ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം 2022-23 - ജൂൺ 1
പുത്തൻകൂട്ടുകാരെ വരവേറ്റ് പ്രവേശനോത്സവം ആഘോഷമാക്കിയപ്പോൾ ഒപ്പം പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട സഹപാഠി രോഗാതുരഭീഷണിയിലാണ്. എട്ടാംക്ലാസ് വിദ്യാർത്ഥിനി മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോൾ ഞങ്ങൾ ഒപ്പമുണ്ടെന്ന കരുത്തുനൽകി സഹജീവിസ്നേഹത്തിന്റെ ഉദാത്തമാതൃക തീർക്കാനൊരുങ്ങുകയാണ് അയ്യൻകോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ. ചവറ പട്ടത്താനം സ്വദേശിയായ വിദ്യാർത്ഥിനിയ്ക്കാണ് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഭീമമായ ഒരു തുക ആവശ്യമായി വന്നിരിക്കുന്നത് . വെല്ലൂരിലെ ആശുപത്രിയിൽ ഓപ്പറേഷന് വിധേയയാകാനൊരുങ്ങുന്ന കൂട്ടുകാരിയ്ക്ക് പരമാവധി സാമ്പത്തികസഹായം നൽകാനുള്ള വിദ്യാർത്ഥികളുടെ പരിശ്രമം സ്കൂൾ പിറ്റിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. സഹപാഠിക്കൊരു സ്നേഹവീട് പൂർത്തിയാക്കി അഭിമാനമായ വിദ്യാലയം പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവത്തിൽ ജനപ്രതിനിധികളും രക്ഷകർത്താക്കളും "സഹപാഠിക്കൊരു സ്നേഹഹസ്തം" പദ്ധയിയുടെ പ്രഖ്യാപനത്തിനും ആദ്യ ഫണ്ട് കളക്ഷനും സാക്ഷികളായി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനെ ധന്യമാക്കി...
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം - ജൂൺ 21
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം 2022-23 അധ്യയന വർഷം അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൽ ഇന്ന് (21-6-22) രാവിലെ 10 മണിക്ക്.. ബഹുമുഖ പ്രതിഭയായ ശ്രീ എബി പാപ്പച്ചൻ സാർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രതിഭാസംഗമം 2022 - സെപ്റ്റംബർ 27
അയ്യൻകോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രതിഭാസംഗമം 2022 സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു. പ്രതിഭാസംഗമം കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി. മെറിൻ ജോസഫ് ഐപിസ് ഉദ്ഘാടനം നിർവ്വഹിച്ചു. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് സാമ്പത്തിക സഹായം നൽകാനായ് സ്കൂൾ പിറ്റിഎ ആവിഷ്കരിച്ച സഹപാഠിക്കൊരു സ്നേഹഹസ്തം പദ്ധതിയിലൂടെ സമാഹരിച്ച 5 ലക്ഷം രൂപ സഹായസമിതി കൺവീനർ അഡ്വ.സുരേഷ്കുമാറിന് കമ്മീഷണർ കൈമാറി. സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയായി ഒരിക്കൽ കൂടി മാറുകയാണ് അയ്യൻകോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ.
ഒരു വർഷം മുമ്പ് സ്കൂൾ സഹപാഠിക്കൊരു സ്നേഹവീട് പൂർത്തിയാക്കി നൽകിയിരുന്നു. ചടങ്ങിൽ ലഹരിക്കെതിരെ സ്കൂൾ ആവിഷ്കരിക്കുന്ന 'ലഹരി തിന്മകളുടെ താക്കോൽ' എന്ന കാമ്പയ്ന്റെ ഉദ്ഘാടനവും പോലീസ് കമ്മീഷണർ നിർവ്വഹിച്ചു .പിറ്റിഎ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി അവാർഡുകൾ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സന്തോഷ് തുപ്പാശ്ശേരിയും പ്ലസ്ടു അവാർഡുകൾ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ്.സോമനും വിതരണം ചെയ്തു. 80 വയസ്സിന് മുകളിൽ പ്രായമേറിയ സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം' ചടങ്ങിൽ വേറിട്ട അനുഭവമായി. സ്കൂളിന് ചവറ കെഎംഎംഎൽ സംഭാവന ചെയ്ത ഫർണിച്ചറുകൾ ചടങ്ങിൽ കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ചന്ദ്രബോസ് കൈമാറി. വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ്മെഡൽ കരസ്ഥമാക്കിയ സ്കൂൾ പൂർവ്വവിദ്യാർത്ഥികളായ ശ്രീ.മുഹമ്മദ് ഷാഫി, ശ്രീ.മുഹമ്മദ് റാഫി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ.ജോസ് വിമൽരാജ് അനുമോദിച്ചു . അക്കാഡമിക് രംഗത്ത് എന്നപോലെ സാമൂഹ്യ വിഷയങ്ങളിലും ജീവകാരുണ്യമേഘലയിലും ഇടപെടലുകൾ നടത്തുന്ന സ്കൂളിന്റെ ശ്രദ്ദേയമായ മുഖമാണ് ഈ പ്രതിഭാസംഗമ വേദിയിൽ അരങ്ങേറിയത്. രോഗികളായ രക്ഷകർത്താക്കൾക്ക് കുടുംബാശ്വാസ ധനസഹായവും വിതരണം ചെയ്തു. ദേശീയ- സംസ്ഥാന തലത്തിൽ റഗ്ബി- ജൂഡോ വിഭാഗങ്ങളിൽ തിളങ്ങിയ വിദ്യാർത്ഥികൾ , യുഎസ്എസ് , എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയവർ , കുട്ടികർഷകർ എന്നിവരെ അനുമോദിച്ചു. പ്രിൻസിപ്പൽ കെ.പി.പ്യാരിനന്ദിനി സ്വാഗതവും ഹെഡ്മിസ്ട്രസ് ആശാ ജോസ് നന്ദിയും രേഖപ്പടുത്തി. പിറ്റിഎ വൈസ് പ്രസിഡന്റ് സി.രാജീവ് , എംപിറ്റിഎ പ്രസിഡന്റ് ശ്രീകല, സ്റ്റാഫ് സെക്രട്ടറിമാരായ ബി.മെർലിൽ , എഫ്.എമേഴ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.