ആ സമയത്ത് മാടമൺ അക്കര തെക്കൻകൂറ് രാജവംശത്തിന്റെ ഭരണത്തിൽ കീഴിലായിരുന്നു. രാജകുമാരിയും സഹോദരനും തെക്കൻകൂർ രാജവംശത്തിന്റെ സഹായം അഭ്യർത്ഥിച്ചുവെങ്കിലും അതിന് തയ്യാറാകാതെ വരികയും അവർ അവിടെ നിന്നും കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. അവിടെ ഒരു ശൈവക്ഷേത്രമാണ് ഉണ്ടായിരുന്നത്.അതിന്റെ ഭരണ ചുമതലയും നിയന്ത്രണവും എല്ലാം കോവിലർ എന്ന ഒരു കൂട്ടം സന്ന്യാസി

വിഭാഗത്തിന്റെ കൈകളിൽ ആയിരുന്നു. ശൈവഭക്തരായ അവർ വൈഷ്ണവ വിഗ്രഹം അവിടെ സ്ഥാപിക്കാൻ തയ്യാറായില്ല. പക്ഷേ പെൺകുട്ടിയെ സംരക്ഷിക്കാൻ തയ്യാറാകുകയും പാണ്ഡി രാജവംശത്തിന്റെ അതേ പ്രൗഢിയോടെ മാടമൺ തെക്കേക്കരയിൽ ഒരു കൊട്ടാരം സ്ഥാപിക്കുകയും ആ കൊട്ടാരത്തിന് 'വാതല്ലൂർ മണ്ണിൽ കൊട്ടാരം' എന്ന് പേരിടുകയും ചെയ്തു. മാടമൺ ദേശത്തെ കുറിച്ച് ഉള്ളൂർ എഴുതിയ ചില വരികൾ ഇവിടെ കുറിയ്ക്കാം.

'' മാടക്ഷിതിയിലിഹ

ഭൂപർ വാണ കാലം

ഏറും പശുക്കളും

അഹ ഐശ്വര്യവും"

ഉള്ളൂരിന്റെ എന്റെ കേരള ചരിത്രം മുതൽ തന്നെ മാടമൺ ദേശത്തിന്റെ ചരിത്രത്തെ കുറിച്ച് ഒരു ചരിത്ര സങ്കല്പം ഉണ്ട്. മധുര രാജവംശത്തിന്റെ അതേ കീഴ് താഴ് വഴികളിൽ സഹോദരൻ രാജഭരണത്തിനു വേണ്ടിയുള്ള സാമഗ്രികൾ ഈ നാട്ടിൽ എത്തിച്ചു .അതനുസരിച്ച് ക്ഷേത്രം സ്ഥാപിച്ച് പൂജകർമ്മങ്ങൾക്കു വേണ്ടി പാണ്ഡി ബ്രാഹ്മണർ താമസിച്ചിരുന്ന മഠവും അവരെ സഹായിക്കാൻ വേണ്ടിയുള്ള അമ്പലവാസികൾ താമസിച്ചിരുന്നത് തെക്കേമഠവും കളരികൾ അഭ്യസിപ്പിക്കുന്നതിനുള്ളകളരിയ്ക്കലും തെക്കുകാര്യങ്ങൾ നോക്കി നടത്തുന്ന മണ്ഡപത്തിൽ പിള്ളമാരും അത്യാവശ്യം ചില ആക്രമങ്ങളെ ചെറുക്കാൻ ഉള്ള ചില നായർ പ്രമാണിമാരും മൺകല വിദ്യയിൽ പ്രാവീണ്യം ഉള്ള മേലെതുകളും ഇരുമ്പ് പണി ആയുധങ്ങൾക്ക് വേണ്ടി ഉള്ള കീഴ് മേലുകളും ശൂദ്ര പ്രവർത്തികൾക്ക് ആവശ്യമായ ക്ഷുരകരും വെളുത്തെടങ്ങളും അതിപ്രധാനമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പറപ്പള്ളികൂടവും ഇവിടെ സ്ഥാപിച്ചിരുന്നു എന്ന് ഐതിഹ്യം.

1962 ഇൽ ഏഴംകുളം കുഞ്ചൻ പിളള ക്ഷേത്ര ഭിത്തികളിലെ കോലെഴുത്തുകളും വട്ടെഴുത്തുകളും വായിച്ച് എടുത്തത് ആണ് ഈ ഐതിഹ്യങ്ങളുടെ ഉത്ഭവം.ഇത് എതാണ്ട് അതുപോലെ തന്നെ ദേശത്ത് നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരു പെൺകുട്ടി എന്ന നിലയ്ക്ക് പാണ്ഡി രാജാവിന്റെ പുത്രിയ്ക്ക് ഭരണ കാര്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ സാധിക്കാതെ വന്നപ്പോൾ വൈഷ്ണവ വിഗ്രഹത്തോടൊപ്പം പടിഞ്ഞാറോട്ട് പോയി എന്നും കൂടുതൽ ജനങ്ങളും ബുദ്ധിമാന്മാരും പാർക്കുന്ന കാട്ടൂർ ആറന്മുള പ്രദേശത്ത് അവർ എത്തി ഈ പ്രമാണിമാരുടെ സഹായത്തോടെ ആറന്മുളയിലെ വൈഷ്ണവ വിഗ്രഹത്തെ ഒരു താഴ്ചയിലേക്ക് മാറ്റി കൂടുതൽ മണ്ണിട്ട് ഉയർത്തി ഇന്നത്തെ തിരുവാറൻമുള ക്ഷേത്രം സ്ഥാപിച്ചു എന്നാണു ചരിത്രം. ആ വിഗ്രഹം നിർമ്മിച്ചത് ഇള എന്ന് പേരുള്ള ആളായിരുന്നു എന്നും ഉതൃട്ടാതി നാളിൽ ആണ് വിഗ്രഹം സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു.അതിനു ശേഷം ആറന്മുളയുടെ വടക്കു ഭാഗം ഭരിച്ചിരുന്ന തെക്കൻകൂർ രാജാവിനെ വിവാഹം കഴിക്കുകയും അങ്ങനെ ആ രാജവംശം ക്രമേണ തെക്കൻ കൂറിൽ ലയിക്കുകയും ചെയ്തു.പക്ഷേ ഈ രാജകുമാരിയെ സഹായിച്ചിരുന്ന കുടുംബങ്ങളെ ആറന്മുള നാരങ്ങാനം കോയിപ്രം പ്രദേശത്തെ നാട്ടുപ്രമാണികൾ ആറന്മുളയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.അതിനാൽ ആ കുടുംബങ്ങൾ ഇവിടെ തന്നെ താമസം തുടരാൻ തീരുമാനിച്ചു. എല്ലാ കുടുംബങ്ങളും അവരവരുടെ കുലത്തൊഴിൽ ചെയ്തത് ജീവിക്കാൻ ആരംഭിച്ചു.ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾ നിർവഹിച്ച ബ്രഹ്മണരെ പാണ്ഡി ബ്രാഹ്മണർക്ക് സമാനമായ ഭട്ടർ എന്ന് വിളിച്ചു. ക്രമേണ

ബ്രാഹ്മണ്യത്തിന്റെ മേധാവിത്വങ്ങളിൽ അവർ ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ ആകുകയും മറ്റുള്ളവർ യഥേഷ്ടം അവരുടെ തൊഴിൽ തുടരുകയും ചെയ്തു.പരസ്പരം വൈവാഹിക ബന്ധത്തിലൂടെ ബ്രാഹ്മണ- ക്ഷത്രിയ -വൈശ്യ ജനത ഇവിടെ രൂപപ്പെട്ടു.

ഈ അടുത്തകാലത്ത് പൊളിച്ചുമാറ്റിയ പറപ്പള്ളിൽ മൂല കുടുംബം,കിണർ എന്നിവ പാണ്ഡ്യ ശിൽപകലയുടെ കേന്ദ്ര ബിന്ദു ആയിരുന്നു. ആ തറവാടിന്റെ തിണ്ണയിൽ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ ചടങ്ങുകൾ നടത്തിയിരുന്നത്.1920 ൽ പറപ്പള്ളി കുടുംബം കൈവശം വെച്ചിരുന്ന ഭൂമിയിൽ പുല്ലുമേഞ്ഞ രണ്ട് മുറികൂരയിൽ ഇന്നത്തെ സ്കൂളിന്റെആദ്യ രൂപം സംജാതമായി.ബ്രാഹ്മണ വേഷധാരി ആയ സ്ത്രീ ശബ്ദത്തിന് ഉടമ ആയ കൃഷ്ണൻ കണിയാൻ അവർകൾ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ആയി അറിയപ്പെട്ടിരുന്നത്.കൂടുതൽ കുട്ടികൾ എത്തിച്ചേർന്നതോടെ കൂടുതൽ മുറികൾ പണിത് വിപുലം ആക്കുകയും റാന്നി വരവൂർ സ്വദേശി പദ്മനാഭ ഷേണായി വിദ്യാഭ്യാസത്തിന്റെചിട്ടകൾ ക്രമീകരിച്ച് ഇന്നത്തെ രീതിയിൽ ഉള്ള സ്കൂൾ ആക്കി മാറ്റുകയും ചെയ്തു.

കാലം പുരോഗമിച്ചപ്പോൾ പറപ്പള്ളി കുടുംബാംഗങ്ങൾ ജീവിതവൃത്തിക്ക് വേണ്ടി പ്രഭുത്വം വിട്ട് ജോലി ചെയ്യാൻ തുടങ്ങി.അങ്ങനെ ബ്രിട്ടീഷ്കാർക്ക് കരം കൊടുക്കാൻ കഴിയാതെ അവരുടെ 100 ഏക്കർ സ്ഥലം കാഞ്ഞിരപ്പള്ളി സ്വദേശികൾ ആയ ക്രിസ്ത്യാനികൾക്ക് പാട്ടത്തിന് നൽകുകയും അവരിൽ നിന്ന് ശമ്പളം വാങ്ങി കങ്കാണിമാരായി ജോലിയിൽ തുടരുകയും ചെയ്തു.അങ്ങനെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിന് ബുദ്ധിമുട്ടായി വന്നപ്പോൾ ഏകദേശം അഞ്ചു വർഷക്കാലം സ്കൂൾ പ്രവർത്തനം നിലച്ചു.ഈ സമയത്ത് വടശ്ശേരിക്കര സ്വദേശികൾ ആയ കിട്ടൂ കണിയർ, പപ്പു കണിയാൻ എഴുത്താശാൻമാർ എത്തുകയും കുട്ടികൾക്ക് അക്ഷര അഭ്യാസം മാത്രം നൽകി സ്കൂൾ പ്രവർത്തനം തടസ്സം ഇല്ലാതെ മുന്നോട്ട് പോകുകയും ചെയ്തു.ഇത് തുടർന്നപ്പോൾ സ്കൂളിനോട് മമത തോന്നി പറപ്പള്ളി കുടുംബത്തിന്റെമൂത്ത കാരണവർ ഗോവിന്ദൻ നായർ മന്നത്തു പത്മനാഭന്റെ സ്വാധീനത്തിന് വഴങ്ങി 1.62 ഏക്കർ സ്ഥലവും അവിടെ ഉണ്ടായിരുന്ന കെട്ടിടവും എൻ. എസ്. എസ് . ന് കൈമാറുകയും എൻ. എസ് .എസ് ഭരണത്തിൻ കീഴിൽ വരികയും ചെയ്തു. ചങ്ങനാശ്ശേരി സ്വദേശികൾ ആയ കേശവപിള്ള പരമേശ്വര പണിക്കർ , എ.കെ നാണുപിള്ള എന്നിവർ അധ്യാപകർ ആയി ഇന്നത്തെ സ്കൂളിന്റെ പ്രാഥമിക രൂപം തയാറായി.ക്രമേണ ഇവിടെ നിന്നും വിദ്യാഭ്യാസം ലഭിച്ചവർ 1935 ൽ തുടങ്ങിയ പെരുനാട് ഇംഗ്ലീഷ് സ്കൂളിൽ തുടർ വിദ്യാഭ്യാസത്തിന് പോകുകുയും ചെയ്തു വന്നു.ആദ്യ ഘട്ടത്തിൽ നാലാം ക്ലാസ്സ് വരെ മാത്രം ഉള്ള ഈ സ്കൂൾ"ശ്രീകൃഷ്ണ വിലാസം"എന്ന പേരിൽ അറിയപ്പെട്ടു.1965 ൽ ഈ സ്കൂൾ ,യു .പി .സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിൽ റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ ഈ ഗ്രാമം ഇന്ന് മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം കൂടി ആണ്.ഈ ഗ്രാമത്തിന് ഇന്ന് പാൽ ശീതികരിച്ച സൂക്ഷിക്കാൻ കഴിയുന്ന ഒരു മിൽമ പ്ലാൻ്റും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വായനയുടെ ലോകത്തേക്ക് നയിക്കുന്ന ഒരു വായനശാലയും ഉണ്ട്. എല്ലാ വർഷവും പമ്പയുടെ തീരത്ത് എസ്. എൻ .ഡി. പി. കൺവൻഷൻ നടത്തപ്പെടുന്നത് ഈ ഗ്രാമത്തിന്റെ പ്രശസ്തി ഉയർത്തുന്നു. മാടമൺ ഗ്രാമത്തിലെജനങ്ങൾ ഭൂരിഭാഗവും കച്ചവടത്തിനും കൃഷിയിലും ശ്രദ്ധിച്ചു ഉപജീവനം നടത്തുന്നവരാണ്. മാടമൺ ഗവ.സ്ക്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിയ നിരവധി വ്യക്തികൾ ഈ നാടിന്റെ മുതൽക്കൂട്ടാണ് . പ്രകൃതി സൗന്ദര്യത്താൽ മനോഹരം ആണ് ഈ ഗ്രാമം.