ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മു രാവിലെ പതിവുപോലെ ഉറക്കമുണർന്നു. എന്നും ഉമ്മ തന്ന് ഉണർത്താറുള്ള അമ്മ ഇന്ന് മാത്രം എന്തേ വന്നില്ല. ഉച്ചത്തിലുള്ള ശബ്ദം ആരുടേതാണ് എന്നവൾക്ക് മനസിലായില്ല. എങ്കിലും അടക്കിപ്പിടിച്ചുള്ള കരച്ചിൽ അവളുടെ കാതിൽ വന്നലച്ചു.അപ്പോഴാണ് അവൾ ഓർത്തത് അമ്മ വീട്ടിൽ ഇല്ലല്ലോ? മൂന്നു വയസ്സുകാരിയായ അമ്മാളു എന്ന അമ്മു നാട്ടുകാർക്കൊക്കെ ഏറെ പ്രിയംകരിയാണ്. അവളുടെ അമ്മ നഴ്സാണ് .അച്ഛനാകട്ടെ പൊതുമരാമത്ത് വകുപ്പിലും. അവളുടെ ജനനത്തോടെ ജോലി മതിയാക്കിയ അമ്മ വീണ്ടും പോയി തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ഇത്തവണ സ്ഥിരം ജോലിയെന്നൊക്കെ അച്ഛമ്മ അയലത്തെ വല്ല്യമ്മയോട് വീമ്പിളക്കുന്നതവൾ കേട്ടതാണ്. നിലവിളി ശബ്ദം കനത്തു വരുന്നതു കേട്ട അമ്മു ആ ഭാഗത്തേക്ക് ചെന്നു. പത്തോ പന്ത്രണ്ടോ പേര് വരും വീട്ടിൽ. അച്ഛൻ തല താഴ്ത്തി അമ്മൂമ്മയുടെ മുറിയിൽ കസേരയിൽ ഇരിപ്പുണ്ട്. കണ്ണിൽ നിന്ന് കണ്ണീര് വീഴുന്നുണ്ട്. അമ്മമ്മ ആണ് നിലവിളിക്കുന്നത്. അച്ഛമ്മയും കരയുന്നു. നഴ്സ് ജോലിക്കിടെ പനി വന്നതാ. നല്ല കൊച്ചായിരുന്നു.പകരണ "കൊറോണ"യാണ് കൊണ്ടു വരില്ല ആരേം കാണിക്കേം ഇല്ല അയലത്തെ അപ്പൂപ്പനാ. ആർക്കാ അപ്പൂപ്പാ വയ്യാത്തേ അവൾ ചോദിച്ചു. ഒരു കരച്ചിലോടെ അച്ഛൻ അവളെ ചേർത്തു പിടിച്ചു "അമ്മയിനി വരില്ല മോളേ ". എന്തോ അപകടം മണത്ത അമ്മു ഉച്ചത്തിൽ നിലവിളിച്ചു. "എന്താ എന്തിനാ കരയുന്നേ എൻ്റെ മോള് സ്വപ്നം കണ്ടോ" കണ്ണു മിഴിച്ച അമ്മു കണ്ടത് തന്നെ വാരിപ്പുണരുന്ന അമ്മയെ ആണ്.കരച്ചിൽ നിർത്തിയ അമ്മു അമ്മയെ മുറുകെ പിടിച്ചു. ഒരിക്കലും അകലാൻ അനുവദിക്കില്ല എന്ന വാശിയോടെ.....

ആരുഷ്. വി.ആർ
1.D ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ