ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കാലം

നിറയെ പൂത്ത കൊന്നമരത്തിലേക്ക് നോക്കിയ ഉണ്ണിമോൾ ചിന്തിച്ചു. കഴിഞ്ഞ വിഷുവിന് ഇത്രയൂം പൂവില്ലായിരുന്നു. അവിനാശിനും സോനയ്ക്കും പൂ വേണമെന്ന് പറഞ്ഞ് വന്നപ്പോൾ തനിക്ക് വല്യ സന്തോഷം ഇല്ലായിരുന്നു. അച്ഛൻ പക്ഷേ അവർക്ക് പൂ കൊടുത്തു. "നമുക്ക് ആവശ്യത്തിന് പൂ ഉണ്ട് മോളെ," എന്ന് പറഞ്ഞുകൊണ്ട് എന്റെ കവിളിൽ തലോടി, കണി വെക്കാൻ പൂ പറിച്ച് അമ്മയെ ഏൽപ്പിച്ചു. കണി ഒരുക്കുന്നത് മുത്തശ്ശി ആണ്. ഉണ്ണിമോൾ ഉറങ്ങിക്കഴിഞ്ഞാണ് മുത്തശ്ശി കണി ഒരുക്കുന്നത്. രാവിലെ വിളിച്ചുണർത്തി കണ്ണ് മൂടിക്കൊണ്ടുവന്ന് കണി കാണിക്കുന്നതും മുത്തശ്ശി ആണ് . പിന്നീട് അച്ഛൻ കൈനീട്ടം തരും. അച്ഛൻ നൂറു രൂപ തന്നു. മുത്തശ്ശി പത്തു രൂപ. അമ്മയും പത്തു രൂപ തന്നു. പക്ഷേ മാമൻ വരുമ്പോൾ 'പുത്തൻ ഉടുപ്പ് വാങ്ങിക്കോ ഉണ്ണിമോളേ,' എന്ന് പറഞ്ഞു കുറേ രൂപ തരും. മാമൻ ചെണ്ട മേളക്കാരൻ ആണ്. അച്ഛനും അതെ. ഉത്സവങ്ങളുടെ കാലമായതിനാൽ രണ്ടു പേർക്കും ധാരാളം പൈസ കിട്ടും. കഴിഞ്ഞ വർഷത്തെ കൈനീട്ടം കൂട്ടി വെച്ച് 'അമ്മ എനിക്ക് സ്കൂൾ തുറന്നപ്പോൾ പുതിയ ഉടുപ്പ് വാങ്ങിത്തന്നു. മഞ്ഞ ഉടുപ്പ്‌ നിറച്ചും തിളങ്ങുന്ന മുത്തുകൾ പിടിപ്പിച്ച ഫ്രിൽ ഉള്ള ഉടുപ്പ്.

"ഉണ്ണിമോളെന്താ ആലോചിച്ചിരിക്കുന്നത്," അച്ഛന്റെ ചോദ്യം ഉണ്ണിമോളുടെ ഓർമ്മയെ മുറിച്ചു. ഒന്നുമില്ലെന്ന് ചുമലിളക്കി പറഞ്ഞു. ഇത്തവണത്തെ വിഷു വലിയ ആഘോഷമൊന്നും ഇല്ലന്ന് ഇന്നലെ മുത്തശ്ശി അമ്മയോട് പറയുന്നത് കേട്ടു. എല്ലായിടത്തും കൊറോണയാണത്രെ. കൊറോണ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചൈനയിലൊക്കെ ഒത്തിരി പേർ ഈ രോഗം വന്നു മരിച്ചു. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണിത്. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണമെന്ന് 'അമ്മ പറഞ്ഞു. ഞാൻ അത് ചെയുന്നുമുണ്ട്. പക്ഷേ പിന്നീട് വന്ന നിയന്ത്രണങ്ങൾ ഉത്സവങ്ങളും പെരുനാളുകളുമെല്ലാം ഒഴിവാക്കി അച്ഛനും, മാമനും, അവരുടെ കൂട്ടുകാർക്കും ഒരും ജോലിയില്ലാതായി, ലോക്ക്ഡൗൺ വന്നതോടെ പുറത്തുപോകാനും പറ്റാതായി.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നമുക്ക് അസുഖം വരാതിരിക്കാനാണെന്ന് അച്ഛൻ പറഞ്ഞു. വിഷുവിന് വലിയ ആഘോഷം ഇല്ല. അച്ഛനോടും മാമനോടും കൈനീട്ടം ചോദിക്കേണ്ട എന്ന് 'അമ്മ പറഞ്ഞു. അപ്പോൾ ഉണ്ണിമോൾക്ക് സങ്കടം വന്നു. സ്‌കൂൾ തുറക്കുമ്പോൾ അവിനാശും സോനയും മിനിയും ഒക്കെ തങ്ങൾക്ക് കിട്ടിയ കൈനീട്ടം പറയുമ്പോൾ, തനിക്ക് മാത്രം... അമ്മ പറഞ്ഞു മോൾ അതോർത്ത് സങ്കടപ്പെടേണ്ട. അച്ഛൻ മേളത്തിന് പോയാൽ മോൾക്ക് രൂപ തരുമല്ലോ. കൊറോണക്കാലമല്ലേ, നമുക്ക് അസുഖം വരാതെ നോക്കാം. വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കാം. ഉണ്ണിമോളുടെ കവിളിലൊരു ഉമ്മ കൊടുത്തു അമ്മ.

അമ്പിളി ചാത്തമല
5 എ ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കഥ