2022-23 വരെ2023-242024-25


പ്രവേശനോത്സവം

പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.



പരിസ്ഥിതി ദിനാഘോഷം

ജൂൺ- 5 പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപിക സരിത എൽ. സ്കൂൾഅങ്കണത്തിൽ ചെടി നട്ടു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ ബാഡ്‍ജ് ധരിച്ച് പരിസ്ഥിതിദിന പ്രതി‍ജ്ഞ ചൊല്ലി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.

യോഗാദിനാചാരണം

ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ  ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു.

വായനദിനാഘോഷം

  വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട  എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു

ബഷീർ അനുസ്മരണം

കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (ജൂലൈ 5) അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പാകത്തിൽ വേദിയിൽ പുനർജ്ജനിപ്പിച്ചു. പാത്തുമ്മയും, മുജീബും, സുഹാറയും, ഒറ്റക്കണ്ണൻ പോക്കറുമെല്ലാം കാണികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ചാന്ദ്രദിനം

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, ചാന്ദ്ര ദിന പാട്ട്, ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി.


സിറ്റി റൈഡ്

കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാംപതിപ്പിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി. ഡബിൾഡക്കർ സിറ്റി റൈഡ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ഉദ്ഘാടനറൈഡിലെ ഭാഗമായി മാറി.

സുരീലീ ഉത്സവ്

വിശ്വ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ സുരീലീ ഉത്സവ് ജനുവരി 10 നു ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുഗന്ധി ടീച്ചർ, ശ്രീമതി. ജ്യോതി ടീച്ചർ, എസ്. ആർ. ജി കൺവീനർ ശ്രീമതി. നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രമ്യ ടീച്ചർ, ലൈബ്രറി കൺവീനർ ശ്രീ. മുജീബ് റഹ്മാൻ എന്നിവർ സുരീലീ ഉത്സവിന് ആശംസകൾ അറിയിച്ചു. ഹിന്ദി പുസ്തക പ്രദർശനം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 5c യിലെ ദിയാ ഫാത്തിമയുടെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.


റിപ്പബ്ലിക് ദിനാഘോഷം

  നമ്മുടെ രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.തുടർന്ന് കുട്ടികൾ മാർച്ച്‌ പാസ്ററ് ചെയ്തു വന്നു പതാകയെ അഭിവാദ്യം ചെയ്തു.  മധുര വിതരണത്തിന് ശേഷം ടീച്ചർ ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി.

   എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ്  ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ  ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

തുടർന്ന് കുട്ടികളുടെയും  അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു.


രക്തസാക്ഷിത്വ ദിനാചരണം

എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു.

ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും.

11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു.