ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്.

കേരള ജനതയിൽ ഒട്ടുമിക്ക ആളുകളും ചില പഴമക്കാരുടെ ചിന്താഗതികളിലൂടെ സഞ്ചരിക്കുകയും, ആ ചിന്താഗതികൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്നവരാണ്. പട്ടിണി പാവങ്ങളേയും സാധാരണ ജനങ്ങളെയും സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പല രാഷ്ട്രീയ പാർട്ടികളും ഇന്ന് അവരുടെ തത്വചിന്തകളിൽ നിന്ന് വഴിമാറി നടക്കുകയും അവരവരുടെ സ്വാർത്ഥതയ്ക്കു വേണ്ടി ഇവയൊക്കെ വളച്ചൊടിക്കുകയും ചെയ്യുന്നു. എന്നാൽ ചില ആളുകൾ പാർട്ടിയെ സ്വന്തം കുടുംബത്തെയും, ജീവനേക്കാൾ ഒക്കെയുമേറെ സ്നേഹിക്കുന്നു . അതിനോടൊപ്പം തന്നെ സ്വന്തം സ്വാർത്ഥതയ്ക്കായി മുതലെടുക്കുകയും ചെയ്യുന്നു. ഈ കഥയിലെ പ്രധാന കഥാപാത്രവും അങ്ങനെ ഉള്ള ഒരാൾ ആണ് .


സഖാവ് രാഘവൻ ആ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു നേതാവ് ആണ്. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാൾ ആയതിനാൽ ആ നാട്ടിലെ മിക്കവാറും ആളുകളും ഭയത്തോടെ ആണ് അയാളെ കണ്ടത് . അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കൊറോണ എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും പ്രവേശിക്കുന്നത്.

ലോക്ക് ഡൗൺ എന്ന പ്രക്രിയയ്ക്ക് തടസ്സം നിൽക്കുന്നവരെ കടിഞ്ഞാണിട്ട് നിർത്തുവാൻ പോലീസും അസുഖം ബാധിച്ചവരെ രക്ഷിക്കാൻ ദൈവത്തിന്റെ കരസ്പർശം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും എല്ലാം കഠിന പരിശ്രമം നടത്തി വരികയാണ്. ഈ സമയം സഖാവ് രാഘവന്റെ മകൻ വീട്ടിലിരുന്നു മടുത്തത് കൊണ്ട് യാതൊരു കൂസലും ഇല്ലാതെ കൂട്ടുകാരുടെ കൂടെ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കാൻ പോയി.

അപ്പോഴാണ് അവിടെ പോലീസ് എത്തിച്ചേർന്നത്. അവർ കുട്ടികളോട് പരമാവധി ക്ഷമയോടും വാത്സല്യത്തോടും കൂടി അവിടുന്ന് പോകാൻ പറഞ്ഞു. മറ്റുകുട്ടികൾ അതനുസരിക്കാൻ തയ്യാറായപ്പോഴും രാഘവന്റെ മകൻ അതിനു തയ്യാറായില്ല. അച്ഛൻ നല്ല സ്വാധീനമുള്ള ഒരു നേതാവ് ആയതിനാൽ ആ 15 വയസ്സുകാരൻ അഹങ്കാരം കാണിച്ചു.

ദേഷ്യം പൂണ്ട അതിലൊരു പോലീസ്‌കാരൻ എല്ലാവരെയും അടിച്ചോടിച്ചു.


തന്റെ മകനെ താൻ പോലും ഒന്ന് നോവിച്ചിട്ടില്ല. അപ്പോഴാണ് ആ പോലീസുകാർ അവനെ വേദനിപ്പിച്ചത്. ആ പക രാഘവനിൽ ഉണർന്നു. മകനോടുള്ള അമിത വാത്സല്യം കാരണം അവന്റെ തെറ്റുകൾ ആ പിതാവ് കണ്ടില്ല എന്നു നടിച്ചു.

തന്റെ മകനെ തല്ലിയ പോലീസുകാരനെ അയാൾ തല്ലി. ഭീഷണിപെടുത്തി.

"താങ്കളുടെ മകന് അസുഖം പകരാതിരിക്കാൻ വേണ്ടി ആണ് ഞങ്ങൾ അത് ചെയ്തത് ".

ഒരു പുച്ഛത്തോടെ അയാളെ നോക്കി കൊണ്ട് രാഘവൻ അവിടെ നിന്നും ഇറങ്ങി . പക്ഷെ രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം രാഘവന്റെ മകൻ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി . കാര്യം ഗൗരവം ആണെന്ന് മനസ്സിലാക്കിയ രാഘവൻ വേഗം അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി. പോയ വഴിയിൽ ആണ് പോലീസ് ചെക്കിങ് ഉണ്ടായതു. തന്റെ മകനെ തല്ലിയ അതെ പോലീസ്. തന്നെയും തന്റെ മകനെയും കണ്ട പോലീസ് ന്റെ മുഖത്തു പരിഹാസത്തിനു പകരം ദയ ആണ് രാഘവൻ കണ്ടത്, അവരുടെ കാർ നെ അയാൾ വേഗം വിട്ടു എന്നട്ട് ആ കാർ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ മകനെ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ്‌ ചെയ്തു. ഡോക്ടർമാർ അവനു കോവിഡ് 19 സ്ഥിരീകരിച്ചു. അന്നത്തെ ആ പോലീസുകാരന്റെ വാക്കുകൾ രാഘവൻ വേദനയോടെ ഓർത്തു. അപ്പോഴാണ് ആ പോലീസുകാരൻ രാഘവന്റെ അടുത്തേക്ക് വന്നത്. "മകന് എങ്ങനെയുണ്ട് സർ "അദ്ദേഹത്തിന്റെ ചോദ്യം രാഘവനിൽ കുറ്റബോധം ഉണർത്തി. അയാൾ ആ പോലീസുകാരന്റെ മുന്നിൽ കൈകൾ കൂപ്പി തലകുമ്പിട്ടു കൊണ്ട് മാപ്പ് പറഞ്ഞു.

രാഘവനെ സമാധാനിപ്പിച്ചുകൊണ്ട് അയാൾ തുടർന്നു. "സാറെ, സാറിന്റെ മകനോട് എനിക്ക് വിദ്വെഷമോ പകയോ ഇല്ല. അന്ന് ഞങ്ങൾ അന്ന് ഞങ്ങളുടെ കർത്തവ്യം ആണ് ചെയ്തത്. സർ ഈ ആശുപത്രി മുഴുവൻ ഒന്ന് നോക്കിയേ. സ്വന്തം കാര്യം ചിന്തിക്കാതെ നമുക്കെല്ലാം വേണ്ടി ജോലി ചെയ്യുന്നവർ ആണ് അവർ. സാറിനറിയോ, പൊരിവെയിലത്തു ഞങ്ങൾ നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കാവൽ നിൽക്കുമ്പോ അങ്ങയുടെ മകനെ പോലുള്ളവർ ഞങ്ങളെ പോലുള്ളവരെ വിഡ്ഢികൾ ആക്കുകയാണ്. അതു കൊണ്ട് ഇനി എങ്കിലും ഞങ്ങളോട് സഹകരിക്കുക" .ഇത്രയും പറഞ്ഞു ആ പോലീസുകാരൻ നടന്നകന്നു. രാഘവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ ചുറ്റും ഓടി നടന്നു ജോലി ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സ്മാരെയും എല്ലാം ആദരവോടെ നോക്കി. ഇനിയും താൻ ചെയ്ത തെറ്റുകൾ ആവർത്തിക്കില്ല എന്നും ഇവരെ പോലെ താനും തന്റെ നാടിനെ ഈ ദുരിതത്തിൽ നിന്ന് രക്ഷപെടുത്തുന്നതിൽ പങ്കാളി ആകും എന്നും അയാൾ മനസ്സിൽ ദൃഢപ്രതിജ്ഞ എടുത്തു..


                                                                                          ********
ശ്രുതി സുധീഷ്
10D ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ