ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/യാഥാർത്ഥ്യം

Schoolwiki സംരംഭത്തിൽ നിന്ന്
യാഥാർത്ഥ്യം


വല്ലാതെ പേടിയാകുന്നു. ഞാൻ ഓടി ഓടി ഒരു മലയുടെ മുകളിലെത്തി. താഴേക്കു നോക്കി. ഞാൻ ആകെ പകച്ചു പോയി. വല്ലാതെ വിയർക്കുന്നു. എനിയ്ക്കു നിലവിളിക്കണമെന്ന് തോന്നി. പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. പെട്ടന്ന് പുറകിൽ നിന്ന് ആരോ എന്നെ തള്ളി. ശ്വാസം നിലച്ചതു പോലെ തോന്നി. ശരീരത്തിന് ബലമില്ലാതെ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ എങ്ങോട്ടൊക്കെയോ പറക്കുന്നു. താഴേക്കു വീഴുമ്പോഴും ആരുടെയൊക്കെയോ നിലവിളികൾ കേട്ടുകൊണ്ടേയിരുന്നു. മരങ്ങളെല്ലാം കത്തി നശിക്കുന്നു. ഞങ്ങളെ കൊല്ലല്ലേ എന്നുള്ള നിലവിളികൾ കാതുകളിൽ തുളച്ച് കയറുന്നു. ചോരയുടെ നിറത്തിൽ ഒഴുകുന്ന പുഴ. ഞാൻ താഴേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു. താഴെ ഒരു കുന്ന് കണ്ടു. സൂക്ഷിച്ച് നോക്കി. മാലിന്യ കൂമ്പാരങ്ങൾ, പ്ലാസ്റ്റിക്കുകൾ, തുണികൾ , ഭക്ഷണങ്ങൾ, ഇറച്ചികൾ തുടങ്ങിയവയുടെ വേസ്റ്റുകൾ എല്ലാം ചേർന്ന മാലിന്യ മല. വീണ്ടും സൂക്ഷിച്ച് നോക്കി. മനുഷ്യ ശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അതിൽ പുഴുക്കൾ പാമ്പുകളെപ്പോലെ ഇഴഞ്ഞ് നീങ്ങുന്നു. പെട്ടന്ന് എന്റെ നേർക്ക് ഒരു ജീവി പാഞ്ഞു വന്നു. ഒരു ഗോളത്തിൽ നിറയെ കൊമ്പുകളുള്ള ഒരു ജീവി. ഞാൻ എല്ലാം നശിപ്പിക്കും, നിന്നെയും കൊല്ലും എന്നും പറഞ്ഞു കൊണ്ട് എന്നെ തൊടാനായി വന്നു. എന്നെ കൊല്ലല്ലേ എന്ന് ഞാൻ നിലവിളിച്ചു. എന്തുപറ്റി മോളെ എന്നുള്ള ചോദ്യം കേട്ട് ഞാൻ കണ്ണു തുറന്നു. എന്റെയടുത്ത് അമ്മയേയും അച്ഛനേയും കണ്ടപ്പോൾ എനിക്ക് സമാധാനമായി. ദൈവമേ അത് സ്വപ്നമായിരുന്നു. സമാധാനമായി എന്ന് ചിന്തിച്ച് ഞാൻ വീണ്ടും കിടന്നുറങ്ങി.
രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ മുതൽ പ്രകൃതിയെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് നിറയെ. മുമ്പ് അമ്മുമ്മ പറഞ്ഞ് തന്ന കഥകളിലും പഴയ സിനിമകളിലും പഠിച്ച പാഠങ്ങളിലുമെല്ലാം പ്രകൃതി എന്തു സുന്ദരമായിരുന്നു. പക്ഷെ ഇന്ന് മനുഷ്യർ പ്രകൃതിയെ കൊന്ന് തിന്നുന്നു. പഴയ കാലത്ത് ജീവിക്കാൻ കൊതി തോന്നി. ഇപ്പോൾ മരങ്ങളില്ല , പുഴകളില്ല, പക്ഷികളുടെ ശബ്ദമില്ല....... എവിടേയും പടുകൂറ്റൻ കെട്ടിടങ്ങൾ, റോഡിൽ വാഹനങ്ങളുടേയും ആർക്കാരുടേയും തിരക്ക് പിടിച്ചുള്ള പാച്ചിൽ, മാലിന്യക്കൂമ്പാരങ്ങൾ, ഹോട്ടലുകൾ, മായം കലർന്ന ഭക്ഷണങ്ങൾ, മാരകമായ അസുഖകങ്ങൾ, ആശുപത്രികൾ ഹോ.... ഓർക്കുമ്പോൾ പേടിയാകുന്നു.
അമ്മ അടുക്കളയിലായിരുന്നപ്പോൾ ഞാൻ വീടിന് പുറത്തിറങ്ങി.മുറ്റത്തൊക്കെ ഇലകളും ചവറുകളും കിടക്കുന്നു. ഇന്നലെ വരേയും അമ്മ തൂത്ത് വൃത്തിയാക്കാനൊക്കെ പറയുമ്പോൾ ഗൗനിക്കാതെ ഞാൻ കളിച്ചു കൊണ്ടേയിരുന്നു. ഞാൻ ചൂലെടുത്തു കൊണ്ടുവന്ന് മുറ്റവും വീടിന് ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം തൂത്ത് വൃത്തിയാക്കി. ചവറുകളെല്ലാം കത്തിച്ചു. വീടിനകവും വൃത്തിയാക്കി. അതിനു ശേഷം ഞാൻ പോയി കുളിച്ച് വൃത്തിയായി.
അമ്മ ചായയുമായി വന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. അമ്മ പറയാതെ തന്നെ വീടും പരിസരവും വൃത്തിയാക്കിയതു കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. 'കുട്ടികളായാൽ ഇങ്ങനെ വേണം' എന്നു പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മയും തന്നുകൊണ്ട് അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി. എനിക്ക് എന്നെക്കുറിച്ചോർത്ത് വളരെ അഭിമാനം തോന്നി. ഞാൻ ചായയും കുടിച്ച് സിറ്റൗട്ടിൽ ചെന്നപ്പോൾ ഇന്നത്തെ പത്രം കിടക്കുന്നത് കണ്ടു. മുൻ പേജിൽ തന്നെ ഒരു ബോളിൽ നിറയെ കൊമ്പുളള ഒരു ജീവിയുടെ ചിത്രം കൊടുത്തിരിക്കുന്നു. അത് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകൾ ചത്തൊടുങ്ങി. ഇത് വായിക്കുമ്പോഴും മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ . ചിത്രത്തെ ഞാൻ സൂക്ഷിച്ച് നോക്കി. എവിടെയോ കണ്ടതുപോലെ തോന്നൽ. അതെ അതു തന്നെ, ഇന്നലെ കണ്ട സ്വപ്നത്തിലെ അതേ ജീവി. അതിന്റെ പേര് പത്രത്തിലൂടെ ഞാൻ മനസ്സിലാക്കി, കോവിഡ് 19 എന്ന കൊറോണ വൈറസ് .
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ എന്റെ മനസു മന്ത്രിച്ചു, വാളെടുത്തവൻ വാളാൽ  !!!

ഗൗരി എ
5 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ