ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/പൊള്ളുന്ന നിശ്വാസങ്ങൾ
പൊള്ളുന്ന നിശ്വാസങ്ങൾ
ജോർജ്ജ്‍ കണ്ണുകളെ ചേർത്തടച്ചു. ഇനിയും എത്ര നാൾ...മനസിനെ കുത്തിനോവിക്കുന്ന ആശങ്കയെ കുടഞ്ഞെറിയാൻ അവൻ ആകുന്നതും നോക്കി. പക്ഷേ കാൽവിരൽ തൊട്ട് പടർന്ന് കയറുന്ന മരവിപ്പ് അവനെ പിന്നേയും തളർത്തി. നാട്ടിൽ അവർ എന്തു ചെയ്യുകയായിരിക്കും. മകളെ ചേർത്ത് പിടിച്ച് അവൾ ഒച്ചയില്ലാതെ കരയുകയായിരിക്കും. അമ്മയുടെ വേവലാതികളെ അവൾ എന്തു പറഞ്ഞായിരിക്കും ആശ്വസിപ്പിക്കുന്നുണ്ടാവുക. എങ്കിലും നാട്ടിൽ നിന്ന് വരുന്ന കരുതലിന്റെ വാർത്തകൾ അവന് ആശ്വാസം പകർന്നു. ലോക് ഡൗൺ മൂന്നാഴ്ച പിന്നിട്ട് കഴിഞ്ഞു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആഴ്ചയിലൊരുക്കാൻ പുറത്തിറങ്ങാൻ മാത്രമാണ് അനുമതി. ചുറ്റും നിർവ്വികാരതയുടെ ലോകം രൂപപ്പെട്ട് കഴിഞ്ഞു. ജീവിതത്തെ നിസംഗതയോടെ കാണാൻ എല്ലാവരും ശീലിക്കുന്നതുപോലെ. കടൽ കടന്നെത്തി സ്വപ്‌നം നെയ്‌തെടുക്കുന്ന എത്രയെത്ര ജീവിതങ്ങൾ. അവരുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷയുടേയും ഭാവിയെന്ത്... എന്തിന് ഒരു തിരിച്ച് പോക്കിന് പോലും എന്തുറപ്പ്. എന്നാണ് ഇനി നാട്ടിലേക്ക് എന്ന് അവളുടെ ചോദ്യത്തിന്.., ഒന്നും വേണ്ട നീ നാട്ടിലേക്കൊന്നു വാടാ... എന്ന അമ്മയുടെ ശാസനയ്ക്ക് എന്തു മറുപടി നൽകും എന്ന മുന്നൊരുക്കത്തോടെയാണ് ഓരോ തവണയും മൊബൈൽ കയ്യിലെടുക്കുന്നത്. വാക്കുകൾ ഇടറാതിരിക്കാൻ എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കാനാകും. ചുമരുകൾക്ക് കനം വയ്ക്കുന്നതു പോലെ. ഫാനിന്റെ കറക്കത്തിൽ ചിതറി വീഴുന്നത് തീക്കനലുകൾ ആണെന്നു പോലും തോന്നിപ്പോകുന്നു. പതിഞ്ഞ കാൽവെപ്പുകളോടെ അവൻ ജനാലയ്ക്കരികിലേക്ക് നടന്നു. പാതി തുറന്ന ജനാലയിലൂടെ അവൻ നഗരത്തിന്റെ നിശ്ചലതയെ നോക്കി.വിജനമായ റോഡുകളിൽ അങ്ങിങ്ങായി ആംബുലൻസുകളും പോലീസ് വണ്ടികളും മാത്രം. ദീർഘമായി നിശ്വസിച്ച് അവൻ മേശക്കരികിലേക്ക് നടന്നു. കവറിൽ ബാക്കിയുണ്ടായിരുന്ന ബ്രഡിൽ ജാം പുരട്ടി സാവധാനം തിന്നു. ഇതുപോലും എത്ര നാളുണ്ടാവുമെന്നുറപ്പില്ല. ഗ്ലാസിൽ നിന്നും തണുത്ത വെള്ളം തൊണ്ടയിലൂടെ മരവിപ്പായി ഒഴുകിയിറങ്ങി അവൻ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. കുറച്ച് സമയം എന്തൊക്കെയോ ഓർത്തെടുത്ത ശേഷം മൊബൈൽ ചെവിയോട് ചേർത്തു വച്ചു. കഴിച്ചോ... പ്രതീക്ഷിച്ച പോലെ അവളുടെ ആദ്യത്തെ ചോദ്യം കഴിച്ചു.. നീയോ തെല്ലൊരു നിശബ്ദത... നിശ്വാസത്തിൽ നനവ് പൊടിയുന്നത് അവൻ തിരിച്ചറിഞ്ഞു. പിന്നെ ചിരിക്കാൻ ശ്രമിച്ചു. ഇവിടെ കുഴപ്പമൊന്നുമില്ല... ഞങ്ങൾ സുരക്ഷിതരാണു അവൻ പറഞ്ഞൊപ്പിച്ചു. മകളേ കുറിച്ചും അമ്മയെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും തിരക്കി. ആശ്വാസത്തിന്റെ വാക്കുകൾ പലവുരു ഉരുവിട്ട് നാളെ വിളിക്കാം എന്ന് സമാധാനപ്പെടുത്തി. എത്ര പെട്ടെന്നാണ് ലോകം ചെറുതായത്. ലോകം കാൽക്കീഴിൽ എന്നഹങ്കരിച്ചിരുന്ന വമ്പൻമാർ കൊറോണ എന്ന കുഞ്ഞൻ രോഗാണുവിന് മുന്നിൽ തല താഴ്ത്തി പകച്ചു നിൽക്കുന്നു. ചുറ്റും അഗ്‌നിപോലെ പടരുമ്പോഴും അവരെ നയിക്കേണ്ടവർ ചുറ്റിലും കൈത്താങ്ങിനായി വെപ്രാളപ്പെടുന്നു.ദൂരെ നാടിന്റെ കരുതലും സ്‌നേഹവും അപ്പോഴും അവന് ആത്മവിശ്വാസം പകർന്നു. അവന് ഉറക്കം വന്നില്ല. കൺപോളകളെ എന്തൊക്കെയോ വലിച്ച് മുറുക്കുകയാണ്. പ്രിയ്യപ്പെട്ടവരുടെ സങ്കടക്കടൽ അയാളിലേക്ക് ഇരമ്പി ആർത്തു കൊണ്ടിരുന്നു. റിമോട്ട് തപ്പിയെടുത്ത് ടിവി ഓൺ ചെയ്തു. കാഴ്ചകൾക്ക് മാറ്റമില്ല. ഓരോമണിക്കൂറിലും തളർന്നു വീഴുന്ന ജീവിതങ്ങൾ.... ഒടുവിൽ നാടിന്റ കാഴ്ചകളിലേക്ക് അയാൾ കണ്ണുകൾ കൂർപ്പിച്ചു. വിജനമായ നഗരങ്ങൾ. അങ്ങിങ്ങായ് പോലീസ് വാഹനങ്ങൾ .. .. ചരക്ക് കയറ്റി പോകുന്ന ട്രക്കുകൾ. ഗ്രാമങ്ങളിലും നഗരങ്ങളിലും തിളങ്ങുന്ന ആത്മവിശ്വാസത്തിന്റെകണ്ണുകൾ. ഫോൺ ബെല്ലടിച്ചു പതിവുപോലെ നാട്ടിലെ കൂട്ടുകാർ ആണ് ,ഇടക്ക് ഇവരുടെ ഫോൺ വരുന്നത് ഒരാശ്വാസമാണ് എല്ലാ വിഷമങ്ങളും കുറച്ചു നേരത്തേക്ക് ഒന്ന് മാറ്റിവക്കാം.എല്ലാവരും ചിരിച്ചു കളിച്ചു സംസാരിക്കും എല്ലാവരും സന്തോഷത്തിൽ ആണോ അതോ സന്തോഷം അഭിനയിക്കുന്നതോ, കുറെ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു പരസ്പരം കളിയാക്കി ചിരിച്ചു കുറെ സമയം പോയിക്കിട്ടി. അപ്പോഴേക്കും ജിതേഷിനു ഡ്യൂട്ടിക്ക് സമയമായി നാളെ കാണാം എന്നു പറഞ്ഞു ഫോൺ വച്ചു. ഇനിയെന്ത്. അവൻ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. കണ്ണുകൾ ചേർത്തടച്ചു. ആശ്വാസത്തിന്റെ നിശ്വാസത്തെ പാതി തുറന്ന ജനലിലൂടെ പറത്തി വിട്ട് ജോർജ്ജ് ഒന്നു പുഞ്ചിരിച്ചു. നാളെ എല്ലാവരും ഉണ്ടാകുമോ..ഉണ്ടാകും.. ലോക്ക്ഡൗൺ കഴിഞ്ഞു എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണം .കുറെ ദിവസം വീട്ടിൽ തന്നെ ഇരിക്കണം. അമ്മയോടും ലിസ്സിയോടും കുട്ടികളോടും കൂടുതൽ സംസാരിച്ചിരിക്കണം..തിരിച്ചിനി പ്രവാസജീവിതത്തിലേക്ക്. വയ്യ. കൂട്ടുകാരെ എല്ലാവരെയും പോയി കാണണം ,എല്ലാവരെയും കൂട്ടി എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോകണം , കഴിഞ്ഞതൊന്നും ഓർക്കാതെ. തീ തിന്നേണ്ടി വരുന്ന മറ്റൊരു പ്രഭാതത്തിന്റെ ഒച്ചക്കായി ജോർജ്ജ് കണ്ണുകൾ ചേർത്തടച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ