ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ചുറ്റുപാടും

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതിയും ചുറ്റുപാടും    

കബനീനദീതടത്തിലെ കൂട്ടുകാരായിരുന്നു കുഞ്ഞനണ്ണാനും പനന്തത്തയും കാക്കച്ചിയും. ഇവർ മൂന്നുപേരും മരമമൂപ്പന്റെ ചോട്ടിലാണ് ഒത്തുകൂടാറ്. എല്ലാ ദിവസവും ഇവർ പരസ്പരം കണ്ടുമുട്ടാറുണ്ട്. മാമ്പഴമാണ് ഇപ്പോൾ പ്രധാന ഭക്ഷണം. ഓരോ ദിവസവും ഓരോരുത്തർക്കും ഓരോ അനുഭവങ്ങളുണ്ടാവും പറയാൻ. നല്ല സ്നേഹത്തിലും സന്തോഷത്തിലുമാണ് അവർ കഴിഞ്ഞിരുന്നത്. എന്നാൽ വികൃതികളായ കുട്ടികളെക്കൊണ്ടും വർധിച്ചുവരുന്ന പരിസ്ഥിതിമലിനീകരണം കൊണ്ടും അവരാകെ ബുദ്ധിമുട്ടിയിരുന്നു. അന്നും പതിവുപോലെ അണ്ണാൻകുഞ്ഞ് കാലത്തേ ഉറക്കമുണർന്നു. വേഗം തന്നെ മാഞ്ചോട്ടിലെത്തണം. വികൃതിക്കുട്ടികൾ എത്തുന്നതിനുമുമ്പുതന്നെ ഇന്നത്തെ ഭക്ഷണം ശേഖരിച്ചുമടങ്ങണം. അവൻ വിചാരിച്ചു. അണ്ണാൻകുഞ്ഞ് ഓടിക്കിതച്ച് മാഞ്ചോട്ടിലെത്തിയപ്പോൾ ഒരാളേയും കാണാനില്ല. എന്തുപറ്റി... കുട്ടികളേയും കാണുന്നില്ലല്ലോ ? മരമൂപ്പനോട് ചോദിക്കാം. "മരമൂപ്പാ...മരമൂപ്പാ ഇന്നെന്താ ആരെയും കാണുന്നില്ലല്ലോ ?” "ഞാനും അതുതന്നെയാ ആലോചിക്കുന്നത് ? നമ്മുടെ കാക്കച്ചിയേയും പനന്തത്തയേയും കാണുന്നില്ലല്ലോ? യാതൊരു അനക്കവുമില്ല. എന്തുപറ്റി ? അവർ വരട്ടെ. ചോദിച്ചുനോക്കാം. അതാ കാക്കച്ചി വരുന്നുണ്ട്.” മരമൂപ്പൻ പറഞ്ഞു.
"ഇന്നെന്താ കാക്കച്ചി വരാൻ വൈകിയത് ?” അണ്ണാൻകുഞ്ഞ് ചോദിച്ചു. "രാവിലെ കുറച്ചധികം ഉറങ്ങിപ്പോയി. ആ .. പനന്തത്തയും വന്നല്ലോ.” "ശരിയാ... ഞാനും യാതൊരു ശല്യവുമില്ലാതെയാണ് ഉറങ്ങിയത്.” "ഇന്ന് മരമൂപ്പന്റെ മുഖത്ത് നല്ല സന്തോഷം കാണുന്നുണ്ട്. "പനന്തത്ത പറഞ്ഞു.
" കൂട്ടുകാരേ.... നിങ്ങൾ ശ്രദ്ധിച്ചോ ? നമ്മുടെ ചുറ്റുപാടും പ്രകൃതിക്ക് നല്ല മാറ്റമുണ്ടല്ലോ.” "ശരിയാ... നല്ല പച്ചപ്പ് വർധിച്ചിരിക്കുന്നു. നല്ല ഇളംകാറ്റ് വീശുന്നുണ്ട്. ചൂട് കുറഞ്ഞിരിക്കുന്നു. ഇതിന്റെ കാരണം എനിക്കറിയാം.” കാക്കച്ചി പറഞ്ഞു. "നമ്മുടെ റോഡിൽ വാഹനങ്ങൾ കുറഞ്ഞിരിക്കുന്നു. ആളുകളവരവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞിരിക്കുന്നു.”
"ശരിയാ കുട്ടികളേ.. എന്റെ ചെറുപ്പകാലത്ത് പരിസ്ഥിതി അതിമനോഹരമായിരുന്നു. ഇന്നത്തെപ്പോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വാഹനപ്പെരുപ്പവും കോൺക്രീറ്റ് കെട്ടിടങ്ങളും അന്നുണ്ടായിരുന്നില്ല. ജനങ്ങൾ കൃഷിചെയ്താണ് ജിവിച്ചിരുന്നത്. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലുള്ള ജീവിതരീതിയായിരുന്നു അന്നുണ്ടായിരുന്നത്. എന്തായാലും തിരിച്ചറിവുണ്ടായല്ലോ.” മരമൂപ്പൻ പറഞ്ഞുനിർത്തി.

അനാമിക പ്രസാദ്
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ