ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതി ഒരു പാഠം; കാവതിയും.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു പാഠം; കാവതിയും.

ചന്തേരിക്കര എന്ന ഗ്രാമത്തിൽ പച്ചവിതാനിച്ച് കിടക്കുന്ന പാടത്തിനും അതിനോട് ചേർന്നൊഴുകുന്ന പുഴയുടെയും അതിരിലായി നിന്ന ഒരു തേന്മാവിൻ്റെ മൂന്നാമത്തെ ശിഖരത്തിൽ കാവതി എന്നു പേരുള്ള ഒരു കാക്ക ജീവിച്ചിരുന്നു. ആ ഗ്രാമത്തെ അതിയായി സ്നേഹിച്ചിരുന്ന അവൾ ദിവസവും സൂര്യനും മുൻപേ ഉണർന്ന് ചുറ്റുവട്ടത്തെ കാഴ്ചകൾ കണ്ട് പാറിപ്പറന്ന് നടക്കുമായിരുന്നു.വയലേലകളും കൃഷിഭൂമികളും നിറഞ്ഞ പുഴയും ശുദ്ധ വായുവും .... എല്ലാം കൊണ്ടും ആ ഗ്രാമം വളരെ മനോഹരമായിരുന്നു. വിരുന്നുകാരുടെ വരവ് വീട്ടുകാരെ നേരത്തേ അറിയിക്കുന്നതിലൊക്കെയുള്ള അവളുടെ കേമത്തം എല്ലാരും അംഗീകരിച്ചിരുന്നു. പരിസരം വൃത്തിയാക്കുന്നതിലും അവൾ ഒന്നാമതായിരുന്നു. വേനലവധിക്ക് അവൾക്കും നാട്ടിലെ കുട്ടികൾക്കും വൈകുന്നേരങ്ങളിൽ മാഞ്ചോട്ടിൽ വെടിവട്ടം പറയാനെത്തുന്ന മുതിർന്നവർക്കും തേനൂറും മാമ്പഴം നൽകിയിരുന്ന ആ മാവും അവളും തമ്മിൽ വലിയ ഒരാത്മബന്ധമായിരുന്നു... ജീവിതത്തിലെ മനോഹരമായ ദിനങ്ങൾ.....

നാളുകൾ കടന്നു പോയി... ഗ്രാമത്തിലെ കുട്ടികളെ വീട്ടിന് പുറത്ത് കാണാനില്ലാതായി. മുതിർന്നവർക്ക് കൃഷി മോശപ്പെട്ട തൊഴിലായി മാറി. എല്ലാവരും നിറം പിടിപ്പിച്ച ഭക്ഷണത്തിന് നഗരത്തിലുള്ള ഹോട്ടലുകളെ ആശ്രയിച്ചു. കടം വാങ്ങിച്ചും നിരത്തിലിറക്കിയ കാറുകൾ മണ്ണും കാലും തമ്മിലുള്ള ബന്ധം പോലും ഇല്ലാതാക്കി.പ്രകൃതി നശിപ്പിക്കപ്പെട്ടു.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞു. ചീത്ത കൊത്തി വലിക്കുന്ന കാവതി ഇപ്പോഴവർക്ക് അശ്രീകരമാണ്. എല്ലാവരും ഒരു ചതുരപ്പെട്ടിയുമായി വലക്കണ്ണികളിൽ കുരുങ്ങിക്കിടക്കുകയാണ്.

പിന്നെയും ഇരുട്ടും വെളിച്ചവും മാറി മാറി വന്നു... കാവതി അപ്പോഴും തന്നെക്കൊണ്ടാവും വിധം ആ ഗ്രാമത്തെ വൃത്തിയാക്കാൻ ശ്രമിച്ച് തളർന്ന ചിറകുകളും അതിനെക്കാൾ ഭാരിച്ച മനസുമായി ചുറ്റിത്തിരിഞ്ഞു. ഗ്രാമത്തിലെ അവസ്ഥ മോശമായി .കുടിക്കാൻ നല്ല വെള്ളമില്ല. വായു മലിനമായി .ഗ്രാമത്തിലെ ചെറുപ്പക്കാർ വരെ രോഗികൾ. വീടും പരിസരവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാത്തവർ ശരീരഭാരം കുറയ്ക്കാൻ ചതുര മുറിക്കുള്ളിൽ കൂടി നിന്ന് പാട്ടും വ്യായാമവും. കൃത്രിമത്വം നിറഞ്ഞ ചിരിയും ചിന്തകളും... എന്തിനുമൊരു അവസാനമുണ്ടല്ലോ. മനുഷ്യരെത്ര നിസാരനെന്ത് ചിന്തിക്കാൻ പ്രകൃതി അവനൊരു മഹാമാരി കരുതി വച്ചിരുന്നു. കാണാൻ പറ്റാത്ത സൂക്ഷ്മാണുക്കൾ മനുഷ്യനെ തോല്പിക്കാൻ കരുതി വച്ച അവസരം. ലോകമതിനെ പല പേരിലും വിളിച്ചു. മനുഷ്യൻ തൻ്റെ ചുറ്റുപാടിൽ നിന്ന് കിട്ടുന്നത് കഴിച്ച് വീട്ടിലേക്കൊതുങ്ങി നിക്കേണ്ടി വന്നു. പണം എല്ലാത്തിനും പരിഹാരമല്ലെന്ന് ബോധ്യമായി. പ്രകൃതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമായി.

ഇപ്പോൾ ....

മനുഷ്യൻ ചുറ്റുപാടറിയാൻ തുടങ്ങി. അയൽപക്കക്കാർ തമ്മിൽ സ്നേഹത്തിലായി. കാവതി ശരിയായിരുന്നു എന്ന് മനസിലായി.ഗ്രാമത്തിൻ്റെ ആത്മാവ് തിരിച്ച് വന്നു.പതിയെപ്പതിയെ ഗ്രാമം വൃത്തിയായി. പച്ചപ്പ് നിറഞ്ഞു.കാൽനടയാത്രക്കാർ കൂടി. കൃത്രിമ നിറങ്ങൾ വെറും തോന്നലാണെന്ന ബോധ്യം വന്ന നാട്ടുകാർ പഴയ കാലത്തേക്ക് മടങ്ങിപ്പോയി. നിറഞ്ഞ ഐശ്വര്യം തിരികെ വന്ന ഗ്രാമം പുഞ്ചിരിച്ചു.... ഇതിൻ്റെ ശോഭ ഒരിക്കലും മങ്ങരുതേയെന്ന പ്രാർത്ഥനയോടെ.

ജാഹ്നവി.എം.ആർ
6 ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കഥ