ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/സർട്ടിഫിക്കറ്റ്(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
സർട്ടിഫിക്കറ്റ്

ഏതെല്ലാം മുഖങ്ങൾ , എന്തെല്ലാം അവസ്ഥകൾ, ഞരക്കങ്ങൾ, വിതുമ്പലുകൾ, നിശ്വാസങ്ങൾ, നഷ്ടബോധങ്ങൾ, സാന്ത്വനങ്ങൾ....ഇതെല്ലാം കഴിഞ്ഞ 15 വർഷങ്ങളായി സിസ്റ്റർ നന്ദനയ്ക്ക് സുപരിചിതങ്ങളാണ്. കിലോമീറ്ററുകൾക്കപ്പുറമുള്ള ഗ്രാമത്തിലെ തന്റെ വീട്ടിൽ നിന്നും എത്ര തിടുക്കത്തോടെയും വേവലാതിയോടെയുമാണ് നന്ദന ആശുപത്രിയിലെത്തുന്നത്. അവിടെ എത്തുമ്പോഴേക്കും എത്ര മുഖങ്ങളിലാണെന്നോ ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ ഓടിക്കളിക്കുന്നത്. സിസ്റ്ററേ....എന്നുള്ള വിളികൾ വാർഡിൽ പല ഭാഗത്തു നിന്നും ഉയർന്നു കേൾക്കാം. രോഗികൾക്ക് എന്താശ്വാസമാണ് സിസ്റ്റർ നന്ദന..! അങ്ങനെ ഏവരുടേയും കണ്ണിലുണ്ണിയായി, അധികാരികളുടെ അഭിനന്ദനങ്ങൾക്കു പാത്രമായി നന്ദന സിസ്റ്റർ കഴിഞ്ഞു വരവേയാണ് സമൂഹത്തെ മൊത്തം ബാധിച്ച കോവിഡ്-19 എന്ന മഹാവിപത്ത് സിസ്റ്റർ നന്ദന ജോലി ചെയ്യുന്ന ആശുപത്രിയിലും കടന്നെത്തിയത്.
വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവന്നപ്പോൾ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിക്കാൻ ഏറെ നേഴ് സുമാർ ആവശ്യമായി വന്നു. അങ്ങനെ ആശുപത്രി അധികാരികൾ സിസ്റ്റർ നന്ദനയേയും ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിക്കിട്ടു. ആതുരസേവനത്തിനിടയിലും ഈയൊരവസ്ഥയിൽ എല്ലാവരും സ്വന്തം ആരോഗ്യകാര്യത്തിൽ ഭയമുള്ളവരായിരുന്നു. സിസ്റ്റർ നന്ദനയാകട്ടെ തന്റെ കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ കോവിഡ് രോഗികൾക്കുവേണ്ടി രാപ്പകൽ കഷ്ടപ്പെട്ടു. സ്വന്തം ആളുകളെ കാണാത്തതിലുള്ള ദു:ഖം പലപ്പോഴും നന്ദനയുടെ സാന്നിധ്യത്തിൽ രോഗികൾ മറന്നു. അങ്ങനെ ദിവസങ്ങൾ.... മാസങ്ങൾ....കഴിഞ്ഞു. സമൂഹത്തിൽ നിന്നും കോവിഡ് അപ്രത്യക്ഷമായി..! എല്ലാം സാധാരണ ഗതിയിൽ.
ആറുമാസങ്ങൾക്കു ശേഷം അമേരിക്കയിൽ നിന്നും ആശുപത്രിയിലേക്ക് ഒരറിയിപ്പ് വന്നു. കോവിഡ് ബാധിതരായ ഒരു കുടുംബത്തെ അന്ന് നന്ദന പരിചരിച്ചതിന്റെ നന്ദി സൂചകമായി ആ കുടുംബം സിസ്റ്റർ നന്ദനയെ അനുമോദിക്കാൻ ആഗ്രഹിക്കുന്നു. ആ ചടങ്ങ് സിസ്റ്റർ നന്ദനയ്ക്ക് ആതുരസേവനരംഗത്ത് ലഭിച്ച അമൂല്യമായ ഒരു സർട്ടിഫിക്കറ്റായിരുന്നു.

ശ്രേയസ്.എസ്.നായർ
5 A ഗവ.യു.പി.എസ് , ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ