ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സൗന്ദര്യം

പ്രകൃതി എന്നു കേൾക്കുമ്പോൾ നമ്മൾ പൊതുവെ ഒന്ന് നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് ഓർക്കും.അതല്ലാതെ പ്രകൃതി എന്താണെന്ന് നമ്മൾ കണ്ടിട്ടില്ല. അതിന്റെ ഹൃദയത്തെ തൊട്ടറിഞ്ഞി്ട്ടില്ല. പ്രകൃതി എന്നു പറഞ്ഞാൽ അതിൽ ഞാനുണ്ട്, സന്തോഷമുണ്ട്, ദുഃഖമുണ്ട് ഇവയെല്ലാം ഇണങ്ങി ചേർന്നതതാണ് പ്രകൃതി എന്നു പറയുന്നതിന്റെ ഒരു ചെറിയ ചിത്രം.ഈ ചിത്രത്തിൽ പല പല മുഖങ്ങൾ നമ്മൾ കാണുന്നുണ്ട്. പ്രകൃതിയുടെ സന്തോഷം,സങ്കടം,സ്നേഹം,ലാളന,സൗഹൃദം അങ്ങനെ ഒരുപാടൊരുപാട്. നമ്മൾ ഒരു തൈ പ്രകൃതിയുടെ മടിത്തട്ടിൽ സമർപ്പിച്ചാൽ അതിന്റ സ്നേഹമാണ് നമ്മൾക്ക് അത് തരുന്ന ഫലങ്ങൾ എന്നു പറയാം. അത് പോലെ തന്നെയാണ് പ്രകൃതി നമ്മളോട് കോപിക്കുന്നതും. ഈ കോപങ്ങൾ നമ്മൾക്കു പല പല പ്രത്യാഘാതങ്ങളാ യി മാറുന്നുമുണ്ട്. അതാണ്‌ ഞാൻ പറഞ്ഞത് പ്രകൃതിയെന്ന ഈ ചിത്രത്തിൽ നമ്മൾക്കു സന്തോഷമുണ്ട്, സങ്കടമുണ്ട് അങ്ങനെ മിന്നി മിന്നി മായുന്ന പല പല ഭാഗ്യങ്ങളും നിർഭാഗ്യങ്ങളുമുണ്ട്. ഈ ഭാഗ്യവും നിർഭാഗ്യവും തീരുമാനിക്കുന്നത് ഞാൻ എന്ന മനുഷ്യനാണ്. പ്രകൃതിയിലെ ജീവജാലങ്ങളിലും സസ്യ സമൂഹങ്ങളിലും പ്രകടമാവുന്ന ലാളിത്യവും സഹവർത്തിത്വവും മനസ്സിലാക്കാതെ ജീവിക്കുന്നതാണ് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഇനി ഞാൻ പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് കടക്കാം

പ്രകൃതി എന്ന സൗന്ദര്യം ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി എന്നാലും അതിന്റെ സൗന്ദര്യം ഒരു പടവ് പോലും താഴുന്നില്ല. പ്രകൃതിയിലെ മഞ്ഞു പൊതിഞ്ഞ മലകളെ കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നാറുണ്ട്. പക്ഷേ! വേണ്ട മനസ്സുകൊണ്ട് പോലും അനശ്വരമായ ആ മഹാ സൗന്ദര്യത്തെ നോവിക്കാൻ പാടില്ല. പ്രകൃതി പ്രഭാവത്തെ വരവേൽക്കുന്നത് തൊട്ട് തുടങ്ങുകയാണ് പ്രകൃതിയുടെ സൗന്ദര്യം. സൂര്യൻ മഞ്ഞുമലകളെ തൊട്ടുണർത്തി പൂക്കളെ ചിരിപ്പിച്ചു വരുന്നത് കാണാൻ ആഗ്രഹിക്കാത്ത പ്രകൃതിസ്നേഹികൾ ഇല്ല. പ്രകൃതി സൗന്ദര്യം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിന്റെ ഓരോ ഭാഗവും ക്ഷണികവുമാണ്. ഭാവങ്ങളിൽ ചിലത് നമ്മളിൽ സൗന്ദര്യ പ്രതീതി ഉളവാക്കാൻ പര്യാപ്തമാ യിരിക്കും. എന്നിരുന്നാലും അതിന് സ്ഥിരതയില്ല.

പ്രകൃതിയിൽ കേവല സൗന്ദര്യം സുലഭമാണ്. ഈ നാട്ടിലെ ഒരു അരുവിയുടെ തീരത്ത് നിന്ന് ജലം മലിനമാകുന്ന പാപികളായ മനുഷ്യരുടെ കാഴ്ച നമ്മുടെ ആസ്വാദനത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. പ്രകൃതി സൗന്ദര്യം ഓരോരുത്തനും സ്വകീയമാണ്. അത് അവിടെ തന്നെ അവസാനിക്കുന്നു. പ്രകൃതിയെ നാം കണ്ടതിനപ്പുറം ഒരുപാടൊരുപാട് സൗന്ദര്യം നില കൊള്ളുന്നുണ്ട് എന്നതാണ് സത്യം. നാം കാണുന്ന ഓരോന്നും സൗന്ദര്യത്തിന് ഉദാഹരണമാണ്.

സുഗന്ധത്തിന്റെ ലഹരിയിൽ തളിരണിഞ്ഞു നിൽക്കുന്ന മരങ്ങളെ തലോടി തളരുന്ന കുളിർക്കാറ്റ്, തേൻ തുളുമ്പുന്ന പൂക്കൾക്ക് ചുറ്റും മൂളിപ്പറക്കുന്ന വണ്ടുകൾ, തളിരണിഞ്ഞ ചെറു ചില്ലകളാട്ടി നൃത്തംചെയ്യുന്ന വള്ളിച്ചെടികൾ. ഇവയെല്ലാം പകരുന്ന പറഞ്ഞറിയിക്കാനാവാത്ത പരമാനന്ദ പ്രവാഹത്തിൽ നാം അറിയാതെ മുഴുകി പോകുന്നു.

സ്വയം നിലനിൽക്കുന്ന മറ്റുള്ളവരെ നിലനിൽക്കാൻ സഹായിക്കുക........... പ്രകൃതി കാണിക്കുന്ന ഈ മഹത്തായ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിനു പകരം മനുഷ്യരായ നാം പ്രകൃതിയെ അവഗണിക്കുന്നു. സകല ജീവജാലങ്ങളുടെയും വിനാശത്തിലേക്ക് വഴിതുറക്കുന്ന വിധത്തിലാണ് ഇന്ന് നമ്മുടെ പ്രവർത്തികൾ. ഇങ്ങനെ ചിന്തിക്കുമ്പോൾ പ്രകൃതിയുടെ പാവങ്ങളെ തിരിച്ചറിയാതെ പോയതാണ് വിശേഷ ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യർ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം. കൊടും വരൾച്ച, പേമാരി, പ്രളയം, ഉരുൾപൊട്ടൽ, ആഗോളതാപനം, മഹാരോഗങ്ങൾ, എന്നിവയെല്ലാം സംഭവിക്കുന്ന അതിനുള്ള പ്രധാന കാരണം നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ്.

പ്രകൃതി നൽകുന്ന പാഠങ്ങൾ തിരിച്ചറിഞ്ഞ് കാഴ്ചപ്പാടുകളിലും, പ്രവർത്തികളിലും, ആവശ്യമായ തിരുത്തലുകൾ വരുത്തുക. ജീവിതം ആഹ്ലാദകരം ആക്കാൻ വേണ്ടി ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് അതുമാത്രമാണ്.

അനാമിക. എസ്
9C ജി എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം