ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


നൈസർഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തിയെയാണ് പരിസ്ഥിതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതി ആണ്. ആദ്യ കാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരുന്നു. പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിന് കാരണം. മനുഷ്യന്റെ പ്രവൃത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലാണ്. ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവായി മാറ്റി.പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റപ്പെട്ടു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗത്തിന്റെ തന്നെ പൂർണമായ നാശത്തിലാണ് അവസാനിക്കുന്നത്. അതിനാൽ നമുക്ക് ഓരോരുത്തർക്കും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പ്രയത്നിക്കാം.അതിനായി നമുക്ക് ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ കടമയാണ്.

അഭിഷേക് എ എസ്
4 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം