ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/എന്റെ ഗ്രാമം
എന്റെ ഗ്രാമ ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഒരു കിഴക്കൻ മലയോര ഗ്രാമമാണ് തണ്ണിത്തോട് . ജില്ലാ ആസ്ഥാനത്ത് നിന്ന് 23 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തും. പ്രകൃതി രമണീയമായ ഈ ഗ്രാമ ചരിത്രം ആരംഭിച്ചിട്ട് 75 ഓളം വർഷങ്ങളായി. കൊടുംകാടായിരുന്നിടം ഇന്ന് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി വളർന്നതിനു പിന്നിൽ ആയിരക്കണക്കിന് ആൾക്കാരുടെ പ്രയത്നം ഉണ്ട്.
അടിസ്ഥാന വിവരങ്ങൾ
വിസ്തീർണ്ണം - 43.50 ച.കി.മീ.
ജനസംഖ്യ - 12508
പുരുഷന്മാർ - 5963
സ്ത്രീകൾ - 6545
ജനസാന്ദ്രത - 287.5 /ച.കി.മീ.
സാക്ഷരത - 94.5 %
ജില്ല - പത്തനംതിട്ട
താലൂക്ക് - കോന്നി
വില്ലേജ് - തണ്ണിത്തോട്
പാർലമെന്റ് മണ്ഡലം - പത്തനംതിട്ട
നിയമസഭാ മണ്ഡലം - കോന്നി
ജില്ലാപഞ്ചായത്ത് ഡിവിഷൻ - മലയാലപ്പുഴ
ഗ്രാമ പഞ്ചായത്ത് വാർഡുകൾ -13
അതിരുകൾ
തെക്ക് - അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്
വടക്ക് - സീതത്തോട്, ചിറ്റാർ ഗ്രാമ പഞ്ചായത്തുകൾ
കിഴക്ക് - സീതത്തോട്, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകൾ
പടിഞ്ഞാറ് - കോന്നി, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തുകൾ
കൃഷി
രണ്ടാം ലോക മഹായുദ്ധം, സ്വാതന്ത്ര്യാനന്തര ഇന്ത്യാ വിഭജനം തുടങ്ങിയ സംഭവങ്ങളെത്തുടർന്ന് നാട്ടിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഇതിന് പരിഹാരം എന്ന നിലയിൽ ടാങ്കിയാ കൃഷി ആരംഭിച്ചു. വനത്തിൽ തടികൾ വെട്ടിമാറ്റിയ ഭാഗം കർഷകർക്ക് നെൽകൃഷി ചെയ്യാനായി നൽകുകയും കൃഷിക്ക് ശേഷം ഭൂമിയിൽ തേക്ക് വച്ച് പിടിപ്പിക്കുകയും ചെയ്യുന്നതാണ് ടാങ്കിയാ കൃഷി.
1947 ൽ ശ്രീ. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയപ്പോൾ വൃക്ഷങ്ങൾ ഇല്ലാത്ത വനഭാഗം, ചതുപ്പുകൾ. തോട്ടുകരകൾ മുതലായവ പാട്ടവ്യവസ്ഥയിൽ കൃഷിക്കാരെ ഏല്പിക്കാൻ തീരുമാനിച്ചു. ഏക്കറിന് മൂന്നു രൂപ പാട്ടം, വിളയുന്ന നെല്ലിന്റെ നാലിലൊന്ന് ലവി ഇതായിരുന്നു പാട്ടവ്യവസ്ഥ . ഇതറിഞ്ഞ് കഠിനാധ്വാനികളായ കുറെ പുരുഷന്മാർ അംഗീകൃത കോൺട്രാക്ടർമാരുടെ നേതൃത്വത്തിൽ ഇവിടെ എത്തി. യാത്രയ്ക്കായി ആനത്താരകളെ ആണ് അവർ ആശ്രയിച്ചത്.മൂന്ന് കൃഷി ഇറക്കാനാണ് അനുമതി ലഭിച്ചത്. ആദ്യ കാലങ്ങളിൽ നൂറുമേനി വിളവുണ്ടായി. ലവി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അറകളിൽ എത്തിച്ച ശേഷമുള്ള നെല്ല് കർഷകർ തങ്ങളുടെ വീടുകളിൽ എത്തിച്ചു.
മൂന്ന് കൃഷി കഴിഞ്ഞപ്പോൾ കോൺട്രാക്ടേഴ്സ് ഒഴിഞ്ഞെഴുതി. എന്നാൽ കർഷകർ പലരും പോകാൻ തയ്യാറായില്ല. അവർ ആന കയറാത്ത ഉയർന്ന പ്രദേശങ്ങളിൽ ഷെഡുകൾ വച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങി. കൂടുതൽ കർഷകർ എത്തിച്ചേർന്നു. കാവൽ മാടങ്ങൾ കെട്ടി വിപുലമായ കാവൽ തുടങ്ങി. മെഗാഫോണുകൾ ഉപയോഗിച്ച് അവർ വിവരങ്ങൾ കൈമാറി. എല്ലാ കാർഷിക വിളകളും കൃഷി ചെയ്ത് തുടങ്ങി.
പാട്ടവ്യവസ്ഥ അനുസരിച്ച് എല്ലാവരും ഒഴിഞ്ഞു പോകേണ്ടതാണ്. 1952-53 കാലഘട്ടത്തിൽ തിരുക്കൊച്ചിയിൽ ജന്മിത്വത്തിനെതിരായി നടന്ന സമരം കർഷകർക്ക് പ്രചോദനമായി. 1953 ൽ കർഷകസംഘം എന്ന സംഘടന തണ്ണിത്തോട്ടിൽ രൂപം കൊണ്ടു. ജനങ്ങളെ ഒഴിപ്പിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ശ്രമം ആരംഭിച്ചു. ഇതിനെതിരായി കർഷകർ ശക്തമായ സമര പരിപാടികൾ ആരംഭിച്ചു. സെക്രട്ടറിയറ്റ് മാർച്ച് വരെ നടന്നു. പല കർഷകർക്കും ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
1956 ൽ രാജപ്രമുഖന്റെ ഉപദേഷ്ടാവായ ശ്രീ.പി.എസ്. റാവു കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികൾ ആരംഭിച്ചു.
1957 ൽ അധികാരമേറ്റ E.M.S സർക്കാർ എല്ലാവിധ ഒഴിപ്പിക്കലുകളും നിർത്തിവച്ചു.
1960 ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയശേഷം പല ഭാഗത്തും കൃഷി ഭൂമി വനത്തോട് ചേർത്തു. കർഷകർ വീണ്ടും സമരം തുടങ്ങി. 1962-64 കാലയളവിൽ താല്ക്കാലിക പട്ടയങ്ങൾ നൽകിത്തുടങ്ങിയെങ്കിലും അവ വായ്പാ ആവശ്യങ്ങൾക്ക് ഉയോഗിക്കാൻ കഴിയുമായിരുന്നില്ല. കർഷകസംഘം ഇതിനെതിരായി സമരം നടത്തി.
1967 ൽ റവന്യൂമന്ത്രി ആയിരുന്ന ശ്രീ.കെ.ടി. ജേക്കബ്ബ് പട്ടയ നടപടികൾ ഊർജിതമാക്കി.
ചിറ്റാർ, ചെങ്ങറ, കോന്നി, കല്ലേലി മാർക്കറ്റുകളെ ആണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. 1965 ൽ തണ്ണിത്തോട്ടിൽ മാർക്കറ്റ് നിലവിൽ വന്നു. 1967 ൽ ഇതിന് പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 5 പതിറ്റാണ്ടോളം പ്രദേശവാസികളുടെ ആശ്രയമായിരുന്ന മാർക്കറ്റ് ഇന്ന് നാമമാത്രമായിരിക്കുന്നു.
1970 ൽ മണ്ണു സംരക്ഷണ പദ്ധതി നടപ്പിലായതോടെ ഭക്ഷ്യ വിളകളോടൊപ്പം നാണ്യവിളകളുടെ കൃഷിയിലും ഒരു ശാസ്ത്രീയ രൂപം ഉണ്ടായി.
കൃഷി ഭവൻ
1987 ൽ തണ്ണിത്തോട്ടിൽ കൃഷി ഭവൻ ആരംഭിച്ചു. മണ്ണ് പരിശോധന, കൃഷിനാശത്തിനു നഷ്ടപരിഹാരം , സാങ്കേതിക ഉപദേശങ്ങൾ, വിവിധ കാർഷിക സംരംഭങ്ങൾക്ക് സബ്സിഡി, തരിശുഭൂമിയിൽ കൃഷി, പച്ചകറികൃഷിവ്യാപനം, സംയോജിത കൃഷി പ്രോത്സാഹിപ്പിക്കൽ, തുള്ളിനന, മട്ടുപ്പാവ് കൃഷി, മഴമറ തുടങ്ങി ധാരാളം സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നു. ആഴ്ചച്ചന്തകളിലൂടെ കൃഷിഭവൻ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ശേഖരിച്ച് വിപണനം ചെയ്യുന്നു. കാർഷിക കർമ്മസേനയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി നഴ്സറി പ്രവർത്തിക്കുന്നു. മറ്റ് പഞ്ചായത്തുകളിലേക്കും ഇവിടെ നിന്ന് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു.
2016 ൽ കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2020 ജൂൺ 23 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
പ്ലാന്റേഷൻ കോർപ്പറേഷൻ
1964 ശ്രീ പന്തളം പി ആർ ന്റെ ശ്രമഫലമായി മന്നംഷുഗർ മില്ലിന്റെ നേതൃത്വത്തിൽ കരിമ്പുകൃഷി നടന്നു. 500 ഏക്കർ സ്ഥലം കൃഷിക്കായി ഷുഗർ മില്ലിന് അനുവദിച്ചുകൊടുത്തു മരങ്ങൾ വെട്ടി മാറ്റി എന്നാൽ കരിമ്പുകൃഷി നഷ്ടമായതിനാൽ അത് നടന്നില്ല.തേക്ക് നട്ടുപിടിപ്പിക്കാൻ ജനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിനെ അനുവദിച്ചില്ല.അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ പി ജെ തോമസിനെയും പഞ്ചായത്ത് അംഗമായിരുന്ന ശ്രീ തോമസ് വർഗീസിനെയും ശ്രമഫലമായി അന്നത്തെ വനം വകുപ്പ് മന്ത്രി ഡോക്ടർ കെ ജി അടിയോടി ഇവിടം സന്ദർശിക്കുകയും സ്ഥലം പ്ലാന്റേഷൻകോർപ്പറേഷന് വിട്ട് കൊടുക്കുകയും ചെയ്തു. 1974 ൽ പ്ലാന്റേഷൻ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.464 തൊഴിലാളികളാണ് അന്നുണ്ടായിരുന്നത് കർഷകർക്ക് തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും നാടിൻറെ വികസനത്തിനും കോർപ്പറേഷൻ വഴിതെളിച്ചു .ഇപ്പോൾ 699 ഹെക്ടറിൽ 140 പേർ ജോലി ചെയ്യുന്നു
പഞ്ചായത്ത് രൂപീകരണം
1963 മുതൽ അരുവാപ്പുലം പഞ്ചായത്തിലെ ഭാഗമായിട്ടാണ് തണ്ണിത്തോട് പ്രദേശം കിടന്നിരുന്നത്. 15 വർഷം അരുവാപ്പുലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു തണ്ണിത്തോട് .ശ്രീ. K.N. രാഘവൻ പിള്ള ആയിരുന്നു അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റ് .അരുവാപ്പുലം പഞ്ചായത്തിന്റെ എട്ടാം വാർഡായ മണ്ണീറയും . തേക്കുതോടും, ഒൻപതാം വാർഡായ തണ്ണിത്തോടും , കോന്നി പഞ്ചായത്തിന്റെ ഭാഗമായിരുന്നു എലിമുള്ളും പ്ലാക്കലും ചേർത്ത് രൂപീകരിച്ചതാണ് തണ്ണിത്തോട് പഞ്ചായത്ത്. 1978 മെയ് 10 ന്
ശ്രീ.എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് തണ്ണിത്തോട് പഞ്ചായത്ത് നിലവിൽ വന്നത്. പ്രഥമ പ്രസിഡന്റായി ശ്രീ തോമസ് വർഗീസും , വൈസ് പ്രസിഡന്റായ ശ്രീ. v ജനാർദ്ദനൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിന്റെ ഔപചാരിക ഉദ്ഘാടനം 1979 മെയ് 3 ന് കേരളാ ഗവർണർ ശ്രീമതി ജ്യോതി വെങ്കിട്ടാചലം നിർവഹിച്ചു. കർഷക സംഘം ഓഫീസ് നിന്നിരുന്നിടത്താണ് പഞ്ചായത്ത് ഓഫീസ് ആരംഭിച്ചത്. തണ്ണിത്തോട് മാർക്കറ്റിനു സമീപം നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2020 ൽ നടക്കുകയും 2021 ജൂൺ 16 ന് പ്രവർത്തനം ആരംഭിക്കയും ചെയ്തു.
ഗതാഗതം
ആനത്താരകൾ യിലൂടെയാണ് ആദ്യകാലത്ത് കർഷകർ ഇവിടെ എത്തിയത് അദ്യകാലത്ത് കല്ലാർ കുറുക്ക് കടക്കാനുള്ള ഏക ആശ്രയം മുണ്ടോം മൂഴിയിലെ കുറുപ്പ് ചേട്ടൻറെ വള്ളമായിരുന്നു. പിന്നീട് മൺ റോഡുകൾ വെട്ടുകയും യാത്ര കുറച്ചുകൂടി എളുപ്പമാക്കുകയും ചെയ്തു. 1959 ൽ കല്ലാറിനു കുറുകെ ചപ്പാത്ത് നിർമിക്കാൻ ജനങ്ങൾ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.പിന്നീട് പണി പൂർത്തിയാക്കിയത് പ്ലാന്റേഷൻ കോർപ്പറേഷനാണ്.
1969ൽകൂത്താടി മണ്ണിൽ തടിപ്പാലം പണിയിച്ചു.പാലത്തിൻറെ ഉദ്ഘാടനം പഞ്ചായത്ത് രാജ് സ്പെഷ്യൽ ഓഫീസർ ശ്രീ ആർ രാമചന്ദ്രൻ നായർ നിർവഹിച്ചു.തണ്ണിത്തോട്ടിലെയും കുടപ്പന യിലെയും ജനങ്ങളുടെ കഠിനാധ്വാനം കൊണ്ട് പിന്നീട് ഈ റോഡിൽ ബസ് സർവീസ് നടത്താൻ സാധിച്ചു.
ആദ്യത്തെ വാഹനം കാളവണ്ടി ആയിരുന്നു. പിന്നീട് ജീപ്പ്, ലോറി എന്നീ വാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിച്ചു
1976 നവംബർ 21 ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. തോമസ് വർഗീസ് ഒരു പൊതുയോഗം വിളിച്ചു കൂട്ടി. ഒരു റോഡ് പുനരുദ്ധാരണ സമിതി രൂപീകരിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് കോന്നി -ചിറ്റാർ റോഡ് നിർമിച്ചു. ആദ്യ രണ്ട് ദിവസം 4000 പേർ ശ്രമദാനം നടത്തി. പിന്നീട് നടന്ന പണികളിൽ ആയിരത്തോളം പേർ പങ്കെടുത്തു. ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ആ മഹത്തായ പരിപാടിയിലൂടെ റോഡ് ഗതാഗതയോഗ്യമായി. ആദ്യത്തെ ബസ് സർവ്വീസ് 1976 ൽ തുടങ്ങിയ കാരം വേലിക്കാരുടെ ബീന ട്രാവൽസ് ആണ് ആണ് . പണി പൂർത്തിയാക്കിയ മുണ്ടോം മൂഴി പാലത്തിന്റെ ഉദ്ഘാടനം 1977 ൽ അന്നത്തെ ഗതാഗത വകുപ്പുമന്ത്രി ശ്രീ.കെ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.
ഉന്നത നിലവാരത്തിൽ നിർമ്മിച്ച അച്ചൻകോവിൽ - ശബരിമല ഹൈവേ ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഈ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റി.
വിദ്യാഭ്യാസം
കർഷകർ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സ്കൂളിൽ പോകാൻ പ്രായമായ എല്ലാ കുട്ടികളെയും ചേർത്തു കുടിപ്പള്ളിക്കൂടം മാതൃകയിൽ ആദ്യമായി വിദ്യാലയം ആരംഭിച്ചത് 1955ലാണ്.ഗവൺമെൻറ് അംഗീകാരം കിട്ടാനുള്ള ശ്രമങ്ങളുടെ ഫലമായി 1957 സ്കൂളിന്അംഗീകാരംലഭിച്ചു.ശ്രീ.എ.കൊച്ചുരാമന്റെ മാനേജ്മെൻറിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് പിന്നീട് ഗവൺമെൻറ് അംഗീകാരം നൽകുകയും ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു.പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്ഗവൺമെൻറ് വെൽഫെയർ യുപി സ്കൂൾ ആയി മാറി. 2021 സെപ്റ്റംബർ 14 ന് സ്കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.
അഭിവന്ദ്യ ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളാണ് സെൻറ് ബെനഡിക്ട് എം.എസ്.സി ഹൈസ്കൂൾ . വർഷങ്ങളായി പത്താം ക്ലാസിൽ നൂറുശതമാനം വിജയം ഉറപ്പിച്ചു കൊണ്ട് ഈ സ്കൂൾ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നു.
ഇപ്പോൾ ഈ പഞ്ചായത്തിൽ രണ്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകൾ, ഒരു എയ്ഡഡ് ഹൈസ്ക്കൂൾ, ഒരു ഗവൺമെന്റ് u.p. സ്കൂൾ , ഒരു എയ്ഡഡ് എൽപി സ്കൂൾ ,അംഗീകാരമുള്ള ഒരുഅൺ എയ്ഡഡ് സ്കൂൾ , ഒരു ഐഎച്ച്ആർഡി കോളേജ്, എന്നിവ പ്രവർത്തിക്കുന്നു .
ആരോഗ്യ രംഗം
കുടിയേറ്റ കർഷകരുടെ ഏക ആശ്രയം കെ. ജി. സുകുമാരൻ വൈദ്യർ,വിഷ ചികിത്സകനായ ഉതിമൂട് ഗോവിന്ദൻ വൈദ്യർ എന്നിവർ മാത്രമായിരുന്നു.1968 ഫെബ്രുവരി 10ന് ആദ്യത്തെ ഗവൺമെൻറ്റ് ഡിസ്പെൻസറി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.വെല്ലിംഗ്ടൺ നിർവഹിച്ചു. 1977 ൽ ആരോഗ്യമന്ത്രി ആയിരുന്ന ശ്രീ ചിത്തരഞ്ജൻ ഗവൺമെൻറ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 10 കിടക്കകളോടു കൂടിയ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഇതിനെ 1973 ആരോഗ്യ മന്ത്രിയായിരുന്ന എം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2019 ആരോഗ്യമന്ത്രി കെ കെ ശൈലജ പുതിയ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ OP സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു ചെയ്തു.
മണ്ണീറയിൽ 1955 ൽഒരു ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു.
തേക്കുതോട്ടിൽഒരു ഗവൺമെൻറ് ആയുർവേദ ആശുപത്രി , വിവിധ വാർഡുകളിലായി 6 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ , സ്വകാര്യ മേഖലയിൽ 2 മെഡിക്കൽ സ്റ്റോറുകൾ, 4 ലബോറട്ടറി ക്ലിനിക്കുകൾ എന്നിവയും ഈ പഞ്ചായത്തിൽ ഉണ്ട്
ആചാരാനുഷ്ഠാനങ്ങൾ
തങ്ങൾ വെട്ടിയെടുത്ത് കൃഷി ചെയ്ത ഭൂമിയിൽ പിടിച്ചുനിൽക്കുന്നതിന്റെ ഭാഗമായി നാനാജാതിമതസ്ഥരും ചേർന്ന് പള്ളിയും ഭജനമഠവും സ്ഥാപിച്ചു.ആദ്യമായി സ്ഥാപിച്ച പള്ളിയാണ് ഓർത്തഡോക്സ് വലിയ പള്ളി .അന്നത്തെ ഭജന മഠത്തിന്റെ സ്ഥാനത്താണ് ഇപ്പോഴത്തെ ശ്രീമഹാദേവക്ഷേത്രം നിലനിൽക്കുന്നത്.
പിന്നീട് പല ഭാഗങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ ഇവിടെ എത്തിച്ചേരുകയും അവരുടെ വിശ്വാസമനുസരിച്ച് ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ധാരാളം ആരാധനാലയങ്ങൾ ഉണ്ട്. എല്ലാവരും പരസ്പരം സ്നേഹത്തിലും സഹകരണത്തിലും കഴിഞ്ഞു പോരുന്നു.
വാർത്താ വിനിമയം
1960 കാലത്ത് കോന്നിയിൽ നിന്ന് ചന്തയയ്ക്ക് പോകുന്നവർ വശം പത്രംകൊടുത്ത് വിട്ടിരുന്നു. ആദ്യകാലത്തെ പത്രം ഏജന്റായിരുന്ന ശ്രീ ഭാസ്കരൻ പിള്ള പത്രങ്ങൾ ജനങ്ങൾക്ക് കൃത്യമായും എത്തിച്ചു കൊടുക്കാൻ പ്രയത്നിച്ചിരുന്നു. ഇപ്പോൾ എല്ലാ പത്രമാധ്യമങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. മനോരമയുടെ ഒരു ബ്യൂറോയും ഇവിടെയുണ്ട്.
പയ്യനാമൺ പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു ഇവിടം. ആദ്യമായി എലിമുള്ളും പ്ലാക്കലിൽ ഒരു പോസ്റ്റോഫീസ് ആരംഭിച്ചു. 1967 ൽ 462 രൂപ 32 പൈസ ഇൻഡ്യാ ഗവൺമെന്റിൽ അടച്ചതിന്റെ ഫലമായി തണ്ണിത്തോട്ടിൽ പോസ്റ്റോഫീസ് അനുവദിച്ചു കിട്ടി. 1976 ൽ തേക്കുതോട്ടിലും 1981 ൽ മണ്ണീറയിലും പോസ്റ്റോഫീസുകൾ നിലവിൽ വന്നു. 1974 ൽ തണ്ണിത്തോട് പോസ്റ്റോഫീസിനോട് ചേർന്ന് ഒരു പബ്ലിക് ടെലഫോൺ ബൂത്ത് നിലവിൽ വന്നു. 1981 മാർച്ച് 31 ന് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു. 1991 മാർച്ച് 30 ന് പത്തനംതിട്ടയിലെ ആദ്യത്തെ ഇലക്ട്രോണിക് എക്സ്ചേഞ്ച് തണ്ണിത്തോട്ടിൽ സ്ഥാപിച്ചു.
ടൂറിസം മേഖല
അടവി ഇക്കോടൂറിസം
തണ്ണിത്തോട് പഞ്ചായത്തിൽ കല്ലാറിലെ ഇരുവശങ്ങളിലുമുള്ള വനപ്രദേശവും കല്ലാറും ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് ഇത്. 2014 ആഗസ്റ്റ് മാസത്തിലാണ് ഉദ്ഘാടനം ചെയ്തത് .റവന്യൂ മന്ത്രി ശ്രീഅടൂർ പ്രകാശ്, വനം വകുപ്പ് വനം വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ ഹരികിഷോർ, കോന്നി DFO ശ്രീ പ്രദീപ് കുമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം മൂലമാണ് ഈ പദ്ധതി ആരംഭിച്ചത്.
വന വികാസ് എന്ന ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതിയിലെ അംഗങ്ങളാണ് ഇവിടെ ജോലി ചെയ്തു വരുന്നത്.
കുട്ട വഞ്ചി സവാരി, മണ്ണീറ വെള്ളച്ചാട്ടം, ട്രീ ടോപ്പ് ബാംബൂ ഹട്ട് എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ. 2016 സെപ്റ്റംബർ 10 മുതൽ ബാംബൂ ഹട്ട് വാടകയ്ക്ക് നൽകിത്തുടങ്ങി.
ഗ്രാമ പഞ്ചായത്തിലെ കുറെ ജനങ്ങൾക്ക്ജീവിത മാർഗ്ഗം നൽകാൻ ഈ പദ്ധതിക്ക് സാധിച്ചു.
പോലീസ് സ്റ്റേഷൻ
1973 ൽ കോന്നി സ്റ്റേഷന്റെ കീഴിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഇവിടെ ആരംഭിച്ചു. 1986 ൽ കേരളാ മുഖ്യമന്ത്രി ശ്രീ. K കരുണാകരൻ തണ്ണിത്തോട് പോലീസ് സ്റ്റേഷന് അനുമതി നൽകി.
ഫോറസ്റ്റ് സ്റ്റേഷൻ
1970 ബീറ്റ് ഫോറസ്റ്റ് സ്റ്റേഷൻ മൂഴിയ്ക്കൽപാപ്പച്ചന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു .പിന്നീട് കേന്ദ്ര വനം വകുപ്പ് ഫോറസ്റ്റ് സ്റ്റേഷന് അനുമതി നൽകി.
മുണ്ടോം മൂഴിക്ക് സമീപം പണി പൂർത്തിയായിരിക്കുന്ന മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും.
വില്ലേജാഫീസ്
1976 ലാണ് തണ്ണിത്തോട് വില്ലേജാഫീസ് ആരംഭിച്ചത്. കൊല്ലം ജില്ലാ കളക്ടർ ശ്രീ.ബാബു ജേക്കബ്ബാണ് ഉദ്ഘാടനം നടത്തിയത്. തണ്ണിത്തോട് മാർക്കറ്റിനു സമീപം 2018 ൽ പുതിയ വില്ലേജാഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.
സഹകരണ സ്ഥാപനങ്ങൾ
1959 രൂപംകൊണ്ട ഹരിജൻ സർവീസ് സഹകരണ സംഘമാണ് തണ്ണിത്തോട്ടിലെ ആദ്യ സഹകരണ സംഘം .
1966 ൽ തണ്ണിത്തോട് സഹകരണസംഘം ശ്രീ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 367 അംഗങ്ങളുമായി ആരംഭിച്ചതാണ് തണ്ണിത്തോട് സർവ്വീസ് സഹകരണ സംഘം. ഇപ്പോൾ ഇവിടെ 6823 അംഗങ്ങൾ ഉണ്ട്
1971 ൽ എലിമുള്ളും പ്ലാക്കൽ സർവീസ് സഹകരണ സംഘം രൂപീകരിച്ചു.
1988 ൽ തേക്കുതോട് സർവീസ് സഹകരണ സംഘം ആരംഭിച്ചു .
ബാങ്കിംഗ് മേഖല
ഫെഡറൽ ബാങ്ക്
1977 ജൂലൈ 16 ന് ഫെഡറൽ ബാങ്കിന്റെ തണ്ണിത്തോട് ശാഖ പ്രവർത്തനം ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഒരു ശാഖ 2014 ജനുവരി 31 ന് തേക്കുതോട്ടിൽ ആരംഭിച്ചു. 2021 ഫെബ്രുവരി 17 ന് ഇത് തണ്ണിത്തോട് കാവിൽ ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു.
ഗ്രാമീൺ ബാങ്ക്
ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖ തണ്ണിത്തോട് ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്നു.
ക്ഷീരോത്പ്പാദക സഹകരണ സംഘം
1987 ലാണ് ക്ഷീര കർഷകർക്ക് ആശ്വാസമായി ഈ സംഘം പ്രവർത്തനം ആരംഭിച്ചത്. ഇതോടൊപ്പം 2020 ൽ ഒരു മിൽമ ഷോപ്പും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മൃഗാശുപത്രി
1975 ൽ മൃഗാശുപത്രി അനുവദിച്ചു.ഉദ്ഘാടനം അന്നത്തെ കൃഷിമന്ത്രി ശ്രീ .വക്കം പുരുഷോത്തമൻ നിർവഹിച്ചു
വൈദ്യുതി
കേരള സർക്കാറിന്റെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയിൽ ഈ പ്രദേശം ഉൾപ്പെടുത്തി.1978 ഡിസംബർ 25-ാം തീയതി മിനിമം ഗ്യാരന്റി വ്യവസ്ഥയിൽ വൈദ്യുതി അനുവദിച്ചു. 1978 ൽ തണ്ണിത്തോട്ടിൽ ആദ്യമായി വൈദ്യുതി എത്തി. 2020 ൽ ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു
സബ് സെന്റർ ഇവിടെ പ്രവർത്തനം ആരംഭിച്ചു..
പബ്ലിക് ലൈബ്രറി
1990-ൽ പബ്ലിക് ലൈബ്രറി പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. 2005 മുതൽ വള്ളിക്കാലാ ബിൽഡിംഗിലും 2010 മുതൽ തണ്ണിത്തോട് സാംസ്കാരിക നിലയത്തിലും പ്രവർത്തിച്ചു വരുന്ന
അംഗൻവാടി
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ 24 അംഗൻവാടികൾ ഇവിടെ പ്രവർത്തിക്കുന്നു.
ചരിത്രശേഷിപ്പുകൾ
കുടിയേറ്റ ചരിത്രം ആരംഭിച്ചിട്ട് 75 വർഷങ്ങളേ ആയിട്ടുള്ളൂ എന്നാൽ പുരാതന ജനവാസത്തിന്റെ പല ശേഷിപ്പുകളും ഇവിടെ ലഭ്യമാണ്. ആലുവാം കുടി ശ്രീ മഹാദേവർ ക്ഷേത്രവും ക്ഷേത്രക്കുളവും പുരാതന സംസ്കാരത്തിന്റെ ബാക്കിപത്രമാണ്.
മണ്ണീറ തലമാനം ക്ഷേത്രപരിസരത്തു കാണുന്ന കുടക്കല്ലുകളും തൊപ്പിക്കല്ലുകളും കൊത്തുപണികൾ ചെയ്തകല്ലുകളും , ശിലാനിർമ്മിതമായ തറകളും , കല്ലിൽക്കൊത്തിയ കാളക്കുട്ടിയും ബിംബങ്ങളും പുരാതന സംസ്ക്കാരം ഇവിടെ നിലനിന്നിരുന്നതിന്റെ സൂചനകളാണ്.
പറക്കുളം ദുർഗ്ഗാദേവീ ക്ഷേത്രം പുരാതന കാലത്ത് ഈ ദേശം ബ്രാഹ്മണ നിവാസം ഉള്ള തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു
സ്വാശ്രയ കർഷക സമിതി തേക്കുതോട്
VFPCK യുടെ വകയാർ ശാഖയുടെ subcentre ആയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് 2014 നവംബർ 26ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഉൽപ്പന്നങ്ങൾക്ക്നല്ല വില ലഭിക്കുന്നതോടൊപ്പം പല ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നു.
പെട്രോൾ പമ്പ്
ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പെട്രോൾ പമ്പ് 2021 സെപ്റ്റംബർ 16 ന് കാവിൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.
ഗ്രാമ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തികൾ
വന്യമൃഗങ്ങളുടെ വിഹാരരംഗമായ ഒരു കൊടുംകാടിനെ ഇന്നത്തെ രൂപത്തിലാക്കി മാറ്റിയതിനു പിന്നിൽ അഹോരാത്രം കഠിനാധ്വാനം ചെയ്ത ഒരുപാടു മനുഷ്യരുടെ വിയർപ്പും കണ്ണീരും ഉണ്ട്. കുടുംബത്തിന്റെ പട്ടിണിയകറ്റാനായി കാടു കയറിയവർ ഭാവിതലമുറയ്ക്കു വേണ്ടി നേടിയെടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമ രൂപീകരണത്തിൽ പങ്കാളികളായ ചിലരുടെ പേരുകളാണ് ഇവിടെ പരാമർശിക്കുന്നത്.
1964 മുതൽ അരുവാപ്പുലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു തണ്ണിത്തോട്.അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. K രാഘവൻ പിള്ള നാടിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ചു.
തണ്ണിത്തോടിന്റെ ശില്പി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് 1978 ൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. തോമസ് വർഗീസ് . ഇന്നീ കാണുന്ന സൗകര്യങ്ങളിൽ ഭൂരിഭാഗവും ഇവിടെ എത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പം ഓർക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് അന്ന് വൈസ് പ്രസിഡന്റായിരുന്ന . ശ്രീ. A. കൊച്ചുരാമൻ
ഗ്രാമ രൂപീകരണത്തിൽ പങ്കാളികളായ മറ്റ് പ്രമുഖരാണ് ശ്രീ സി.വി. ജോൺ, ബി.ചെല്ലപ്പൻ പിള്ള , നെടുമ്പുറത്ത് പരമേശ്വരൻ പിള്ള, ചെറിയത്ത് വേലായുധൻ, തുളസി മംഗലത്ത് നാണു. C.J . ദാനിയേൽ , വെട്ടിയാർ കുഞ്ഞിക്കൃഷ്ണൻ , ഹരിപ്പാട്ട് പരമേശ്വരൻപിള്ള, പ്ലാക്കീഴിൽ ഗോപാലപിള്ള , വയലികത്ത് കൊച്ചു കോശിക്കുഞ്ഞ്, വാഴവിള ശിവരാമപിള്ള, ആനിക്കാട്ട് ശിവരാമപിള്ള, തെനയംപ്ലാക്കൽ ശമുവേൽ , കൊച്ചു വീട്ടിൽ ഗംഗാധരൻ , ചന്ദനപ്പള്ളി ഉണ്ണൂണ്ണി, കെ.വി.ദിവാകരൻ, കടവുപുഴ രാഘവൻ പിള്ള. കൊറ്റുവേലിൽ രാഘവൻനായർ, ചക്കിട്ടയിൽ കേശവൻ, തച്ചിരേത്ത് നൈനാൻ പുതുവേലിൽ വാസു, കുടപ്പന തോമസ്, പത്തിപ്പറമ്പിൽ ജോർജ്ജ് , പ്ലാച്ചേരിൽ രാമകൃഷ്ണൻ നായർ , പുളിമൂട്ടിൽ നീലകണ്ഠൻ, പൊൻപുഴ പരമേശ്വരൻപിള്ള , കവുങ്ങനാംകുഴി നാണു, C.K. പങ്കജാക്ഷൻ, കീളേത്ത് ഭാസ്ക്കരൻ നായർ, വല്യത്ത് മുരുപ്പേൽ ദാമോദരൻ പിള്ള , എം.കെ.നാണുപിള്ള , K.G. സുകുമാരൻ വൈദ്യൻ, ഉതിമൂട്ടിൽ ഗോവിന്ദൻ വൈദ്യൻ, എം.കെ. ദാനിയൽ,
ട . ചന്ദ്രശേഖര പിള്ള ,കാവുംമണ്ണിൽ പാപ്പച്ചൻ, C.R. അച്ചുതൻ നായർ, കൊടുത്തറ കേശവപിള്ള, വരുവാതിൽ മത്തായി, എഴിയത്ത് ജോഷ്വാ, K.M . ജനാർദ്ദനൻ നായർ, C.K. ശ്രീധരൻ .
ഇതിൽ പരാമർശിക്കാത്ത നൂറ് കണക്കിനാളുകൾ ഇനിയും ഉണ്ടാകാം. എല്ലാവർക്കും ഇന്നത്തെ ഇളം തലമുറയുടെ പ്രണാമം.