ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/വൈറസിനു മുന്നിൽ മുട്ടുമടക്കി മാനവലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനു മുന്നിൽ മുട്ടുമടക്കി മാനവലോകം

നമ്മുടെ പരിസ്ഥിതി മനുഷ്യർക്കു മാത്രം അവകാശപ്പെട്ടതാണ് എന്നാണ് നമ്മുടെ വിചാരം. സ്വന്തം സുഖ സൗകര്യങ്ങൾക്കു വേണ്ടി പ്രകൃതിയേയും സഹജീവികളെയും നശിപ്പിച്ച്‌ മുന്നേറുകയാണ് നാം. പ്രകൃതി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളായ നദികൾ, കായലുകൾ, കടലുകൾ, കുന്നുകൾ, പർവതങ്ങൾ, വയലുകൾ, നീർചോലകൾ, താഴ്വരകൾ ഇതെല്ലാം നമ്മളെ പോലെ സകല ചരാചരങ്ങൾക്കും വേണ്ടിയുള്ളതാണ്. എന്നാൽ മനുഷ്യർ അവയെല്ലാം പല വിധത്തിൽ നശിപ്പിച്ച്‌ നാമാവശേഷം ആക്കിയിരിക്കുന്നു. പ്രകൃതിയ്ക്ക് താങ്ങാൻ ആകാത്ത ആഖാതങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്. മണ്ണിനെ സ്നേഹിച്ചിരുന്ന പൂർവികർ നമുക്കുണ്ടായിരുന്നു. ഒപ്പം ഒരുപാട് നല്ല ശീലങ്ങളും. അവയെല്ലാം തന്നെ ഇന്നത്തെ മനുഷ്യർക്ക്‌ കേട്ടുകേൾവി മാത്രമാണ്. തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൾ ഇത്തരം ശീലങ്ങൾ ഉപേക്ഷിച്ചു. നമുക്ക് ഒന്നിനും സമയം ഇല്ലാതായി. പ്രകൃതിയെ സ്നേഹിക്കാൻ, സഹജീവികളെ സ്നേഹിക്കാൻ, എന്തിനേറെ സ്വന്തം കാര്യങ്ങൾക്കു പോലും സമയമില്ല. മനുഷ്യരുടെ വിവേകമില്ലാത്ത പ്രവർത്തികൾ തന്നെയാണ് കുറച്ചു കാലമായി നാം അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണം. പ്രളയവും മഹാമാരിയുമെല്ലാം തുടക്കം മാത്രം. ബുദ്ധിമാൻമാർ എന്ന് അഹങ്കാരിക്കുന്ന മനുഷ്യർ തന്റെ പ്രവർത്തികൾ മാറ്റിയില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഒരു തുടർകഥ ആകും. ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ് 19 എന്ന വൈറസിനെ പ്രതിരോദിക്കാൻ ശാസ്ത്രലോകം മരുന്നൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക ഇവ മാത്രമാണ് ഒരേയൊരു മാർഗം. നമ്മുടെ മുൻതലമുറ ശീലിച്ചിരുന്ന ശീലങ്ങൾ പലതും തിരിച്ചെത്തേണ്ട സമയം ആയെന്ന് കോവിഡ് 19 നമ്മളെ ഓർമ്മിപ്പിക്കുന്നു. പണ്ട് കൈകാലുകൾ വൃത്തിയായതിനു ശേഷം മാത്രമേ പുറത്തുപോയി വന്നാൽ വീട്ടിനുള്ളിൽ കയറുകയുള്ളൂ. പക്ഷേ തിരക്കിൽ ഇപ്പോൾ ആരും ഓർക്കാറില്ല. കോവിഡിന്റെ വരവോടെ ഇപ്പോൾ നമ്മളും ഈ ശീലം പരിശീലിച്ചു. കുടുംബാംഗങ്ങളോടു പോലും സംസാരിക്കാൻ സമയം ഇല്ലാതിരുന്ന നമ്മൾ ഇപ്പോൾ മുഴുവൻ സമയം വീട്ടിനുള്ളിൽ കഴിഞ്ഞു കൂടുന്നു. ഈ അവസ്ഥയിൽ എത്തിക്കാൻ കണ്ണുകളാൽ കാണാൻ സാധിക്കാത്ത ഒരു സൂക്ഷ്മ ജീവിക്ക് കഴിഞ്ഞു. ഏകാധിപതിയായി വാണിരുന്ന മനുഷ്യനെ മുട്ടുകുത്തിച്ചു. ലോകം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും എത്ര സമ്പത്ത് ഉണ്ടായാലും നമ്മളെല്ലാം നിസാരന്മാരാണെന്ന പാഠം ഉൾക്കൊണ്ട് പ്രകൃതിയോടും സഹജീവികളോടും കരുണ കാണിച്ച് വിവേകപൂർവ്വം ജീവിക്കുവാൻ ഇനിയെങ്കിലും തയാറായാൽ ഇത്തരം ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാം. നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിക്കാം...

പാർവതി
3 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം