ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റി നിർത്താം രോഗങ്ങളെ

യുദ്ധസമാന മായൊരു ദുരന്ത ഭൂമിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ വീട്ടിനുള്ളിൽ വാതിലടച്ചിരിക്കുന്ന ജനങ്ങൾ ഉച്ചഭാഷിണിയിലൂടെ ആരും പുറത്തിറങ്ങരുതെന്ന് വിളിച്ച് പറയുന്ന പോലീസുകാർ. പുറത്തിറങ്ങാൻ ശ്രമിച്ചാൽ പോലിസുകാർ ഡ്രോൺ വച്ച് പിടിച്ച് ജയിലിലടക്കും. ഇത്രക്ക് ഭയാനകമായ അവസ്ഥക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ ഞാൻ ചെയ്യുന്നത്.

കോവിഡ് 19 ന് കാരണക്കാരനായ കൊറോണ വൈറസ് ബാധിച്ച് ആയിരക്കണക്കിന് ആളുകർ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ ലോകത്തിന്റെ നാനാഭാഗത്തും നടമാടിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം? രോഗം പിടിപെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം ? പകർച്ചവ്യാധികൾ എല്ലാം തന്നെ വ്യക്തിയും സമൂഹവും ഒരു പോലെ ജാഗ്രതയോടെ സമീപിച്ചെങ്കിൽ മാത്രമേ പ്രതിരോധിക്കാൻ കഴിയൂ.

രോഗം ബാധിച്ചവരുടെ അശ്രദ്ധയും വൃത്തിഹീനമായ പരിസരങ്ങളും പകർച്ച വ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നു. ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി പിടിപെട്ടാൽ ഉടൻ തന്നെ രോഗി മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം. രോഗം പിടിപെടാതിരിക്കാൻ നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷി നിലനിർത്തണം. നാം കഴിക്കുന്ന ആഹാരം ശുദ്ധവും മായം ചേർക്കാത്തതും ആയിരിക്കണം. കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, നാം അധിവസിക്കുന്ന മണ്ണ് എന്നിവ മലിനമാകാതെ സൂക്ഷിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം.

ലോകരാഷ്ട്രങ്ങളെ കൊറോണ വൈറസ് കീഴടക്കിത്തുടങ്ങിയ അതേ കാലയളവിൽ തന്നെ കടൽ കടന്ന് കൊറോണ നമ്മുടെ നാട്ടിലും എത്തി. സമ്പർക്കത്തിലൂടെ നിരവധി പേർ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു. രാജ്യം മുഴുവൻ ലോക്ഡൗണിലായി. രോഗികൾ വെന്റിലേറ്ററിലും രോഗം പിടിപെടാൻ സാധ്യതയുള്ളവർ ഐസൊലേഷനിലും ക്വാറന്റൈനിലും ആക്കപ്പെട്ടു. സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും കർമ്മ നിരതരായി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വിശ്രമമില്ലാതെ പോരാടി കേരളം അതിജീവനത്തിന്റെ പാതയിൽ അതിവേഗം മുന്നേറി ലോകത്തിന് മാതൃകയായി.

ശ്രേയ ബി.പി
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം