ഗവ. യു.പി.എസ്. ഇടനില/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മലയോര ഗ്രാമപ്രദേശമാണ് മന്നൂർക്കോണം. നാഗരികതയുടെ തിരക്കുകളിൽ നിന്ന് വിട്ടുമാറി സമഗ്രമായ വിദ്യാലയ അന്തരീക്ഷം പ്രധാനം ചെയ്യുവാൻ സ്കൂളിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വലിയ പങ്കുവഹിക്കുന്നു. പാലോട് ടി ബി ജി ആർ ഐ, വലിയമല ഐ എസ് ആർ ഒ, മരുതാമല ഐസർ, വലിയമല ഐ ഐ എസ് ടി തുടങ്ങിയ രാജ്യത്തിന്റെ തന്നെ അഭിമാനമായ സ്ഥാപനങ്ങൾ ഈ പ്രദേശത്തും സമീപത്തുമായി സ്ഥിതിചെയ്യുന്നു.

ഇടനില എന്ന സ്ഥലനാമം ലഭ്യമായതിന് പിന്നിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നാട്ടുകാരിൽ നിന്നും ലഭിച്ചു. ഈ ഭൂപ്രദേശം കുന്നുകളും കാടുകളും വയലുകളും നിറഞ്ഞതായിരുന്നു. കുന്നത്തുമലയും പേരിലയും തമ്മിൽ ഭൂമിശാസ്ത്രപരമായി വലിയ അന്തരം ഉണ്ടായിരുന്നു. കുന്നുകളുടെയും വയലുകളുടെയും ഇടയിലുള്ള സ്ഥലം എന്ന രീതിയിൽ "ഇടനില" എന്ന് സ്ഥലനാമം  ലഭ്യമായതായി പറയപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ രാമൻ നായർ അവർകളുടെ കുടുംബനാമവും ഇടനില എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ളതായി പ്രദേശത്തെ മുതിർന്ന പൗരന്മാരോടു നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. സ്കൂൾ നിലനിൽക്കുന്ന പ്രദേശമായ മന്നൂർക്കോണത്ത്  ഇടനില എന്ന് സ്ഥലനാമം ഇല്ല എന്നതും ശ്രദ്ധേയമാണ്. നിലവിൽ ഈ പേര് സ്കൂളിനായി നിലകൊള്ളുന്നു. ഇടയ്കോണം, ഇടക്കരിക്കകം എന്നീ സമാന സ്ഥലനാമങ്ങളും  സ്കൂളിനു സമീപത്തായുണ്ട്.    

                                  റോഡിന് ഒരുഭാഗം ചെറിയ കുന്നുകളും മറുഭാഗം ചരിവോടുകൂടിയതുമായ  മന്നൂർക്കോണം എന്ന പ്രദേശത്തിനു സമീപത്തുള്ള പല സ്ഥലനാമങ്ങളും  സാദൃശ്യമുള്ളവയാണ്. ഉദാഹരണമായി പുള്ളിക്കോണം, മാങ്കോട്ടുകോണം, ചെറുവക്കോണം, ചുറ്റിക്കോണം എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾ കൗതുകകരമാണ്.

ജില്ലാ ആസ്‌ഥാനമായ തിരുവനന്തപുരത്ത് നിന്നും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിലേക്കുള്ള തിരുവനന്തപുരം-പൊന്മുടി റൂട്ടിലാണ് മന്നൂർക്കോണം. സർക്കാർ വിദ്യാലയങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രം, ലൈബ്രറി, വ്യത്യസ്ത മതാരാധനാലയങ്ങൾ, ഖാദി ഉത്പാദന കേന്ദ്രം തുടങ്ങിയ സ്‌ഥാപനങ്ങൾ മന്നൂർക്കോണത്തും പരിസരത്തുമായി സ്‌ഥിതി ചെയ്യുന്നു.

മന്നൂർക്കോണം ജംഗ്ഷൻ

ചിത്രശാല

വായനശാല