ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മ സൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാ രൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. നാടൻ കലകൾ, പാട്ടുകൾ, ജനതയുടെ വാമൊഴി സാഹിത്യം, ആചാരങ്ങൾ, ചികിത്സാ രീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷ ഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നവയാണ്

തെയ്യം

സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങൾ. ഐതിഹ്യങ്ങളെ പുനരാവിഷ്ക്കരിക്കുന്നത്, വ്യത്യസ്തങ്ങളായ പാരമ്പര്യരീതികൾ വെളിപ്പെടുത്തുന്നത്, ചരിത്രകഥകൾ, വിശ്വാസരൂപങ്ങളുടെ പ്രതീകവത്കരണം, ആക്ഷേപഹാസ്യ നൃത്തവും നാടകവും എന്നിങ്ങനെ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ കീഴാള, പ്രാദേശിക, ഐതിഹാസിക യാഥാർത്ഥ്യങ്ങളുടെ ആവിഷ്ക്കാരങ്ങളാണിവ.

ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത് അവിടത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്. നാടോടി, ഗോത്ര വർഗ്ഗ സ്വഭാവമുള്ള ജനതയുടെ ആരാധനാ മൂർത്തികളിലും ആരാധന, ആഘോഷ സമ്പ്രദായങ്ങളിലും അതാതു പ്രാദേശിക തനിമകൾ  മുന്നിട്ടു നിൽക്കും. വടക്കേ മലബാറിലെ തെയ്യം ആഘോഷങ്ങൾ, കളിയാട്ടം എന്ന് പേരിൽ ഓരോ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറുന്ന വാർഷിക ഉത്സവങ്ങൾ, ആ നാടിന്റെ ചരിത്രവും സംസ്കാരവും ഒരുമയും കരുത്തും വിളിച്ചറിയിക്കുന്നതാണ്. വീരാരാധനയും പൂർവ്വപിതാക്കന്മാരുടെ ആത്മാവുകൾക്ക് ദൈവിക പരിവേഷവും നൽകുന്ന, ഗോത്ര വർഗ്ഗ സ്വഭാവം പ്രദർശിപ്പിക്കുന്ന ഇത്തരം  ആഘോഷങ്ങൾക്ക് വീര്യവും ഊർജ്ജവും കൂടും.


വീരരസ പ്രധാനങ്ങളായ കഥകൾ, നിറം, ശൈലി എന്നിവയുടെ തീക്ഷ്ണതയുളള ദൈവിക രൂപങ്ങൾ, മുഖത്തെഴുത്തുകളുടെ സൂക്ഷ്മത, കിരീടങ്ങളുടെ വൈചിത്ര്യവും വലിപ്പവും എന്നിങ്ങനെ സവിശേഷങ്ങളായ ആരാധനാ രൂപങ്ങളുടെ നൃത്തത്തിനും വെളിപാടുകൾക്കും അകമ്പടിയേകുന്നത് രൗദ്രരസ പ്രധാനങ്ങളായ ചെണ്ടയും വീക്കനും കുറുംകുഴലും, ഇലത്താളവുമാണ്. രൗദ്ര, രോഷ പ്രകടനങ്ങളോടെ ഭക്തരിൽ ഭീതിയുണർത്തി വണക്കം വാങ്ങി ഉറപ്പിക്കുന്ന താമസ രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും. രക്തചാമുണ്ഡി, കരിച്ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവൻ തുടങ്ങിയവയും ഗുളികൻ, പൊട്ടൻ എന്നിവയുമാണ് പ്രധാനമായി കാണുന്ന തെയ്യക്കോലങ്ങൾ. ഓരോ തെയ്യം കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുകയാണ്. ഒരു മാസം വരെയുള്ള തീവ്ര പരിശീലനം, വ്രതം എന്നിവയ്ക്കു ശേഷമാണ് ഇവർ തെയ്യക്കോലമണിയാൻ എത്തുക. ഭീതിയും അത്ഭുതവും ആദരവും ഉണർത്തുന്ന ഗ്രാമദേവതകളായി ആ ദിവസം അവർ മാറും. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തെയ്യം ആഘോഷങ്ങൾ. കരിവെള്ളൂർ, കുറുമാത്തൂർ, നീലേശ്വരം, ചെറുകുന്ന്, ഏഴോം, കുന്നത്തൂർപാടി എന്നിവിടങ്ങളിലെ കളിയാട്ടങ്ങൾ ഏറെ പ്രശസ്തമാണ്. ഓരോ വർഷവും ഇവിടത്തെ കളിയാട്ടങ്ങൾ ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. പല വർഷം കൂടുമ്പോൾ ഈ കാവുകളിൽ പെരുംകളിയാട്ടങ്ങളും നടക്കും.

കളമെഴുത്ത്

ഒരു യഥാർത്ഥ കലാകാരന് ഭൂമി മുഴുവനായും തന്റെ കാൻവാസാണ്. ഈ ലളിതമായ തത്വത്തിന്റെ സാരാംശമാണ് കേരളത്തിലെ ഭ​ഗവതി ക്ഷേത്രങ്ങളിൽ നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങളിൽ കാണാനാവുക. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാ​ഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു. വീക്കച്ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ, ചെണ്ട എന്നിവയുടെ അകമ്പടിയുമുണ്ടാകും. പാട്ടിനു ശേഷം പ്രദക്ഷിണത്തോടെ കളം മായ്ക്കും. കളമെഴുതാൻ പ്രകൃതിദത്തമായ നിറങ്ങളാണ് ഉപയോ​ഗിക്കുക. കറുപ്പിന് ഉമിക്കരി, വെളുപ്പിന് അരിപ്പൊടി, മഞ്ഞയ്ക്ക് മഞ്ഞൾപ്പൊടി, പച്ചയ്ക്ക് വാകയിലപ്പൊടി, ചുവപ്പിന് മഞ്ഞൾ-ചുണ്ണാമ്പ് മിശ്രിതം എന്നിങ്ങനെയാണത്. കളം വരഞ്ഞ് പൂർത്തിയാവാൻ രണ്ടു മണിക്കൂറോളമെടുക്കും. കുരുത്തോലയും ചെമ്പരത്തിയും തുളസിയും ഉപയോ​ഗിച്ചുളള തോരണങ്ങളും അലങ്കാരങ്ങളും ഉണ്ടാവും. പരമ്പരാ​ഗതമായി കുറുപ്പ്, തെയ്യംപാടി നമ്പ്യാർ, തീയ്യാടി നമ്പ്യാര്, തീയ്യാട്ടുണ്ണി സമുദായങ്ങളിൽ നിന്നുളളവരാണ് കളമെഴുത്ത് കലാകാരന്മാർ. ഓരോ വിഭാ​ഗത്തിന്റെയും കളങ്ങൾ വ്യത്യസ്തവുമായിരിക്കും.

മുടിയേറ്റ്

മധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകലയാണ് മുടിയേറ്റ്. ദാരികനെ വധിച്ച കാളിയുടെ വിജയമാഘോഷിക്കുന്ന ചടങ്ങാണിത്. കുറുപ്പ്, മാരാർ സമുദായത്തിൽ പെട്ടവരാണ് മുടിയേറ്റ് കലാകാരന്മാർ. കമനീയമായ ആടയാഭരണങ്ങളും ഘനമുളള മുഖത്തെഴുത്തും വലുപ്പമുളള മുടിയുമെല്ലാം ചേർന്ന് മുടിയേറ്റ് മാസ്മരികമായൊരു കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. കാളിയുടെ കളമെഴുത്തോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ദേവീസ്തുതികൾ പാടിക്കൊണ്ടിരിക്കും. മുടിയേറ്റ് തുടങ്ങുന്നതിനു മുമ്പായി പനയോല കൊണ്ട് കളം മായ്ക്കും. കാളിയെ അനു​ഗമിച്ച് കോയിമ്പറ്റ നായരും കൂളിയും ഉണ്ടായിരിക്കും. ദുഷ്ടമൂർത്തിയായ ദാരികൻ കാളിയെ പോരിനു വിളിക്കുകയും പരമശിവന്റെ അനു​ഗ്രഹത്തോടെ കാളി ദാരികനെ വധിച്ചുവെന്നുമാണ് ഐതിഹ്യം.

പടയണി

മീനം, മേടം മാസങ്ങളിലായി (മാർച്ച്-ഏപ്രിൽ) പമ്പയുടെ തീരത്തുളള കാളീ ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷമാണ് പടയണി. ദാരികനെ വധിക്കുന്ന കാളിയാണ് എല്ലാ നർത്തകരുടെയും പ്രതിപാദ്യം. ഓരോ കോലത്തിനുമനുസരിച്ച് നൃത്തച്ചുവടുകൾ മാറും. തപ്പും ചെണ്ടകളുമാണ് മുഖ്യമായും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. കമുകിൻപാള കൊണ്ടാണ് പടയണിക്കോലങ്ങൾ ഉണ്ടാക്കുന്നത്. ഭൈരവി (ഭദ്രകാളി), യക്ഷി, പക്ഷി, കാലാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട, കദളിമംഗലം, ഓതറ എന്നീ പ്രദേശങ്ങൾ പടയണിക്കു പ്രസിദ്ധമാണ്.

നാട്ടറിവുകൾ

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്‍ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവയെ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ അധികം കാണപ്പെടാത്തതും എന്നാൽ പലവ്യജ്ഞനക്കടകളിൽ ലഭ്യവുമായ സസ്യഭാഗങ്ങൾ, വിത്തുകൾ എന്നിവയെക്കുറിച്ചുള്ള അധിക വിവരങ്ങൾ പഴമക്കാരിൽ നിന്നും ശേഖരിച്ചതും കൂടി ഉൾപ്പെടുത്തിയത് താഴെ കൊടുക്കുന്നു.

ശതാവരി

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ശതാവരി.ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു .കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌.

പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു. ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. സസ്യജന്യ ഈസ്ട്രജൻ ഹോർമോണുകൾ അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭപാത്രവും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് പരിഹരമാണ്. നാൽപത്തിയഞ്ചു വയസ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അകറ്റാനും ഇത് ഗുണകരമാണ്. ഈ ഘട്ടത്തിൽ ഉണ്ടാകുന്ന അമിതമായ ചൂട്, എല്ലുകളുടെ ബലക്കുറവ്, മുടി കൊഴിച്ചിൽ, വിഷാദം, യോനി വരൾച്ച എന്നിവയ്ക്കും ഇത് ഒരുപരിധിവരെ പരിഹാരമാണ്

മുത്തിൾ

അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ . കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു.ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്.ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.

കറിവേപ്പ്

നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്.ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്.ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് . ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു.കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും. കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു. പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.

പനിക്കൂർക്ക

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. കോളിയസ് അരോമാറ്റികസ് എന്നാണ്‌ ശാസ്ത്രീയനാമം. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.

പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.

...തിരികെ പോകാം...