ഗവ. യു പി സ്കൂൾ മാടമ്പിൽ/നാടോടി വിജ്ഞാനകോശം
ഓടനാട് (ഓണാട്ടുകര )
കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ, ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. കായംകുളത്തു രാജ്യത്തിന്റെ സുരക്ഷക്കായി പോരാടിയിരുന്ന പോരാളികളുടെ പരിശീലനകേന്ദ്രങ്ങൾ കീർത്തിയേറിയതു ആയിരുന്നു പുതിയവിള വട്ടപ്പറമ്പ് ,ഏവൂർ കണ്ണമ്പള്ളിൽ ,ഇലങ്കം ,കാർത്തികപ്പള്ളി ഇവയൊക്കെ ആയിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് .രാജപ്രധാന്യം ഉണ്ടായിരുന്നതിനാൽ രാജാവ് കൽപ്പിച്ചു കൊടുത്ത വലിയതാൻ(വല്യത്താൻ) എന്ന വിശേഷണങ്ങൾ കൊണ്ട് പുതിയവിള വട്ടപ്പറമ്പ്, ഏവൂർ കണ്ണമ്പള്ളിൽ എന്നീ യുദ്ധ പരിശീലന കേന്ദ്രങ്ങൾ വേറിട്ട് നിന്നിരുന്നു ഇപ്പോഴും അതിന്റെ അവശേഷിക്കുന്നത് കാണാൻ കഴിയും. തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ ഈ പ്രദേശം പിടിച്ചടക്കി വേണാട്ടിനോടു ചേർത്തു.
വിസ്തൃതി
ഓടനാട് പ്രദേശത്തെ ഇപ്പോൾ അറിയപ്പെടുന്നത് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങൾ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അർത്ഥത്തിലാണ് ഓടനാടിൻ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (വഞ്ചിനാട് എന്ന പേരുമായി താരതമ്യപ്പെടുത്തുക). ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ മാവേലിക്കരക്ക് [ഓണം|ഓണവുമായുള്ള]] ബന്ധത്തെ പിൻതാങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ് ആ നാമം എന്നൊരു അഭിപ്രായമുണ്ട്. സംസ്കൃത മയൂരസന്ദേശത്തിൽ (സ്ലോകം57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട് എന്നർഥത്തിൽ ഇംഗുദി ഭൂവിഭാഗാഃ എന്നു പരാമർശിച്ചിട്ടുണ്ട്.
മറ്റു പേരുകൾ
കായംകുളം[1], ചിറവാ എന്നീ പേരുകളിലും ഓടനാട് പ്രസിദ്ധമാണ്. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന് 3 കി. മീ. തെക്ക് കൃഷ്ണപുരം കൊട്ടാരവും അല്പം വടക്ക് എരുവയിൽ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഈ പ്രാധാന്യം മൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്ററ്റൊരു പേരായിതീർന്നു.
ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂർ) എന്ന പേരും ഓടനാടിനുണ്ട്. ഓടനാട് എന്ന പേര് ക്രമേണ ലുപ്തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരിൽ ഇത് അറിയപ്പെടുകയും ചെയ്തു. 1743-ൽ ഗോളനേസു ഓണാട്ടുകര എന്നാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരും (18-ം ശ.) കൃഷ്ണലീല യിൽ ഓണാട്ടുകര വാഴുമീശ്വരന്മാരും എന്നു പ്രയോഗിച്ചിട്ടുണ്ട്.
- ↑ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്.