ഗവ.യു.പി.എസ്. മൂഴിയാർ/സൗകര്യങ്ങൾ
ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്. വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് കെ.എസ്.ഇ.ബി. പങ്കാളിത്തത്തോടെയാണ്.