ഗവ. എച്ച് എസ് കുറുമ്പാല/എന്റെ വിദ്യാലയം
എൻെറ വിദ്യാലയം
കാവ്യ എൻ പി കുപ്പാടിത്തറ
2014-15 അധ്യയന വർഷത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായാണ് ഞാൻ ജി എച്ച്എസ് കുറമ്പാലയിൽ പ്രവേശിക്കുന്നത്.അന്ന് ജി. എച്ച്.എസ് കുറുമ്പാല ആയിട്ടില്ല, ജി.യു.പി.എസ് ആയിരുന്നു.
എഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഐ.ടി അറ്റ് സ്‌കൂൾ 'ഹായ്സ്കൂൾ കുട്ടികൂട്ടം' ക്ലബ്ബിൽ അംഗമാകുന്നത്. വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ഐ.ടി അറ്റ് സ്‌കൂൾ നടപ്പിലാക്കിയ പദ്ധതിയായിരുന്നു 'കുട്ടിക്കൂട്ടം'.അതേ വർഷം തന്നെയാണ് സോഷ്യൽ -സയൻസ് - ഐടി തുടങ്ങിയ ക്ലബ്ബുകൾ സംയുക്തമായി എക്സിബിഷൻ നടത്തുകയും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ഒത്തുചേർത്ത് ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നത്. ഞാനും എന്റെ സഹപാഠിയായ നാജിയയും ചേർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ബേസൽ സാറിന്റെയും സഹായത്താൽ കാറ്റാടി യന്ത്രം നിർമ്മിക്കുകയും ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ചെയ്തു. ഞങ്ങൾക്ക് ഒന്നാം സമ്മാനവും എ ഗ്രേഡും ലഭിച്ചു . തുടർന്നുണ്ടായ ജില്ലാതല ശാസ്ത്രമേളയിൽ രണ്ടാം സമ്മാനവും എ ഗ്രേഡും,സംസ്ഥാനതല ശാസ്ത്രമേളയിൽ എ ഗ്രേഡ് ലഭിച്ചു.
2017-18 അധ്യായന വർഷത്തിലാണ് ഞങ്ങൾ IT@SCHOOL 'ലിറ്റിൽ കൈറ്റ്സി'ൽ അംഗമാകുന്നത്. വിവരവിനിമയസങ്കേതിക മേഖലയിലെ അന്നേവരെ പരിചിതമല്ലാതിരുന്ന വിഭിന്ന ശാഖകളെ അറിയാനും പഠിക്കാനും മനസ്സിലാക്കാനും കൈറ്റ്സ് സഹായിച്ചു.കൈറ്റ്‌സിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.അതിൽ മറക്കാനാവാത്ത ഒരു പ്രവർത്തനമായിരുന്നു 'നീലാംബരി' എന്ന ഞങ്ങളുടെ മാഗസിൻെറ നിർമാണവും പ്രശസ്ത കർഷകനായ അയ്യൂബ് തോട്ടോളിയുമായുള്ള അഭിമുഖവും.
എല്ലാവർഷവും നടത്തിവരുന്ന ചാന്ദ്രദിന ആചരണവും ജനസംഖ്യ ,ഹിരോഷിമ- നാഗസാക്കി,റിപ്പബ്ലിക് ,സ്വാതന്ത്ര്യദിന ദിനാചരണങ്ങളും സ്കൂളിന്റ മറ്റൊരു പ്രത്യേകതയായിരുന്നു. കലാ-കായിക മേഖലകളിൽ വിദ്യാർഥികൾക്ക് അധ്യാപകരും പിടിഎയും നൽകുന്ന പ്രോത്സാഹനം എടുത്തു പറയേണ്ടത് തന്നെയാണ്.
ജിഎച്ച്എസ് കുറുമ്പാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി, എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുന്ന ആദ്യ ബാച്ചാണ് 2019-20 അധ്യാന വർഷത്തിലെ ഞങ്ങളുടെ ബാച്ച് എന്നത് വളരെ അഭിമാനകരമാണ്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്നിലെ കല വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ വലിയ ഉയർച്ചകൾക്ക് ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ജിഎച്ച്എസ് കുറുമ്പാല എന്ന എൻറെ വിദ്യാലയമാണ്.
കാവ്യ എൻ പി കുപ്പാടിത്തറ