്ര സാങ്കേതിക മേഖലകളിൽ വളരെയധികം പുരോഗതി പ്രാപിച്ച മനുഷ്യൻ എത്രമാത്രം നിസ്സഹായനാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ അവസരം.

   ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 135 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2019-ൽ ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.  അതിനുശേഷം ചുരുങ്ങിയ കാലങ്ങൾക്കുളളിൽ നമ്മുടെ കേരളത്തിലുമെത്തി.  ആരോഗ്യപ്രവർത്തകരും പോലീസും ഈ മഹാമാരിക്കെതിരെ പോരാടാൻ സജീവമായി രംഗത്തുണ്ട്.  മനുഷ്യന്റെ വികസനത്തിന് ഭീഷണിയായി കൊറോണ ഇപ്പോഴും നമ്മുടെ ഇടയിൽ തന്നെ നിലനിൽക്കുന്നു.  എന്നാൽ ഒന്നിനു മുന്നിലും പരാജയപ്പെടാത്ത ഇച്ഛാശക്തിയുമായി മനുഷ്യനും കൊറോണയ്ക്കെതിരെ പോരാടുന്നു.

അഭിരാമി.എ.എസ് Std V


കനകമണി

   ദാമുവേട്ടന് കിട്ടിയ ഒരു സമ്മാനമായിരുന്നു കനകമണി.  ദാമുവേട്ടൻ കനകമണിയെ തന്റെ തോട്ടത്തിൽ വളരെയധികം സ്നേഹിച്ചും പരിപാലിച്ചും                   വളർത്തി.  കനകമണിക്ക് ഒരു കൂട്ടുകാരിയെ കിട്ടി.  അതാരാണെന്നല്ലേ....  അതാണ് നമ്മുടെ മഞ്ഞക്കിള്ളിപ്പെണ്ണ്.  അവർ അങ്ങനെ സ്നേഹത്തോടെ കഴിഞ്ഞുവരികയായിരുന്നു.

   ഏകദേശം ഒന്നു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ കനകമണിക്ക് ചുറ്റും രണ്ടു മൂന്നു കുട്ടിപ്പട്ടാളങ്ങൾ വളർന്നുവന്നു.  ദാമുവേട്ടൻ കനകമണിയോട് പറഞ്ഞു - എന്റെ പൊന്നുൂമോളേ...  നിനക്ക്  ഇപ്പോൾ ഈ കുട്ടിപ്പട്ടാളങ്ങൾ വേണ്ട. ദാമുവേട്ടൻ സ്നേഹത്തോടെ അവയെ മുറിച്ചുകളഞ്ഞു.

   കനകമണിക്ക് ഒത്തിരി സങ്കടമായി.  അവൾ തന്റെ പ്രീയപ്പെട്ട കൂട്ടുകാരിയായ മഞ്ഞക്കിളിപ്പെണ്ണിനോട് തന്റെ സങ്കടങ്ങൾ പറഞ്ഞു.  വീണ്ടും നാലഞ്ചുമാസങ്ങൾ കഴിഞ്ഞു. ഇപ്പോൾ മഞ്ഞക്കിളിപ്പെണ്ണ് ഒരു അമ്മയാകാനുളള തയ്യാറെടുപ്പിലാണ്.  കനകമണിയുടെ കുല വിളയാറായി.  മഞ്ഞക്കിളിപ്പെണ്ണിന്റെ മുട്ടകൾ വിരിഞ്ഞു.  രണ്ടു സുന്ദരി വാവകൾ.  അമ്മയുടെ കണ്ണുും കരളുമായി അവർ വളർന്നു.  കനകമണിയുടെ വാഴക്കുല പാകമായപ്പോൾ ദാമുവേട്ടൻ കുല മുറിച്ചു.  അങ്ങനെ കനകമണിയുടെ ജീവിതം ധന്യമായി.

അമൃത.എസ് Std III


മഴവില്ലിന്റെ സമ്മാനം

   പൂക്കൾക്ക് നിറം നൽകി നിറം നൽകി, അമ്മു പൂമ്പാറ്റയുടെ നിറമെല്ലാം മങ്ങി.  പാവം അമ്മു.  പൂക്കൾ‍ സങ്കടത്തോടെ പറഞ്ഞു.  ആകാശത്തുനിന്ന് മഴവില്ല് ഇതു കണ്ടു.  അവൾ പൂമ്പാറ്റയ്ക്ക് നിറം കൊടുത്തു.  അമ്മു പൂമ്പാറ്റ സുന്ദരിയായി.  പൂക്കൾക്ക് സന്തോഷമായി.  അവർ അമ്മുവിന് ആവോളം പൂന്തേൻ നൽകി.  

പ്രിയദർശിനി.ഡി.എസ് Std III

പൂച്ചച്ചന്തം

കറുകറുത്ത പൂച്ച

മിനുമിനുത്ത പൂച്ച

കറുമുറേന്നു തിന്നു

ചുകചുകന്ന മത്തൻ

ചുണ്ടു ചോന്നുപോയി

നാക്കു ചോന്നു പോയി

കണ്ണാടി നോക്കി പൂച്ച

കുടുകുടെ ചിരിച്ചു

                               വൈഗ.എസ്Std II


ഡോലക്പുരിലെ രാജാവ്                

   പണ്ടു പണ്ട് ഡോലക്പൂ‍ർ എന്ന രാജ്യത്ത് ആദിദേവ് എന്ന രാജാവ് വാണിരുന്നു.  അദ്ദേഹത്തിന്റെ രാജ്യത്തെ ആളുകൾ കുഴിമടിയന്മാർ ആയിരുന്നു.  വേറെ രാജ്യത്തു നിന്ന് അഭയം തേടിവരുന്ന ആളുകളെ കൊണ്ടാണ് അവർ തങ്ങളുടെ ജോലി ചെയ്യിച്ചിരുന്നത്.  അങ്ങനെയിരിക്കെ ഒരിക്കൽ രാജ്യത്ത് അതികഠിനമായ വേനൽ വന്നു.  ആളുകൾ പരിഭ്രാന്തരായി.  ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ അനുഭവപ്പെട്ടു.  ഇക്കാലത്ത് അവിടെ ഒരു മഹാമാരി വന്നു പിടിപെട്ടു.  ആ രോഗത്തിന്റെ ലക്ഷണങ്ങൾ ഇങ്ങനെയായിരുന്നു. ശരീരത്തിൽ ചെറിയ പാടുകൾ വരികയും അതു പൊട്ടി ആളുകൾ മരിക്കുകയും ചെയ്തു.  ഇത് ഒരു പക‍ർച്ചവ്യാധി ആണെന്ന് രാജാവിന് മനസിലായി.  ഒരു രാജസേവകനും ഈ അസുഖം പിടിപെട്ടു.  അയാൾ അപ്പോൾ തന്നെ പുറത്തു പോവുകയും രാജസേവക‍‍ർ കുളിക്കുന്ന കുളത്തിൽ ചാടുകയും ചെയ്തു.  ആ കുളം ചോര കലർന്ന വെളളമായി മാറി.  രാജസേവകൻ മരിച്ചുവെന്ന് എല്ലാവരും വിചാരിച്ചു.  

   കുറെ നാൾ കഴിഞ്ഞു.  മറ്റൊരു രാജസേവകൻ കുളത്തിനരികിലൂടെ പോകവേ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതായി കണ്ടു.  അതെടുക്കാൻ ശ്രമിക്കവെ അത് മരിച്ചുപോയ രാജസേവകൻ ആയി മാറി.  അയാൾ പേടിച്ച് നിലവിളിച്ച് ബോധംകെട്ട് വീണു.  വിവരം അറിഞ്ഞ് രാജാവ് എത്തി.  ഒരു വൈദ്യൻ ദൂരെ ഒളിച്ചു നിൽക്കുന്നതായി രാജാവിന് മനസിലായി.   രാജാവ് അയാളോട് വിളിച്ചു ചോദിച്ചു, "താങ്കളാണ് അയാൾക്ക് വൈദ്യ സഹായം നൽകിയത്, അല്ലേ?”   "ശരിതന്നെയാണ് പ്രഭോ, ഞാൻ തന്നെയാണ് അയാളെ ചികിത്സിച്ചത്.”  വൈദ്യൻ മറുപടി പറഞ്ഞു.  "എന്താണ് ഈ രോഗത്തിന്റെ പ്രതിവിധി?” രാജാവ് ചോദിച്ചു.  വൈദ്യൻ പറഞ്ഞു, "മഹാരാജാവേ, ആരോഗ്യമുളള ശരീരത്തിലേ എന്റെ ചികിത്സാരീതി ഫലിക്കൂ. അതിനാൽ അങ്ങ് ഒരു വിളംബരം ചെയ്യണം. നാട്ടിലുളള എല്ലാവരും വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കണം.  കുഴിമടിയന്മാരാകാതെ ജോലി ചെയ്യുകയും അതിനൊത്ത ആഹാരം കഴിക്കുകയും വേണം.”

   രാജാവ് വൈദ്യൻ പറഞ്ഞതിനനുസരിച്ച് വിളംബരം പുറപ്പെടുവിച്ചു.  ജനങ്ങൾ അത് അനുസരിക്കുകയും എല്ലാവ‍ർക്കും അസുഖം ഭേദമാകുകയും ചെയ്തു. എല്ലാവരും അവരുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തി. അതോടെ ഇങ്ങനെയുളള പക‍ർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആ രാജ്യത്തിന് കഴിവുണ്ടായി.  ജോലിയുടെയും ആരോഗ്യത്തിന്റെയും വില ജനങ്ങൾ മനസ്സിലാക്കി.  വൈദ്യന് നാടിന്റെയും രാജാവിന്റെയും നിരവധി പാരിതോഷികങ്ങളും പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.  രാജാവിന്റെയും രാജ്യത്തിന്റെയും കീ‍ർത്തി വർധിച്ചു.  പിൽക്കാലത്ത് ജനങ്ങൾ സുഖമായി ജീവിച്ചു.

                               അസിർ ജ്യോതി  Std -VII

മഴ വന്നേ

മഴ...മഴ...മഴ....മഴ....മഴ വന്നേ...

പുതുമഴ വന്നേ പുതുമഴ

പൂക്കൾ ചിരിക്കും പുതുമഴ

മഴ വന്നേ ഹായ് മഴ വന്നേ

ആടിപ്പാടി മഴ വന്നേ

പുതുമഴ നല്ല പുതുമഴ

ചറപറ ചറപറ മഴവന്നേ

കുട്ടികളെല്ലാം തുളളിരസിക്കും പുതുമഴ.

ആടാം പാടാം ആടി രസിക്കാം

പുതുമഴ നല്ല പുതുമഴ...

പൂമഴ തേൻമഴ നല്ലമഴ

മഴ വന്നേ ഹോയ് മഴ വന്നേ.

ആശ്രിത.പി.എ Std V


അനുസരണ

   ഒരു കാട്ടിൽ രണ്ടു സിംഹങ്ങൾ തങ്ങളുടെ സിംഹക്കുഞ്ഞുങ്ങളുമായി ജീവിക്കുകയായിരുന്നു.  അച്ഛൻ സിംഹം ആ മൂന്നു കുഞ്ഞു സിംഹങ്ങളോടും പറഞ്ഞു - നിങ്ങൾ കുട്ടികളാണ്. അപകടം പറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞങ്ങൾ ഇല്ലെങ്കിൽ ഗുഹയിൽ നിന്ന് പുറത്തിറങ്ങരുത്.  ഒരു ദിവസം സിംഹക്കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും തീറ്റ തേടി പുറത്തു പോയി.   ഒന്നാമത്തെ സിംഹക്കുട്ടി മറ്റു രണ്ടുപേരോടുമായി പറഞ്ഞു - വാ നമുക്ക് പുറത്തുപോയി കളിക്കാം.  എന്നാൽ മറ്റു രണ്ടുപേർക്കും അത് ഇഷ്ടമായില്ല. സിംഹക്കുട്ടികൾ പറഞ്ഞു.  ഞങ്ങൾ വരുന്നില്ല.  അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട് ആരുമില്ലാത്തപ്പോൾ പുറത്തിറങ്ങരുതെന്ന്. ഇതുകേട്ട് ഒന്നാമൻ പറഞ്ഞു. നിങ്ങൾ വരുന്നില്ലെങ്കിൽ വേണ്ട. ഞാൻ കളിക്കാൻ പോകുന്നു.  അങ്ങനെ അവൻ കളിക്കാനായി പുറത്തേക്കു പോയി.  കളിച്ച് കളിച്ച് ഗുഹയിൽ‍ നിന്നും ദൂരെയെത്തി. തിരിച്ചുപോകാനുളള വഴിഅറിയാതെ അവൻ വിഷമിച്ചു. പെട്ടന്ന് അവൻ ഒരു വലയിൽ അകപ്പെട്ടു.  ഒരു വേട്ടക്കാരന് വച്ച കെണിയായിരുന്നു അത്.  സിംഹക്കുട്ടി കുറേ ശ്രമിച്ചെങ്കിലും വല പൊട്ടിക്കാൻ സാധിച്ചില്ല. വേട്ടക്കാരൻ വന്ന് സിംഹക്കുട്ടിയെ പിടിച്ച് സർക്കസുകാർക്ക് വിറ്റു.  അങ്ങനെ അവന് തന്റെ കുടുംബം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഹരികൃഷ്ണൻ.എസ്.എസ് Std VI


പ്രകൃതിയുടെ കുസൃതികൾ                                       

പ്രകൃതിയിൽ എന്തൊക്കെ മാറ്റങ്ങൾ, അത്ഭുത മാറ്റങ്ങൾ.

മഴയും വെയിലും മാറി മാറി,

വസന്തവും വരൾച്ചയും മാറി മാറി.

വെയിലത്തു മരങ്ങൾ കാറ്റുവീശി തണുപ്പു നൽകീടുന്നു.

വരൾച്ചയിൽ ഇടിമിന്നലോടെ മഴ പെയ്യുന്നു.

വസന്ത കാലങ്ങളിൽ പൂന്തേൻ നുകരും പൂമ്പാറ്റകളും,

മഴക്കാലങ്ങളിൽ വെളളത്തിൽ കളിക്കുന്ന കുട്ടികളും,

എന്തൊക്കെ മറിമായങ്ങൾ, പ്രകൃതി നമുക്കായ് നൽകുന്നു,

എന്തൊക്കെ കുസൃതികൾ, പ്രകൃതി നമുക്കായ്  ഒരുക്കുന്നു.

                                   അനന്യ എ Std V


മൊബൈൽ ഫോണും നാടൻ കളികളും

   ഒരിക്കൽ അപ്പുവും അമ്മുവും കൂടി മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു.  മക്കളേ വരൂ ഭക്ഷണം കഴിക്കാം.   കൂടുതൽ സമയം ഫോണിൽ കളിച്ചാൽ കണ്ണ് കേടാകും.   നിങ്ങളുടെ പ്രായത്തിൽ ഞങ്ങൾക്ക് ഈ ഫോണൊന്നും ഇല്ലായിരുന്നു.  നമ്മൾ നാടൻ കളികളായിരുന്നു കളിച്ചിരുന്നത്.  അമ്മു ചോദിച്ചു  -  അതെന്താണമ്മേ ഈ നാടൻ കളികൾ.  നാട്ടിൻ പ്രദേശത്ത് പ്രത്യേകിച്ച് കുട്ടികൾ എല്ലാം കൂടി കൂടിയിരുന്ന് കളിക്കുന്ന ലളിതമായ കളികളാണ് നാടൻ കളികൾ.  പോലീസും കളളനും, കുട്ടിയും കോലും, തലപ്പന്തുകളി, ഒളിച്ചുകളി, തുടങ്ങി ഒരുപാട് നല്ല രസമുളള കളികൾ ഞങ്ങൾ കളിക്കുമായിരുന്നു.  ഇന്നത്തെ കളികളെ പോലെ പ്രത്യേകിച്ച് വില കൂടിയ കളിക്കോപ്പുകളുടെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല. ഓലയിൽ പന്തും മറ്റ് ഒരുപാട് കളിക്കോപ്പുകളും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുമായിരുന്നു.  ഇതെല്ലാം കേട്ട് അപ്പുവിനും അമ്മുവിനും വളരെ കൗതുകമായി.  അവർ പറഞ്ഞു.  ഞങ്ങൾ ഇനി മൊബൈൽ ഫോണിൽ കളിക്കില്ല. അയൽപക്കത്തെ കുട്ടികളെയും കൂട്ടി ഇത്തരത്തിലുളള കളികൾ കളിക്കും.  രണ്ടുപേരും ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

അജയകാന്ത്.ഡി.എ Std IV


ആനക്കുട്ടിയുടെ വിഷമം

   ഒരു ദിവസം ഒരു ആനക്കുട്ടി കാട്ടിലൂടെ നടന്നു പോകുകയായിരുന്നു.  നടക്കുന്നതിനിടയിൽ  ആനക്കുട്ടി കാൽ വഴുതി ഒരു കുഴിയിൽ വീണു.  എത്ര ശ്രമിച്ചിട്ടും അതിൽനിന്ന് കരകയറാൻ കഴിഞ്ഞില്ല.  ഒടുവിൽ ആനക്കുട്ടി കരയാൻ തുടങ്ങി.  അപ്പോൾ അതുവഴി ഒരു മുയൽ വന്നു.  മുയലിന് ആനക്കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ആനയുടെയും മുയലിന്റെയും ശബ്ദം കേട്ട് അതു വഴി ഒരു കാക്ക പറന്നുവന്നു.  കാക്ക പറന്നു ചെന്ന് കാട്ടിലെ എല്ലാ മൃഗങ്ങളെയും വിളിച്ചു കൂട്ടി. എല്ലാവരും ആനക്കുട്ടിയുടെ രക്ഷയ്ക്കെത്തി.  എല്ലാ മൃഗങ്ങളും കൂടി ഒന്നിച്ച് ഒരുപാട് മണ്ണ് കുഴിയിലേക്ക് തളളിയിട്ടു. അങ്ങനെ ആനക്കുട്ടിയ്ക്ക് പുറത്തെത്താൻ സാധിച്ചു. ആനക്കുട്ടി     എല്ലാവർക്കും നന്ദി പറഞ്ഞു.  

ഭാമ.എ.എസ് Std III


എന്റെ യാത്ര

   ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നാട്ടിലേയ്ക്ക് ഞങ്ങൾ നടത്തിയ യാത്രയെക്കുറിച്ചാണ് ഞാൻ ഇവിടെ വിവരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് 740 കിലോമീറ്റർ അകലെയാണ് രാമേശ്വരം.  രാവിലെ 7 മണിക്ക് പുറപ്പെട്ട ‍‍ഞങ്ങൾ വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിച്ചേർന്നത്.  ആദ്യം ഞങ്ങൾ പാമ്പൻപാലത്തിന് അടുത്തെത്തി.  പാലത്തിനെക്കാൾ വിശേഷമാണ് അവിടുത്തെ കാറ്റ് എന്ന് എനിക്ക് തോന്നി. പാലത്തിനരുകിലായി റെയിൽ പാളവും കാണാം.  കപ്പൽ വരുമ്പോൾ  റെയിൽപാത ഇരുവശങ്ങളിലേക്കും മാറും.  എന്നാൽ നിർഭാഗ്യവശാൽ ആ സമയത്ത് ഒരു കപ്പൽ പോലും വരുന്നത് ഞങ്ങൾക്ക് കാണാൻ‍ കഴിഞ്ഞില്ല.  യാത്രയുടെ ക്ഷീണം ഏറിവന്നപ്പോൾ ഞങ്ങൾ ഒരു ലോഡ്ജിൽ വിശ്രമിക്കാൻ തീരുമാനിച്ചു.   പിറ്റേദിവസം രാവിലെ പ്രാതൽ‍ കഴിച്ച് ബസ്സിൽ നേരെ ധനുഷ് കോടി എന്ന സ്ഥലത്തേക്ക് പോയി.  പിന്നീട് ഇന്ത്യയുടെ മിസൈൽ മാൻ താമസിച്ചിരുന്ന വീടും പഠിച്ച വിദ്യാലയവും കണ്ടു.   സുനാമിയുടെ ആഘാതത്തിൽ അതൊക്കെ ഏറെക്കുറെ നശിച്ചുപോയിരുന്നു.  അവിടെ നിന്നും നേരെ പോയത് അദ്ദേഹം തന്റെ അവസാനകാലം ചെലവഴിച്ച വീട്ടിലേക്കാണ്.  അവിടെ ചരിത്ര ശേഷിപ്പുകളുളള മ്യൂസിയവും അദ്ദേഹത്തിന്റെ ഖബറിടവും ഉണ്ടായിരുന്നു.  എല്ലാം ഇന്നലെ കണ്ടപോലെ ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു.

അലീന എസ് Std VI


അമ്മ

   ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ അമ്മയെയാണ്.  എല്ലാവർക്കും അമ്മയുടെ സ്നേഹം വിലപ്പെട്ടതാണ്.  എന്റെ കൂട്ടുകാരിയും എന്റെ ലോകവും എന്റെ ദൈവവും എല്ലാം അമ്മയാണ്.  അമ്മ നിഴൽ പോലെ എപ്പോഴും എന്റെ കൂടെ ഉണ്ടാകും.  നമ്മുടെ സ്വന്തമെന്ന് പറയാൻ അധികാരവും സ്വാതന്ത്ര്യവുമുളള അമ്മ മാത്രം.  അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ.  അമ്മയുടെ സ്നേഹം അവഗണിക്കുന്നവർ നിർഭാഗ്യവാന്മാർ തന്നെ.  എന്തു വിഷമം വന്നാലും അമ്മയുടെ തലോടലും സ്നേഹ വാക്കുകളും ലഭിക്കുമ്പോൾ ആശ്വാസം തോന്നും.  ഒരു കുട്ടിയ്ക്ക് ദൈവം തരുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അമ്മ. ദൈവത്തിനു പകരമാണ് അമ്മ. ആ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്.

ദേവിക.എം.എസ് Std VI


മഴവില്ലിന്റെ മകൾ

   ഒരു പൂന്തോട്ടത്തിൽ ചിന്നു എന്ന് പേരുളള ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു.  അവൾക്ക് ചുവപ്പു നിറമുളള പൂവ് വളരെ ഇഷ്ടമാണ്.  ചിന്നു പൂമ്പാറ്റയ്ക്കും ചുവന്ന നിറമുളള ചിറകുകളാണ്.  അതുകൊണ്ടാണ് അവൾക്ക് ചുവന്ന നിറം വളരെ ഇഷ്ടം.  ഒരു ദിവസം അവൾ തേൻ അന്വേഷിച്ച് നടക്കുമ്പോൾ ഒരു ചുവന്ന റോസാ പൂവ് അവളുടെ കണ്ണിൽപ്പെട്ടു.  അതിൽ നിറയെ തേൻ ഉണ്ടായിരുന്നു.  പക്ഷേ ആ റോസ വളരെ അഹങ്കാരിയായിരുന്നു. അവൾ തന്റെ മുളളുകൾ കൊണ്ട് ചിന്നുവിനെ ആട്ടിയോടിച്ചു.  അതുകൊണ്ട് ചിന്നു പൂമ്പാറ്റയ്ക്ക് തേൻ കുടിക്കാൻ കഴിഞ്ഞില്ല.  അവൾക്ക് വളരെ വിഷമമായി.   അവിടെ അവർക്ക് മുകളിലായി ഒരു മഴവില്ല് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.  മഴവില്ല് അവളോട് പറഞ്ഞു. എന്റെ മകളേ... ചിന്നു മോളേ.  നിന്റെ ദുഃഖം ഞാൻ കാണുന്നുണ്ട്.  നീ വിഷമിക്കണ്ട.  ഞാൻ നിനക്ക് എന്റെ നിറം നൽകാം.  അപ്പോൾ നിന്നെ എല്ലാവരും സുന്ദരി പൂമ്പാറ്റ എന്നു പറയും.  നീ ഇനി മുതൽ മഴവില്ലിൻ മകൾ എന്ന് അറിയപ്പെടും.  ചിന്നു പൂമ്പാറ്റയ്ക്ക് മഴവില്ലിന്റെ മനോഹരമായ നിറം കിട്ടി. അവൾ സന്തോഷം കൊണ്ട് തുളളിച്ചാടി.

അഭിരാമി.എ.എസ് Std V


അറിവ്

കർണാടകയിലെ ഉഡുപ്പിയിൽ കാങ്കണി ദേശം എന്നുപേരുളള അതിമനോഹരമായ ഗ്രാമം.  അവിടെ മന്ത്ര തന്ത്ര വിദ്യകളിൽ അഗ്രഗണ്യനായ ഒരു മാന്ത്രികനുണ്ടായിരുന്നു.  ദേവരാജഭട്ട് എന്നാണ് അദ്ദേഹത്തിന്റെ പേര്.  ആ നാട്ടിലെ എന്ത് പ്രശ്നത്തിനും അദ്ദേഹത്തിന്റെ പക്കൽ പ്രതിവിധിയുണ്ടായിരുന്നു.  നാട്ടുകാർക്ക് അദ്ദേഹം ദൈവത്തിന് സമമായിരുന്നു.  പാവങ്ങളോട് ദയയും വിനയവും ഉളള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.  

   അദ്ദേഹത്തിന് രണ്ട് ശിഷ്യന്മാർ ഉണ്ടായിരുന്നു.  അവർക്ക് അദ്ദേഹം തനിക്ക് അറിയാവുന്ന എല്ലാ വിദ്യകളും പഠിപ്പിച്ചുകൊടുത്തു.  എന്നാൽ തങ്ങളുടെ മന്ത്രശക്തിയിൽ അവർ അഹങ്കരിക്കാൻ തുടങ്ങി.  ഒരു ദിവസം പാടവരമ്പിലൂടെ പോകുമ്പോൾ അവർ ഒരു വെളളരിപ്പാടം കണ്ടു.  അവർ അവിടെനിന്നും വെളളരി മോഷ്ടിച്ചു.  അതിന്റെ ഉടമ ഓടിവന്ന് അവരെ തടഞ്ഞു.  ഇതിൽ ദേഷ്യം വന്ന് അവർ അയാളെ തളളിമാറ്റിക്കൊണ്ടുപറഞ്ഞു - എടോ കിഴവാ തനിക്കെങ്ങനെ ധൈര്യം വന്നു ഞങ്ങളെ തൊടാൻ.  അവർ മന്ത്രശക്തിയുപയോഗിച്ച് ആ പാടം ചുട്ടു ചാമ്പലാക്കി.  

   കൃഷിക്കാരൻ  വിഷമത്തോട് ദേവരാജഭട്ടിനോട് കാര്യം അവതരിപ്പിച്ചു.  അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുവരുത്തി.  തന്റെ മന്ത്രശക്തിയാൽ അദ്ദേഹം അവരുടെ ഓർമ്മകളെ മാച്ചു.  പിന്നീട് തന്റെ മന്ത്രതാളിയോലകൾ ഒരു പെട്ടിയുടെ ഉളളിലാക്കി പൂട്ടി. അതിനു കാവലായി ഭൂതത്താന്മാരെ ഇരുത്തി.  അറിവുനേടാൻ യോഗ്യനായ ഒരാൾ എത്തുന്നതുവരെ ഇതിനുകാവലായി ഉണ്ടാകണമെന്നും അങ്ങനെ ഒരാൾ വരുമ്പോൾ ഇവിടെ നിന്നും മാറണമെന്നും അദ്ദേഹം അവരോട് പറഞ്ഞു.  അങ്ങനെ വർഷങ്ങളായി ഭൂതത്താന്മാർ ആ പെട്ടിയ്ക്ക് കാവലിരിക്കുന്നു.  യോഗ്യനായ ഒരാളെ കാത്ത്.  

    അസിർ ജ്യോതി Std VII


വിദ്യാലയം

കളിയില്ല ചിരിയില്ല കൂട്ടുകാരെ..

നാമെല്ലാം വീട്ടിനുളളിൽ കൂട്ടിലായി

ടിവിയും ഫോണും വിക്ടേഴ്സ് ചാനലും

അയ്യയ്യോ എന്നിനി മോചനം നമ്മൾക്ക്

എന്നിനീ സ്കൂളിലെത്തും കളിയുംചിരിയുമായ്

എന്നിനി പൂമ്പാറ്റകളായ് പാറിപ്പറന്ന്

എന്നിനി കൂട്ടരോടൊത്ത് ആർപ്പും വിളിയുമായ്

അയ്യയ്യോ എന്നിനീ സ്കൂളിലേയ്ക്ക്...

സഞ്ജിത്.സി.എൽ Std IV


പ്രകൃതിയും നമ്മളും

   ഒരു മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ മൂന്ന് കാര്യങ്ങളാണ് പരിസരം, ശുചിത്വം, ആരോഗ്യം എന്നിവ. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  മനുഷ്യനും മറ്റ് ജീവജാലങ്ങളും അധിവസിക്കുന്ന പ്രകൃതിരമണീയമായ ഒന്നാണ് പരിസരം.  ഇവിടെ മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും ഒരേ സ്ഥാനമാണുളളത്.  എന്നാൽ മനുഷ്യനെ വ്യത്യസ്തമാക്കുന്നത് അവന്റെ ശുചിത്വമാണ്.  പരിസരം ശുചിത്വമുളളതാണെങ്കിൽ അവിടെ വസിക്കുന്ന സകല ചരാചരങ്ങളും ആരോഗ്യമുളളതായിരിക്കും.

   ശുചിത്വം രണ്ട് തരമാണുളളത്.  വ്യക്തിശുചിത്വവും പരിസര ശുചിത്വവും.  വ്യക്തിശുചിത്വത്തെക്കാൾ പ്രധാന്യം അ‍ർഹിക്കുന്നത് പരിസര ശുചിത്വമാണ്. എന്തെന്നാൽ വ്യക്തിശുചിത്വത്തിലെ പോരായ്മ ഒരു വ്യക്തിയ്ക്ക് മാത്രമേ വിനാശം വരുത്തൂ.  എന്നാൽ പരിസര ശുചിത്വത്തിൽ വീഴ്ച പറ്റിയാൽ അത് ഒരു സമൂഹത്തെ മാത്രമല്ല, ലോകത്തിന്റെ തന്നെ നാശത്തിന് കാരണമായേക്കാം.  പ്രാചീന മനുഷ്യ‍ർ നദീതീരങ്ങൾ കേന്ദ്രീകരിച്ച് കൃഷി തുടങ്ങിയതു മുതൽ പക‍ർച്ചവ്യാധികളുടെ ചരിത്രവും ആരംഭിച്ചു.  ബി.സി.900 -ൽ ചൈനയിലെ ഹൊയാങ്ഹോ നദീതീരത്ത്  പട‍ർന്ന ടൈഫോയ്‍‍ഡ് അവിടുത്തെ ജനസംഖ്യയുടെ ഏറിയപങ്കും നശിപ്പിച്ചു. വിജ്ഞാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഗ്രീസിന്റെയും അവസാനം ഒരു പക‍‍ർച്ചവ്യാധിയിലൂടെ തന്നെയായിരുന്നു.  അരിസ്റ്റോട്ടിലും ആർക്കമെഡിസും പ്ലേറ്റോയും ഒക്കെ ഉണ്ടാക്കിയെടുത്ത വിജ്ഞാന യശസ്സ് പ്ലേഗ് എന്ന മഹാമാരിയിലൂടെ പരാജയപ്പെട്ടു.  ഇന്ത്യയിലും പ്ലേഗ്, എലിപ്പനി തുടങ്ങിയവ പലപ്പോഴായി ലക്ഷങ്ങളുടെ ജീവൻ തുടച്ചുനീക്കിയിട്ടുണ്ട്.  ചൈനയിലെ വുഹാൻ എന്ന മത്സ്യ മാ‍ർക്കറ്റിൽ നിന്ന് പട‍ർന്നുപിടിച്ച കൊറോണ വൈറസ് ലോകത്തിന്റെ എല്ലാ മുക്കും മൂലയിലേക്കും പടർന്നു കഴിഞ്ഞു. ഇതിനെ അതിജീവിക്കാൻ ശുചിത്വം പാലിക്കുക മാത്രമാണ് ഏക പോംവഴി.

   ആരോഗ്യത്തെ നമുക്ക് രണ്ടായി തിരിക്കാം.  ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും.  W.H.O യുടെ അഭിപ്രായത്തിൽ ഒരാൾ ആരോഗ്യവാനാണ് എന്ന് പറയാൻ ശാരീരിക ആരോഗ്യം മാത്രം പോര, മാനസിക ആരോഗ്യം കൂടി വേണം.  ആരോഗ്യവാനായ വ്യക്തിയെ പെട്ടന്ന് രോഗങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയില്ല.  ഇങ്ങനെ രോഗപ്രതിരോധശേഷി നേടുന്നതിന് ശരീരത്തിന് ആവശ്യാനുസരണം വിറ്റാമിനുകളും പ്രോട്ടീനുകളും ആവശ്യമാണ്.  അതിനാൽ ഇലക്കറികളും, പച്ചക്കറികളും ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.

   പരിസരം, ശുചിത്വം, ആരോഗ്യം എന്നിവ മൂന്നും മനുഷ്യന് അത്യന്താപേക്ഷിതമാണ്.  അതിനാൽ ഇവയോട് യുക്തിപരമായ സമീപനം സ്വീകരിക്കണം.  എങ്കിൽ മാത്രമേ മനുഷ്യരാശിക്ക് നിലനിൽപ്പുളളൂ.

അഖില.എസ് Std VII


മഴമരം

   മഴക്കാലം വന്നു. കുന്നിൻപുറത്തെ കരിഞ്ഞ നാമ്പുകൾക്കിടയിൽ നിന്നും തലനീട്ടി.   വളളിച്ചെടികൾക്കും കുറ്റിച്ചെടിക്കും പുല്ലിനുമെല്ലാം പുതിയ ജീവൻ കിട്ടി.  ചെടികളിലാകെ ആശ്വാസത്തിന്റെ തെളിച്ചം.  വേനൽക്കാലത്ത് ശുഷ്കിച്ചുനിന്ന മരങ്ങൾ മഴയുടെ വരവിൽ സന്തോഷിച്ചു.  മരച്ചില്ലയിൽ പറ്റി വളരുന്ന ചെടികളെല്ലാം തളിർത്ത് തലയാട്ടിനിന്നു.  തൊടിയിൽ, വയലിൽ എന്നുവേണ്ട ഭൂമിയിൽ എല്ലായിടത്തും പച്ചപ്പ് നിറയാൻ തുടങ്ങി.  കുഞ്ഞുചെടികൾ വളരാനും പൂവിടാനും കൂടുതൽ ഉത്സാഹം കാട്ടി.  പൂമ്പാറ്റയും വണ്ടുകളും ആവേശത്തോടെ മരത്തിലേയ്ക്ക് മറന്നു വന്നു. മഴമരത്തിലേയ്ക്ക്.....

ശിവശരത്ത് എസ് എസ് Std VI


പൂമ്പാറ്റ

വർണ്ണച്ചിറകുളള പൂമ്പാറ്റ

കുഞ്ഞിച്ചിറകുളള പൂമ്പാറ്റ

പൂവുകൾ തോറും പാറിപ്പറന്ന്

തേൻ നുകരും പൂമ്പാറ്റ

പലതരം ചായം പൂശിനടക്കും

വർണ്ണച്ചിറകുളള പൂമ്പാറ്റ

എന്തൊരു ചന്തം പൂമ്പാറ്റ

ഹർഷവർദ്ധ് വി.വി Std II


ഉണ്ണിയപ്പം

   പണ്ടുപണ്ട് ഒരിടത്ത് ഒരു അമ്മയും രണ്ടു മക്കളും ഉണ്ടായിരുന്നു. ഒരു ദിവസം മകൾ അമ്മയോടു പറഞ്ഞു, "അമ്മേ, അമ്മേ, ഞങ്ങൾക്ക് ഉണ്ണിയപ്പം വേണം.”  അമ്മ ഉണ്ണിയപ്പം തയ്യാറാക്കി.  കുട്ടികൾ ആഹ്ലാദത്തോടെ ഓടിയെത്തി.  അപ്പോൾ അമ്മ പറഞ്ഞു, "മക്കളേ, കൈയും കാലും മുഖവും കഴുകി വൃത്തിയായി വരൂ.”  കുട്ടികൾ ഓടിപ്പോയി കൈയും കാലും മുഖവും കഴുകി വൃത്തിയായി വന്നു.  അമ്മയ്ക്ക് സന്തോഷമായി.  അവ‍ർ മക്കളെ വാരിപ്പുണർന്നു.  അവർക്ക് ആവോളം ഉണ്ണിയപ്പം നൽകി.

അമൃത Std-III


പ്രകൃതി ഭംഗി                                       

എന്തൊരു ഭംഗി നിൻ വിസ്മയ താഴ്വര

എല്ലാം മറന്നു ഞാൻ നിന്നുപോയി,

കാടും മേടും പുഴയുമെല്ലാം

എന്നിൽ ആനന്ദവിത്തുകൾ പാകി.

മൊട്ടിട്ടു നിൽക്കുന്ന നിൻ ദൃശ്യഭംഗി

നിന്നിലെ വിസ്മയക്കാഴ്ചകൾ കണ്ടുഞാ

നത്ഭുത ലോകത്തിലാണ്ടുപോയി,

എങ്ങും പച്ചപ്പ് നൽകി

ഭംഗിയായ് നിന്നു നീ

നദികളും പുഴകളും മലകളുമിതാ

പ്രപഞ്ചത്തിന് ഭംഗി ഏറുന്നു,

എന്നുമെന്നും നിന്നെ കാണാൻ

ഞാനിതാ നിൻ മുന്നിൽ.

ഭംഗി ഏറിയ പ്രപഞ്ചമേ

ഞാനിതാ നിൻമുന്നിൽ കൈകൂപ്പുന്നു.

                               ദേവിക എസ് എസ് STD - VII രോഗപ്രതിരോധം

രോഗപ്രതിരോധം

   അമ്മുവും പൊന്നുവും കൂട്ടുകാ‍ർ ആയിരുന്നു.  അവർ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന മിടുക്കരായ രണ്ട് കുട്ടികളായിരുന്നു.  അദ്ധ്യാപകർക്ക് എല്ലാം അവരെ വളരെ ഇഷ്ടമായിരുന്നു.  അമ്മു ഇടയ്ക്കിടെ സ്കൂളിൽ വരാറില്ലായിരുന്നു. അന്വേഷിക്കുമ്പോൾ പനി, ജലദോഷം, വയറുവേദന ഇങ്ങനെയുളള കാരണങ്ങൾ പറയുമായിരുന്നു.

   ഒരു ദിവസം സ്കൂളിൽ അസംബ്ലി നടന്നുകൊണ്ടിരുന്നപ്പോൾ അമ്മു തലകറങ്ങിവീണു.  രണ്ട് അധ്യാപക‍ർ ചേർന്ന് അവളെ ആശുപത്രിയിൽ കൊണ്ടുപോയി.  ഡോക്ടർമാർ അവളെ പരിശോധിച്ചു.  അവൾക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അതിനാൽ നല്ല ആരോഗ്യ ശീലങ്ങൾ ഉണ്ടാക്കിക്കൊടുക്കണമെന്നും രോഗപ്രതിരോധശേഷി വർധിപ്പിക്കണമെന്നും ഡോക്ടർമാർ ഉപദേശിച്ചു.  അതിന് അവർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണം. പാൽ, മുട്ട, പച്ചക്കറികൾ, മത്സ്യം, പഴവർഗ്ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താൻ ഉപദേശിച്ചു.  വെളളം ധാരാളമായി കുടിക്കാൻ ഉപദേശിച്ചു.  ഇതിലൂടെ നമ്മുടെ ശരീരത്തിലെ വിഷാംശം പുറത്തുപോവുകയും ഉന്മേഷം വർധിക്കുകയും ചെയ്യുന്നു.  ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാനും ആവശ്യപ്പെട്ടു. ടി.വി., മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം കുറയ്കാനും ആവശ്യപ്പെട്ടു.  കൈകൾ വൃത്തിയായി സൂക്ഷിക്കാനും ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകാനും ആവശ്യപ്പെട്ടു.  

   ഈ ഉപദേശങ്ങളെല്ലാം അമ്മു അതേപടി അനുസരിച്ചു.  അങ്ങനെ അവളുടെ പ്രതിരോധശേഷി വ‍ർധിക്കുകയും അവൾ അസുഖങ്ങളൊന്നുമില്ലാതെ മിടുക്കിയായി മാറുകയും ചെയ്തു.  നമ്മൾ കൂട്ടുകാരെല്ലാം തന്നെ അമ്മു ചെയ്ത ആരോഗ്യശീലങ്ങൾ പാലിക്കേണ്ടതാണ്.

നിഖിത.എ.എസ് Std -V


മഴയോ മഴ...

മഴപെയ്യുന്നു മഴ പെയ്യുന്നു

കിണറും കുളവും നിറയുന്നു

മഴപെയ്യുന്നു മഴ പെയ്യുന്നു

വയലും തോടും  നിറയുന്നു

മഴ പെയ്യുന്നു മഴ പെയ്യുന്നു

പുഴയും കരയും നിറയുന്നു

മഴപെയ്യുന്നു മഴ പെയ്യുന്നു

വഴിയും കുഴിയും നിറയുന്നു

മഴപെയ്യുന്നു മഴ പെയ്യുന്നു

മരവും ചെടിയും നനയുന്നു

മഴപെയ്യുന്നു മഴ പെയ്യുന്നു

പൂവും കായും നനയുന്നു

കാറ്റും മഴയും വന്നല്ലോ

മിന്നലും ഇടിയും വന്നല്ലോ

മുറ്റം നിറയെ മഴവെളളം

കളിവളളങ്ങൾ പോകുന്നു

തുളളിച്ചാടി രസിച്ചീടാം

ആടിപ്പാടി കളിച്ചീടാം.

Revathy RStd III

എന്റെ വിദ്യാലയം

കണ്ടോ കൂട്ടരേ എൻ വിദ്യാലയം

അക്ഷരം പഠിപ്പിച്ച പൊൻ വിദ്യാലയം

വർണങ്ങൾ കൊണ്ട് ചിത്രം വരച്ചിട്ട്

പുഞ്ചിരി തൂകുമെൻ വിദ്യാലയം

കൂട്ടരും ഞാനും ഒത്തു കളിച്ചും

പഠിച്ചും വളരുമെൻ വിദ്യാലയം

തീർത്ഥശ്രീ ജെ.എസ്Std I


കൂട്ടുകാർ

   ഒരു കാട്ടിൽ ഒരു വലിയ മരത്തിൽ‍ ഒരു  അണ്ണാനും ഒരു കുരങ്ങനും പാർത്തിരുന്നു.  അവർ വളരെ നല്ല കൂട്ടുകാരായിരുന്നു.  അണ്ണാനും കുരങ്ങനും പഴങ്ങൾ പറിച്ച് പരസ്പരം പങ്കുവച്ചും കഥകൾ പറഞ്ഞും ഒക്കെ സമയം ചിലവഴിച്ചു.  ആ മരത്തിന്റെ അടുത്ത് ഒരു നദി ഒഴുകുന്നുണ്ടായിരുന്നു.  അവിടെയുമുണ്ട് രണ്ടു കൂട്ടുകാർ.  ഒരു മുതലയും ഒരു ഞണ്ടും. ഒരു ദിവസം ഇവർ നാലുപേരുംകൂടി നദിക്കരയിലും മരത്തിന് മുകളിലുമായി സംസാരിച്ചിരിക്കുകയായിരുന്നു.   ആ സമയത്ത് ഒരു കുറുക്കൻ അതുവഴി വന്നു.  കുറുക്കൻ അവരോട് പറഞ്ഞു - നിങ്ങളിൽ ഏറ്റവും മിടുക്കൻ കുരങ്ങനാണ്. അവന് മരത്തിൽ കയറാനും ഊഞ്ഞാലാടാനും ഒക്കെ കഴിയും.  ഇതുകേട്ട് കുരങ്ങന് വളരെ അഹങ്കാരം തോന്നി.  അവൻ പൊങ്ങച്ചം പറയാൻ തുടങ്ങി - ഞാൻ നിങ്ങളെക്കാളൊക്കെ വളരെ ബുദ്ധിശാലിയാണ്.  നിങ്ങൾക്കൊന്നും എന്നെപ്പോലെ  അഭ്യാസം കാണിക്കാൻ കഴിയില്ല. എന്നെപ്പോലെ കഴിവുളളവരെയാണ് ശരിയ്ക്കും എനിക്ക് കൂട്ടു കിട്ടേണ്ടിയിരുന്നത്.  ഇതുകേട്ട് കൂട്ടുകാർക്ക് സങ്കടമായി. ഇത്രപെട്ടെന്ന് നീ ഞങ്ങളെ തളളിപ്പറഞ്ഞോ - അണ്ണാൻ ദുഃഖത്തോടെ ചോദിച്ചു. ഇതുകേട്ട് കുരങ്ങനെ മരത്തിൽ നിന്ന് താഴേയ്ക്ക് ഒറ്റത്തളള്. അണ്ണാൻ താഴെവീണു. എല്ലാവരും പിരിഞ്ഞുപോയി.

   അങ്ങനെയിരിക്കെ കുരങ്ങൾ ഒരിയ്ക്കൽ മരത്തിൽ നിന്ന്  ഉറക്കത്തിൽ താഴെ വീണു. അവന്റെ കാലൊടിഞ്ഞു. കുരങ്ങൻ സഹായത്തിന് കുറുക്കനെ വിളിച്ചു.  കുറക്കൻ തിരിഞ്ഞു നോക്കിയില്ല.  അണ്ണാറക്കണ്ണൻ വന്നപ്പോൾ അതാ കുരങ്ങൻ താഴെ കിടക്കുന്നു. അവൻ വേഗംപോയി മറ്റു കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു.  അവർ കുരങ്ങനെ ശുശ്രൂഷിച്ചു.  കുരങ്ങന് തന്റെ തെറ്റ് ബോധ്യമായി. അവൻ പറഞ്ഞു- ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ. എന്നോട് ക്ഷമിക്കൂ.

ദേവിക.എം.എസ്. Std VI


മഴ

പുതുമഴക്കാലം വന്നെത്തി

മഴയുടെ ഭംഗി എന്തുരസം

പുതുമഴ കാണാൻ എന്തു രസം

മഴയുടെ കുളിരും എന്തു രസം

മയിലുകളാടും മഴ പെയ്താൽ

പക്ഷികളണയും മഴ പെയ്താൽ

പൂക്കൾ വിരിയും മഴ പെയ്താൽ

മനസ്സു നിറയും മഴ പെയ്താൽ.

ആഷിമ.എസ്.ആർ Std IV


ശുചിത്വ ശീലം

    ശുചിത്വം എന്ന് കേൾക്കുമ്പോൾ തന്നെ എന്റെയും നിങ്ങളുടെയും മനസ്സിൽ ഓടിവരുന്നത് വൃത്തി എന്ന വാക്കാണ്.  വ‍ൃത്തി ഇല്ലാത്തവ‍ർക്ക് അസുഖങ്ങൾ പിടിപെടുന്നു.  ഇത് ഒരാളിൽ നിന്ന് മറ്റുളളവരിലേക്ക് പകരുന്നു.  അതിനാൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.  ശുചിത്വത്തിന്റെ രണ്ട് ഭേദങ്ങൾ ഉണ്ട്.   ഒന്ന് വ്യക്തിശുചിത്വവും രണ്ട് സാമൂഹ്യ ശുചിത്വവും.  

   എല്ലാ ദിവസവും കുളിക്കുകയും, രണ്ടു നേരം പല്ലു തേക്കുകയും ആഹാരത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്.   വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വൃത്തിയുളള ശുചിമുറികൾ ഉപേക്ഷിക്കുക, പൊതു സ്ഥലങ്ങളിൽ ചപ്പുചവറുകൾ ഇടാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയവയാണ് നല്ല സാമൂഹ്യ ശുചിത്വ ശീലങ്ങൾ.    പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ശുചിത്വം എന്ന ആയുധം മതി.  

   ആഴ്ചയിൽ ഒരുദിവസം നമ്മളെല്ലാവും ഡ്രൈ ഡേ ആചരിക്കേണ്ടത് അത്യാവശ്യമാണ്.  ലോകം മുഴുവൻ ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.  കോവിഡ്-19  എന്ന മഹാമാരി അനേകം രാജ്യങ്ങളിൽ വളരെ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.  എന്നാൽ ശുചിത്വം എന്ന ആയുധം ഉപയോഗിച്ച് നമുക്ക് ഈ മഹാമാരിയെ നേരിടാനാകും.  ഡങ്കിപ്പനി, മന്ത്  തുടങ്ങിയ രേഗങ്ങളെയും നമുക്ക് ശുചിത്വത്തിലൂടെ തോൽപ്പിക്കാനാകും.  

   ആരോഗ്യ സംരക്ഷണത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.  എന്നാൽ മാലിന്യ സംസ്കരണത്തിലും പരിസര ശുചീകരണത്തിലും കേരളം ശ്രദ്ധ ചെലുത്തുന്നില്ല.  ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ പല പക‍ർച്ചവ്യാധികളും തിരിച്ചുവരാൻ കാരണമാകും.

മിധുൻ.എം Std:VII


അമ്മൂമ്മ

   വീടിന്റെ ഗേറ്റിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ഞാൻ ഓടിച്ചെന്നു.  അതാ ഒരു വൃദ്ധയായ സ്ത്രീ കൈനീട്ടി  നിൽക്കുന്നു.  മക്കളെ ഒരു നേരത്തേ ആഹാരം തരണേ. വല്ലാതെ വിശക്കുന്നു - അമ്മൂമ്മ യാചിച്ചു.  ഞാൻ അമ്മൂമ്മയെ അകത്തേക്ക് വിളിച്ചു. മേശപ്പുറത്ത് പാത്രത്തിൽ ആഹാരം വിളമ്പിക്കൊടുത്തു. അവർ ആർത്തിയോടെ അതു വാരിക്കഴിച്ചു.  അമ്മൂമ്മ പറഞ്ഞു- മക്കളേ ഞാൻ ഇന്നു ഉച്ച മുതൽ‍ ഒരോ വീട്ടിലും കയറിയിറങ്ങി.  ആരും ഒരു നേരത്തെ ഭക്ഷണം തന്നില്ല. വിശന്നുവലഞ്ഞു വന്ന എനിയ്ക്ക്ആഹാരം നൽകിയ മോനെ ദൈവം അനുഗ്രഹിക്കും തീർച്ച. അമ്മൂമ്മയുടെ കണ്ണുകൾ നിറ‍ഞ്ഞൊഴുകി.  ഞാൻ അവരെ ആശ്വസിപ്പിച്ചു.  അമ്മൂമ്മ യാത്രപറഞ്ഞ് ഇറങ്ങി.

പ്രിൻസ് എസ് എസ് Std VI