ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
2019 ഡിസംബർ 31, വുഹാനിൽ സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെ ആ വാർത്ത പരന്നു:"വുഹാൻ ആശുപത്രിയിൽ രോഗികൾ ഗുരുതരാവസ്ഥയിൽ. ഇത് സാർസ് തന്നെ. നഴ്‌സുമാർ ആശുപത്രി വിട്ട് പുറത്തുപോകരുത്. കൈ കഴുകൂ, മുഖകവചം ധരിക്കൂ, കൈയ്യുറ ധരിക്കൂ......." തുടങ്ങിയ സന്ദേശങ്ങൾ വൈറലായി. അന്നുതന്നെ വുഹാൻ മാർക്കറ്റ് പോലീസ് മുദ്രവെച്ചു. ഒൻപതാം ദിനം (ജനുവരി 9) രോഗത്തിന്റെ കാരണം കണ്ടെത്തി - നോവൽ കൊറോണ വൈറസ്. ആയിരങ്ങളുടെ ജീവനെടുത്ത സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം), മെർസ് (മിഡിൽ ഈസ്‌റ്റേൺ റെസ്പിറേറ്ററി സിൻഡ്രം) എന്നീ രോഗങ്ങൾ പരത്തിയ കൊറോണ കുടുംബത്തിലെ പുതിയ അംഗം. വുഹാനിലെ ആശുപത്രിയിൽ 61-കാരന്റെ ജീവൻ എടുത്തുകൊണ്ടാണ് മരണതാണ്ഡവത്തിനു തുടക്കം. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. അതിൽ അത്ഭുതപ്പെടാനില്ല. പുറംലോകവുമായി മലയാളികളോളം ബന്ധപ്പെടുന്ന മറ്റൊരു ജനവിഭാഗം ഇന്ന് രാജ്യത്തില്ല. അടുത്തകാലത്ത് പല ദുരന്തങ്ങളും നേരിട്ട ജനങ്ങളും, ആരോഗ്യഭരണ സംവിധാനങ്ങളും അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചതിന്റെ ഫലമായി മറ്റേതു സംസ്ഥാനത്തെക്കാളും ഭംഗിയായി ഈ മഹാമാരിയെ നിയന്ത്രിച്ചു നിർത്താൻ കേരളത്തിനായി. ഈ വസ്തുത പരക്കെ അംഗീകരിക്കപ്പെടുകയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും, മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള സർക്കാർ സംസ്ഥാനത്തിനകത്തും, പുറത്തുമുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയുമാണ്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത്, വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. കൊറോണ എന്താണെന്നു മാത്രം നാം അറിഞ്ഞാൽപ്പോര. അതിന്റെ ലക്ഷണങ്ങളും പ്രതിവിധികളും എന്താണെന്നു കൂടി നാം അറിയണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. 5-6 ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരും. കൊറോണ വൈറസിന് വാക്സിനേഷനോ, പ്രതിരോധചികിത്സയോ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ, രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞശേഷം കൈകളും മറ്റും സോപ്പ്, സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രമിക്കണം. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറിനിൽക്കുകയാണ് വേണ്ടത്. 2002-ലും, 2003-ലും ഇതുപോലെ ചൈനയിൽ സാർസ് രോഗം പടർന്നിരുന്നു. അന്നും ആയിരക്കണക്കിന് പേരാണ് ജീവൻ വെടിഞ്ഞത്. കോവിഡ് 19 ലോകത്താകെ പടരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം സോപ്പ് തന്നെയാണ്. സോപ്പുകൊണ്ട് നന്നായി കൈകഴുകിയാൽ കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ കൊല്ലാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയും. വെറും വെള്ളംകൊണ്ട്, (അത് ചൂടുവെള്ളമായാലും, തണുത്തവെള്ളമായാലും) കൈകഴുകിയാൽ വൈറസുകൾ നശിച്ചുപോകില്ല. ഈ വൈറസുകൾക്ക് ചുറ്റും കൊഴുപ്പുള്ള ഒരു ആവരണമുണ്ട്. സോപ്പ് തന്മാത്രകൾ കൊഴുപ്പുതന്മാത്രയുമായി ചേർന്ന് അതിനെ കൈയിൽനിന്നും ഇളകിപ്പോകാൻ സഹായിക്കുന്നു. എന്നാൽ ഇതിനായി കുറച്ചുസമയം കൈയിൽ സോപ്പിട്ട് പതപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇരുപത് സെക്കന്റ് എങ്കിലും കൈ പതപ്പിച്ചുകഴുകണമെന്ന് പറയുന്നത്. സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ച് കൈകൾ കഴുകുക, മാസ്ക് ധരിക്കുക, കൈയ്യുറകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പനി -ചുമ -ജലദോഷം -തൊണ്ടവേദന -ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടുന്നവർ ക്വാറന്റൈനിൽ കഴിയുക, രോഗം സ്ഥിരീകരിക്കപ്പെട്ടവർ ഐസൊലേഷനിൽ കഴിയുക, വ്യക്തമായ കാരണങ്ങളില്ലാതെ യാത്ര ചെയ്യാതിരിക്കുക തുടങ്ങിയവ കോവിഡ് 19 -നെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ്. കൂടാതെ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ലോക്കഡൗണും കോവിഡ് 19-നെ പ്രതിരോധിക്കാനുള്ള മറ്റൊരു ആയുധമാണ്. ഈ ലോക്ക്ഡൗൺ നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ജീവിതം എങ്ങനെ പഴയ പടിയാകും എന്നതിന് ഇപ്പോഴും ആർക്കും ഉത്തരം പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ആരോഗ്യ - ഭരണ സംവിധാനങ്ങൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്. ആളുകൾ കൂട്ടംകൂടരുത്, കൂടിച്ചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്, യാത്രയും - കുടുംബത്തോടൊപ്പമുള്ള യാത്രയും ചെയ്യരുത്, അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്, പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, ടാക്സികൾ, ഓട്ടോ റിക്ഷകൾ) എന്നിവ ഓടാൻ പാടില്ല, ബിസിനസ് കോംപ്ലക്സുകൾ - ഷോപ്പിംഗ് മാളുകൾ - തീയേറ്ററുകൾ - ജിമ്മുകൾ - ഫങ്ക്ഷൻ ഹാളുകൾ എന്നിവ അടയ്ക്കണം, പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യവശാലും വീടിനു പുറത്തുവിടരുത് തുടങ്ങിയവയാണ് ലോക്ക്ഡൗണിന്റെ പ്രധാന ആശയങ്ങൾ. ഈ വിഷയത്തിൽ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും, സന്നദ്ധസേവകരുടെയും പ്രവർത്തനങ്ങൾ വളരെ പ്രശംസയർഹിക്കുന്നതാണ്. കോവിഡ് 19 പ്രതിരോധത്തിൽ ലോകരാജ്യങ്ങൾ കേരളത്തെ പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്തു രോഗവ്യാപനത്തെ വളരെ വലിയ തോതിൽ പിടിച്ചുകെട്ടിയത് ഒരു വലിയ നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സർക്കാരിനും, പോലീസിനും, ആരോഗ്യപ്രവർത്തകർക്കും ഇതിന് പ്രത്യേകം അഭിനന്ദനം അറിയിക്കേണ്ടതുണ്ട്. വ്യക്തമായ - ശാസ്ത്രീയമായ പദ്ധതികളും, ശക്തമായ ആരോഗ്യശൃംഖലയും, പൊതുജനങ്ങളുടെ സഹകരണവും തന്നെയാണ് നമ്മുടെ നേട്ടത്തിന് പിന്നിൽ. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും രോഗവ്യാപനം നടക്കുമ്പോൾ കേരളവും പ്രയാസത്തിൽ തന്നെയാണ്. നമ്മളിവിടെ സ്വയം ആശ്വസിക്കുമ്പോൾ നമ്മുടെ സഹജീവികളെ, പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള മലയാളികളെ മറന്നുപോവുകയുമരുത്. ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് സഹോദരന്മാർ ആശങ്കയോടെയാണ് കഴിയുന്നത്. അവരോടൊപ്പം മനസ്സുകൊണ്ട് നമ്മൾ ചേർന്നുതന്നെ നിൽക്കണം. ഒപ്പം നമ്മളിവിടെ തുടർന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധപ്രവർത്തനങ്ങൾ യാതൊരുവിധ അയവുമില്ലാതെ തുടരേണ്ടതുണ്ട്. എന്നാൽ മാത്രമേ നമുക്ക് ഈ മഹാവിപത്തിനെ മറികടക്കുവാൻ കഴിയുകയുള്ളൂ...! കോവിഡ് മുക്തമായ നല്ലൊരു നാളേക്കുവേണ്ടി നമുക്കൊരുമിക്കാം...........
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം |