ഗവ. യു. പി. എസ്. പുതുശ്ശേരിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം.

തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണസഹായികളായിരുന്ന റാന്നി കർത്താക്കന്മാർ നാടുവാഴികളായി ഭരണം നടത്തിയിരുന്ന കാലം, നാടിന്റെ ക്ഷേമത്തിനായിപൂതിയ പുതിയ കൃഷിസ്ഥലങ്ങളും മേച്ചിൻപുറങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നതിന്റെ ഭാഗമായി റാന്നിയുടെ (അക്കാലത്ത്‌ തോട്ടമൺ പഞ്ചായത്ത്‌) തെക്കുകിഴക്കൻ പ്രദേശമായ പാറകളാൽ ചുറ്റപ്പെട്ട ഈ മലയും കണ്ടെത്തുകയുണ്ടായി. നാലു പാറമല എന്ന്‌ പേരും നൽകി. പാണ്ഡ്യൻപാറ , കരണ്ടകപ്പാറ, ഈട്ടുപാറ, പൊട്ടൻകുളത്തുപാറ എന്നീ മുഖ്യപാറകളും അതിൽ ഉപവിഷ്ടരായ

വല്യച്ഛയമാരും നാടിന്റെ കാവൽഭടന്മാരായി, കൃഷി, കന്നുകാലി വളർത്തൽ, ഭൂപ്രദേശങ്ങളുടേയും സ്വത്തുവകകളുടെയും സംരക്ഷണം, കെട്ടിടനിർമ്മാണം, ആയുധനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പതിനെട്ട്‌ കുടുംബങ്ങളെ ഇവിടെ എത്തിച്ച്‌ പാർപ്പിച്ചു. അവരുടെ പിൻമുറക്കാരും പിന്നീട്‌ കുടിയേറിപ്പാർത്തവരു൦ം അടങ്ങുന്നതാണ്‌ ഇന്നത്തെ പുതു ശ്ലേരിമല നിവാസികൾ. തെങ്ങ്‌, കമുക്‌, കുരുമുളക്‌, കോലിഞ്ചി, കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന, മുതിര, തുവര, പയർ, വാഴ, വെണ്ട തുടങ്ങിയവ കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനമാർഗ്ഗം കണ്ടെത്തിയ ഗ്രാമീണർ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ഉൾക്കൊണ്ടിരുന്നു. റാന്നി പേട്ട ചന്തയിൽ വിറ്റും വാങ്ങിയും പുറം ലോകബന്ധം വളർത്തി.

അക്ഷരങ്ങളുമായി ആലാക്കാരൻ ആശാൻ (ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ പണ്ഡിതൻ) വീടുകൾതോറും കയറി ഇറങ്ങിയതിന്റെ ഭാഗമായി ആശാരിത്തുണ്ടിയിൽ തോമസ്‌ (ജോർജ്ജ്‌ സാറിന്റെ പിതാവ്‌) ഒരു സ്കൂൾ ആരംഭിച്ചു. മണ്ണിൽ പള്ളിക്കൂടം എന്ന പേരിൽ അധ്യയനം നടത്തിപ്പോന്നിരുന്നതും പ്രസ്തുത സ്കൂൾ അധികാരികളുടെ അനുമതി ലഭിക്കാതെ നിർത്തിപ്പോയതും ചരിത്രഭാഗമാണ്‌. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ മലകയറി ഇവിടെ എത്തിയത്‌ പുത്തൻ ഉണർവ്വിനിടയായി. വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന ലക്ഷ്യം നാട്ടുകാരിൽ വേരോടിയതിന്റെ ഭാഗമായി നാട്ടിൽ നിലത്തെഴുത്തു പള്ളിക്കൂടങ്ങൾ രൂപംകൊണ്ടു. മേലേടത്ത്‌ ഗോപാലൻനായർ കണ്ണന്നൂർ ഭാഗത്തും വാലുപറമ്പിൽ നീലകണ്ഠൻ ആശാൻ ആശാരിച്ചേരിപ്പുരയിടത്തിലും കൂലിപ്പറമ്പിൽ ആശാൻ പട്ടത്താനം ഭാഗത്തും

ശ്യാമുവൽസാർ ബഥേൽ മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന ഭാഗത്തും പരമുസാർ തട്ടയ്ക്കാട്ടിലും ഓലഷെഡ്ഡുകൾ കെട്ടി കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അക്ഷരം പഠിച്ചിറങ്ങുന്ന കുട്ടികൾ തുടർപഠനത്തിനായി ഉതിമൂട്‌, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, റാന്നി തുടങ്ങിയ ദൂരെ സ്ഥലങ്ങളിലേക്ക്‌ കാട്ടുമൃഗങ്ങൾക്കിടയിലൂടെ ഉൗടുവഴികൾതാണ്ടിപോയിരുന്നത്‌ പഴയകാലം. 1920 കളിൽ അതായത്‌ 20-0൦ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ശ്രീ. മൂലൂർ തന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളുമായി പുതുശ്ശേരിമലയിലും എത്തിച്ചേരുകയും ഒരു വിദ്യാലയത്തിന്റെ കുറവ്‌ അദ്ദേഹം തിരിച്ചറിയുകയും നാട്ടിൽ അറിയപ്പെടുന്ന ആളുകളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ ഫലമായി വിദ്യാലയനിർമ്മിതിക്കായി ഇപ്പോഴുളള സ്ഥലം കണ്ടെത്തി. സർവ്വെ നമ്പർ‍ 688/4-3 ഉൾപ്പെട്ട 11 1/4 സെന്റ് പുരയിടം കേളശ്ശേരിൽ കൊച്ചുകു‍ഞ്ഞ് സംഭാവനയായി നൽകിയത്‌. നാലാനിക്കുഴി കൃഷണന്റെ നേതൃത്വത്തിൽ കേളശ്ശേരിൽ കൊച്ചുകുഞ്ഞും അന്നത്തെ യുവാക്കളും മുതിരന്നവരും ഒത്തൊരുമിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തേക്കും തേന്മാവും ആഞ്ഞിലിയും പ്ലാവുമൊക്കെ മുറിച്ചെടുത്ത് ഉരുപ്പടികൾആക്കി കെട്ടിടം പണിതു. മേൽക്കൂര ഓലമേഞ്ഞ് തറചാണകം മെഴുകിയകിയ വേണ്ടത്ര അടച്ചുറപ്പില്ലാത്ത ഒരു കെട്ടിടം എസ്.എൻ.വി.എം.പി.സ്കൂൾ. ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇരിക്കാവുന്നത്രവലുപ്പം. ജാതിമതഭേദമെന്യെ നാടിൻെ നാനാഭാഗത്തുനിന്നു൦ കുട്ടികൾ വന്നുചേർന്നു. മറ്റ്‌ സ്കൂളുകളിൽപോയി പഠിച്ചുകൊണ്ടിരുന്നവരിൽ ഒരു ഭാഗം വിദ്യാർത്ഥികൾ

വിടുതൽരേഖ വാങ്ങി ഇവിടെ എത്തിച്ചേർന്ന്‌ പഠനം ആരംഭിച്ചു. 'വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന മൂലൂരിന്റെ ആഹ്വാനത്തിന് ജീവൻ നൽകിക്കൊണ്ട്‌ അറിവിന്റെ ലോകത്തിലേക്ക്‌ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ കൈപിടിച്ചുയർത്തുവാൻ ശ്രി. വി.കെ.കൊച്ചുകുഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നാരയണി, തടത്തിൽ ശ്രീ കേശവൻ പര്യാരത്ത്‌ , ശ്രി.ശേഖരൻ എന്നീ മഹത്തുക്കൾ അദ്ധ്യാപകരായി സേവനസന്നദ്ധ

രായി രംഗത്തുണ്ടായിരുന്നു.

വഞ്ചിഭൂമി....പതെ.... ചിരം

സഞ്ചിതാഭം .... ജയിക്കേണം

ദേവദേവൻ ഭവാനെന്ന

ദേഹസഖ്യം വളർത്തേണം

(വഞ്ചിശ മംഗളം)

എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗാനത്തോടെ അദ്ധ്യായനം ആരംഭിച്ചിരുന്നു . പൂജവയ്പും മഹാരാജാവിന്റെ തിരുനാൾ ആഘോഷവുമായിരുന്നു അക്കാലത്ത്‌ സകൂളിലെ പ്രധാന ആഘോഷങ്ങൾ. കീർത്തനങ്ങൾ മുഴക്കി കൊടിപിടിച്ച്‌ ഘോഷയാത്ര നടത്തുമ്പോൾ നാടും നാട്ടുകാരും ഉണരുകയായി. വിദ്യാലയത്തിൽ നിന്നും നെടുമ്പാറവഴി ഇറങ്ങുന്ന യാത്രാസംഘം ഇടക്കുളം വഴി പാലച്ചുവട്ടിൽ എത്തി, സ്കൂളുിൽ തിരിച്ചുവരുമ്പോൾ നാട്ടുകാരുടെ വക അവലും പഴവും കാത്തിരിക്കുന്നാണ്ടാകും. ഓലക്കുടയും വാഴയിലയും മാറാമ്പിലയും ചൂടി നനഞ്ഞൊലിച്ചുവന്ന് ഈറൻപിടിച്ചൊട്ടിച്ചേർന്നിരുന്ന മഴക്കാലവും കപ്പമാങ്ങയും കശുമാങ്ങയും തിന്നുരസിച്ച് കിളിത്തട്ടുകളിച്ച് വിയർത്തെലിച്ച്, ചാണകവും മണ്ണും നിറഞ്ഞ പൊടിശ്വസിച്ചിരുന്ന വേനൽക്കാലവും അമ്മയ്ക്ക്‌ തുല്യയായിരുന്ന കല്യാണിടീച്ചറും ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവരുടെ മനസ്സിൽ ഇപ്പോഴും നിലാവ് പൊഴിക്കുന്നുണ്ട്.

മഴയും മഞ്ഞും വേനലുമായി കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. നൂറുകണക്കിന്‌ കുട്ടികൾ വിദ്യാലയത്തിന്റെ പടി കടന്നുപോയി. ഒപ്പം ബ്രിട്ടിഷ്‌ ആധിപത്യത്തിൽ നിന്നും ഇന്ത്യയും സ്വത്രന്തയായി. ജനാധിപത്യ ഗവൺമെന്റ്‌ കേരളത്തിലും അധികാരത്തിൽ വന്നു.

പൊതുവിദ്യാലയങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം ഭരണഘടനയിൽ വന്നതിന്റെ ഭാഗമായി സ്വകാര്യസകൂളൂകൾ പലതും സർക്കാരിന്‌ വിട്ടുകൊടുത്തുകൊണ്ടിരിക്കെ ഈ സ്കൂളിന്റെ അവകാശവും സർക്കാരിൽ നിക്ഷിപ്തമായി. അതുവരെ എസ്‌.എൻ.വി.എം.പി. സ്കൂൾ പുതുശ്ശേരിമല എന്ന പേരിൽ നിലനിന്നിരുന്ന ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. അതോടൊപ്പം പഴയകെട്ടിടം പൊളിച്ചുമാറ്റി ഓടിട്ട

അടച്ചുറപ്പുള്ള കെട്ടിടം നിലവിൽവന്നു. ഉളളാട്ടിൽ തോമാച്ചൻ, പുളിക്കൽ മത്തായി എന്നിവർ കരാർ പിടിച്ചാണ്‌ കെട്ടിടം പണിതത്‌. 1956-57 കാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ പ്രധാന കെട്ടിടം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വിദ്യാലയം വികസനത്തിന്റെ പാതയിലൂടെ

മുന്നേറ്റം തുടർന്നു. സഖാവ്‌ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭ 1980 ൽ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. പുതിയ കെട്ടിട നിർമ്മിതിക്കായ

തയ്യിൽ ശ്രീ റ്റി.പി.വസന്തകൂമാർ കൺവീനറായുളള കമ്മിറ്റിയെയേയും അക്കാലത്തെ റാന്നിയുടെ എം.എൽ.എ.ശ്രീ . എം.സി.ചെറിയാനെയും നന്ദിയോടെ സ്മരിക്കുന്നു. അന്ന്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ 17-10-1980 ന്‌ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്‌ വിദ്യാലയ ചരിത്രത്തിലെ നാഴിക കല്ലാണ്‌. ഒരു ദശാബ്ദത്തിലേറെക്കാലം ഈ വിദ്യാലയതിന്റെ ഭരണസാരഥ്യം വഹിച്ച ശ്രീ. രാമകൃഷ്ണപിളള സാറിന്റെ സേവനകാലം പ്രത്യേകം ഓർക്കുന്നു. പാലച്ചുവടിനും വടശ്ലേരിക്കരയ്ക്കും കുമ്പളാംപൊയ്കക്കും പോയ്കൊണ്ടിരുന്ന കുട്ടികൾ, കൂഞ്ഞനുജന്മാരുടെയും അനുജത്തിമാരുടെയും കൈ പിടിച്ച് റബ്ബർതോട്ടത്തിലൂടെ വിദ്യാലയ മുറ്റത്തെത്തിത്തുടങ്ങി.

അപ്പോഴേക്കും അമേരിക്കൻ മാവുകലക്കിയുണ്ടാക്കിയ പാലിന്റെയും ഡാൽഡയിൽ നിർമ്മിച്ച ഉപ്പുമാവിന്റെയും ഗന്ധം സ്കൂൾ പരിസരത്തുനിന്നും വിട വാങ്ങിയിരുന്നു. പകരം വെളിച്ചെണ്ണയിൽ വറുത്ത ഗോതമ്പിന്റെ നറുമണം നട്ടുച്ചനേരം വിളിച്ചറിയിച്ചു. മടക്കു നിവരാതെ, നിരന്നിരിക്കുന്ന വട്ടയിലകളിൽ തെറിച്ചുവീഴുന്ന ഉപ്പുമാവും നാണു ചേട്ടനും ഗൗരിച്ചേടത്തിയും അനേകം കണ്ണുകളിൽ കൗതുകമായി തുടർന്നു.

വിദ്യാലയത്തെ വീടായി സ്‌നേഹിച്ച ശ്രീ നാണുച്ചേട്ടന്റെ സേവനം മറക്കാനാവില്ല. 20-0൦നൂറ്റാണ്ടിന്റെ അവസാനത്തോടെ വീണ്ടും തേടിയെത്തിയ വികസനം സർവ്വെ നമ്പർ 688/4 പ്രകാരമുള്ള 91 സെന്റും 688/2-ബി പ്രകാരമുളള 38 സെൻ്സ്ഥലവും സ്വന്തമാക്കി. മുതുക്കൻ റബ്ബർമരങ്ങളെ വെട്ടിവീഴ്ത്തി ചൂറ്റുമതിലും മൈതാനവും നിർമ്മിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീമതി മറിയാമ്മ ചെറിയാൻ മുൻകൈയ്യെടുത്ത്‌ നിർമ്മിച്ച ക്ലാസ്സ്‌ മുറികളും എസ്‌.എസ്‌.എ.നൽകിയ വായനാമുറിയും കമ്പ്യൂട്ടർമുറിയും മൂത്രപ്പുരകളും ഉയർന്നു വന്നു. ഏറ്റവും മെച്ചമായ വിദ്യാലയ അന്തരീക്ഷം രൂപപ്പെട്ടു വന്നു. ഭൗതീക സാഹചര്യങ്ങളായ ലാപ്ടോപ്പ് ,എൽ.സി.ഡി.പ്രോജക്ടേഴ്സ്‌ , കമ്പ്യൂട്ടുകൾ തുടങ്ങിയവ എത്തി. എം.ജി. അമ്മിണിയമ്മ സാറിന്റെ കാലത്ത്‌ പഞ്ചായത്തിൽ നിന്നു അനുവദിച്ച കിണർ ഇന്നും വിദ്യാലയത്തിന് കുടിനീരേകുന്നു.

ഇന്ന്‌ വിഷയാധിഷ്ഠിത സ്മാർട്ട്‌ കാസ്സ്റൂമൂകളിൽ ഇരുന്ന് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ അധ്യയനം തുടരുന്നു. സംസ്ഥാനതല ശാസ്ത്ര/ഗണിത ശാസ്ത്രമേളകളിൽ വരെ കൂട്ടികൾക്ക്‌ എത്താൻ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായ ഡോക്‌ടർമാർ, എൻജിനീയറന്മാർ, കോളേജ്‌ പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ലക്ചറന്മാർ, പ്രൈപമറി/ഹൈസ്ക്കൂൾ അദ്ധ്യാപകർ, പോലീസ്‌ ഓഫീസേഴ്സ്‌, അങ്ങനെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിടുളളതും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ വ്യക്തികളും വിദേശത്തു ജോലിനേടി അഭിമാനത്തോടെ സമ്പന്നരായി ജീവിക്കുന്നവരുമായി ഈ സരസ്വതീ ക്ഷേത്രത്തിനുള്ള പൂർവ്വവിദ്യാർത്ഥികൾ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്‌.