ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
തിരുവിതാംകൂറിലെ പത്ത് നാട്ടു രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് തെക്ക്,ചെങ്ങന്നൂരിൻറെ കുറച്ചു ഭാഗങ്ങൾ ഇത്രയും ചേർന്ന ഒരു കൊച്ചു രാജ്യമായിരുന്നു ഓടനാട്.ഇതിനെ ഓണാട് എന്നും പിൽക്കാലത്ത് കായംകുളം എന്നും അറിയാൻ തുടങ്ങി.കൊല്ലവർഷം 3-ാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ ഓടനാട് കണ്ടിയൂർമറ്റം തലസ്ഥാനമാക്കി ഭരണമാരംഭിച്ചു എന്നാണ് വിശ്വാസം. വീര രവി വർമ്മൻറെ ഭരണകാലമായപ്പോഴേക്കും ഓടനാടിന് കായംകുളം എന്ന പേരിൽ പ്രസിദ്ധമായി.15-ാം നൂറ്റാണ്ടിൽ ഓടനാടിൻറെ തലസ്ഥാനം കായുകുളത്തിന് വടക്ക് എരുവയിലേക്ക് മാറ്റി.കോയിക്കൽപ്പടി കോയിക്കലായിരുന്നു അവരുടെ കൊട്ടാരം.ഭരണസൗകര്യത്തിനു വേണ്ടി കൃഷ്ണപുരത്തൊരു പുതിയ കൊട്ടാരം പണിതു.'കീർത്തിപുരം' എന്നായിരുന്നു ഈ സ്ഥലത്തിൻറെ അന്നത്തെ പേര് എന്ന് ചരിത്ര ഗവേഷകർ പറയുന്നു.കൊട്ടാരത്തിൻറെ രക്ഷയ്ക്കുവേണ്ടി വലിയ മൺകോട്ട പണികഴിപ്പിച്ചു.ഇതിനായി മണ്ണെടുത്ത സ്ഥലത്തെ 'അതിർത്തിച്ചിറ' എന്നറിയപ്പെടുന്നു.ഇന്നത്തെ സി.പി.സി.ആർ.ഐ നിൽക്കുന്ന സ്ഥലത്തായിരുന്നു കായംകുളം രാജാവിൻറെ കുതിരലായം സ്ഥിതി ചെയ്തിരുന്നത്.
കായംകുളവുമായി നിരന്തരം ശത്രുത പുലർത്തിയിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു അമ്പലപ്പുഴ നാട്ടുരാജ്യം.കായംകുളം രാജാവായിരുന്ന വീര രവി വർമ്മൻ അമ്പലപ്പുഴയെ പ്രതിരോധിക്കാനായി നിയോഗിച്ച കുണ്ടണിപ്പടയുടെ പ്രധാന ആയുധം ഇരുവശവും മൂർച്ചയുള്ള വാളായിരുന്നു. ഇതിനെ കായംകുളം വാൾ എന്നറിയപ്പെടുന്നു.
കായംകുളം രാജകുടുംബവുമായി ബന്ധുത്വമുള്ളവരും സൈന്യാധിപ സ്ഥാനമുണ്ടായിരുന്നവരുമായ ഒരു കുടുംബമാണ് കായംകുളത്ത് പുതിയിടത്തുള്ള വട്ടപ്പറമ്പിൽ കുടുംബം. മഹാരാജാവ് ഇവർക്ക് ഉണ്ണിത്താൻ സ്ഥാനം നൽകി ആദരിച്ചിരുന്നു.ഇതിൽ കുറച്ചു പേർ രാജാവുമായി തെറ്റി കീരിക്കാട്ടേക്ക് പോയി വേലഞ്ചിറ വരെയുള്ള സ്ഥലത്ത് ആധിപത്യം സ്ഥാപിച്ച് കോട്ടയും കെട്ടിടങ്ങളും പണിത് താമസമാക്കി. 'വട്ടപ്പറമ്പിൽ കോട്ടയ്ക്കകം' എന്നാണ് ഈ സ്ഥലത്തിൻറെ അറിയപ്പെടുന്നത്.
കായംകുളത്തിനെതിരായി യുദ്ധം ചെയ്യുന്നതിന് മാർത്താണ്ഡവർമ്മയെ സഹായിച്ച വ്യക്തിയായിരുന്നു കീരിക്കാട് വേലഞ്ചിറ വട്ടപ്പറമ്പിൽ ഉണ്ണിത്താൻ. സ്വന്തമായി ആയുധ ശേഖരവും സൈന്യങ്ങളും ഉണ്ടായിരുന്ന ഉണ്ണിത്താൻ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയെ സഹായിച്ചിരുന്നു.കായംകുളം രാജ്യം കൈവശം ലഭിച്ചപ്പോൾ മാർത്താണ്ഡവർമ്മയും രാമയ്യൻ ദളവയും ഉണ്ണിത്താനെ കാണാൻ ചെല്ലുകയുണ്ടായി.ഈ വേളയിൽ കായംകുളം രാജാവിൻറെ ഒരു വില്ലാളി അമ്പിൽ വിഷം പുരട്ടി ഉണ്ണിത്താൻറെ നേരെ അയച്ചു.അങ്ങനെ വിഷം ഏറ്റ് ഉണ്ണിത്താൻ മരണമടഞ്ഞു.വട്ടപ്പറമ്പിക്കാർക്ക് മാർത്താണ്ഡവർമ്മ ധാരാളം ഭൂമി കൊടുക്കുകയും ഉണ്ണിത്താൻ സ്ഥാനം മാറ്റി പുരുഷന്മാർക്ക് വല്യത്താൻ സ്ഥാനം നൽകുകയും ചെയ്തു.
കായംകുളം യുദ്ധത്തിനു ശേഷം കൃഷ്ണപുരത്തെ കൊട്ടാരം ധാരാളം ജോലിക്കാരുടെ മൂന്നു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് പൊളിച്ചു മാറ്റിയത്.ആ സ്ഥാനത്ത് രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ ഇപ്പോഴുള്ള കൊട്ടാരത്തിറെ പണി ആരംഭിച്ചു.ഇത് വിപുലീകരിച്ച് പൂർത്തിയാക്കിയത് അയ്യപ്പൻ മാർത്താണ്ഡ പിള്ള ദളവയായിരുന്നു.
തിരുവിതാംകൂറിലെ 5 ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നായ കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ശഷ്ഠി പൂർത്തി സ്മാരകമായി 1918 സ്ഥപിതമായതാണ്.